പ്രധാനമന്ത്രിയുടെ ഓഫീസ്
ഗ്ലോബല്‍ മാരിടൈം ഇന്ത്യ ഉച്ചകോടി 2023ല്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
Posted On:
17 OCT 2023 12:26PM by PIB Thiruvananthpuram
നമസ്‌കാരം, ലോകമെമ്പാടുംനിന്നുള്ള അതിഥികളെ, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരെ, ഗോവയിലെയും മഹാരാഷ്ട്രയിലെയും മുഖ്യമന്ത്രിമാരെ, ഉപമുഖ്യമന്ത്രിമാരെ, മറ്റ് വിശിഷ്ടാതിഥികളെ, മഹതികളെ, മഹാന്‍മാരെ!
ഗ്ലോബല്‍ മാരിടൈം ഇന്ത്യ ഉച്ചകോടിയുടെ മൂന്നാം പതിപ്പിലേക്ക് നിങ്ങളെ എല്ലാവരെയും ഞാന്‍ സ്വാഗതം ചെയ്യുന്നു. നേരത്തെ 2021ല്‍ നമ്മള്‍ കണ്ടുമുട്ടിയപ്പോള്‍ ലോകം മുഴുവന്‍ കൊറോണ സൃഷ്ടിച്ച അനിശ്ചിതത്വത്തിന്റെ പിടിയിലായിരുന്നു. കൊറോണയ്ക്ക് ശേഷം ലോകം എങ്ങനെയായിരിക്കുമെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. എന്നാല്‍ ഇന്ന് ഒരു പുതിയ ലോകക്രമം രൂപപ്പെടുകയാണ്, മാറിക്കൊണ്ടിരിക്കുന്ന ഈ ലോകക്രമത്തില്‍ ലോകം മുഴുവന്‍ പുതിയ പ്രതീക്ഷളോടെ ഭാരതത്തിലേക്ക് നോക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ലോകത്തില്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ തുടര്‍ച്ചയായി ശക്തിപ്പെടുകയാണ്. ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സാമ്പത്തിക ശക്തികളില്‍ ഒന്നായി ഭാരതം മാറുന്ന ദിവസം വിദൂരമല്ല. ലോകത്ത് ഏറ്റവുമധികം വ്യാപാരം നടക്കുന്നത് കടല്‍ മാര്‍ഗമാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കൊറോണാനന്തര ലോകത്ത്, വിശ്വസനീയവും പ്രതിരോധശേഷിയുള്ളതുമായ വിതരണ ശൃംഖലയും ആവശ്യമാണ്. അതുകൊണ്ടാണ് ഗ്ലോബല്‍ മാരിടൈം ഇന്ത്യ ഉച്ചകോടിയുടെ ഈ പതിപ്പ് കൂടുതല്‍ പ്രസക്തമായത്.
സുഹൃത്തുക്കളെ,
എപ്പോഴൊക്കെ ഭാരതത്തിന്റെ നാവികശേഷി ശക്തമായിരുന്നോ അപ്പോഴെല്ലാം രാജ്യത്തിനും ലോകത്തിനും അതിന്റെ ഗുണം ഏറെയുണ്ടായി എന്നതിന് ചരിത്രം സാക്ഷിയാണ്. ഈ ചിന്തയോടെ, ഈ മേഖലയെ ശക്തിപ്പെടുത്തുന്നതിന് കഴിഞ്ഞ 9-10 വര്‍ഷമായി ഞങ്ങള്‍ ആസൂത്രിതമായി പ്രവര്‍ത്തിക്കുന്നു. അടുത്തിടെ, ഭാരതത്തിന്റെ മുന്‍കൈയില്‍, 21-ാം നൂറ്റാണ്ടില്‍ ലോകമെമ്പാടുമുള്ള സമുദ്ര വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാന്‍ കഴിവുള്ള ഒരു ചുവടുവയ്പ്പ് സ്വീകരിച്ചു. ജി-20 ഉച്ചകോടിയില്‍ ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയില്‍ ചരിത്രപരമായ സമവായത്തിലെത്തി. നൂറുകണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ്, സില്‍ക്ക് റൂട്ട് ആഗോള വ്യാപാരത്തിന് ആക്കം കൂട്ടി. ലോകത്തിലെ പല രാജ്യങ്ങളുടെയും വികസനത്തിന് ഈ പാത അടിസ്ഥാനമായി മാറിയിരുന്നു. ഇപ്പോള്‍ ഈ ചരിത്ര ഇടനാഴി പ്രാദേശികവും ആഗോളവുമായ വ്യാപാരത്തിന്റെ ചിത്രത്തെയും മാറ്റും. അടുത്ത തലമുറ വന്‍കിട തുറമുഖങ്ങളുടെയും ഇന്റര്‍നാഷണല്‍ കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് തുറമുഖത്തിന്റെയും നിര്‍മ്മാണം, ദ്വീപ് വികസനം, ഉള്‍നാടന്‍ ജലപാതകള്‍, മള്‍ട്ടി മോഡല്‍ ഹബ്ബുകളുടെ വിപുലീകരണം തുടങ്ങി നിരവധി പ്രധാന പദ്ധതികള്‍ ഈ പദ്ധതിക്ക് കീഴില്‍ ഏറ്റെടുക്കേണ്ടതുണ്ട്. ഈ ഇടനാഴി, ബിസിനസ് ചെലവ് കുറയ്ക്കും, ചരക്കുനീക്കത്തിലെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കും, പാരിസ്ഥിതിക നാശം കുറയ്ക്കും. കൂടാതെ ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഭാരതവുമായി ബന്ധപ്പെടുത്തി നിക്ഷേപകര്‍ക്ക് ഈ പ്രചാരണത്തിന്റെ ഭാഗമാകാനുള്ള വലിയ അവസരമാണിത്.
സുഹൃത്തുക്കളെ,
ഇന്നത്തെ ഭാരതം അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഒരു വികസിത രാഷ്ട്രമായി മാറാനുള്ള ശ്രമത്തിലാണ്. എല്ലാ മേഖലയിലും ഞങ്ങള്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നു. സമുദ്ര അടിസ്ഥാന സൗകര്യങ്ങളുടെ മുഴുവന്‍ സംവിധാനത്തെയും ശക്തിപ്പെടുത്താന്‍ ഞങ്ങള്‍ അശ്രാന്തമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ദശകത്തില്‍ ഭാരതത്തിന്റെ പ്രധാന തുറമുഖങ്ങളുടെ ശേഷി ഇരട്ടിയായി. 9-10 വര്‍ഷം മുമ്പ് 2014ല്‍ കണ്ടെയ്നര്‍ കപ്പലുകളുടെ ടേണ്‍ എറൗണ്ട് സമയം 42 മണിക്കൂര്‍ ആയിരുന്നെങ്കില്‍ 2023ല്‍ അത് 24 മണിക്കൂറില്‍ താഴെയായി കുറഞ്ഞു. സാഗര്‍മാല പദ്ധതിക്ക് കീഴില്‍ നമ്മുടെ തീരദേശത്തിന്റെ അടിസ്ഥാന സൗകര്യങ്ങളും ശക്തിപ്പെടുത്തുകയാണ്. ഈ ശ്രമങ്ങളെല്ലാം തൊഴിലവസരങ്ങളും ജീവിത സൗകര്യങ്ങളും പലമടങ്ങ് വര്‍ദ്ധിപ്പിക്കുന്നു.
സുഹൃത്തുക്കളെ,
'അഭിവൃദ്ധിക്കുവേണ്ടിയുള്ള തുറമുഖങ്ങള്‍', 'പുരോഗതിക്കുള്ള തുറമുഖങ്ങള്‍' എന്ന ഞങ്ങളുടെ കാഴ്ചപ്പാട് തുടര്‍ച്ചയായി മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഞങ്ങളുടെ പ്രവര്‍ത്തനം 'ഉല്‍പാദനക്ഷമതയ്ക്കുള്ള തുറമുഖങ്ങള്‍' എന്ന ലക്ഷ്യത്തെയും മുന്നോട്ട് കൊണ്ടുപോയി. സമ്പദ്വ്യവസ്ഥയുടെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിന്, നമ്മുടെ ഗവണ്‍മെന്റ് ചരക്കുനീക്ക മേഖലയെ ഫലപ്രദവും കാര്യക്ഷമവുമാക്കുന്നു. ഇന്ത്യ അതിന്റെ തീരദേശ കപ്പല്‍ സംവിധാനവും നവീകരിക്കുന്നു. കഴിഞ്ഞ ദശകത്തില്‍ തീരദേശ ചരക്ക് ഗതാഗതം ഇരട്ടിയായി, ഇത് ആളുകള്‍ക്ക് കുറഞ്ഞ ചെലവില്‍ ചരക്കുനീക്കം നടത്താനുള്ള അവസരം നല്‍കുന്നു. ഉള്‍നാടന്‍ ജലപാതകളുടെ വികസനം മൂലം ഒരു വലിയ മാറ്റം ഭാരതത്തില്‍ സംഭവിക്കുന്നു. കഴിഞ്ഞ ദശകത്തില്‍ ദേശീയ ജലപാതകളിലെ ചരക്കുനീക്കം ഏകദേശം 4 മടങ്ങ് വളര്‍ച്ച നേടി. ഞങ്ങളുടെ ശ്രമങ്ങള്‍ കാരണം, ചരക്കുനീക്ക മികവു സൂചികയില്‍ ഇന്ത്യയുടെ റേറ്റിങ് കഴിഞ്ഞ 9 വര്‍ഷമായി മെച്ചപ്പെട്ടു.
സുഹൃത്തുക്കളെ,
കപ്പല്‍ നിര്‍മ്മാണ, അറ്റകുറ്റപ്പണി മേഖലയിലും ഞങ്ങള്‍ക്ക് വലിയ ശ്രദ്ധയുണ്ട്. നമ്മുടെ തദ്ദേശീയ വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് ഇന്ത്യയുടെ കഴിവിന്റെയും സാധ്യതയുടെയും തെളിവാണ്. അടുത്ത ദശകങ്ങളില്‍ ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് കപ്പല്‍ നിര്‍മ്മാണ രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറും. നമ്മുടെ മന്ത്രം ഇതാണ്: 'ഇന്ത്യയില്‍ നിര്‍മിക്കുക; ലോകത്തിനായി നിര്‍മിക്കുക'. മാരിടൈം ക്ലസ്റ്ററുകളുടെ വികസനത്തിലൂടെ കപ്പല്‍ നിര്‍
മ്മാണ പങ്കാളികളെ ഒരുമിച്ച് കൊണ്ടുവരുന്നതിനുള്ള ഒരു സംയോജിത സമീപനവുമായാണ് നാം പ്രവര്‍ത്തിക്കുന്നത്. വരുംകാലങ്ങളില്‍ നാം രാജ്യത്തിന്റെ പല സ്ഥലങ്ങളിലും കപ്പല്‍ നിര്‍മ്മാണ, അറ്റകുറ്റപ്പണി കേന്ദ്രങ്ങള്‍ വികസിപ്പിക്കാന്‍ പോകുകയാണ്. കപ്പല്‍ പുനരുപയോഗ മേഖലയില്‍ ഭാരതം ഇതിനകം ആഗോളതലത്തില്‍ രണ്ടാം സ്ഥാനത്താണ്. പ്രധാന തുറമുഖങ്ങളെ കാര്‍ബണ്‍രഹിതമാക്കുന്നതിന്, സമുദ്രമേഖലയില്‍ ഒരു നെറ്റ് സീറോ സ്ട്രാറ്റജിയിലും ഇന്ത്യ പ്രവര്‍ത്തിക്കുന്നു. ഒരു ഹരിത ഗ്രഹമാകാനുള്ള മാര്‍ഗമായി നീല സമ്പദ്വ്യവസ്ഥ മാറുന്ന ഭാവിയിലേക്കാണ് നമ്മള്‍ നീങ്ങുന്നത്.
സുഹൃത്തുക്കളെ,
ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍ ഗതാഗത നടത്തിപ്പുകാര്‍ ഇന്ത്യയിലേക്ക് വരികയും രാജ്യത്തു പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അതിവേഗം നടന്നുവരികയാണ്. ഗുജറാത്തിലെ ആധുനിക ഗിഫ്റ്റ് സിറ്റി ഒരു പ്രധാന സാമ്പത്തിക സേവനമായി കപ്പല്‍ പാട്ടം ആരംഭിച്ചു. കപ്പലുകള്‍ വാടകയ്ക്കു നല്‍കുന്ന കമ്പനികള്‍ക്ക് ഗിഫ്റ്റ് ഐഎഫ്എസ് സി വഴി പല തരത്തിലുള്ള ഇളവുകളും നല്‍കുന്നുണ്ട്. കപ്പല്‍ വാടകയ്ക്കു നല്‍കുന്ന ലോകത്തിലെ നാല് ആഗോള കമ്പനികളും ഗിഫ്റ്റ് ഐഎഫ്എസ് സി യില്‍ രജിസ്റ്റര്‍ ചെയ്തതില്‍ എനിക്ക് സന്തോഷമുണ്ട്. ഈ ഉച്ചകോടിയില്‍ പങ്കെടുത്ത മറ്റ് കപ്പല്‍ പാട്ട കമ്പനികളോടും ഗിഫ്റ്റ് ഐഎഫ്എസ് സി യില്‍ ചേരാന്‍ ഞാന്‍ അഭ്യര്‍ഥിക്കുകയാണ്.
സുഹൃത്തുക്കളെ,
ഇന്ത്യക്കു വിശാലമായ തീരപ്രദേശവും ശക്തമായ നദീതട ആവാസവ്യവസ്ഥയും സമ്പന്നമായ സാംസ്‌കാരിക പൈതൃകവുമുണ്ട്. ഇവയെല്ലാം ചേര്‍ന്ന് സമുദ്ര ടൂറിസത്തിന് പുതിയ സാധ്യത സൃഷ്ടിക്കുന്നു. ഏകദേശം 5000 വര്‍ഷം പഴക്കമുള്ള ഇന്ത്യയിലെ ലോത്തല്‍ കപ്പല്‍നിര്‍മാണ ശാല ലോക പൈതൃകത്തിന്റെ ഭാഗമാണ്. ഒരു തരത്തില്‍ പറഞ്ഞാല്‍, ലോഥല്‍ കപ്പല്‍ വ്യവസായത്തിന്റെ തൊട്ടിലാണ്. ഈ ലോക പൈതൃകം സംരക്ഷിക്കുന്നതിനായി ലോത്തലില്‍ ഒരു ദേശീയ സമുദ്ര പാരമ്പര്യ സമുച്ചയവും നിര്‍മിക്കുന്നുണ്ട്. മുംബൈയില്‍ നിന്ന് അധികം ദൂരെയല്ല ലോഥല്‍. ഒരിക്കല്‍ ലോഥല്‍ സന്ദര്‍ശിക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.
സുഹൃത്തുക്കളെ,
സമുദ്ര വിനോദസഞ്ചാരം വര്‍ദ്ധിപ്പിക്കുന്നതിനായി, നാം ലോകത്തിലെ ഏറ്റവും വലിയ റിവര്‍ ക്രൂയിസ് സര്‍വീസും ആരംഭിച്ചിട്ടുണ്ട്. ഇന്ത്യ അതിന്റെ വിവിധ തുറമുഖങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട നിരവധി പദ്ധതികളുമായി പ്രവര്‍ത്തിക്കുന്നു. മുംബൈയില്‍ ഒരു പുതിയ അന്താരാഷ്ട്ര ക്രൂയിസ് ടെര്‍മിനല്‍ നിര്‍മ്മിക്കുന്നു. ഈ വര്‍ഷം വിശാഖപട്ടണത്തും ചെന്നൈയിലും അത്തരം ആധുനിക ക്രൂയിസ് ടെര്‍മിനലുകള്‍ നാം നിര്‍മ്മിച്ചിട്ടുണ്ട്. അത്യാധുനിക അടിസ്ഥാന സൗകര്യം സജ്ജമാക്കി ഒരു ആഗോള ക്രൂയിസ് ഹബ്ബായി മാറുന്നതിലേക്കാണ് ഇന്ത്യ നീങ്ങുന്നത്.
സുഹൃത്തുക്കളെ,
വികസനം, ജനസംഖ്യ, ജനാധിപത്യം, ആവശ്യകത എന്നിവയുടെ സംയോജനം പ്രകടമായ ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് ഭാരതം. 2047 ഓടെ വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്ക് രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്ന വേളയില്‍ ഇത് നിങ്ങള്‍ക്ക് ഒരു സുവര്‍ണ്ണാവസരമാണ്. ലോകമെമ്പാടുമുള്ള നിങ്ങളെപ്പോലുള്ള എല്ലാ നിക്ഷേപകരെയും ഭാരതത്തിലേക്ക് വരാനും വികസനത്തിന്റെ പാതയില്‍ ഞങ്ങളോടൊപ്പം ചേരാനും ഞാന്‍ ഒരിക്കല്‍ കൂടി ക്ഷണിക്കുന്നു. നാം ഒരുമിച്ച് നടക്കും; നാം ഒരുമിച്ച് ഒരു പുതിയ ഭാവി സൃഷ്ടിക്കും; വളരെ നന്ദി!
നിരാകരണം: പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ വിവര്‍ത്തനമാണിത്. ഹിന്ദിയിലായിരുന്നു അദ്ദേഹം പ്രസംഗിച്ചത്.
NS
(Release ID: 1969838)
Visitor Counter : 91
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada