സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി

ലഡാക്കിലെ 13 ജിഗാവാട്ട് പുനരുപയോഗ ഊര്‍ജ പദ്ധതിക്കായുള്ള ഗ്രീന്‍ എനര്‍ജി കോറിഡോര്‍ (ജി ഇ സി) രണ്ടാം ഘട്ടം - അന്തര്‍ സംസ്ഥാന ട്രാന്‍സ്മിഷന്‍ സിസ്റ്റത്തിന് (ഐഎസ്ടിഎസ്) കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Posted On: 18 OCT 2023 3:27PM by PIB Thiruvananthpuram

ലഡാക്കിലെ 13 ജിഗാവാട്ട് പുനരുപയോഗ ഊര്‍ജ്ജ പദ്ധതിക്കായുള്ള ഗ്രീന്‍ എനര്‍ജി കോറിഡോര്‍ (ജിഇസി) രണ്ടാം ഘട്ടം - അന്തര്‍ സംസ്ഥാന ട്രാന്‍സ്മിഷന്‍ സിസ്റ്റം (ഐഎസ്ടിഎസ്) പദ്ധതിക്ക്  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി ഇന്ന് അംഗീകാരം നല്‍കി. 

 20,773.70 കോടി രൂപ മൊത്തം അടങ്കല്‍ തുകയും പദ്ധതി ചെലവിന്റെ 40 ശതമാനം കേന്ദ്ര സാമ്പത്തിക സഹായമായ 8,309.48 കോടി രൂപയും ഉള്‍പ്പെടുന്ന പദ്ധതി 2029-30 സാമ്പത്തിക വര്‍ഷത്തോടെ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.


ലഡാക്ക് മേഖലയിലെ സങ്കീര്‍ണ്ണമായ ഭൂപ്രദേശം, പ്രതികൂല കാലാവസ്ഥ, പ്രതിരോധ സംവേദനക്ഷമത എന്നിവ കണക്കിലെടുത്ത്, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡാണ് (പവര്‍ഗ്രിഡ്) ഈ പദ്ധതിയുടെ നടപ്പാക്കല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുക. അത്യാധുനിക വോള്‍ട്ടേജ് സോഴ്സ് കണ്‍വെര്‍ട്ടര്‍ (വി എസ് സി) അടിസ്ഥാനമാക്കിയുള്ള ഹൈ വോള്‍ട്ടേജ് ഡയറക്ട് കറന്റ് (എച്ച്വിഡിസി) സംവിധാനവും എക്സ്ട്രാ ഹൈ വോള്‍ട്ടേജ് ആള്‍ട്ടര്‍നേറ്റിംഗ് കറന്റ് (ഇ എച്ച് വി എ സി) സംവിധാനങ്ങളും വിന്യസിക്കും.

ഈ വൈദ്യുതി കൊണ്ടുപോകാനുള്ള ട്രാന്‍സ്മിഷന്‍ ലൈന്‍ ഹിമാചല്‍ പ്രദേശ്, പഞ്ചാബ് എന്നിവയിലൂടെ ഹരിയാനയിലെ കൈതാല്‍ വരെ കടന്നുപോകും, അവിടെ അത് ദേശീയ ഗ്രിഡുമായി സംയോജിപ്പിക്കും. ലഡാക്കിന് ആശ്രയിക്കാന്‍ കഴിയുന്ന വൈദ്യുതി വിതരണം ഉറപ്പാക്കുന്നതിനായി ലേയിലെ ഈ പദ്ധതിയില്‍ നിന്ന് നിലവിലുള്ള ലഡാക്ക് ഗ്രിഡിലേക്ക് ഒരു പരസ്പര യോജിതമായ കണക്ഷനും ആസൂത്രണം ചെയ്തിട്ടുണ്ട്. ജമ്മു കശ്മീരിന് വൈദ്യുതി നല്‍കുന്നതിനായി ഇത് ലേ-അലുസ്റ്റെംഗ്-ശ്രീനഗര്‍ ലൈനുമായി ബന്ധിപ്പിക്കും. 713 കി.മീ ട്രാന്‍സ്മിഷന്‍ ലൈനുകളും (480 കി.മീ എച്ച്.വി.ഡി.സി ലൈന്‍ ഉള്‍പ്പെടെ), 5 ജിഗാവാട്ട് ശേഷിയുള്ള ഓരോ എച്ച് വി ഡി സി ടെര്‍മിനലുകളും പാങ് (ലഡാക്ക്), കൈതാല്‍ (ഹരിയാന) എന്നിവിടങ്ങളില്‍ സ്ഥാപിക്കും. 

2030-ഓടെ ഫോസില്‍ ഇതര ഇന്ധനങ്ങളില്‍ നിന്ന് 500 ജിഗാവാട്ട് സ്ഥാപിത വൈദ്യുതി ശേഷി എന്ന ലക്ഷ്യം കൈവരിക്കുന്നതിന് പദ്ധതി പങ്കുവഹിക്കും. രാജ്യത്തിന്റെ ദീര്‍ഘകാല ഊര്‍ജ്ജ സുരക്ഷ വികസിപ്പിക്കുന്നതിനും കാര്‍ബണ്‍ ഫുട്ട്പ്രിന്റ്  കുറയ്ക്കുന്നതിലൂടെ പാരിസ്ഥിതികമായി സുസ്ഥിരമായ വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതി സഹായിക്കും. വൈദഗ്ധ്യമുള്ളവര്‍ക്കും അവിദഗ്ധര്‍ക്കും, വൈദ്യുതിയിലും മറ്റ് അനുബന്ധ മേഖലകളിലും പ്രത്യക്ഷവും പരോക്ഷവുമായ വലിയ തൊഴിലവസരങ്ങള്‍ ലഡാക്ക് പ്രദേശത്ത് സൃഷ്ടിക്കപ്പെടും.

ഗ്രിഡ് ഏകീകരണത്തിനും ഏകദേശം 20 GW RE പവർ ഊര്‍ജ്ജ വിതരണത്തിനുമായി ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, കേരളം, രാജസ്ഥാന്‍, തമിഴ്നാട്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഇതിനകം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഇന്‍ട്രാ-സ്റ്റേറ്റ് ട്രാന്‍സ്മിഷന്‍ സിസ്റ്റം ഗ്രീന്‍ എനര്‍ജി കോറിഡോര്‍ ഫേസ്-2 (INSTS GEC-II) ന് പുറമേയാണിത്. ഈ പദ്ധതി 2026 ഓടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. സബ്സ്റ്റേഷനുകളുടെ 10753 കി.മീ ട്രാന്‍സ്മിഷന്‍ ലൈനുകളും 27546 MVA കപ്പാസിറ്റിയും കൂട്ടിച്ചേര്‍ക്കലും ലക്ഷ്യമിട്ടുള്ള InSTS GEC-II പദ്ധതിക്ക് 12,031.33 കോടി രൂപയും 33 ശതമാനം കേന്ദ്ര സാമ്പത്തിക സഹായമായ(CFA)  3970.34 കോടി രൂപയുമാണ് പ്രതീക്ഷിത പദ്ധതി ചെലവായി പ്രതീക്ഷിക്കുന്നത്. 
 
പശ്ചാത്തലം:

15.08.2020 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി, ലഡാക്കില്‍ 7.5 GW സോളാര്‍ പാര്‍ക്ക് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചു. വിപുലമായ ഫീല്‍ഡ് സര്‍വേയ്ക്ക് ശേഷം, ലഡാക്കിലെ പാങ്ങില്‍ 12 GWh ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം (BESS) സഹിതം 13 GW റിന്യൂവബിള്‍ എനര്‍ജി (RE) ഉല്‍പ്പാദന ശേഷി സജ്ജീകരിക്കാന്‍ ന്യൂ ആന്‍ഡ് റിന്യൂവബിള്‍ എനര്‍ജി മന്ത്രാലയം (MNRE) ഒരു പദ്ധതി തയ്യാറാക്കി. ഈ വലിയ അളവിലുള്ള വൈദ്യുതി കൈമാറ്റത്തിന്, ഒരു അന്തര്‍ സംസ്ഥാന പ്രസരണ അടിസ്ഥാന സൗകര്യം സൃഷ്ടിക്കേണ്ടത് ആവശ്യമാണ്.

 

NK/NS



(Release ID: 1968871) Visitor Counter : 75