പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

രാജസ്ഥാനിലെ ചിറ്റോര്‍ഗഡില്‍ വിവിധ പദ്ധതികളുടെ തറക്കല്ലിടല്‍ ചടങ്ങില്‍ പ്രധാനമന്ത്രിയുടെ അഭിസംബോധന 

Posted On: 02 OCT 2023 12:27PM by PIB Thiruvananthpuram

ന്യൂഡല്‍ഹി; 2023 ഒക്‌ടോബര്‍ 03

വേദിയില്‍ സന്നിഹിതരായ ബഹുമാനപ്പെട്ട അംഗങ്ങളെ. മഹതികളെ മഹാന്മാരെ,

ഇന്ന് നാം പ്രചോദനാത്മക വ്യക്തികളായ മഹാത്മാഗാന്ധിയുടെയും ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെയും ജന്മവാര്‍ഷികങ്ങള്‍ ആഘോഷിക്കുകയാണ്. ഇന്നലെ, ഒകേ്ടാബര്‍ 1 ന്, രാജസ്ഥാന്‍ ഉള്‍പ്പെടെ രാജ്യം മുഴുവന്‍ ശുചിത്വത്തിനായുള്ള ഒരു സുപ്രധാന സംരംഭത്തിന് തുടക്കമിട്ടു. ശുചീകരണ യജ്ഞത്തെ ഒരു ബഹുജന പ്രസ്ഥാനമാക്കി മാറ്റിയതിന് എല്ലാ പൗരന്മാര്‍ക്കും ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു.
സുഹൃത്തുക്കളെ,
ആദരണീയനായ ബാപ്പു ശുചിത്വത്തിനും സ്വാശ്രയത്വത്തിനും സമഗ്രവികസനത്തിനും വേണ്ടി വാദിച്ചു. കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങളായി, ബാപ്പുവിന്റെ ഈ മൂല്യങ്ങളില്‍ നമ്മുടെ രാഷ്ട്രം വളരെയധികം വികസിച്ചു. ഇന്ന് ചിറ്റോര്‍ഗഡില്‍ നടക്കുന്ന 7,200 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും ഈ പ്രതിബദ്ധതയുടെ പ്രതിഫലനമാണ്.
സുഹൃത്തുക്കളെ,
വാതക അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിനായി രാജ്യത്തുടനീളം ഗ്യാസ് പൈപ്പ്‌ലൈന്‍ ശൃംഖല സ്ഥാപിക്കുന്നതിന് മുന്‍പൊന്നും ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള ഒരു സംഘടിതപ്രവര്‍ത്തനം നടക്കുകയാണ്. മെഹ്‌സാനയില്‍ നിന്ന് ബട്ടിന്‍ഡയിലേക്ക് ഗ്യാസ് പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നു, പാലി-ഹനുമാന്‍ഗഡ് ഭാഗത്തിന്റെ സമര്‍പ്പണം ഇന്ന് അടയാളപ്പെടുത്തുകയുമാണ്. ഈ വിപുലീകരണം രാജസ്ഥാനിലെ വ്യാവസായിക വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. നമ്മുടെ സഹോദരിമാരുടെ അടുക്കളയിലേയ്ക്ക് താങ്ങാനാവുന്ന വിലയില്‍ ഗ്യാസ് എത്തിക്കാനുള്ള ഞങ്ങളുടെ സംഘടിതപ്രവര്‍ത്തനം ഇത് ത്വരിതപ്പെടുത്തുകയും ചെയ്യും.
സുഹൃത്തുക്കളെ,
റെയില്‍വേ, റോഡ് അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള നിരവധി നിര്‍ണ്ണായക പദ്ധതികളും ഇന്ന്,ഉദ്ഘാടനം ചെയ്യപ്പെട്ടു. ഈ സൗകര്യങ്ങള്‍ മേവാറിലെ ജനങ്ങളുടെ ജീവിതം സുഗമമാക്കുകയും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. കോട്ടയില്‍ ഐ.ഐ.ഐ.ടിക്ക് ഒരു പുതിയ കാമ്പസ് സ്ഥാപിക്കുന്നത് ഒരു വിദ്യാഭ്യാസ കേന്ദ്രമെന്ന നിലയിലുള്ള അതിന്റെ സ്വത്വം കൂടുതല്‍ ഉറപ്പിക്കും.
സുഹൃത്തുക്കളെ,
ഭൂതകാലത്തില്‍ നിന്നുള്ള സമ്പന്നമായ പൈതൃകവും വര്‍ത്തമാനകാലത്തിന്റെ ശക്തിയും ഭാവിയിലേക്കുള്ള വാഗ്ദാനമായ അവസരങ്ങളും രാജസ്ഥാന്റെ അധീനതയിലുണ്ട്. ശക്തികളുടെ ഈ ത്രികോണം രാജ്യത്തിന്റെ മൊത്തത്തിലുള്ള കാര്യശേഷിക്ക് സംഭാവന നല്‍കുന്നു. നാഥദ്വാര ടൂറിസ്റ്റ് വിശദീകരണ സാംസ്‌ക്കാരിക കേന്ദ്രത്തിന്റെ ഉദ്ഘാടനവും നടന്നു. ജയ്പൂരിലെ ഗോവിന്ദ് ദേവ് ജി ക്ഷേത്രം, സിക്കാറിലെ ഖതുശ്യാം ജി ക്ഷേത്രം, നാഥദ്വാര എന്നിവയുടെ ഉള്‍ച്ചേര്‍ക്കലോടൊപ്പം ഈ കേന്ദ്രം, ടൂറിസം സര്‍ക്യൂട്ടില്‍ ഉള്‍പ്പെടുത്തുന്നത് രാജസ്ഥാന്റെ പ്രതാപം ഉയര്‍ത്തുകയും ടൂറിസം വ്യവസായത്തിന് ഗുണം ചെയ്യുകയും ചെയ്യും.
സുഹൃത്തുക്കളെ,
കൃഷ്ണ ഭഗവാന്‍ സമര്‍പ്പിച്ചിരിക്കുന്ന നമ്മുടെ കൂട്ടായ വിശ്വാസത്തിന്റെ കേന്ദ്രമായ സന്‍വാരിയ സേഠ് ക്ഷേത്രം ചിറ്റോര്‍ഗഢിനടുത്താണ് സ്ഥിതിചെയ്യുന്നത്. എല്ലാ വര്‍ഷവും ദശലക്ഷക്കണക്കിന് ഭക്തര്‍ സന്‍വാരിയ സേത് ജിക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിക്കാന്‍ ഇവിടം സന്ദര്‍ശിക്കുന്നു. വ്യാപാരസമൂഹത്തിനിടയിലും ഈ ക്ഷേത്രത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. സ്വദേശ് ദര്‍ശന്‍ പദ്ധതി പ്രകാരം സന്‍വാരിയ ജി ക്ഷേത്രത്തിലെ സൗകര്യങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റ് നവീകരിച്ചു. വാട്ടര്‍ ലേസര്‍ ഷോ, ടൂറിസ്റ്റ് ഫെസിലിറ്റി സെന്റര്‍, ആംഫി തിയേറ്റര്‍, കഫറ്റീരിയ തുടങ്ങി നിരവധി സൗകര്യങ്ങള്‍ സൃഷ്ടിക്കാന്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ചു. ഇത് ഭക്തരുടെ സൗകര്യം വര്‍ദ്ധിപ്പിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

സുഹൃത്തുക്കളെ,
രാജസ്ഥാന്റെ വികസനം കേന്ദ്ര ഗവണ്‍മെന്റിന്റെ പ്രഥമ പരിഗണനയാണ്. രാജസ്ഥാനില്‍ അതിവേഗപാതകള്‍, ഹൈവേകള്‍, റെയില്‍വേകള്‍ തുടങ്ങിയ ആധുനിക അടിസ്ഥാന സൗകര്യങ്ങളില്‍ ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഡല്‍ഹി-മുംബൈ അതിവേഗപാത ആയാലും അമൃത്‌സര്‍-ജാംനഗര്‍ അതിവേഗപാത ആയാലും രാജസ്ഥാനിലെ ലോജിസ്റ്റിക്‌സ് മേഖലയ്ക്ക് ഈ പദ്ധതികള്‍ പുതിയ ഊര്‍ജം നല്‍കും. അടുത്തിടെ ഉദയ്പൂര്‍-ജയ്പൂര്‍ വന്ദേ ഭാരത് ട്രെയിനും ഉദ്ഘാടനം ചെയ്തു. ഭാരത്മാല പദ്ധതിയുടെ പ്രയോജനം ലഭിക്കുന്ന നിര്‍ണ്ണായക സംസ്ഥാനമാണ് രാജസ്ഥാന്‍.
സുഹൃത്തുക്കളെ,
ധൈര്യവും പ്രതാപവും വികസനവും കൈകോര്‍ത്ത് മുന്നേറണമെന്നാണ് രാജസ്ഥാന്റെ ചരിത്രം നമ്മെ പഠിപ്പിക്കുന്നത്. അതേ ദൃഢനിശ്ചയത്തോടെയാണ് ഇന്നത്തെ ഭാരതം മുന്നോട്ട് പോകുന്നത്. സബ്കാ പ്രയാസിലൂടെ(കൂട്ടായ പരിശ്രമം) ഒരു വികസിത ഭാരതം കെട്ടിപ്പടുക്കാന്‍ ആത്മാര്‍പ്പണം ചെയ്തവരാണ് ഞങ്ങള്‍. മുന്‍കാലങ്ങളില്‍ ഉപേക്ഷിക്കപ്പെട്ടതോ പാര്‍ശ്വവത്കരിക്കപ്പെട്ടതോ ആയ മേഖലകളുടേയും വര്‍ഗ്ഗങ്ങളുടേയും വികസനം ഇപ്പോള്‍ രാജ്യത്തിന്റെ മുന്‍ഗണനയാണ്. അതുകൊണ്ടാണ്, വികസനംകാംക്ഷിക്കുന്ന ജില്ലകള്‍ പരിപാടി കഴിഞ്ഞ അഞ്ച് വര്‍ഷമായി വിജയകരമായി തുടരുന്നത്. മേവാറിലെ വിവിധ ജില്ലകള്‍ ഉള്‍പ്പെടെ രാജസ്ഥാന്‍ ഈ പരിപാടിക്ക് കീഴില്‍ വികസിപ്പിക്കപ്പെട്ടു. വികസനംകാംക്ഷിക്കുന്ന ബ്ലോക്കുകളും അവയുടെ ദ്രുതഗതിയിലുള്ള പുരോഗതിയും കണ്ടെത്തികൊണ്ട് കേന്ദ്ര ഗവണ്‍മെന്റ് ഇപ്പോള്‍ ഈ പരിപാടിയെ ഒരു പടി കൂടി മുന്നോട്ട് കൊണ്ടുപോകുകയാണ്.
വരും കാലങ്ങളില്‍ രാജസ്ഥാനിലെ പല ബ്ലോക്കുകളും ഈ പദ്ധതിക്ക് കീഴില്‍ വികസനത്തിന് സാക്ഷ്യം വഹിക്കും. പിന്നാക്ക വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനായി വൈബ്രന്റ് വില്ലേജ് പദ്ധതിയ്ക്കും കേന്ദ്ര ഗവണ്‍മെന്റ് തുടക്കം കുറിച്ചിട്ടുണ്ട്. ഇത്രയും വര്‍ഷങ്ങളായി ഏറ്റവും ദൂരെയെന്ന് കരുതിയിരുന്ന അതിര്‍ത്തി ഗ്രാമങ്ങളെ ഇപ്പോള്‍ ആദ്യ ഗ്രാമമായി അംഗീകരിച്ച് വികസിപ്പിക്കുകയാണ്. ഇത് രാജസ്ഥാനിലെ ഡസന്‍ കണക്കിന് അതിര്‍ത്തി ഗ്രാമങ്ങള്‍ക്ക് വലിയ നേട്ടമുണ്ടാക്കും. തുറന്ന സംഭാഷണത്തില്‍ അത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് ആസ്വാദ്യകരമായതിനാല്‍ കുറച്ച് മിനിറ്റുകള്‍ക്ക് ശേഷം ഞാന്‍ അത്തരം വിഷയങ്ങളെക്കുറിച്ച് കൂടുതല്‍ വിശദമായും തുറന്നും സംസാരിക്കാന്‍ പോകുകയാണ്. ഇവിടെ അതിന് ചില നിയന്ത്രണങ്ങളുണ്ട്. അതിനാല്‍, അവിടെ ഞാന്‍ അത് വിശദമായ ചര്‍ച്ച ചെയ്യും. രാജസ്ഥാന്റെ വികസനത്തിനായുള്ള ഞങ്ങളുടെ പ്രതിജ്ഞകള്‍ വേഗത്തില്‍ വിജയിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഈ ആഗ്രഹത്തോടെ, നിരവധി പുതിയ പദ്ധതികള്‍ക്ക് മേവാര്‍ നിവാസികള്‍ക്ക് ഞാന്‍ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.

എല്ലാവര്‍ക്കും വളരെ നന്ദി.

നിരാകരണം: പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ വിവര്‍ത്തനമാണിത്. യഥാര്‍ത്ഥ പ്രസംഗം ഹിന്ദിയിലായിരുന്നു.

--NS--


(Release ID: 1963531) Visitor Counter : 92