പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

തെലങ്കാനയിലെ മഹ്ബൂബ് നഗറിൽ  13,500 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾക്കു പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു

നാഗ്പൂർ - വിജയവാഡ സാമ്പത്തിക ഇടനാഴിയുമായി ബന്ധപ്പെട്ട സുപ്രധാന റോഡ് പദ്ധതികൾക്ക് തറക്കല്ലിട്ടു

ഭാരത്‌മാല പരിയോജന പ്രകാരം വികസിപ്പിച്ച ഹൈദരാബാദ്-വിശാഖപട്ടണം ഇടനാഴിയുമായി ബന്ധപ്പെട്ട റോഡ് പദ്ധതി രാജ്യത്തിന് സമർപ്പിച്ചു

എണ്ണ-വാതക പൈപ്പ്‌ലൈൻ പദ്ധതികൾക്കു തറക്കല്ലിടുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്തു

ഹൈദരാബാദ് (കച്ചെഗുഡ) - റായ്ച്ചൂർ - ഹൈദരാബാദ് (കച്ചെഗുഡ) ട്രെയിൻ സർവീസ് ഉദ്ഘാടനം ചെയ്തു

തെലങ്കാനയിലെ മഞ്ഞൾ കർഷകരുടെ ക്ഷേമത്തിനായി കേന്ദ്ര ഗവണ്മെന്റ് ദേശീയ മഞ്ഞൾ ബോർഡിനു രൂപംനൽകുമെന്ന് പ്രഖ്യാപിച്ചു

ഹനംകൊണ്ട, മഹബൂബാബാദ്, വാറങ്കൽ, ഖമ്മം ജില്ലകളിലെ യുവാക്കൾക്ക് സാമ്പത്തിക ഇടനാഴി നിരവധി അവസരങ്ങൾ തുറക്കും

പുതിയ സമ്മക്ക-സാരക്ക കേന്ദ്ര ഗോത്രവർഗ സർവകലാശാലയ്ക്കായി 900 കോടി രൂപ ചെലവഴിക്കും





Posted On: 01 OCT 2023 3:40PM by PIB Thiruvananthpuram

 

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തെലങ്കാനയിലെ മഹ്ബൂബ് നഗറിൽ 13,500 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു. വികസന പദ്ധതികളിൽ റോഡ്, റെയിൽ, പെട്രോളിയം, പ്രകൃതിവാതകം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ സുപ്രധാന മേഖലകൾ ഉൾപ്പെടുന്നു. പരിപാടിയിൽ വിദൂരദൃശ്യസംവിധാനത്തിലൂടെ പ്രധാനമന്ത്രി ട്രെയിൻ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു.

സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, ഉത്സവകാലം എത്തിയതായി പറഞ്ഞ പ്രധാനമന്ത്രി, പാർലമെന്റിൽ  നാരീശക്തി വന്ദൻ അധിനിയം പാസാക്കിയത് നവരാത്രി ആരംഭിക്കുന്നതിന് മുമ്പ് ശക്തിപൂജയുടെ ചൈതന്യം തെളിയിച്ചുവെന്ന് പറഞ്ഞു.

മേഖലയിലെ ജീവിതത്തെ പരിവർത്തനം ചെയ്യുന്ന നിരവധി റോഡ് ഗതാഗതപദ്ധതികൾക്ക് ഇന്ന് തറക്കല്ലിട്ടതിൽ പ്രധാനമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു. നാഗ്പുർ - വിജയവാഡ സാമ്പത്തിക ഇടനാഴി തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ഗതാഗതവും വ്യാപാരവും സുഗമമാക്കും. ഈ സംസ്ഥാനങ്ങളിലെ വ്യാപാരം, വിനോദസഞ്ചാരം, വ്യവസായം എന്നിവയ്ക്ക് ഉത്തേജനം പകരുകയും ചെയ്യും. ഇടനാഴിയിൽ 8 പ്രത്യേക സാമ്പത്തിക മേഖലകൾ, 5 മെഗാ ഭക്ഷ്യ പാർക്കുകൾ, 4 മത്സ്യബന്ധന കടൽവിഭവ ക്ലസ്റ്ററുകൾ, 3 ഔഷധ-ചികിത്സാ ക്ലസ്റ്ററുകൾ, ഒരു വസ്ത്രമേഖല ക്ലസ്റ്റർ എന്നിവയുൾപ്പെടെ പ്രധാന സാമ്പത്തിക കേന്ദ്രങ്ങൾ തിരിച്ചറിഞ്ഞതായി അദ്ദേഹം അറിയിച്ചു. ഹനംകൊണ്ട, മഹബൂബാബാദ്, വാറങ്കൽ, ഖമ്മം ജില്ലകളിലെ യുവാക്കൾക്ക് ഇത് നിരവധി അവസരങ്ങൾ തുറക്കും.

ഇവിടെ ഉൽപ്പാദിപ്പിക്കുന്ന സാധനങ്ങൾ തുറമുഖങ്ങളിൽ എത്തിക്കുന്നതിന് തെലങ്കാന പോലുള്ള ഭൂപ്രദേശങ്ങളിൽ റെയിൽ- റോഡ് സമ്പർക്കസൗകര്യങ്ങളുടെ ആവശ്യകത പ്രധാനമന്ത്രി എടുത്തുപറഞ്ഞു. രാജ്യത്തിന്റെ പല പ്രധാന സാമ്പത്തിക ഇടനാഴികളും തെലങ്കാനയിലൂടെ കടന്നുപോകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇവയെല്ലാം സംസ്ഥാനത്തെ കിഴക്കും പടിഞ്ഞാറും തീരങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള മാധ്യമമായി മാറും. ഹൈദരാബാദ് - വിശാഖപട്ടണം ഇടനാഴിയിലെ സൂര്യപേട്ട്-ഖമ്മം ഭാഗവും ഇതിന് സഹായകമാകും. കിഴക്കൻ തീരത്ത് എത്താൻ ഇത് സഹായിക്കും. കൂടാതെ, വ്യവസായങ്ങളുടെയും കച്ചവടങ്ങളുടെയും ലോജിസ്റ്റിക്സ് ചെലവുകളും കുറയ്ക്കും. ജക്ലേറിനും കൃഷ്ണ ഭാഗത്തിനുമിടയിൽ നിർമിക്കുന്ന റെയിൽ പാതയും ഇവിടത്തെ ജനങ്ങൾക്ക് ഏറെ പ്രാധാന്യമുള്ളതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തെലങ്കാനയിലെ മഞ്ഞൾ കർഷകരുടെ ക്ഷേമത്തിനായി കേന്ദ്ര ഗവണ്മെന്റ് ദേശീയ മഞ്ഞൾ ബോർഡിനു രൂപംനൽകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. വിതരണ ശൃംഖലയുടെ മൂല്യവർധനയിൽ ദേശീയ മഞ്ഞൾ ബോർഡ് ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും കർഷകർക്ക് അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ മഞ്ഞൾ ബോർഡിന്റെ രൂപവൽക്കരണത്തിൽ തെലങ്കാനയിലെയും രാജ്യത്തെ മുഴുവൻ മഞ്ഞൾ കർഷകരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

ഊർജ-ഊർജസുരക്ഷാ മേഖലയിൽ ലോകമെമ്പാടുമുള്ള സമീപകാല സംഭവവികാസങ്ങളെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, വ്യവസായങ്ങൾക്ക് മാത്രമല്ല, ഗാർഹിക ആവശ്യങ്ങൾക്കും  ഗവണ്മെന്റ്  ഊർജം ഉറപ്പാക്കിയിട്ടുണ്ടെന്ന് എടുത്തുപറഞ്ഞു. 2014ൽ 14 കോടിയായിരുന്ന പാചകവാതക സിലിൻഡറുകളുടെ എണ്ണം 2023ൽ 32 കോടിയായി വർധിച്ചതിന്റെ ഉദാഹരണവും അടുത്തിടെ പാചകവാതക വിലയിലുണ്ടായ കുറവും ചൂണ്ടിക്കാട്ടി. “രാജ്യത്ത് പാചകവാതക വിതരണ ശൃംഖല വിപുലീകരിക്കുന്നതിന് ഗവൺമെന്റ് ഉത്തേജനം പകരുന്നു”- അദ്ദേഹം പറഞ്ഞു. ഹാസൻ-ചെർളപ്പള്ളി എൽപിജി പൈപ്പ്‌ലൈൻ പദ്ധതി മേഖലയിലെ ജനങ്ങൾക്ക് ഊർജസുരക്ഷ നൽകുന്നതിൽ നിർണായക പങ്ക് വഹിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. തെലങ്കാനയിൽ പ്രത്യക്ഷമായും പരോക്ഷമായും ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുന്ന കൃഷ്ണപട്ടണം മുതൽ ഹൈദരാബാദ് വരെയുള്ള ബഹു ഉൽപ്പന്ന പെട്രോളിയം പൈപ്പ്ലൈനിനു തറക്കല്ലിട്ടതിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.

നേരത്തെ ഹൈദരാബാദ് സെൻട്രൽ സർവകലാശാലയിലെ നിരവധി കെട്ടിടങ്ങൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഗവണ്മെന്റ് ഹൈദരാബാദ് സർവകലാശാലയ്ക്കു ‘ശ്രേഷ്ഠസ്ഥാപനം’ എന്ന പദവി നൽകുകയും പ്രത്യേക ധനസഹായം നൽകുകയും ചെയ്തു. “ഇന്ത്യാഗവണ്മെന്റ് മുലുഗു ജില്ലയിൽ കേന്ദ്ര ഗോത്രവർഗ സർവകലാശാല സ്ഥാപിക്കുകയാണ്. ഗോത്ര ദേവതകളായ സമ്മക്ക-സാരക്ക എന്നിവരുടെ പേരിലാണ് ഈ സർവകലാശാല. സമ്മക്ക-സാരക്ക കേന്ദ്ര ഗോത്രവർഗ സർവകലാശാലയ്ക്കു വേണ്ടി ഏകദേശം 900 കോടി രൂപ ചെലവഴിക്കും”- പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്ര ഗോത്രവർഗ സർവകലാശാലയുടെ പേരിൽ തെലങ്കാനയിലെ ജനങ്ങളെ ശ്രീ മോദി അഭിനന്ദിച്ചു.

തെലങ്കാന ഗവർണർ ശ്രീമതി തമിഴിസൈ സൗന്ദരരാജൻ, കേന്ദ്രമന്ത്രി ശ്രീ ജി കിഷൻ റെഡ്ഡി, പാർലമെന്റംഗം ശ്രീ ബന്ദി സഞ്ജയ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം

രാജ്യത്തുടനീളം ആധുനിക റോഡ് അടിസ്ഥാനസൗകര്യവികസനം എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് ആക്കം കൂട്ടുന്ന ചുവടുവയ്പ്പിന്റെ ഭാഗമായി വിവിധ റോഡ് പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു. നാഗ്പുര്‍-വിജയവാഡ സാമ്പത്തിക ഇടനാഴിയുടെ ഭാഗമായ പ്രധാന റോഡ് പദ്ധതികൾക്കും അദ്ദേഹം തറക്കല്ലിട്ടു.​ ദേശീയ പാത 163ജി-യുടെ വാറങ്കല്‍ മുതല്‍ ഖമ്മം വരെയുള്ള 108 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നാലുവരി പ്രവേശന നിയന്ത്രിത ഗ്രീന്‍ഫീല്‍ഡ് ഹൈവേ, ദേശീയപാത163ജി-യുടെ ഖമ്മം മുതല്‍ വിജയവാഡ വരെയുള്ള 90 കിലോമീറ്റര്‍ നീളമുള്ള നാലുവരി പ്രവേശന നിയന്ത്രിത ഗ്രീന്‍ഫീല്‍ഡ് ഹൈവേ എന്നിവ പദ്ധതികളില്‍ ഉള്‍പ്പെടുന്നു. ഏകദേശം 6400 കോടി രൂപ ചെലവിലാണ് ഈ റോഡ് പദ്ധതികള്‍ വികസിപ്പിക്കുന്നത്. ഈ പദ്ധതികള്‍ വാറങ്കലിനും ഖമ്മത്തിനും ഇടയിലുള്ള യാത്രാദൂരം ഏകദേശം 14 കിലോമീറ്റർ കുറയ്ക്കും. ഖമ്മത്തിനും വിജയവാഡയ്ക്കും ഇടയിലുള്ള ദൂരം ഏകദേശം 27 കിലോമീറ്ററും കുറയ്ക്കും.

ദേശീയ പാത 365 ബിബി-യുടെ ഭാഗമായ 59 കിലോമീറ്റര്‍ നീളമുള്ള സൂര്യപേട്ട മുതല്‍ ഖമ്മം വരെയുള്ള ഭാഗത്തെ നാലുവരിപ്പാത റോഡ് പദ്ധതിയും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. ഭാരത്മാല പരിയോജനയ്ക്ക് കീഴില്‍ ഏകദേശം 2460 കോടിയോളം രൂപ ചെലവില്‍ നിർമിച്ച പദ്ധതി ഹൈദരാബാദ്-വിശാഖപട്ടണം ഇടനാഴിയുടെ ഭാഗമാണ്. ഖമ്മം ജില്ലയിലേക്കും ആന്ധ്രാപ്രദേശിലെ തീരപ്രദേശങ്ങളിലേക്കും മികച്ച സമ്പർക്കസൗകര്യങ്ങൾ ഇത് ലഭ്യമാക്കും.

ജക്ലേർ-കൃഷ്ണ പുതിയ റെയില്‍പാതയുടെ 37 കിലോമീറ്റര്‍ ഭാഗം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. 500 കോടിയിലധികം രൂപ ചെലവില്‍ നിർമ‌ിച്ച പുതിയ റെയില്‍പാതയുടെ ഈ ഭാഗം പിന്നാക്ക ജില്ലയായ നാരായണ്‍പേട്ടയിലെ പ്രദേശങ്ങളെ ആദ്യമായി റെയില്‍വേ ഭൂപടത്തിലേക്ക് കൊണ്ടുവരും. ഹൈദരാബാദ് (കച്ചെഗുഡ) - റായ്ച്ചൂര്‍ - ഹൈദരാബാദ് (കച്ചെഗുഡ) ട്രെയിന്‍ സര്‍വീസിന്റെ ഫ്‌ളാഗ് ഓഫും കൃഷ്ണ സ്‌റ്റേഷനില്‍ വ‌ിദൂരദൃശ്യസംവിധാനത്തിലൂടെ പ്രധാനമന്ത്രി നിര്‍വഹിക്കും. തെലങ്കാനയിലെ ഹൈദരാബാദ്, രംഗറെഡ്ഡി, മഹബൂബ്‌നഗര്‍, നാരായണ്‍പേട്ട് ജില്ലകളെ കര്‍ണാടകയിലെ റായ്ച്ചൂര്‍ ജില്ലയുമായി ബന്ധിപ്പിക്കുന്നതാണ് ട്രെയിന്‍ സര്‍വീസ്. പിന്നാക്ക ജില്ലകളായ മഹബൂബ് നഗര്‍, നാരായണ്‍പേട്ട് എന്നിവിടങ്ങളിലെ നിരവധി പുതിയ പ്രദേശങ്ങളിലേക്ക് ആദ്യമായി റെയില്‍ സമ്പർക്കസൗകര്യം ഈ സേവനത്തിലൂടെ ലഭ്യമാകും. ഇത് വിദ്യാർഥികള്‍ക്കും ദൈനംദിന യാത്രക്കാര്‍ക്കും തൊഴിലാളികള്‍ക്കും മേഖലയിലെ പ്രാദേശിക കൈത്തറി വ്യവസായത്തിനും ഗുണകരമാകും.

രാജ്യത്ത് ലോജിസ്റ്റിക്സ് കാര്യക്ഷമത മെച്ചപ്പെടുത്തുക എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായി, പ്രധാന എണ്ണ-വാതക പൈപ്പ്‌ലൈന്‍ പദ്ധതികളുടെ ശിലാസ്ഥാപനവും രാജ്യത്തിന് സമര്‍പ്പിക്കലും നടന്നു. ഹാസന്‍-ചെര്‍ളപ്പള്ളി എല്‍പിജി പൈപ്പ്‌ലൈന്‍ പദ്ധതി പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. ഏകദേശം 2170 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഈ എല്‍പിജി പൈപ്പ്‌ലൈന്‍, കര്‍ണാടകയിലെ ഹാസനില്‍ നിന്ന് ചെര്‍ലാപ്പള്ളിയിലേക്ക് (ഹൈദരാബാദിന്റെ പ്രാന്തപ്രദേശം) സുരക്ഷിതവും ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ രീതിയിൽ എല്‍പിജിയുടെ കൊണ്ടുപോകുന്നതിനും വിതരരണത്തിനും അവസരമൊരുക്കും. കൃഷ്ണപട്ടണം മുതല്‍ ഹൈദരാബാദ് (മല്‍ക്കാപൂര്‍) വരെയുള്ള ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ബിപിസിഎല്‍) ബഹു ഉല്‍പ്പന്ന പെട്രോളിയം പൈപ്പ്‌ലൈനിനും അദ്ദേഹം തറക്കല്ലിട്ടു. 425 കിലോമീറ്റര്‍ ദൈർഘ്യമുള്ള പൈപ്പ്‌ലൈനിന്റെ നിർമാണച്ചെലവ് 1940 കോടി രൂപയാണ്. ഈ പൈപ്പ്‌ലൈന്‍, മേഖലയില്‍ സുരക്ഷിതമായതും വേഗതയേറിയതും കാര്യക്ഷമവും പരിസ്ഥിതി സൗഹൃദവുമായ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കും.

ഹൈദരാബാദ് സർവകലാശാലയുടെ അഞ്ച് പുതിയ കെട്ടിടങ്ങളായ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ്, സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ്; സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്; ലക്ചര്‍ ഹാള്‍ കോംപ്ലക്‌സ് - 3; സരോജിനി നായിഡു സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് കമ്മ്യൂണിക്കേഷന്‍ (അനുബന്ധകെട്ടിടം) എന്നിവയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. വിദ്യാർഥികള്‍ക്കും അധ്യാപകര്‍ക്കും മെച്ചപ്പെട്ട സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനാണ് ഹൈദരാബാദ് സർവകലാശാലയിലെ സൗകര്യങ്ങൾ നവീകരിക്കുന്നത്.

 

 

***

--NS--

(Release ID: 1962773) Visitor Counter : 94