ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

50 ശതമാനം വരുന്ന ജനതയ്ക്ക് നീതി ഉറപ്പാക്കാതെ സമൂഹത്തിന് വളരാൻ സാധിക്കില്ലെന്ന് ഉപരാഷ്ട്രപതി

Posted On: 27 SEP 2023 12:59PM by PIB Thiruvananthpuram



നാരി ശക്തി വന്ദൻ അധിനിയത്തിന്  അംഗീകാരം നൽകിയതിനെ ഉപരാഷ്ട്രപതി പ്രകീർത്തിച്ചു

ന്യൂ ഡൽഹി: സെപ്റ്റംബർ 27, 2023  


50 ശതമാനം വരുന്ന മനുഷ്യർക്ക് നീതി ഉറപ്പാക്കാതെ സമൂഹത്തിന് വളരാൻ സാധിക്കില്ലെന്ന് ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ അഭിപ്രായപ്പെട്ടു. നാരി ശക്തി വന്ദൻ അധിനിയത്തിന്   (വനിതാ സംവരണ ബിൽ) അംഗീകാരം നൽകിയതിനെ ' ഒരു യുഗപരമായ വികസനം എന്ന് വിശേഷിപ്പിച്ച ഉപരാഷ്ട്രപതി, ഈ ബിൽ സ്ത്രീകളുടെ അവകാശങ്ങൾക്കുള്ള അംഗീകാരവും അർഹതകൾക്കുള്ള സ്ഥിരീകരണവും ആണെന്നും അഭിപ്രായപ്പെട്ടു

 രാജസ്ഥാനിലെ പിലാനിയിലുള്ള ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിലെ (ബിറ്റ്സ്) വിദ്യാർഥികളെയും അധ്യാപകരെയും ഇന്ന്അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന ഏറ്റവും ഫലപ്രദമായ സംവിധാനമാണ് വിദ്യാഭ്യാസമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു


മാറ്റത്തിന്റെ വക്താക്കളായും, സവിശേഷ പങ്കാളികളായും ജനാധിപത്യത്തിൽ വിദ്യാർത്ഥികൾക്കുള്ള പ്രധാന പങ്കിനെ എടുത്തു പറഞ്ഞ ഉപരാഷ്ട്രപതി, എല്ലാ വ്യക്തികൾക്കും തങ്ങളുടെ നിവേദനങ്ങൾ  പാർലമെന്റിൽ സമർപ്പിക്കാനുള്ള അവകാശം ഉണ്ടെന്നും, അതുവഴി ജനാധിപത്യ പ്രക്രിയയിലെ ഉത്തരവാദിത്തം,പൊതുജന പങ്കാളിത്തം എന്നിവയുടെ പ്രാധാന്യം ഉറപ്പാക്കാൻ കഴിയുമെന്നും കൂട്ടിച്ചേർത്തു

ഒരു ദശാബ്ദ കാലം കൊണ്ട് ദുർബലമായ 5 സമ്പദ് വ്യവസ്ഥകളിൽ നിന്നും കരുത്തരായ അഞ്ച് സാമ്പത്തിക ശക്തി എന്നതിലേക്കുള്ള  ഇന്ത്യയുടെ പ്രയാണത്തെ പരാമർശിച്ച ഉപരാഷ്ട്രപതി , സാമ്പത്തിക ഉൾച്ചേർക്കൽ, ഡിജിറ്റൽ പണമിടപാടുകൾ എന്നീ രംഗങ്ങളിൽ ആഗോള വേദികളിൽ ഇന്ത്യയ്ക്ക് ലഭിച്ച വലിയ തോതിലുള്ള അംഗീകാരം എടുത്തു പറഞ്ഞു

ജനാധിപത്യത്തിന്റെയും പുരോഗതിയുടെയും കൊലയാളി എന്ന്  അഴിമതിയെ വിശേഷിപ്പിച്ച ഉപരാഷ്ട്രപതി, അധികാര ദല്ലാളന്മാരുടെ സ്വാധീനത്തിന്റെ ഇടനാഴികളെ നിർവീര്യമാക്കാൻ കഴിഞ്ഞ കുറച്ച് വർഷങ്ങളായി കാര്യമായ മുന്നേറ്റം ഉണ്ടായിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ടു


 തന്റെ ആശയവിനിമയത്തിനിടെ ഗവേഷണം, വികസനം എന്നിവക്കുള്ള പരമമായ പ്രാധാന്യത്തെ എടുത്തുപറഞ്ഞ ഉപരാഷ്ട്രപതി, ആശയങ്ങളുടെ  പ്രാമുഖ്യമാണ്  നൂതനാശയ രൂപീകരണത്തിലേക്ക് വഴി തുറക്കുക എന്ന് കൂട്ടിച്ചേർത്തു. ബിറ്റ്സ് പിലാനിയിൽ നിന്നുള്ള 5 ഇന്റേണുകൾ   പാർലമെന്റിന്റെ വരുന്ന ശീതകാല സമ്മേളനത്തിൽ രാജ്യസഭ ചെയർമാനെ സഹായിക്കാൻ ഉണ്ടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു


 നിയമ -നീതി, പാർലമെന്ററികാര്യ, സാംസ്കാരിക മന്ത്രാലയങ്ങളുടെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ശ്രീ അർജുൻ റാം മേഘ്വാൾ , മറ്റ് വിശിഷ്ട വ്യക്തികൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

 
********************
 

(Release ID: 1961287) Visitor Counter : 68