പ്രധാനമന്ത്രിയുടെ ഓഫീസ്‌

തൊഴിൽ മേളയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു


പുതുതായി നിയമിതരായവർക്ക് 51,000ത്തോളം നിയമനപത്രങ്ങൾ വിതരണം ചെയ്തു

“നിയമിതരാകുന്നവരുടെ സേവനസന്നദ്ധത രാജ്യത്തിന്റെ ലക്ഷ്യങ്ങൾ നിറവേറ്റാൻ സഹായിക്കും”

“നാരീശക്തി വന്ദൻ അധിനിയം പുതിയ പാർലമെന്റിൽ രാജ്യത്തിനു പുതിയ തുടക്കമേകി”

“സാങ്കേതികവിദ്യ അഴിമതിക്കു പരിസമാപ്തി കുറിക്കുകയും വിശ്വാസ്യത വർധിപ്പിക്കുകയും സങ്കീർണത കുറയ്ക്കുകയും സുഖസൗകര്യങ്ങൾ വർധിപ്പിക്കുകയും ചെയ്തു”

“ഗവൺമെന്റിന്റെ നയങ്ങൾ പുതിയ ചിന്താഗതി, നിരന്തരമായ നിരീക്ഷണം, ദൗത്യമെന്ന തരത്തിലുള്ള നിർഹവണം, ബഹുജന പങ്കാളിത്തം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്; അതു മഹത്തായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനു വഴിയൊരുക്കി”


Posted On: 26 SEP 2023 11:37AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി തൊഴിൽ മേളയെ ഇന്ന് വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധന ചെയ്തു. പുതുതായി നിയമിതരായ 51,000ത്തോളം പേർക്കു നിയമനപത്രങ്ങൾ വിതരണം ചെയ്തു. തപാല്‍ വകുപ്പ്, ഇന്ത്യന്‍ ഓഡിറ്റ് -അക്കൗണ്ട്സ് വകുപ്പ്, ആണവോര്‍ജ്ജ വകുപ്പ്, റവന്യൂ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, പ്രതിരോധ മന്ത്രാലയം, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം എന്നിവയുള്‍പ്പെടെ രാജ്യമെമ്പാടും വിവിധ മന്ത്രാലയങ്ങളില്‍/വകുപ്പുകളില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ടവര്‍ നിയമിതരാകും. രാജ്യത്തുടനീളം 46 ഇടങ്ങളിലാണ് തൊഴിൽ മേള നടക്കുന്നത്.

സമ്മേളനത്തെ അഭിസംബോധന ചെയ്യവെ, ഇന്ന് നിയമനപത്രങ്ങൾ ലഭിച്ചവരെ പ്രധാനമന്ത്രി അഭിനന്ദിച്ചു. കഠിനാധ്വാനവും അർപ്പണബോധവുമാണ് അവരെ ഇവിടെ എത്തിച്ചത്. ദശലക്ഷക്കണക്കിന് ഉദ്യോഗാർഥികളിൽനിന്നാണ് അവർ തിരഞ്ഞെടുക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തുടനീളം ഗണേശോത്സവം ആഘോഷിക്കുന്നതിനെക്കുറിച്ചു പരാമർശിച്ച പ്രധാനമന്ത്രി, ഈ സുവർണാവസരത്തിൽ നിയമിതരായവർക്ക് ഇതു പുതിയ ജീവിതത്തിന്റെ ‘ശ്രീ ഗണേശ’മാണെന്ന് പറഞ്ഞു. “ഗണപതി നേട്ടങ്ങളുടെ ദൈവമാണ്”- പുതുതായി നിയമിതരാകുന്നവരുടെ സേവനസന്നദ്ധത രാജ്യത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുമെന്ന പ്രത്യാശ പ്രകടിപ്പിച്ചു പ്രധാനമന്ത്രി പറഞ്ഞു.

ചരിത്രപരമായ നേട്ടങ്ങൾക്കു രാജ്യം സാക്ഷ്യം വഹിക്കുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ജനസംഖ്യയുടെ പകുതിയോളം പേരെ ശാക്തീകരിച്ച നാരീശക്തി വന്ദൻ അധിനിയത്തെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. “30 വർഷമായി മുടങ്ങിക്കിടന്ന വനിതാ സംവരണവിഷയം ഇരുസഭകളും റെക്കോർഡ് വോട്ടോടെയാണ് പാസാക്കിയത്. പുതിയ പാർലമെന്റിന്റെ ആദ്യ സമ്മേളനത്തിലാണ് ഈ തീരുമാനം ഉണ്ടായത്. ഒരു തരത്തിൽ പറഞ്ഞാൽ, പുതിയ പാർലമെന്റിൽ ഇത് രാജ്യത്തിനു പുതിയ തുടക്കമേകി” - പ്രധാനമന്ത്രി പറഞ്ഞു.

പുതുതായി നിയമിതരായവരിൽ സ്ത്രീകളുടെ ഗണ്യമായ സാന്നിധ്യത്തെക്കുറ‌‌ിച്ചു പറഞ്ഞ പ്രധാനമന്ത്രി, രാജ്യത്തിന്റെ പുത്രിമാർ എല്ലാ മേഖലയിലും അവരുടെ പേരു പതിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി. “നാരീശക്തിയുടെ നേട്ടത്തിൽ എനിക്ക് വളരെയധികം അഭിമാനമുണ്ട്. അവരുടെ വളർച്ചയ്ക്ക് പുതിയ വഴികൾ തുറക്കുക എന്നതാണു ഗവണ്മെന്റിന്റെ നയം”- അദ്ദേഹം പറഞ്ഞു. ഏതു മേഖലയിലും സ്ത്രീകളുടെ സാന്നിധ്യം എല്ലായ്പോഴും നല്ല മാറ്റങ്ങൾക്കു വഴിവച്ചിട്ടുണ്ടെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

പുതിയ ഇന്ത്യയുടെ വളർന്നുവരുന്ന വികസനസ്വപ്നങ്ങൾ പരാമർശിച്ചുകൊണ്ട്, ഈ നവ ഇന്ത്യയുടെ സ്വപ്നങ്ങൾ ശ്രേഷ്ഠമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. “2047-ഓടെ വികസിത ഭാരതമായി മാറാനുള്ള ദൃഢനിശ്ചയമെടുത്തിരിക്കുകയാണ് ഇന്ത്യ”- പ്രധാനമന്ത്രി പറഞ്ഞു. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ രാജ്യം ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നും അതിനായി വരും കാലങ്ങളിൽ ഗവണ്മെന്റ് ജീവനക്കാർക്ക് ഏറെ സംഭാവനകളേകാനാകുമെന്നും അദ്ദേഹം പറഞ്ഞു. ‘ജനങ്ങൾ ആദ്യം’ എന്ന സമീപനം പിന്തുടരണമെന്നതിനും അദ്ദേഹം ഊന്നൽ നൽകി. ഇന്നു നിയമിതരായവർ സാങ്കേതികവിദ്യയ്‌ക്കൊപ്പമാണു വളർന്നതെന്നു സൂചിപ്പിച്ച പ്രധാനമന്ത്രി, അത് അവരുടെ പ്രവർത്തനമേഖലയിൽ ഉപയോഗപ്പെടുത്തുന്നതിനും ഭരണത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ഊന്നൽ നൽകണമെന്നും പറഞ്ഞു.

ഭരണനിർവഹണത്തിൽ സാങ്കേതികവിദ്യയുടെ ഉപയോഗത്തെക്കുറിച്ച് കൂടുതൽ വിശദീകരിച്ച പ്രധാനമന്ത്രി, ഓൺലൈൻ റെയിൽവേ റിസർവേഷനുകൾ, ആധാർ കാർഡ്, ഡിജിലോക്കർ, ഇകെവൈസി, ഗ്യാസ് ബുക്കിങ്, ബിൽ പേയ്‌മെന്റുകൾ, നേരിട്ടുള്ള ആനുകൂല്യക്കൈമാറ്റം, ഡിജിയാത്ര എന്നിവ വഴി രേഖപ്പെടുത്തലുകളുടെ സങ്കീർണത കുറയ്ക്കുന്നതിനെക്കുറി‌ച്ചു പരാമർശിച്ചു. “സാങ്കേതികവിദ്യ അഴിമതിക്ക് പരിസമാപ്തി കുറിക്കുകയും വിശ്വാസ്യത വർധിപ്പിക്കുകയും സങ്കീർണത കുറയ്ക്കുകയും സുഖസൗകര്യങ്ങൾ വർധിപ്പിക്കുകയും ചെയ്തു”. ഈ ദിശയിൽ കൂടുതൽ പ്രവർത്തിക്കാൻ പുതുതായി നിയമിതരായവരോടു പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

കഴിഞ്ഞ 9 വർഷമായി, ഗവൺമെന്റിന്റെ നയങ്ങൾ പുതിയ ചിന്താഗതി, നിരന്തരമായ നിരീക്ഷണം, ദൗത്യമെന്ന തരത്തിലുള്ള നിർഹവണം, ബഹുജന പങ്കാളിത്തം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്. അത് മഹത്തായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് വഴിയൊരുക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ശുചിത്വ ഭാരതം, ജൽ ജീവൻ ദൗത്യം തുടങ്ങിയ യജ്ഞങ്ങളുടെ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, പൂർണത കൈവരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്ന ഗവണ്മെന്റിന്റെ ദൗത്യമെന്ന നിലയിലുള്ള നടപ്പാക്കൽ സമീപനം എടുത്തുപറഞ്ഞു. രാജ്യത്തുടനീളമുള്ള പദ്ധതികൾ നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നു പറഞ്ഞ പ്രധാനമന്ത്രി, അദ്ദേഹം ഉപയോഗിക്കുന്ന പ്രഗതി പ്ലാറ്റ്‌ഫോമിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടുകയും ചെയ്തു. ഗവണ്മെന്റ് പദ്ധതികൾ താഴേത്തട്ടിൽ നടപ്പാക്കാനുള്ള ഏറ്റവും വലിയ ഉത്തരവാദിത്വം ഗവണ്മെന്റ് ജീവനക്കാരാണ് വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലക്ഷക്കണക്കിന് യുവാക്കൾ ഗവണ്മെന്റ് സേവനങ്ങളിൽ ചേരുമ്പോൾ നയ നിർവഹണത്തിന്റെ വേഗവും തോതും വർധിക്കും. അതുവഴി ഗവണ്മെന്റ് മേഖലയ്ക്ക് പുറത്തുള്ള തൊഴിലവസരങ്ങൾ വർധിപ്പിക്കാനും പുതിയ തൊഴിൽ ചട്ടക്കൂടുകൾ സ്ഥാപിക്കാനുമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജിഡിപി വളർച്ചയെക്കുറിച്ചും ഉൽപ്പാദനത്തിലും കയറ്റുമതിയിലും ഉണ്ടായ കുതിച്ചുചാട്ടത്തെക്കുറിച്ചും സംസാരിച്ച പ്രധാനമന്ത്രി, ആധുനിക അടിസ്ഥാനസൗകര്യങ്ങളിലുള്ള അഭൂതപൂർവമായ നിക്ഷേപത്തെക്കുറിച്ചും പരാമർശിച്ചു. പുനരുപയോഗ ഊർജം, ജൈവകൃഷി, പ്രതിരോധം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. മൊബൈൽ ഫോണുകൾ മുതൽ വിമാനവാഹിനിക്കപ്പലുകൾ വരെ, കൊറോണ വാക്സിൻ മുതൽ യുദ്ധവിമാനങ്ങൾ വരെയുള്ള മേഖലകളിൽ ഇന്ത്യയുടെ സ്വയംപര്യാപ്ത ഇന്ത്യ യജ്ഞം ഫലങ്ങൾ കാണിക്കുന്നു. ഇന്ന് യുവാക്കൾക്ക് പുതിയ അവസരങ്ങൾ ഉയർന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെയും പുതുതായി നിയമിതരായവരുടെയും ജീവിതത്തിൽ വരുന്ന 25 വർഷത്തെ അമൃതകാലത്തിന്റെ പ്രാധാന്യവും പ്രധാനമന്ത്രി ആവർത്തിച്ചു. കൂട്ടായ പ്രവർത്തനങ്ങൾക്കു കൂടുതൽ മുൻഗണന നൽകണമെന്ന് അദ്ദേഹം അവരോട് ആവശ്യപ്പെട്ടു. ജി20 നമ്മുടെ പാരമ്പര്യത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും ആതിഥ്യമര്യാദയുടെയും പരിപാടിയായി മാറിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ വിജയം വിവിധ പൊതു-സ്വകാര്യ വകുപ്പുകളുടെ വിജയം കൂടിയാണ്. ജി20യുടെ വിജയത്തിനായി ഏവരും ഒരു സംഘമായി പ്രവർത്തിച്ചു. “ഇന്ന് നിങ്ങളും ഗവണ്മെന്റ് ജീവനക്കാരുടെ ടീം ഇന്ത്യയുടെ ഭാഗമാകുന്നതിൽ എനിക്ക് സന്തോഷമുണ്ട്”- പ്രധാനമന്ത്രി മോദി പറഞ്ഞു.

നിയമിതരായവർക്ക് ഗവണ്മെന്റുമായി നേരിട്ട് പ്രവർത്തിക്കാൻ അവസരമുണ്ടെന്ന് സൂചിപ്പിച്ച പ്രധാനമന്ത്രി, അവരുടെ പഠന യാത്ര തുടരാനും താൽപ്പര്യമുള്ള മേഖലകളിലെ അറിവു വർധിപ്പിക്കുന്നതിന് iGOT കർമയോഗി പോർട്ടൽ ഉപയോഗിക്കാനും അഭ്യർഥിച്ചു. പ്രസംഗം ഉപസംഹരിക്കവേ, പുതുതായി നിയമിതരായവരെയും അവരുടെ കുടുംബങ്ങളെയും അഭിനന്ദിച്ച പ്രധാനമന്ത്രി, അടുത്ത 25 വർഷത്തിനുള്ളിൽ വികസിത രാഷ്ട്രമെഗന്ന ദൃഢനിശ്ചയം ഏറ്റെടുക്കാൻ അവരോട് ആഹ്വാനം ചെയ്തു.

പശ്ചാത്തലം

രാജ്യത്തുടനീളം 46 സ്ഥലങ്ങളില്‍ തൊഴില്‍ മേള നടന്നു. ഈ ഉദ്യമത്തെ പിന്തുണയ്ക്കുന്ന കേന്ദ്ര ഗവണ്‍മെന്റ് വകുപ്പുകളിലും സംസ്ഥാന/കേന്ദ്രഭരണപ്രദേശ ഗവണ്‍മെന്റ് വകുപ്പുകളിലും നിയമനം നടക്കുന്നുണ്ട്. തപാല്‍ വകുപ്പ്, ഇന്ത്യന്‍ ഓഡിറ്റ് -അക്കൗണ്ട്സ് വകുപ്പ്, ആണവോര്‍ജ വകുപ്പ്, റവന്യൂ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, പ്രതിരോധ മന്ത്രാലയം, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം എന്നിവയുള്‍പ്പെടെ വിവിധ മന്ത്രാലയങ്ങളില്‍/വകുപ്പുകളില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ടവര്‍ നിയമിതരാകും.

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഉയര്‍ന്ന മുന്‍ഗണന നല്‍കാനുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധത നിറവേറ്റുന്നതിലേക്കുള്ള ചുവടുവെപ്പാണ് തൊഴില്‍ മേള. ഇത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും യുവാക്കളുടെ ശാക്തീകരണത്തിനും ദേശീയ വികസനത്തിലെ പങ്കാളിത്തത്തിനും അര്‍ത്ഥവത്തായ അവസരങ്ങള്‍ പ്രദാനം ചെയ്യുന്നതിനും ചാലകശക്തിയായി പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പുതുതായി നിയമിതരായവര്‍ക്ക് iGOT കര്‍മ്മയോഗി പോര്‍ട്ടലിലെ ഓണ്‍ലൈന്‍ മൊഡ്യൂളായ കര്‍മയോഗി പ്രാരംഭ് വഴി സ്വയം പരിശീലനത്തിനുള്ള അവസരവും ലഭിക്കുന്നു. ‘എവിടെ നിന്നും ഏത് ഉപകരണത്തിലും’ പഠനം നടത്തുന്നതിനായി 680-ലധികം ഇ-പഠന സംവിധാനങ്ങളും ഇതില്‍ ലഭ്യമാക്കിയിട്ടുണ്ട്.

 

 

NS

(Release ID: 1960804) Visitor Counter : 122