പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2023 സെപ്റ്റംബർ 24 ന് രാവിലെ 11 മണിയ്ക്ക് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ


മനസ്സ് പറയുന്നത് - ഭാഗം 105

Posted On: 24 SEP 2023 11:39AM by PIB Thiruvananthpuram

 

 ന്യൂഡൽഹി : 2023 സെപ്റ്റംബർ 24

എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ, നമസ്‌കാരം. മറ്റൊരു എപ്പിസോഡില്‍ രാജ്യത്തിന്റെ എല്ലാ വിജയങ്ങളും നമ്മുടെ നാട്ടുകാരുടെ വിജയവും അവരുടെ  പ്രചോദനാത്മകമായ ജീവിതയാത്രയും നിങ്ങളുമായി പങ്കിടാന്‍ എനിക്ക് അവസരം ലഭിച്ചു. ഈ ദിവസങ്ങളില്‍ എനിക്ക് ലഭിച്ച കത്തുകളും സന്ദേശങ്ങളും മിക്കതും രണ്ട് വിഷയങ്ങളെ സംബന്ധിച്ചുള്ളതാണ്. ആദ്യ വിഷയം ചന്ദ്രയാന്‍ 3 ന്റെ വിജയകരമായ ലാന്‍ഡിങ് ആണ്, രണ്ടാമത്തേത് ഡല്‍ഹിയില്‍ ജി-20 യുടെ വിജയകരമായ സംഘാടനമാണ്. എല്ലാ പ്രായത്തിലുമുള്ള ആളുകളില്‍ നിന്നും, രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളില്‍ നിന്നും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നും എനിക്ക് എണ്ണമറ്റ കത്തുകള്‍ ലഭിച്ചിട്ടുണ്ട്. ചന്ദ്രയാന്‍ 3 ന്റെ ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങാന്‍ ഒരുങ്ങുമ്പോള്‍ കോടിക്കണക്കിന് ആളുകള്‍ വിവിധ മാധ്യമങ്ങളിലൂടെ ഒരുമിച്ച് ഈ സംഭവത്തിന് അനുനിമിഷം സാക്ഷ്യം വഹിച്ചിരുന്നു. ഐ.എസ്.ആര്‍.ഒ.യുടെ യൂട്യൂബ്  ചാനലില്‍ 80 ലക്ഷത്തിലധികം ആളുകള്‍ ഈ പരിപാടി തത്സമയം കണ്ടു. ചന്ദ്രയാന്‍ 3മായി കോടിക്കണക്കിന് ഭാരതീയര്‍ എത്ര ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഇത് കാണിക്കുന്നു. ചന്ദ്രയാന്റെ ഈ വിജയത്തെക്കുറിച്ച്, ഈ ദിവസങ്ങളില്‍ രാജ്യത്ത് വളരെ മനോഹരമായ ഒരു ക്വിസ് മത്സരം നടക്കുന്നുണ്ട് - ചോദ്യോത്തര മത്സരം, അതിന് 'ചന്ദ്രയാന്‍-3 മഹാക്വിസ്' എന്നാണ് പേരിട്ടിരിക്കുന്നത്. ഇതുവരെ 15 ലക്ഷത്തിലധികം പേരാണ് MyGov പോര്‍ട്ടലില്‍ നടന്ന മത്സരത്തില്‍ പങ്കെടുത്തത്.MyGov ആരംഭിച്ചതിനുശേഷം നടത്തിയ ഏതൊരു ക്വിസ് മത്സരത്തിലെയും ഏറ്റവും വലിയ പങ്കാളിത്തമാണിത്. നിങ്ങള്‍ ഇതുവരെ അതില്‍ പങ്കെടുത്തിട്ടില്ലെങ്കില്‍, ഞാന്‍ നിങ്ങളോടും പറയുന്നു ഇനിയും വൈകിക്കരുത്, അതില്‍ പങ്കെടുക്കാന്‍ ഇനിയും ആറു ദിവസം ബാക്കിയുണ്ട്. ഈ ക്വിസില്‍ തീര്‍ച്ചയായും പങ്കെടുക്കുക.

എന്റെ കുടുംബാംഗങ്ങളെ, ചന്ദ്രയാന്‍ 3 ന്റെ വിജയത്തിനുശേഷം ജി-20യുടെ അതിശയകരമായ നടത്തിപ്പ് ഓരോ ഇന്ത്യക്കാരന്റെയും സന്തോഷം ഇരട്ടിയാക്കി. ഭാരതമണ്ഡപം സ്വയം ഒരു സെലിബ്രിറ്റിയായി മാറിയിരിക്കുന്നു. ആളുകള്‍ അതിനോടൊപ്പം സെല്‍ഫികള്‍ എടുക്കുകയും അഭിമാനത്തോടെ പോസ്റ്റ് ചെയ്യുകയും ചെയ്യുന്നു. ഈ ജി-20 ഉച്ചകോടിയില്‍ ആഫ്രിക്കന്‍ യൂണിയനെ പൂര്‍ണമായി പൂര്‍ണ അംഗമാക്കിക്കൊണ്ട് ഇന്ത്യ അതിന്റെ നേതൃത്വ പ്രഭാവം തെളിയിച്ചു. ഭാരതം വളരെ സമ്പന്നമായിരുന്ന സമയത്ത്, നമ്മുടെ രാജ്യത്തും ലോകത്തും സില്‍ക്ക് റൂട്ടിനെ കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടന്നിരുന്നു എന്ന് നിങ്ങള്‍ക്ക് അറിയാമായിരിക്കും. ഈ സില്‍ക്ക് റൂട്ട് ഒരു വലിയ വ്യാപാരമാധ്യമം ആയിരുന്നു. ഇപ്പോള്‍ ആധുനികകാലത്ത്, ജി-20യില്‍ മറ്റൊരു സാമ്പത്തിക ഇടനാഴി ഭാരതം നിര്‍ദേശിച്ചിട്ടുണ്ട്. ഇന്‍ഡ്യ-മിഡില്‍ ഈസ്റ്റ് യൂറോപ്പ് സാമ്പത്തിക ഇടനാഴിയാണിത്. ഈ ഇടനാഴി അടുത്ത നൂറുകണക്കിന് വര്‍ഷത്തേക്ക് ലോക വ്യാപാരത്തിന്റെ അടിസ്ഥാനമായിരിക്കും, ഈ ഇടനാഴി ഭാരത മണ്ണില്‍ ആരംഭിച്ചു എന്ന് ചരിത്രം എല്ലായിപ്പോഴും ഓര്‍ക്കും. 

സുഹൃത്തുക്കളെ, ജി-20 ഉച്ചകോടിയില്‍, ഈ പരിപാടിയുമായി ഭാരതത്തിന്റെ  യുവശക്തി ബന്ധപ്പെട്ട രീതിയെ കുറിച്ച് ഇന്ന് ഒരു പ്രത്യേക ചര്‍ച്ച നടത്തേണ്ടത് ആവശ്യമാണ്. ഈ വര്‍ഷം മുഴുവന്‍ രാജ്യത്തെ പല സര്‍വ്വകലാശാലകളിലും ജി-20യുമായി ബന്ധപ്പെട്ട പരിപാടികള്‍ നടന്നു. ഇപ്പോള്‍ ഇതിന്റെ തുടര്‍ച്ചയായി മറ്റൊരു ആവേശകരമായ പരിപാടി ഡല്‍ഹിയില്‍ നടക്കാന്‍ പോകുന്നു - ‘G-20 University connect Programme’  ഈ പരിപാടിയിലൂടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിന് സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ പരസ്പരം ബന്ധപ്പെടും.  ഐ.ഐ.ടി.കള്‍, ഐ.ഐ.എം.മുകള്‍, എന്‍.ഐ.ടി.കള്‍, മെഡിക്കല്‍ കോളേജുകള്‍ തുടങ്ങിയ നിരവധി പ്രശസ്ത സ്ഥാപനങ്ങളും ഇതില്‍ പങ്കെടുക്കും. നിങ്ങള്‍ ഒരു കോളേജ് വിദ്യാര്‍ഥിയാണെങ്കില്‍ സെപ്റ്റംബര്‍ 26ന് ഈ പരിപാടി തീര്‍ച്ചയായും കാണണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. തീര്‍ച്ചയായും അതില്‍ പങ്കുചേരുക. ഭാരതത്തിന്റെ ഭാവിയിലും യുവാക്കളുടെ ഭാവിയിലും രസകരമായ നിരവധി കാര്യങ്ങള്‍ സംഭവിക്കാന്‍ പോകുന്നു. ഞാനും ഈ പ്രോഗ്രാമില്‍ പങ്കെടുക്കും.  കോളേജ് വിദ്യാര്‍ത്ഥികളുമായി സംവദിക്കാന്‍ ഞാനും കാത്തിരിക്കുന്നു. 

എന്റെ കുടുംബാംഗങ്ങളെ, രണ്ടുദിവസത്തിനുശേഷം സെപ്റ്റംബര്‍ 27 'ലോക ടൂറിസം ദിന'മാണ്. ചില ആളുകള്‍ ടൂറിസത്തെ കറങ്ങിനടക്കല്‍ മാത്രമായി കാണുന്നു. പക്ഷേ, ടൂറിസത്തിന്റെ വളരെ വലിയ ഭാഗം തൊഴിലുമായി ബന്ധപ്പെട്ടിരിക്കുന്നു. ഏറ്റവും കുറഞ്ഞ നിക്ഷേപത്തില്‍ ഏതെങ്കിലും മേഖല ഏറ്റവും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നു എങ്കില്‍ അത് ടൂറിസം  മേഖലയാണെന്ന് പറയപ്പെടുന്നു. ടൂറിസം മേഖല വികസിപ്പിക്കാന്‍ ഏതൊരു രാജ്യത്തോടുമുള്ള ഗുഡ് വിൽ അതിനോടുള്ള ആകര്‍ഷണം എന്നിവ വളരെ പ്രധാനമാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ഭാരതത്തോടുള്ള ആകര്‍ഷണം വളരെയധികം വര്‍ദ്ധിച്ചു. ജി-20 വിജയകരമായി സംഘടിപ്പിച്ചതിനുശേഷം, ഭാരതത്തോട് ലോക ജനതയുടെ താല്‍പര്യം കൂടുതല്‍ വര്‍ദ്ധിച്ചു.

സുഹൃത്തുക്കളെ, ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഒരു ലക്ഷത്തിലധികം പ്രതിനിധികള്‍ ഇന്ത്യയില്‍ എത്തി. അവര്‍ ഇവിടുത്തെ വൈവിധ്യങ്ങള്‍, വ്യത്യസ്ത പാരമ്പര്യങ്ങള്‍, വ്യത്യസ്തതരം ഭക്ഷണം, നമ്മുടെ പൈതൃകം എന്നിവ പരിചയപ്പെട്ടു. ഇവിടെയെത്തുന്ന പ്രതിനിധികള്‍ നേടിയ അതിശയകരമായ അനുഭവങ്ങള്‍ ടൂറിസത്തെ കൂടുതല്‍ വികസിപ്പിക്കും. ഇന്ത്യയില്‍ ഒന്നിനൊന്നു മെച്ചപ്പെട്ട ധാരാളം ലോക പൈതൃക സ്ഥലങ്ങള്‍ ഉണ്ടെന്നും അവയുടെ എണ്ണം നിരന്തരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാമല്ലോ. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ശാന്തിനികേതനും കര്‍ണാടകയിലെ വിശുദ്ധ ഹൊയ്‌സാല ക്ഷേത്രങ്ങളും ലോക പൈതൃക സ്ഥലങ്ങളായി പ്രഖ്യാപിച്ചിരുന്നു. ഈ അത്ഭുതകരമായ നേട്ടത്തിന് ഞാന്‍ എല്ലാ നാട്ടുകാരെയും അഭിനന്ദിക്കുന്നു. 2018 ല്‍ ശാന്തിനികേതന്‍ സന്ദര്‍ശിക്കാനുള്ള സൗഭാഗ്യം എനിക്ക് ലഭിച്ചു. ഗുരുദേവ് രവീന്ദ്രനാഥ ടാഗോര്‍ ശാന്തിനികേതനുമായി ബന്ധപ്പെട്ടിരിക്കുന്നു. ഗുരുദേവ് രവീന്ദ്രനാഥ ടാഗോര്‍ ഒരു പുരാതന സംസ്‌കൃത ശ്ലോകത്തില്‍ നിന്നാണ് ശാന്തിനികേതന്‍ എന്ന മുദ്രാവാക്യം സ്വീകരിച്ചത്. ആ വാക്യം ഇതാണ്-

''എത്ര വിശ്വം ഭവത്യേക നീടം''

ഇവിടെ ലോകത്തെ മുഴുവന്‍ ഒരു ചെറിയ കൂട്ടില്‍ ഉള്‍ക്കൊള്ളാന്‍ കഴിയും എന്നാണ് അതിന്റെ അര്‍ത്ഥം. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കര്‍ണാടകയിലെ ഹൊയ്‌സാല ക്ഷേത്രങ്ങള്‍ പതിമൂന്നാം നൂറ്റാണ്ടിലെ മികച്ച വാസ്തുവിദ്യയ്ക്ക് പേരുകേട്ടവയാണ്. ഈ ക്ഷേത്രങ്ങള്‍ക്ക് യുനെസ്‌കോയില്‍ നിന്ന് അംഗീകാരം ലഭിക്കുന്നത് ക്ഷേത്രനിര്‍മാണത്തിന്റെ ഭാരത പാരമ്പര്യത്തിനുള്ള ആദരവ് കൂടിയാണ്. ഭാരതത്തിലെ ലോക പൈതൃക സ്വത്തുക്കളുടെ എണ്ണം ഇപ്പോള്‍ 42 ആയിരിക്കുന്നു. നമ്മുടെ ചരിത്രപരവും സാംസ്‌കാരികവുമായ സ്ഥലങ്ങളെ കൂടുതല്‍ കൂടുതല്‍ ലോക പൈതൃക കേന്ദ്രങ്ങളായി അംഗീകരിക്കാനുള്ള ഭാരതത്തിന്റെ പരിശ്രമമാണിത്. നിങ്ങള്‍ എവിടെയെങ്കിലും പോകാന്‍ പദ്ധതിയിടുമ്പോഴെല്ലാം ഭാരതത്തിന്റെ വൈവിധ്യം കാണാന്‍ ശ്രമിക്കണമെന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. നിങ്ങള്‍ക്ക് വിവിധ സംസ്ഥാനങ്ങളുടെ സംസ്‌കാരം മനസ്സിലാകും, കൂടുതല്‍ പൈതൃക സ്ഥലങ്ങള്‍ കാണുക. ഇതിലൂടെ, നിങ്ങള്‍ രാജ്യത്തിന്റെ മഹത്തായ ചരിത്രം പരിചയപ്പെടുക മാത്രമല്ല, പ്രാദേശിക ജനങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു പ്രധാന മാധ്യമമായി മാറുകയും ചെയ്യും. 

എന്റെ കുടുംബാംഗങ്ങളെ, ഭാരതീയ സംസ്‌കാരവും ഭാരതീയ സംഗീതവും ഇപ്പോള്‍ ആഗോളമായി  മാറി. ലോകമെമ്പാടുമുള്ള ആളുകളുടെ പാരസ്പര്യം അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഒരു പെൺകുട്ടി നടത്തിയ അവതരണത്തിന്റെ ഒരു ചെറിയ ഓഡിയോ ഞാന്‍ നിങ്ങളുമായി പങ്കുവയ്ക്കാം. 

### (MKB EP 105 AUDIO BYTE 1)  ###

ഇത് കേട്ട് നിങ്ങളും ആശ്ചര്യപ്പെട്ടു അല്ലേ! ആ മധുരമായ ശബ്ദവും ഓരോ വാക്കിലും പ്രതിഫലിക്കുന്ന വികാരങ്ങളും ശ്രവിക്കുമ്പോള്‍ ദൈവത്തോടുള്ള അവരുടെ അടുപ്പം എത്രമാത്രമാണെന്ന് നമുക്കും അനുഭവിക്കാന്‍ കഴിയും. ഈ ശ്രുതിമധുരമായ ശബ്ദം ജര്‍മനിയില്‍ നിന്നുള്ള ഒരു മകളുടെതാണെന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞാല്‍, നിങ്ങള്‍ ഒരുപക്ഷേ കൂടുതല്‍ ആശ്ചര്യപ്പെടും. ഈ മകളുടെ പേര് കൈസ്മി. 21 കാരിയായ കൈസ്മി ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ വളരെ സജീവമാണ്. ജര്‍മ്മനിയില്‍ താമസിക്കുന്ന കൈസ്മി ഒരിക്കലും ഭാരതത്തിലേക്ക് വന്നിട്ടില്ല. പക്ഷേ, അവര്‍ ഭാരതീയ സംഗീതത്തിന്റെ ആരാധികയാണ്. ഒരിക്കലും ഭാരതത്തെ കണ്ടിട്ടില്ല. ഭാരതീയ സംഗീതത്തോടുള്ള അവളുടെ താല്പര്യം വളരെ പ്രചോദനാത്മകമാണ് . കൈസ്മി ജന്മനാ അന്ധയാണ് പക്ഷേ, ഈ ബുദ്ധിമുട്ടുള്ള വെല്ലുവിളി അസാധാരണമായ നേട്ടങ്ങളില്‍ നിന്ന് അവളെ മാറ്റി നിര്‍ത്തിയില്ല. സംഗീതത്തോടും സര്‍ഗാത്മകതയോടുമുള്ള അഭിനിവേശം കാരണം കുട്ടിക്കാലം മുതല്‍ അവള്‍ പാടാന്‍ തുടങ്ങി. വെറും മൂന്നു വയസ്സുള്ളപ്പോള്‍ ആഫ്രിക്കന്‍ ഡ്രമ്മിങ് ആരംഭിച്ചു. 5-6 വര്‍ഷം മുമ്പാണ് അവള്‍ ഭാരതീയ സംഗീതത്തെ പരിചയപ്പെട്ടത്. ഭാരതത്തിന്റെ സംഗീതം അവളെ വളരെയധികം ആകര്‍ഷിച്ചു - അവള്‍ അതില്‍ പൂര്‍ണമായും മുഴുകി. തബല വായിക്കാനും അവള്‍ പഠിച്ചു. നിരവധി ഭാരതീയ ഭാഷകളില്‍ പാടുന്നതില്‍ പ്രാവീണ്യം നേടിയിട്ടുണ്ട് എന്നതാണ് ഏറ്റവും പ്രചോദനാത്മകമായ കാര്യം. സംസ്‌കൃതം, ഹിന്ദി, മലയാളം, തമിഴ്, കന്നട, ആസാമീസ്, ബംഗാളി, മറാഠി, ഉറുദു ഭാഷകളിലെല്ലാം അവള്‍ തന്റെ സ്വരം ചേര്‍ത്തുവച്ചു. ഒരാള്‍ക്ക് മറ്റൊരു അപരിചിതമായ ഭാഷയുടെ രണ്ടോ മൂന്നോ വരികള്‍ സംസാരിക്കേണ്ടിവരുന്നത് എത്ര ബുദ്ധിമുട്ടാണെന്ന് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയും, പക്ഷേ, കൈസ്മിയെ സംബന്ധിച്ചിടത്തോളം ഇത് വെറും നിസ്സാരകാര്യം പോലെയാണ്. നിങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടി, കന്നഡയില്‍ അവള്‍ ആലപിച്ച ഒരു ഗാനം ഞാനിവിടെ പങ്കിടുന്നു.

### (MKB EP 105 AUDIO BYTE 2) ###

ഭാരതീയ സംസ്‌ക്കാരത്തോടും, സംഗീതത്തോടുമുള്ള ജര്‍മ്മന്‍കാരിയായ കൈസ്മിയുടെ ഈ അഭിനിവേശത്തെ ഞാന്‍ അഗാധമായി അഭിനന്ദിക്കുന്നു. അവളുടെ പരിശ്രമം ഓരോ ഭാരതീയന്റെയും മനസ്സ് കീഴടക്കും. 

എന്റെ കുടുംബാംഗങ്ങളെ, നമ്മുടെ രാജ്യത്ത് വിദ്യാഭ്യാസത്തെ എല്ലായിപ്പോഴും ഒരു സേവനമായി കാണുന്നു. അതേ മനോഭാവത്തോടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രവര്‍ത്തിക്കുന്ന ഉത്തരാഖണ്ഡിലെ അത്തരം ചില യുവാക്കളെക്കുറിച്ച് ഞാനറിഞ്ഞു. നൈനിറ്റാൾ ജില്ലയിലെ ചില യുവാക്കള്‍ കുട്ടികള്‍ക്കായി ഒരു പ്രത്യേക കുതിര ലൈബ്രറി ആരംഭിച്ചു. ഈ ലൈബ്രറിയുടെ ഏറ്റവും വലിയ സവിശേഷത, ഏറ്റവും അപ്രാപ്യമായ പ്രദേശങ്ങളില്‍പോലും പുസ്തകങ്ങള്‍ ഇതിലൂടെ കുട്ടികളിലേക്ക് എത്തുന്നു എന്നതാണ്, അതുമാത്രമല്ല, ഈ സേവനം തികച്ചും സൗജന്യമാണ്. ഇതുവരെ നൈനിറ്റാളിലെ 12 ഗ്രാമങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഈ മഹത്തായ പരിപാടിയില്‍ സഹായിക്കാന്‍ നാട്ടുകാരും മുന്നോട്ടു വരുന്നുണ്ട്. വിദൂര ഗ്രാമങ്ങളില്‍ താമസിക്കുന്ന കുട്ടികള്‍ക്ക് സ്‌കൂള്‍ പുസ്തകങ്ങള്‍ക്ക് പുറമേ 'കവിതകള്‍' 'കഥകള്‍' 'ധാര്‍മിക വിദ്യാഭ്യാസം' എന്നിവയെക്കുറിച്ചുള്ള പുസ്തകങ്ങള്‍ വായിക്കാനുള്ള പൂര്‍ണ അവസരം ഈ കുതിര ലൈബ്രറിയിലൂടെ ലഭിക്കുന്നു. ഈ അതുല്യമായ ലൈബ്രറി കുട്ടികള്‍ക്കും വളരെ ഇഷ്ടമാണ്.

സുഹൃത്തുക്കളെ, ഹൈദരാബാദിലെ ലൈബ്രറിയുമായി ബന്ധപ്പെട്ട അത്തരം ഒരു സവിശേഷ ശ്രമത്തെക്കുറിച്ച് ഞാനറിഞ്ഞു. ഇവിടെ ഏഴാം ക്ലാസില്‍ പഠിക്കുന്ന 'ആകര്‍ഷണ സതീഷ്' എന്ന പെണ്‍കുട്ടി അത്ഭുതം സൃഷ്ടിച്ചു. വെറും പതിനൊന്നാം വയസ്സില്‍, അവള്‍ ഒന്നോ രണ്ടോ അല്ല മറിച്ച് കുട്ടികള്‍ക്കായി ഏഴോളം ലൈബ്രറികള്‍ നടത്തുന്നു എന്നറിയുമ്പോള്‍ നിങ്ങള്‍ ആശ്ചര്യപ്പെട്ടേക്കാം. രണ്ടുവര്‍ഷം മുമ്പ് മാതാപിതാക്കള്‍ക്കൊപ്പം ക്യാന്‍സര്‍ ആശുപത്രിയില്‍ പോയപ്പോഴാണ് 'ആകര്‍ഷണ'യ്ക്ക് ഇതിന് പ്രചോദനം ലഭിച്ചത്. അവളുടെ അച്ഛന്‍ അവിടെ ആവശ്യക്കാരെ സഹായിക്കാന്‍ പോയതായിരുന്നു. അവിടത്തെ കുട്ടികള്‍ അദ്ദേഹത്തോട് 'കളറിംഗ് പുസ്തകങ്ങള്‍' ആവശ്യപ്പെട്ടു, ഇക്കാര്യം ഈ കൊച്ചുമിടുക്കിയെ വളരെയധികം സ്പര്‍ശിച്ചു, അവര്‍ക്കുവേണ്ടി വ്യത്യസ്തതരം പുസ്തകങ്ങള്‍ ശേഖരിക്കാന്‍ അവള്‍ തീരുമാനിച്ചു. അയല്‍ക്കാര്‍, ബന്ധുക്കള്‍, കൂട്ടുകാര്‍ എന്നിവരില്‍ നിന്ന് അവള്‍ ധാരാളം പുസ്തകങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങി. അതേ ക്യാന്‍സര്‍ ആശുപത്രിയില്‍ കുട്ടികള്‍ക്കായി ആദ്യത്തെ ലൈബ്രറി തുറന്നു എന്നറിയുമ്പോള്‍ നിങ്ങള്‍ക്ക് സന്തോഷം ഉണ്ടാകും. പാവപ്പെട്ട കുട്ടികള്‍ക്കായി ഈ പെണ്‍കുട്ടി വിവിധ സ്ഥലങ്ങളില്‍ തുറന്ന 7 ലൈബ്രറികളിലായി ആറായിരത്തോളം പുസ്തകങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. കുട്ടികളുടെ ഭാവി രൂപപ്പെടുത്തുന്നതില്‍ കുഞ്ഞ് 'ആകര്‍ഷണ' ചെയ്ത ഒരു വലിയ കാര്യം, അത് ചെയ്യുന്ന രീതി, അത് എല്ലാവരെയും പ്രചോദിപ്പിക്കും. 

സുഹൃത്തുക്കളെ, ഇന്നത്തെ യുഗം, ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെയും ഇ-ബുക്കുകളുടെയും യുഗം ആണെന്നത് ശരിയാണ്, പക്ഷേ, പുസ്തകങ്ങള്‍ ഇപ്പോഴും എല്ലായ്‌പ്പോഴും നമ്മുടെ ജീവിതത്തില്‍ ഒരു നല്ല സുഹൃത്തിന്റെ പങ്ക് വഹിക്കുന്നു. അതുകൊണ്ട് പുസ്തകങ്ങള്‍ വായിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കണം.

എന്റെ കുടുംബാംഗങ്ങളേ, നമ്മുടെ ശാസ്ത്ര ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുണ്ട്,
 'ജീവേഷു കരുണാ ചാപി, മൈത്രീ തേഷു വിധീയതാം'

അതായത്, മൃഗങ്ങളോട് അനുകമ്പ കാണിക്കുക, അവയെ നിങ്ങളുടെ ചങ്ങാതിമാരാക്കുക. നമ്മുടെ മിക്ക ദൈവങ്ങളുടെയും വാഹനം  മൃഗങ്ങളും  പക്ഷികളുമാണ്. പലരും ദേവാലയത്തില്‍ പോകുന്നു, ദൈവത്തെ കാണുന്നു, പക്ഷേ അവരുടെ വാഹനമായ പക്ഷി മൃഗാദികളെ അധികം ശ്രദ്ധിക്കുന്നില്ല. ഈ പക്ഷി മൃഗാദികള്‍ നമ്മുടെ വിശ്വാസത്തിന്റെ കേന്ദ്രമായി തുടരണം, എല്ലാ സാധ്യതകളും വച്ച് നാം അവയെ സംരക്ഷിക്കണം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സിംഹങ്ങള്‍, കടുവകള്‍, പുള്ളിപ്പുലികള്‍, ആനകള്‍ എന്നിവയുടെ എണ്ണത്തില്‍ പ്രോത്സാഹനജനകമായ വര്‍ദ്ധനവാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. ഈ ഭൂമിയില്‍ വസിക്കുന്ന മറ്റ് മൃഗങ്ങളെ സംരക്ഷിക്കാനുള്ള ശ്രമങ്ങളും തുടര്‍ച്ചയായി നടക്കുന്നു. അങ്ങനെയൊരു മഹത്തായ ശ്രമമാണ് രാജസ്ഥാനിലെ പുഷ്‌കറില്‍ നടക്കുന്നത്. ഇവിടെ, ശ്രീ. സുഖ്‌ദേവ് ഭട്ടും സംഘവും വന്യജീവികളെ സംരക്ഷിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു, അദ്ദേഹത്തിന്റെ ടീമിന്റെ പേര് എന്താണെന്ന് അറിയാമോ? 'കോബ്ര' എന്നാണ് ടീമിന്റെ പേര്. ഇത് അപകടകരമായ പേരാണ്, കാരണം അദ്ദേഹത്തിന്റെ ടീം ഈ പ്രദേശത്ത് അപകടകരമായ പാമ്പുകളെ രക്ഷിക്കാനാണ് പ്രവര്‍ത്തിക്കുന്നത്. ധാരാളം ആളുകള്‍ ഈ ടീമുമായി ബന്ധപ്പെട്ടിരിക്കുന്നു. വെറുമൊരു വിളിയില്‍ സ്ഥലത്തെത്തി അവര്‍ അവരുടെ ദൗത്യത്തില്‍ ഏര്‍പ്പെടുന്നു. ശ്രീ. സുഖ്‌ദേവിന്റെ ഈ സംഘം ഇതുവരെ 30,000 ത്തിലധികം വിഷപ്പാമ്പുകളുടെ ജീവന്‍ രക്ഷിച്ചു. ഈ പരിശ്രമത്തിലൂടെ അവര്‍ ജനങ്ങളെയും അപകടത്തില്‍ നിന്നും രക്ഷിക്കുന്നു, പ്രകൃതിയും സംരക്ഷിക്കുന്നു. രോഗബാധിതരായ മറ്റ് മൃഗങ്ങളെ സേവിക്കുന്ന ജോലിയിലും ഈ ടീം ഏര്‍പ്പെട്ടെിരിക്കുന്നു.

സുഹൃത്തുക്കളേ, ഓട്ടോഡ്രൈവര്‍ ശ്രീ. എം. രാജേന്ദ്രപ്രസാദും തമിഴ്‌നാട്ടിലെ ചെന്നൈയില്‍ ഒരു മഹത്തായ ജോലി ചെയ്യുന്നു. കഴിഞ്ഞ 25-30 വര്‍ഷമായി പ്രാവുകളെ സേവിക്കുന്ന ജോലിയിലാണ് അദ്ദേഹം ഏര്‍പ്പെട്ടിരിക്കുന്നത്. അദ്ദേഹത്തിന് സ്വന്തം വീട്ടില്‍ 200ലധികം പ്രാവുകള്‍ ഉണ്ട്. ഭക്ഷണം, വെള്ളം, ആരോഗ്യം തുടങ്ങി പക്ഷികളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റി അവര്‍ അവയെ പൂര്‍ണ്ണമായും പരിപാലിക്കുന്നു. ഇതിനായി ധാരാളം പണം ചിലവാകുന്നുണ്ട്, പക്ഷേ അദ്ദേഹം തന്റെ സേവനത്തില്‍ ഉറച്ചുനില്‍ക്കുന്നു.

സുഹൃത്തുക്കളേ, നല്ല ഉദ്ദേശത്തോടെ ഇത്തരം ജോലി ചെയ്യുന്നവരെ കാണുമ്പോള്‍ ശരിക്കും ഒരുപാട് ആശ്വാസവും സന്തോഷവും ലഭിക്കുന്നു. അത്തരത്തിലുള്ള ചില അദ്ഭുതകരമായ ശ്രമങ്ങളെകുറിച്ചുള്ള വിവരങ്ങള്‍ നിങ്ങള്‍ക്കും ലഭിക്കുകയാണെങ്കില്‍, തീര്‍ച്ചയായും അവ ഷെയര്‍ ചെയ്യുക.

എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളേ, സ്വാതന്ത്ര്യത്തിന്റെ ഈ അമൃതകാലം ഓരോ പൗരന്റെയും രാജ്യത്തിനുവേണ്ടിയുള്ള കടമയുടെ കാലഘട്ടമാണ്. നമ്മുടെ കര്‍ത്തവ്യങ്ങള്‍ നിറവേറ്റുന്നതിലൂടെ മാത്രമേ നമുക്ക് നമ്മുടെ ലക്ഷ്യങ്ങള്‍ നേടാനും ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനും കഴിയൂ. കര്‍ത്തവ്യബോധം നമ്മെ എല്ലാവരെയും ഒറ്റ നൂലില്‍ ബന്ധിപ്പിക്കുന്നു. യു.പി.യിലെ സംഭലില്‍ അത്തരമൊരു കര്‍ത്തവ്യബോധത്തിന്റെ ഉദാഹരണം കണ്ടു, അത് നിങ്ങളുമായി പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ സങ്കല്‍പ്പിച്ചു നോക്കു, 70ലധികം ഗ്രാമങ്ങളുണ്ട്, ആയിരക്കണക്കിന് ജനസംഖ്യയുണ്ട്, എല്ലാ ആളുകളും ഒത്തുചേരുകയും ഒരു ലക്ഷ്യം നേടുന്നതിനായി ഒരുമിച്ചു പ്രവര്‍ത്തിക്കുകയും  ചെയ്യുന്നു, അത് വളരെ അപൂര്‍വമായി മാത്രമേ സംഭവിക്കൂ, പക്ഷേ സംഭലിലെ ആളുകള്‍ അത് ചെയ്തു കാണിച്ചു. പൊതുപങ്കാളിത്തത്തിന്റെയും കൂട്ടായ്മയുടെയും മഹത്തായ മാതൃകയാണ് ഇക്കൂട്ടര്‍ ഒരുമിച്ച് സ്ഥാപിച്ചത്. യഥാര്‍ത്ഥത്തില്‍, പതിറ്റാണ്ടുകള്‍ക്ക് മുമ്പ്, ഈ പ്രദേശത്ത് 'സോത്' എന്ന പേരില്‍ ഒരു നദി ഉണ്ടായിരുന്നു. അംരോഹയില്‍ നിന്ന് ആരംഭിച്ച് സംഭലിലൂടെ ബദായുവിലേക്ക് ഒഴുകുന്ന ഈ നദി ഒരു കാലത്ത് ഈ പ്രദേശത്തെ ജീവദാതാവായി അറിയപ്പെട്ടിരുന്നു. ഇവിടുത്തെ കര്‍ഷകരുടെ പ്രധാന ജലസ്രോതസ്സ് ആയിരുന്ന ഈ നദിയില്‍ വെള്ളം തുടര്‍ച്ചയായി ഒഴുകിയിരുന്നതാണ്. കാലക്രമേണ നദിയുടെ ഒഴുക്ക് കുറഞ്ഞു, നദി ഒഴുകുന്ന പാതകള്‍ കയ്യേറുകയും ഈ നദി ഇല്ലാതാവുകയും ചെയ്തു. നദിയെ മാതാവായി കരുതുന്ന നമ്മുടെ രാജ്യത്ത്, ഈ ഉറവിട നദിയെ പുനരുജ്ജീവിപ്പിക്കാന്‍ സംഭല്‍ നിവാസികള്‍ തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ എഴുപതിലധികം ഗ്രാമപഞ്ചായത്തുകള്‍ ചേര്‍ന്ന് സോത് നദിയുടെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങളെയും സര്‍ക്കാര്‍ വകുപ്പുകളെയും ഒപ്പം ചേര്‍ത്തു . ആദ്യത്തെ ആറ് മാസത്തിനുള്ളില്‍ തന്നെ ഈ ആളുകള്‍ നദിയുടെ 100 കിലോമീറ്ററിലധികം പുനരുജ്ജീവിപ്പിച്ചുവെന്ന് അറിയുമ്പോള്‍ നിങ്ങള്‍ക്ക് സന്തോഷമാകും. മഴക്കാലം തുടങ്ങിയതോടെ ഇവിടുത്തെ ജനങ്ങളുടെ കഠിനാധ്വാനം ഫലം കണ്ടു, സോത് നദിയില്‍ വെള്ളം നിറഞ്ഞൊഴുകി. ഇത് ഇവിടുത്തെ കര്‍ഷകര്‍ക്ക് വലിയ സന്തോഷത്തിനുള്ള അവസരം ഒരുക്കി. ആളുകള്‍ നദിയുടെ തീരത്ത് പതിനായിരത്തിലധികം മുളത്തൈകള്‍ നട്ടുപിടിപ്പിച്ചതിനാല്‍ അതിന്റെ തീരങ്ങള്‍ പൂര്‍ണ്ണമായും സുരക്ഷിതമാണ്. കൊതുകുകള്‍ പെരുകാതിരിക്കാന്‍ മുപ്പതിനായിരത്തിലധികം ഗാംബൂസിയ മത്സ്യങ്ങളെയും നദിയിലെ വെള്ളത്തില്‍ തുറന്നുവിട്ടിട്ടുണ്ട്. സുഹൃത്തുക്കളേ, ദൃഢനിശ്ചയമുണ്ടെങ്കില്‍ ഏറ്റവും വലിയ വെല്ലുവിളികളെ അതിജീവിച്ച് വലിയൊരു മാറ്റം കൊണ്ടുവരാന്‍ കഴിയുമെന്നാണ് സോത് നദിയുടെ ഉദാഹരണം നമ്മോട് പറയുന്നത്. കര്‍ത്തവ്യത്തിന്റെ പാതയിലൂടെ നടന്നാല്‍, നിങ്ങള്‍ക്കും ചുറ്റുമുള്ള ഇത്തരം നിരവധി മാറ്റങ്ങളുടെ കാരണമാകാം.

എന്റെ കുടുംബാംഗങ്ങളേ, ഉദ്ദേശ്യങ്ങള്‍ ദൃഢവും എന്തെങ്കിലും പഠിക്കാനുള്ള ആഗ്രഹവും ഉള്ളപ്പോള്‍, ഒരു ജോലിയും ബുദ്ധിമുട്ടായിരിക്കില്ല. പശ്ചിമബംഗാളിലെ ശ്രീമതി.ശകുന്തളാ സര്‍ദാര്‍ ഇത് തികച്ചും ശരിയാണെന്ന് തെളിയിച്ചു. ഇന്ന് അവര്‍  മറ്റ് നിരവധി സ്ത്രീകള്‍ക്ക് പ്രചോദനമായി മാറിയിരിക്കുന്നു. ജംഗല്‍ മഹലിലെ ശാത്‌നാല ഗ്രാമത്തിലെ താമസക്കാരിയാണ് ശ്രീമതി.ശകുന്തള. ദിവസേന കൂലിപ്പണി ചെയ്താണ് അവരുടെ കുടുംബം ഉപജീവനം നടത്തിയിരുന്നത്. അവരുടെ   കുടുംബത്തിന് നിത്യവൃത്തിക്ക്  പോലും ബുദ്ധിമുട്ടായിരുന്നു. പുതിയ വഴിയിലൂടെ അവര്‍ നടക്കാന്‍ തീരുമാനിക്കുകയും വിജയം കൈവരിച്ച് എല്ലാവരെയും അത്ഭുതപ്പെടുത്തുകയും ചെയ്തു. അവര്‍  ഈ നേട്ടം എങ്ങനെ കൈവരിച്ചു എന്ന് അറിയാന്‍ നിങ്ങള്‍ തീര്‍ച്ചയായും ആഗ്രഹിക്കുന്നുണ്ടാവും! അതാണ്  ഒരു തയ്യല്‍ മെഷീന്‍. ഒരു തയ്യല്‍ മെഷീന്‍ ഉപയോഗിച്ച് അവര്‍ 'സാല്‍' ഇലകളില്‍ മനോഹരമായ ഡിസൈനുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി. അവരുടെ ഈ കഴിവ് മുഴുവന്‍ കുടുംബത്തിന്റെയും ജീവിതത്തെ മാറ്റിമറിച്ചു. അവര്‍ നിര്‍മ്മിച്ച ഈ അത്ഭുതകരമായ കരകൗശലത്തിന് ആവശ്യക്കാര്‍ കൂടിക്കൂടി വരികയാണ്. ശകുന്തളയുടെ ഈ കഴിവ് അവളുടെ ജീവിതം മാത്രമല്ല, 'സാല്‍' ഇലകള്‍ ശേഖരിക്കുന്ന നിരവധി ആളുകളുടെ ജീവിതത്തെയും മാറ്റിമറിച്ചു. ഇപ്പോള്‍, നിരവധി സ്ത്രീകള്‍ക്ക് അവര്‍ പരിശീലനം നല്‍കുകയും ചെയ്യുന്നു. ഒരുകാലത്ത് കൂലിപ്പണിയെ ആശ്രയിച്ച് ജീവിച്ചിരുന്ന ഒരു കുടുംബം ഇന്ന് മറ്റുള്ളവരെ സ്വയം തൊഴില്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. നിങ്ങള്‍ക്ക് ഇത് ചിന്തിക്കാന്‍ സാധിക്കുന്നുണ്ടോ, ദിവസക്കൂലിയെ ആശ്രയിച്ച് ജീവിച്ചിരുന്ന കുടുംബത്തെ അവര്‍ സ്വന്തം കാലില്‍ നിര്‍ത്തി. ഇത് അവരുടെ  കുടുംബത്തിന് മറ്റ് കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അവസരം നല്‍കി. ഒരു കാര്യം കൂടി സംഭവിച്ചു, ശകുന്തളയുടെ അവസ്ഥ മെച്ചപ്പെട്ടപ്പോള്‍, അവര്‍ സമ്പാദിക്കാന്‍  തുടങ്ങി. ഇപ്പോള്‍ അവര്‍ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതികളില്‍ നിക്ഷേപിക്കാന്‍ തുടങ്ങിയിരിക്കുന്നു, അങ്ങനെ അവരുടെ  മക്കളുടെ ഭാവിയും ശോഭനമാകട്ടെ. ശകുന്തളയുടെ അധ്വാനത്തെ എത്ര പ്രശംസിച്ചാലും മതിയാവില്ല. ഭാരതത്തിലെ ജനങ്ങള്‍ ഇത്തരം കഴിവുകളാല്‍ സമ്പന്നരാണ് - നിങ്ങള്‍ അവര്‍ക്ക് അവസരം നല്‍കുക, അവര്‍ ചെയ്യുന്ന അത്ഭുതങ്ങള്‍ എന്താണെന്ന് കാണുക.

എന്റെ കുടുംബാംഗങ്ങളെ, ഡല്‍ഹിയില്‍ നടന്ന ജി-20 ഉച്ചകോടിക്കിടെ ബാപ്പുവിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ നിരവധി ലോകനേതാക്കള്‍ ഒരുമിച്ച് രാജ്ഘട്ടിലെത്തി. ഇന്നും ലോകമെമ്പാടും ബാപ്പുവിന്റെ ചിന്തകള്‍ എത്രത്തോളം പ്രസക്തമാണ് എന്നതിന്റെ വലിയ തെളിവാണിത്. ഗാന്ധിജയന്തി ദിനത്തില്‍ രാജ്യത്തുടനീളം ശുചിത്വവുമായി ബന്ധപ്പെട്ട നിരവധി പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട് എന്നതില്‍ ഞാന്‍ സന്തോഷവാനാണ്. കേന്ദ്ര ഗവൺമെൻ്റിന്റെ എല്ലാ ഓഫീസുകളിലും ''സ്വച്ഛതാ ഹി സേവാ അഭിയാന്‍'' വളരെ ആവേശത്തോടെയാണ് നടക്കുന്നത്. ''ഇന്ത്യന്‍ സ്വച്ഛത ലീഗി'ലും മികച്ച പങ്കാളിത്തം കാണുന്നുണ്ട്. ഇന്ന് മന്‍ കി ബാത്തിലൂടെ'എല്ലാ നാട്ടുകാരോടും ഒരു അഭ്യര്‍ത്ഥന നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു.  ശുചിത്വവുമായി ബന്ധപ്പെട്ട ഒരു വലിയ പരിപാടി ഒക്ടോബര്‍ 1 ന് അതായത് ഞായറാഴ്ച രാവിലെ 10 മണിക്ക് സംഘടിപ്പിക്കാന്‍ പോകുന്നു. നിങ്ങളും സമയം കണ്ടെത്തി ശുചിത്വവുമായി ബന്ധപ്പെട്ട ഈ കാമ്പയിനില്‍ പങ്കെടുക്കണം. നിങ്ങളുടെ തെരുവിലോ അയല്‍പക്കത്തോ പാര്‍ക്കിലോ നദിയിലോ തടാകത്തിലോ മറ്റേതെങ്കിലും പൊതുസ്ഥലത്തോ നടക്കുന്ന ശുചീകരണ കാമ്പയിനില്‍ നിങ്ങള്‍ക്ക്‌ചേരാം, അമൃത് സരോവര്‍ നിര്‍മ്മിച്ചിടത്തെല്ലാം ശുചിത്വം പാലിക്കണം. ഈ ശുചിത്വ പ്രവൃത്തി ഗാന്ധിജിക്കുള്ള യഥാര്‍ത്ഥ ആദരവായിരിക്കും. ഗാന്ധിജയന്തിയുടെ ഈ അവസരത്തില്‍ നിങ്ങള്‍ എതെങ്കിലും ഖാദി ഉല്‍പ്പന്നങ്ങള്‍ വാങ്ങണം എന്ന് ഞാന്‍ നിങ്ങളെ വീണ്ടും ഓര്‍മ്മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു.

എന്റെ കുടുംബാംഗങ്ങളെ, നമ്മുടെ നാട്ടിലും ഉത്സവകാലം ആരംഭിച്ചിരിക്കുന്നു. നിങ്ങള്‍ എല്ലാവരും വീട്ടില്‍ പുതിയ എന്തെങ്കിലും വാങ്ങാന്‍ പദ്ധതിയിടുന്നുണ്ടാകാം. നവരാത്രി കാലത്ത് മംഗളകര്‍മ്മങ്ങള്‍ ആരംഭിക്കാന്‍ ചിലരെങ്കിലും കാത്തിരിക്കുന്നുണ്ടാവും. ആവേശത്തിന്റെയും ഉത്സാഹത്തിന്റെയും ഈ അന്തരീക്ഷത്തില്‍, ‘’vocal for local’'ന്റെ  മന്ത്രവും നിങ്ങള്‍ കഴിയുന്നിടത്തോളം ഓര്‍ക്കണം. നിങ്ങള്‍ ഭാരതത്തില്‍ നിര്‍മ്മിച്ച സാധനങ്ങള്‍ വാങ്ങുക, ഭാരതീയമായ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുക, ഭാരതത്തില്‍ നിര്‍മ്മിച്ച വസ്തുക്കള്‍ മാത്രം സമ്മാനിക്കുക. നിങ്ങളുടെ ചെറിയ സന്തോഷം മറ്റൊരാളുടെ കുടുംബത്തിന്റെ  വലിയ സന്തോഷത്തിന് കാരണമാകും. നിങ്ങള്‍ വാങ്ങുന്ന ഭാരതീയമായ സാധനങ്ങള്‍ നമ്മുടെ തൊഴിലാളികള്‍ക്കും, പണിക്കാര്‍ക്കും, കരകൗശല തൊഴിലാളികള്‍ക്കും, മറ്റ് വിശ്വകര്‍മ സഹോദരങ്ങള്‍ക്കും സഹോദരിമാര്‍ക്കും നേരിട്ട് പ്രയോജനം ചെയ്യും. ഇപ്പോള്‍ പല സ്റ്റാര്‍ട്ടപ്പുകളും പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. നിങ്ങള്‍ പ്രാദേശിക സാധനങ്ങള്‍ വാങ്ങുകയാണെങ്കില്‍ സ്റ്റാര്‍ട്ടപ്പുകളിലെ ഈ യുവാക്കള്‍ക്കും പ്രയോജനം ലഭിക്കും.

എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ, ഇന്നത്തെ 'മന്‍ കി ബാത്തില്‍' ഇത്രമാത്രം. അടുത്ത തവണ ഞാന്‍ നിങ്ങളെ 'മന്‍ കി ബാത്തില്‍' കാണുമ്പോള്‍ നവരാത്രിയും ദസറയും കടന്നുപോകും. ഈ ഉത്സവകാലത്ത്, നിങ്ങള്‍ക്ക് എല്ലാ ആഘോഷങ്ങളും നിറഞ്ഞ ഉത്സാഹത്തോടെ ആഘോഷിക്കാന്‍ കഴിയട്ടെ, നിങ്ങളുടെ കുടുംബത്തില്‍ സന്തോഷം ഉണ്ടാകട്ടെ,  ഇതാണ് എന്റെ ആഗ്രഹം. ഈ ഉത്സവങ്ങളില്‍ നിങ്ങള്‍ക്ക് ഒരുപാട് ആശംസകള്‍. കൂടുതല്‍ പുതിയ വിഷയങ്ങളുമായി, നമ്മുടെ നാട്ടുകാരുടെ പുതിയ വിജയകഥളുമായി നിങ്ങളെ വീണ്ടും കാണും. നിങ്ങള്‍ എനിക്ക് സന്ദേശങ്ങള്‍ അയച്ചുകൊണ്ടിരിക്കണം, നിങ്ങളുടെ അനുഭവങ്ങള്‍ പങ്കിടാന്‍ മറക്കരുത്. ഞാന്‍ കാത്തിരിക്കും വളരെ വളരെ നന്ദി. നമസ്‌കാരം.

--NS--



(Release ID: 1960071) Visitor Counter : 119