പ്രധാനമന്ത്രിയുടെ ഓഫീസ്‌

ബ്രിക്‌സ് ബിസിനസ് ഫോറം ലീഡേഴ്‌സ് ഡയലോഗിൽ പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ

Posted On: 22 AUG 2023 10:29PM by PIB Thiruvananthpuram

ശ്രേഷ്ഠരേ ,
ബ്രിക്സ്  ബിസിനസ്സ് സമൂഹ  നേതാക്കളേ ,
നമസ്കാരം!

ഞങ്ങൾ ദക്ഷിണാഫ്രിക്കയുടെ മണ്ണിൽ കാലുകുത്തിയ ഉടൻ തന്നെ ഞങ്ങളുടെ പരിപാടിയുടെ തുടക്കം ബ്രിക്‌സ് ബിസിനസ് ഫോറം വഴി നടത്തുന്നതിൽ എനിക്ക് സന്തോഷമുണ്ട്.

പ്രസിഡണ്ട് റംഫോസയുടെ ക്ഷണത്തിനും ഈ സമ്മേളനം  സംഘടിപ്പിച്ചതിനും ഞാൻ ആദ്യമേ  നന്ദി പറയുന്നു.

ബ്രിക്‌സ് ബിസിനസ് കൗൺസിലിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച്, ഞാൻ എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുന്നു.

കഴിഞ്ഞ പത്ത് വർഷമായി, നമ്മുടെ സാമ്പത്തിക സഹകരണം വർധിപ്പിക്കുന്നതിൽ ബ്രിക്‌സ് ബിസിനസ് കൗൺസിൽ വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ചിട്ടുണ്ട്.

2009ൽ ആദ്യ ബ്രിക്‌സ് ഉച്ചകോടി നടക്കുമ്പോൾ ലോകം വലിയ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറുകയായിരുന്നു.

അക്കാലത്ത്, ആഗോള സമ്പദ്‌വ്യവസ്ഥയുടെ പ്രതീക്ഷയുടെ കിരണമായാണ് ബ്രിക്‌സ് കണ്ടത്.

ഇക്കാലത്തും, കൊവിഡ് മഹാമാരി, പിരിമുറുക്കങ്ങൾ, സംഘർഷങ്ങൾ എന്നിവയ്ക്കിടയിൽ, ലോകം സാമ്പത്തിക വെല്ലുവിളികളുമായി പൊരുതുകയാണ്.

അത്തരം സമയങ്ങളിൽ, ബ്രിക്‌സ് രാജ്യങ്ങൾക്ക് വീണ്ടും ഒരു പ്രധാന പങ്ക് വഹിക്കാനുണ്ട്.

സുഹൃത്തുക്കൾ,

ആഗോള സമ്പദ്‌വ്യവസ്ഥയിലെ പ്രശ്നങ്ങൾക്കിടയിലും, നിലവിൽ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ.

വൈകാതെ ഇന്ത്യ അഞ്ച് ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയായി മാറും.

വരും വർഷങ്ങളിൽ ഇന്ത്യ ലോകത്തിന്റെ വളർച്ചാ യന്ത്രമാകുമെന്നതിൽ സംശയമില്ല.

കാരണം, ഇന്ത്യ പ്രതികൂല സാഹചര്യങ്ങളുടെയും വെല്ലുവിളികളുടെയും കാലത്തെ സാമ്പത്തിക പരിഷ്‌കരണത്തിനുള്ള അവസരമാക്കി മാറ്റി.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ദൗത്യ രൂപത്തിൽ  ഞങ്ങൾ നടത്തിയ പരിഷ്കാരങ്ങൾ ഇന്ത്യയിൽ ബിസിനസ്സ് നടത്തിപ്പ്  സുഗമമാക്കാൻ  സ്ഥിരതയുള്ള പുരോഗതിയിലേക്ക് നയിച്ചു.

ഞങ്ങൾ പാലിക്കൽ ഭാരം കുറച്ചു.

ഞങ്ങൾ ചുവപ്പു നാടയെ   ചുവന്ന പരവതാനി ഉപയോഗിച്ച് മാറ്റിസ്ഥാപിച്ച് വരുന്നു.

ജിഎസ്ടിയും (ചരക്ക് സേവന നികുതി)  പാപ്പരത്ത കോഡും നടപ്പാക്കിയത് നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിച്ചു.

നേരത്തെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്ന പ്രതിരോധം, ബഹിരാകാശം തുടങ്ങിയ മേഖലകൾ ഇപ്പോൾ സ്വകാര്യമേഖലയ്ക്കായി തുറന്നുകൊടുത്തിരിക്കുന്നു.

പൊതു സേവന വിതരണത്തിലും നല്ല ഭരണത്തിലും ഞങ്ങൾ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്.

സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെ, സാമ്പത്തിക ഉൾപ്പെടുത്തലിൽ ഇന്ത്യ ഗണ്യമായ കുതിച്ചുചാട്ടം നടത്തി.

ഇതിന്റെ ഏറ്റവും വലിയ പ്രയോജനം ലഭിച്ചത് നമ്മുടെ ഗ്രാമീണ സ്ത്രീകൾക്കാണ്.

ഇന്ന്, ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ആളുകൾക്ക് ഒരു ക്ലിക്കിലൂടെ നേരിട്ട് ആനുകൂല്യ കൈമാറ്റം ലഭിക്കുന്നു.

360 ബില്യൺ ഡോളറിന്റെ ഇത്തരം കൈമാറ്റങ്ങൾ ഇതുവരെ നടന്നിട്ടുണ്ട്.

ഇത് സേവന വിതരണത്തിലെ സുതാര്യത വർദ്ധിപ്പിക്കുകയും അഴിമതി കുറയ്ക്കുകയും ഇടനിലക്കാരെ കുറയ്ക്കുകയും ചെയ്തു.

 ജിഗാബൈറ്റ് ഡാറ്റ നിരക്ക്  ഏറ്റവും കുറവുള്ള  രാജ്യമാണ് ഇന്ത്യ.

ഇന്ന്, വഴിയോര കച്ചവടക്കാർ മുതൽ വൻകിട ഷോപ്പിംഗ് മാളുകൾ വരെ, ഇടപാടുകൾക്കായി യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) ഉപയോഗിക്കുന്നു.

ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ഡിജിറ്റൽ ഇടപാടുകൾ നടക്കുന്ന രാജ്യമായി ഇന്ത്യ നിലകൊള്ളുന്നു.

യുഎഇ, സിംഗപ്പൂർ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളും ഈ പ്ലാറ്റ്‌ഫോമിൽ ചേരുന്നുണ്ട്.

ബ്രിക്‌സ് രാജ്യങ്ങളുമായും ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ നിരവധി സാധ്യതകളുണ്ട്.

ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങളിൽ വലിയ തോതിലുള്ള നിക്ഷേപങ്ങൾ രാജ്യത്തിന്റെ ചിത്രത്തെ  മാറ്റിമറിക്കുന്നു.

ഈ വർഷത്തെ ബജറ്റിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി ഏകദേശം 120 ബില്യൺ ഡോളർ വകയിരുത്തിയിട്ടുണ്ട്.

പ്രതിവർഷം പതിനായിരം കിലോമീറ്റർ വേഗത്തിലാണ് ഇന്ത്യയിൽ പുതിയ ഹൈവേകൾ നിർമ്മിക്കുന്നത്.

കഴിഞ്ഞ 9 വർഷത്തിനിടെ വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയായി.

നിക്ഷേപവും ഉൽപ്പാദനവും വർദ്ധിപ്പിക്കുന്നതിന്, ഞങ്ങൾ ഉത്പ്പാദന ബന്ധിത ആനുകൂല്യ പദ്ധതി  അവതരിപ്പിച്ചു.

ലോജിസ്റ്റിക്‌സ് ചെലവ് കുറയുന്നത് ഇന്ത്യയുടെ നിർമ്മാണ മേഖലയെ കൂടുതൽ മത്സരാധിഷ്ഠിതമാക്കുന്നു.

പുനരുപയോഗ ഊർജ മേഖലയിൽ ഇന്ത്യ ലോക നേതാക്കളിൽ ഒരാളാണ്.

സൗരോർജ്ജം, കാറ്റാടി ഊർജ്ജം, വൈദ്യുത വാഹനങ്ങൾ, ഹരിത  ഹൈഡ്രജൻ, ഹരിത  അമോണിയ തുടങ്ങിയ മേഖലകളിൽ ഇന്ത്യയെ ആഗോള ഉൽപ്പാദന കേന്ദ്രമാക്കി മാറ്റുന്നതിനുള്ള നടപടികൾ ഞങ്ങൾ സജീവമായി സ്വീകരിച്ചുവരികയാണ്.

ഈ നിക്ഷേപത്തിലൂടെ, ഭാവിയിലെ ഒരു പുതിയ ഇന്ത്യക്ക് ഞങ്ങൾ ശക്തമായ അടിത്തറ പാകുകയാണ്.

റെയിൽ, റോഡ്, ജലപാത, വ്യോമപാതകൾ  എന്നിവയിൽ പരിവർത്തനങ്ങൾ അതിവേഗം നടക്കുന്നു.

ഇത് ഇന്ത്യയിൽ പുനരുപയോഗിക്കാവുന്ന സാങ്കേതികവിദ്യയ്ക്ക് ഗണ്യമായ വിപണി സൃഷ്ടിക്കും എന്നത് സ്വാഭാവികമാണ്.

ഇന്ന്, ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ആവാസ വ്യസവസ്ഥയാണ്  ഇന്ത്യക്കുള്ളത്.

ഇന്ത്യയിൽ നൂറിലധികം യൂണികോണുകൾ ഉണ്ട്.

ഐടി, ടെലികോം, ഫിൻടെക്, നിർമ്മിത ബുദ്ധി , സെമികണ്ടക്ടറുകൾ തുടങ്ങിയ മേഖലകളിൽ, "മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദ വേൾഡ്" എന്ന കാഴ്ചപ്പാടാണ് ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നത്.

ഈ ശ്രമങ്ങളെല്ലാം സാധാരണക്കാരുടെ ജീവിതത്തിൽ നേരിട്ട് നല്ല സ്വാധീനം ചെലുത്തിയിട്ടുണ്ട്.

കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ജനങ്ങളുടെ വരുമാനത്തിൽ ഏകദേശം മൂന്നിരട്ടി വർധനവുണ്ടായി.

ഇന്ത്യയുടെ സാമ്പത്തിക വികസനത്തിൽ സ്ത്രീകൾ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.

ഐടി മുതൽ ബഹിരാകാശം വരെ, ബാങ്കിംഗ് മുതൽ ആരോഗ്യ സംരക്ഷണം വരെ, രാജ്യത്തിന്റെ പുരോഗതിക്കായി സ്ത്രീകൾ പുരുഷന്മാരോടൊപ്പം തോളോട് തോൾ ചേർന്ന് സംഭാവന ചെയ്യുന്നു.

2047-ഓടെ ഒരു വികസിത രാഷ്ട്രം കെട്ടിപ്പടുക്കുമെന്ന് ഇന്ത്യയിലെ ജനങ്ങൾ പ്രതിജ്ഞയെടുത്തു.

സുഹൃത്തുക്കളേ ,

ഇന്ത്യയുടെ വികസന യാത്രയുടെ ഭാഗമാകാൻ ഞാൻ നിങ്ങളെ എല്ലാവരെയും ക്ഷണിക്കുന്നു.

പ്രതിരോധശേഷിയുള്ളതും ഉൾക്കൊള്ളുന്നതുമായ വിതരണ ശൃംഖലകളുടെ പ്രാധാന്യം കോവിഡ് മഹാമാരി  നമ്മെ പഠിപ്പിച്ചു.

പരസ്പര വിശ്വാസവും സുതാര്യതയും ഇതിന് നിർണായകമാണ്.

പരസ്പരം ശക്തികൾ സംയോജിപ്പിക്കുന്നതിലൂടെ, ലോകത്തിന്റെ, പ്രത്യേകിച്ച് ഗ്ലോബൽ സൗത്തിന്റെ ക്ഷേമത്തിന് നമുക്ക് ഗണ്യമായ സംഭാവന നൽകാൻ കഴിയും.

ശ്രേഷ്ഠരേ ,

ഒരിക്കൽ കൂടി, ബ്രിക്സ്  ബിസിനസ്സ് സമൂഹ  നേതാക്കളുടെ സംഭാവനകൾക്ക് ഞാൻ എന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

ഈ മികച്ച പരിപാടിക്ക്  ആതിഥേയത്വം വഹിച്ചതിന് എന്റെ സുഹൃത്ത് പ്രസിഡന്റ് റമാഫോസയോടുള്ള നന്ദിയും ഞാൻ അറിയിക്കുന്നു.

നന്ദി.

ND



(Release ID: 1951268) Visitor Counter : 100