ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
ഡിജിറ്റൽ സ്വകാര്യ വിവര സംരക്ഷണ നിയമം ലോകോത്തരം: കേന്ദ്രസഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖർ
ഡിജിറ്റൽ ഇന്ത്യ നിയമം എന്നു വിളിക്കുന്ന ഡിപിഡിപിയുടെ അനുബന്ധ നിയമനിർമാണം 22 വർഷം പഴക്കമുള്ള ഐടി നിയമത്തിന് പകരമാകും: കേന്ദ്രസഹമന്ത്രി
യുവാക്കൾക്ക് അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുക എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടുമായി ഡിപിഡിപി പൊരുത്തപ്പെടുന്നു: കേന്ദ്രസഹമന്ത്രി
ഡിപിഡിപിയുമായി ബന്ധപ്പെട്ട് യുവാക്കളുമായും സ്റ്റാർട്ടപ്പുകളുമായും കേന്ദ്ര സഹമന്ത്രി ബംഗളൂരുവിൽ ആശയവിനിമയം നടത്തി
Posted On:
13 AUG 2023 5:47PM by PIB Thiruvananthpuram
കേന്ദ്ര നൈപുണ്യവികസന- സംരംഭകത്വ- ഇലക്ട്രോണിക്സ്- ഐടി സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖർ ശനിയാഴ്ച ബംഗളൂരുവിൽ വിദ്യാർഥികൾ, സ്റ്റാർട്ടപ്പുകൾ, പൗരപ്രമുഖർ എന്നിവരുമായി ആശയവിനിമയം നടത്തി. ചരിത്രം കുറിക്കുന്ന ഡിജിറ്റൽ സ്വകാര്യ വിവര സംരക്ഷണ നിയമം (ഡിപിഡിപി) സൃഷ്ടിച്ചതിന് പിന്നിലെ യാത്രയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. തുടക്കംമുതൽ നിയമമെന്ന നിലയിലേക്കുള്ള അതിന്റെ പുരോഗതി അദ്ദേഹം വിവരിച്ചു. 2010ൽ യുപിഎ ഗവണ്മെന്റിന്റെ കാലത്ത് സ്വകാര്യത എന്ന ആശയം പാർലമെന്റിൽ ചർച്ചാവിഷയമായി അവതരിപ്പിച്ചതുമുതലുള്ള കാര്യങ്ങൾ അദ്ദേഹം പങ്കുവച്ചു.
“ഡിജിറ്റൽ സ്വകാര്യ വിവര സംരക്ഷണ നിയമം ലോകോത്തരമായ നിയമനിർമാണമാണ്. 2021 ഓഗസ്റ്റ് 15ന്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘ടെക്കേഡ്’ (സാങ്കേതികാബ്ദം) എന്ന പദം അവതരിപ്പിച്ചു. ഇത് നാളെ തൊഴിൽ ശക്തിയുടെ ഭാഗമാകുന്ന വിദ്യാർഥികൾക്കും രാജ്യത്തെ യുവാക്കൾക്കും സാങ്കേതിക അവസരങ്ങൾ നിറഞ്ഞ ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടു പ്രതിഫലിപ്പിക്കുന്നു. 2010ൽ ഞാൻ പാർലമെന്റംഗം ആയിരുന്നപ്പോൾ, സ്വകാര്യത മൗലികാവകാശമായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിൽ സ്വകാര്യ ബിൽ അവതരിപ്പിച്ചിരുന്നു. നിർഭാഗ്യവശാൽ, അത് ആവശ്യമായ സംവാദമാണെന്ന് അന്നത്തെ ഗവണ്മെന്റിനു തോന്നിയില്ല. അടിസ്ഥാനപരമായി ഈ രാജ്യത്തെ പൗരന്മാരുടെ സ്വകാര്യ വിവരങ്ങൾ ചൂഷണം ചെയ്യാൻ എളുപ്പമാണ്” - മന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന് അനുസൃതമായ വിശാലമായ ദൗത്യത്തിലേക്ക് ഈ നിയമം എങ്ങനെയാണു സംയോജിപ്പിക്കുന്നതെന്ന് ശ്രീ രാജീവ് ചന്ദ്രശേഖർ വിശദീകരിച്ചു. പ്ലാറ്റ്‌ഫോമുകളുമായുള്ള ഉടമ്പടികൾക്കൊപ്പം ഇന്ത്യയുടെ ആവശ്യങ്ങൾക്കനുസൃതമായി സമകാലികവും പ്രസക്തവുമായ നിയമങ്ങൾ സ്ഥാപിക്കുകയാണ് ഈ കാഴ്ചപ്പാടിന്റെ ലക്ഷ്യം.
“22 വർഷം പഴക്കമുള്ള ഐടി നിയമത്തിന് പകരമായി വരാനിരിക്കുന്ന നിയമനിർമാണം ഡിജിറ്റൽ ഇന്ത്യ നിയമം എന്നാണ് അറിയപ്പെടുന്നത്. ഡിജിറ്റൽ ഇന്ത്യ നിയമം സാങ്കേതികവിദ്യയുടെ ആവാസവ്യവസ്ഥയെയാകെ കൈകാര്യം ചെയ്യും. മുമ്പ്, നമ്മുടെ രാജ്യത്തെ വിവര സ്വകാര്യതാ സംഭാഷണങ്ങൾ ജിഡിപിആറിൽ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്തിരുന്നു. വൈദേശികമായതെന്തും മികച്ചതായി കണക്കാക്കുന്നത് ഒരു പ്രവണതയായിരുന്നു. എന്നാൽ ജിഡിപിആറിൽനിന്ന് പ്രചോദനം ഉൾക്കൊള്ളുന്നതിനു പകരം ഇന്ത്യൻ നിയമം രൂപപ്പെടുത്താൻ ഞങ്ങൾ തീരുമാനിച്ചു. ഇന്റർനെറ്റ് ഉപയോഗിക്കുന്ന 830 ദശലക്ഷം ഇന്ത്യക്കാർക്കായുള്ള ഇന്ത്യൻ ഇന്റർനെറ്റിന്റെ കാര്യം ഞങ്ങൾ പരിശോധിച്ചു. 2025-26 ആകുമ്പോഴേക്കും ഇത് 1.2 ബില്യൺ ഇന്ത്യക്കാരെന്ന നിലയിലാകും. പരസ്പരം കൂട്ടിയിണക്കപ്പെട്ടിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ രാജ്യമാണ് നമ്മുടേത്. യൂറോപ്യൻ യൂണിയനിൽ നിന്നോ യുഎസിൽ നിന്നോ എന്തെങ്കിലും കടമെടുക്കുന്നതിനുപകരം ഭാവിയിലേക്കുള്ള സാങ്കേതികവിദ്യയെക്കുറിച്ചുള്ള ഏത് സംഭാഷണത്തിലും നമ്മുടേതായ മാനദണ്ഡങ്ങൾ സ്ഥാപിക്കാൻ നാം അർഹരാണ്”- മന്ത്രി കൂട്ടിച്ചേർത്തു.
പൗരന്മാരുടെ വ്യക്തിഗത ഡിജിറ്റൽ വിവരങ്ങൾ അതീവ പ്രാധാന്യത്തോടെ കൈകാര്യം ചെയ്യുന്നതിനുള്ള ഗവണ്മെന്റിന്റെ പ്രതിബദ്ധത കേന്ദ്ര സഹമന്ത്രി ഉയർത്തിക്കാട്ടി. ഗണ്യമായ പിഴ ചുമത്തേണ്ടതിന്റെ പ്രാധാന്യത്തിനും അദ്ദേഹം ഊന്നൽ നൽകി. വ്യവസായങ്ങളും പ്ലാറ്റ്‌ഫോമുകളും ഈ നിയമം പാലിക്കുന്നുവെന്ന സുപ്രധാന ഉദ്ദേശ്യം ഉറപ്പാക്കുന്നതിൽ ഈ പിഴശിക്ഷ സംവിധാനം സഹായിക്കും.
“ഈ നിയമം പുതിയ ഭരണക്രമം സൃഷ്ടിക്കുകയാണ്. കമ്പനികൾക്കും വ്യവസായങ്ങൾക്കും പരിവർത്തന കാലയളവ് ഞങ്ങൾ അനുവദിക്കും. ദുരുപയോഗത്തിന്റെ യുഗവും ചൂഷണത്തിന്റെ യുഗവും ഇന്ത്യൻ പൗരന്മാർക്ക് അവകാശങ്ങളില്ലെന്ന് വിശ്വസിക്കുന്ന യുഗവും ഈ നിയമത്തോടെ അവസാനിക്കുകയാണ്. നവീകരണ ആവാസവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനുള്ള പ്രധാന അടയാളപ്പെടുത്തലാണ് ഈ നിയമം. കാരണം സ്വകാര്യത ഒരു മൗലികാവകാശമായി പ്രഖ്യാപിക്കപ്പെടുമ്പോൾ ഒരു സ്ഥാപനം എന്താണു ചെയ്യേണ്ടത് എന്നതിനെക്കുറിച്ചുള്ള അവ്യക്തത ഇതു നീക്കം ചെയ്യുന്നു. പൗരന്റെ വിവരങ്ങളിലേക്കുള്ള കടന്നുകയറ്റത്തിന്റെ കാര്യത്തിൽ, അവർ വെബ്‌സൈറ്റ് സന്ദർശിക്കുകയും വിവര സംരക്ഷണ ബോർഡിന് വിശദാംശങ്ങൾ നൽകുകയും വേണം. ബോർഡ് അന്വേഷണം ആരംഭിക്കുകയും ലംഘനം നടത്തുന്ന പ്ലാറ്റ്‌ഫോമുകൾക്ക് പിഴ ചുമത്തുകയും ചെയ്യും. പിഴകൾ ശിക്ഷാർഹമായിരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. അതുവഴി ഉത്തരവാദിത്വമുള്ളവരാകാൻ പ്ലാറ്റ്‌ഫോമുകളെ പ്രേരിപ്പിക്കുന്നു”- ശ്രീ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
‘സൻസദ്‌ധ്വനി’ എന്നു പേരിട്ട പരിപാടി ബംഗളൂരു സൗത്തിൽ നിന്നുള്ള പാർലമെന്റ് അംഗവും ഭാരതീയ ജനതാ യുവമോർച്ചയുടെ ദേശീയ പ്രസിഡന്റുമായ ശ്രീ തേജസ്വി സൂര്യയുടെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്.
കേന്ദ്ര സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖർ ശനിയാഴ്ച പ്രശസ്ത പരിസ്ഥിതി പ്രവർത്തക ശ്രീമതി സാലുമരദ തിമ്മക്കയുമായി അപ്പോളോ ആശുപത്രിയിൽ കൂടിക്കാഴ്ച നടത്തുകയും ചെയ്തു. പത്മശ്രീ പുരസ്കാരത്തിന് അർഹയായ അവർ കർണാടകത്തിൽ 8000-ത്തിലധികം വൃക്ഷത്തൈ നട്ടുപിടിപ്പിച്ച ശ്രദ്ധേയ പ്രവർത്തനത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്.
--ND--
(Release ID: 1948377)
Visitor Counter : 180