പ്രധാനമന്ത്രിയുടെ ഓഫീസ്
പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ നടന്ന ജി20 അഴിമതി വിരുദ്ധ മന്ത്രിതല യോഗത്തിലെ പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം
Posted On:
12 AUG 2023 9:26AM by PIB Thiruvananthpuram
ആദരണീയരെ, മഹാന്മാരെ, മഹതികളെ, നമസ്‌കാരം!
നേരിട്ടുള്ള ജി20 അഴിമതി വിരുദ്ധ മന്ത്രിതലത്തിലെ പ്രഥമ യോഗത്തിലേയ്ക്ക് നിങ്ങളെ ഏവരെയും വളരെ ഊഷ്മളമായി ഞാന്‍ സ്വാഗതം ചെയ്യുന്നു. നോബല്‍ പുരസ്‌ക്കാര ജേതാവ് ഗുരുദേവ് രബീന്ദ്രനാഥ ടാഗോറിന്റെ നഗരമായ കൊല്‍ക്കത്തയിലാണ് നിങ്ങള്‍ യോഗം ചേരുന്നത്. തന്റെ രചനകളില്‍, അത്യാഗ്രഹത്തിനെതിരെ അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു, എന്തെന്നാല്‍ സത്യം തിരിച്ചറിയുന്നതില്‍ നിന്ന് അത് നമ്മെ തടയും. പ്രാചീന ഇന്ത്യന്‍ ഉപനിഷത്തുകളും ''മാ ഗ്രിധ''- അതായത് അത്യാഗ്രഹം ഉണ്ടാകരുത് എന്നാണ് ആഗ്രഹിച്ചിരുന്നത്.
സുഹൃത്തുക്കളെ,
അഴിമതിയുടെ ആഘാതം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് പാവപ്പെട്ടവരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമാണ്. അത് വിഭവ വിനിയോഗത്തെ ബാധിക്കുന്നു. അത് വിപണിയെ ദുഷിപ്പിക്കുന്നു. അത് സേവന വിതരണത്തില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു. മാത്രമല്ല ഏറ്റവും ആത്യന്തികമായി, അത് ജനങ്ങളുടെ ജീവിത നിലവാരം ക്ഷയിപ്പിക്കുന്നു. പരമാവധി ജനക്ഷേമം ഉറപ്പാക്കുന്നതിന് രാജ്യത്തിന്റെ വിഭവങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്നത് ഗവണ്‍മെന്റിന്റെ കടമയാണെന്ന് അര്‍ത്ഥശാസ്ത്രത്തില്‍ കൗടില്യ തറപ്പിച്ചു പറയുന്നു. ഈ ലക്ഷ്യം കൈവരിക്കുന്നതിന് അഴിമതിക്കെതിരെ പോരാടേണ്ടതുണ്ട്. അതുകൊണ്ടാണ് അഴിമതിക്കെതിരെയുള്ള പോരാട്ടം ജനങ്ങളോടുള്ള നമ്മുടെ പവിത്രമായ കടമയാകുന്നത്.
സുഹൃത്തുക്കളെ,
അഴിമതിക്കെതിരെ സഹിഷ്ണുത ഒട്ടും വേണ്ട (സിറോ ടോളറന്‍സ്) എന്ന കര്‍ശനമായ നയമാണ് ഇന്ത്യക്കുള്ളത്. സുതാര്യവും ഉത്തരവാദിത്തമുള്ളതുമായ ഒരു പരിസ്ഥിതി സംവിധാനം സൃഷ്ടിക്കുന്നതിന് ഞങ്ങള്‍ സാങ്കേതികവിദ്യയ്ക്കും ഇ-ഗവേണന്‍സിനും ഊന്നല്‍ നല്‍കുന്നു. ക്ഷേമപദ്ധതികളിലെയും ഗവണ്‍മെന്റ് പദ്ധതികളിലെയും ചോര്‍ച്ചയും വിടവുകളും നികത്തുന്നു. ഇന്ത്യയിലെ കോടിക്കണക്കിന് ജനങ ്ങള്‍ക്ക് അവരുടെ ആനുകൂല്യങ്ങള്‍ സ്വന്തം ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടുള്ള കൈമാറ്റത്തിലൂടെ ലഭിക്കുന്നു. അത്തരം കൈമാറ്റങ്ങളുടെ മൂല്യം 360 ബില്യണ്‍ ഡോളര്‍ കവിഞ്ഞു, ഇത് ഞങ്ങള്‍ക്ക് 33 ബില്യണ്‍ ഡോളറിലധികം ലാഭമുണ്ടാക്കി.
വ്യാപാരങ്ങള്‍ക്കുള്ള വിവിധ നടപടിക്രമങ്ങളും ഞങ്ങള്‍ ലളിതമാക്കിയിട്ടുണ്ട്. ഗവണ്‍മെന്റ് സേവനങ്ങളുടെ ഓട്ടോമേഷനും ഡിജിറ്റലൈസേഷനും നയങ്ങളെ ദുരുപയോഗം ചെയ്യുന്നതിനുള്ള അവസരങ്ങള്‍ ഇല്ലാതാക്കി. ഞങ്ങളുടെ, ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ്‌പ്ലേസ് അല്ലെങ്കില്‍ ജെം പോര്‍ട്ടല്‍ ഗവണ്‍മെന്റ് സംഭരണത്തില്‍ കൂടുതല്‍ സുതാര്യത കൊണ്ടുവന്നു. സാമ്പത്തിക കുറ്റവാളികളെ ഞങ്ങള്‍ ആക്രമണോത്സുകതയോടെ തന്നെ പിന്തുടരുന്നു. 2018-ല്‍ ഞങ്ങള്‍ സാമ്പത്തിക കുറ്റവാളി നിയമം നടപ്പിലാക്കി. അതിനുശേഷം, സാമ്പത്തിക കുറ്റവാളികളില്‍ നിന്നും ഒളിച്ചോടിപ്പോയവരില്‍ നിന്നും ഒന്നേ പോയിന്റ് എട്ട് ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള ആസ്തി ഞങ്ങള്‍ വീണ്ടെടുത്തു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം, 2014 മുതല്‍ ഞങ്ങളുടെ ഗവണ്‍മെന്റ് 12 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള സ്വത്തുക്കളും കണ്ടുകെട്ടിയിട്ടുണ്ട്.
ആദരണീയരെ,
ഒളിച്ചോടിപ്പോയ സാമ്പത്തിക കുറ്റവാളികളുടെ പ്രശ്‌നം എല്ലാ ജി20 രാജ്യങ്ങള്‍ക്കും ഗ്ലോബല്‍ സൗത്തിനും ഒരു വെല്ലുവിളിയാണ്. 2014ലെ എന്റെ ആദ്യ ജി-20 ഉച്ചകോടിയില്‍ ഈ വിഷയത്തെക്കുറിച്ചു തന്നെ ഞാന്‍ സംസാരിച്ചിരുന്നു. 2018-ലെ ജി-20 ഉച്ചകോടിയില്‍, ഒളിച്ചോടിപ്പോയ സാമ്പത്തിക കുറ്റവാളികള്‍ക്കെതിരായ നടപടിയ്ക്കും ആസ്തി വീണ്ടെടുക്കലിനും വേണ്ടിയുള്ള ഒരു ഒമ്പതിന അജന്‍ഡയും ഞാന്‍ അവതരിപ്പിച്ചിരുന്നു. മാത്രമല്ല, നിങ്ങളുടെ ഗ്രൂപ്പ് നിര്‍ണായകമായ നടപടികള്‍ കൈക്കൊള്ളുന്നു എന്നത് ചൂണ്ടിക്കാട്ടുന്നതില്‍ എനിക്ക് സന്തോഷവുമുണ്ട്. വിവരങ്ങള്‍ പങ്കിടുന്നതിലൂടെ നിയമ നിര്‍വഹണ സഹകരണം; ആസ്തി വീണ്ടെടുക്കല്‍ സംവിധാനങ്ങളുടെ ശക്തിപ്പെടുത്തല്‍; അഴിമതി വിരുദ്ധ അധികാരികളുടെ സമഗ്രതയും ഫലപ്രാപ്തിയും വര്‍ദ്ധിപ്പിക്കല്‍ എന്നീ മൂന്ന് മുന്‍ഗണനാ മേഖലകളിലെ പ്രവര്‍ത്തന-അധിഷ്ഠിത ഉന്നതതല തത്വങ്ങളെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. നിയമ നിര്‍വഹണ ഏജന്‍സികള്‍ തമ്മിലുള്ള അനൗപചാരിക സഹകരണം സംബന്ധിച്ച് ഒരു ധാരണയിലെത്തിയതില്‍ എനിക്ക് സന്തോഷമുണ്ട്. അതിര്‍ത്തി കടക്കുമ്പോഴുള്ള നിയമപരമായ പഴുതുകള്‍ മുതലെടുക്കുന്നതില്‍ നിന്ന് ഇത് കുറ്റവാളികളെ തടയും. കൃത്യസമയത്ത് ആസ്തി കണ്ടെത്തലും കുറ്റകൃത്യത്തിന്റെ നടപടിക്രമങ്ങളുടെ തിരിച്ചറിയലും ഒരുപോലെ പ്രധാനമാണ്. രാജ്യങ്ങളെ അവരുടെ ആഭ്യന്തര ആസ്തി വീണ്ടെടുക്കല്‍ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് നാം പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. വിദേശ ആസ്തികള്‍ വീണ്ടെടുക്കുന്നത് ത്വരിതപ്പെടുത്തുന്നതിന്, ശിക്ഷാവിധിയിലല്ലാത്ത കണ്ടുകെട്ടല്‍ ഉപയോഗിച്ച് ജി20 രാജ്യങ്ങള്‍ക്ക് മാതൃക കാണിക്കാനാകും. നിയമപരമായ നടപടികള്‍ക്ക് ശേഷം കുറ്റവാളികളെ വേഗത്തില്‍ മടക്കികൊണ്ടുവരലും കൈമാറലും ഇത് ഉറപ്പാക്കുകയും ചെയ്യും. മാത്രമല്ല, അഴിമതിക്കെതിരായ നമ്മുടെ സംയുക്ത പോരാട്ടത്തിന്റെ ശക്തമായ സൂചന ഇത് നല്‍കുകയും ചെയ്യും.
ആദരണീയരെ,
ജി20 എന്ന നിലയില്‍, അഴിമതിക്കെതിരായ പോരാട്ടത്തെ ഗണ്യമായി പിന്തുണയ്ക്കാന്‍ നമ്മുടെ കൂട്ടായ ശ്രമങ്ങള്‍ക്ക് കഴിയും. മെച്ചപ്പെട്ട അന്താരാഷ്ട്ര സഹകരണത്തിലൂടെയും അഴിമതിയുടെ മൂലകാരണങ്ങളെ അഭിസംബോധന ചെയ്യുന്ന ശക്തമായ നടപടികള്‍ നടപ്പിലാക്കുന്നതിലൂടെയും നമുക്ക് മാറ്റമുണ്ടാക്കാന്‍ സാധിക്കും. അഴിമതിക്കെതിരായ നമ്മുടെ പോരാട്ടത്തില്‍ ഓഡിറ്റ് സ്ഥാപനങ്ങളുടെ പങ്കിനും അര്‍ഹമായ പരിഗണന നാം നല്‍കേണ്ടത് അനിവാര്യമാണ്. എല്ലാറ്റിനുമുപരിയായി, നമ്മുടെ ഭരണപരവും നിയമപരവുമായ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിനൊപ്പം, നമ്മുടെ മൂല്യവ്യവസ്ഥകളില്‍ ധാര്‍മ്മികതയുടെയും സമഗ്രതയുടെയും സംസ്‌കാരം വളര്‍ത്തിയെടുക്കുകയും വേണം. അങ്ങനെ ചെയ്തുകൊണ്ടു മാത്രമേ നീതിയുക്തവും സുസ്ഥിരവുമായ ഒരു സമൂഹത്തിന് അടിത്തറ പാകാന്‍ കഴിയൂ. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഫലപ്രദവും വിജയകരവുമായ ഒരു യോഗം ഞാന്‍ ആശംസിക്കുന്നു.
നമസ്‌കാരം!
ND
(Release ID: 1948027)
Visitor Counter : 114
Read this release in:
Kannada
,
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu