ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം

ആഗോള സെമികണ്ടക്ടര്‍ രംഗത്ത് ഇന്ത്യയുടെ ഭാവി സുരക്ഷിതം: കേന്ദ്ര സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖര്‍

ആം ഫ്ലെക്‌സിബിൾ ആക്‌സസ് ഫോർ സ്റ്റാർട്ടപ്പ് പരിപാടിയിലൂടെ ഇന്ത്യയിലെ സെമികണ്ടക്ടർ സ്റ്റാർട്ടപ്പുകളെ ശാക്തീകരിക്കുന്നതിന് സിഡിഎസി സെമികണ്ടക്ടർ കമ്പനിയായ ആമുമായി കൈകോർക്കും

സെമിക്കോൺ ഇന്ത്യ ഫ്യൂച്ചർ ഡിസൈൻ ഡിഎൽഐ പദ്ധതിയെ പിന്തുണയ്‌ക്കുന്നതിന് അഹീസ ഡിജിറ്റൽ ഇന്നൊവേഷൻസ‌ിനെയും കാലിഗോ ടെക്‌നോളജീസിനെയും  പുതിയ സ്റ്റാർട്ടപ്പുകളായി പരിഗണിച്ച് കേന്ദ്ര ഇലക്ട്രോണിക്സ് - വിവരസാങ്കേതികവിദ്യ മന്ത്രാലയം

ഇന്ത്യൻ സർവകലാശാലകൾക്കായി സെമികണ്ടക്ടർ ഫാബ്രിക്കേഷൻ ടെക്‌നോളജി കോഴ്‌സിന്റെ സംയുക്ത വികസനത്തിനുള്ള ധാരണാപത്രത്തിൽ ഐഐഎസ്‌സി ബെംഗളൂരുവിന്റെ സിഇഎൻഎസ്‌ഇയും ലാം റിസർച്ച് ഇന്ത്യയും ഒപ്പുവച്ചു



Posted On: 29 JUL 2023 4:21PM by PIB Thiruvananthpuram

ആഗോള സെമികണ്ടക്ടര്‍ രംഗത്ത് ഇന്ത്യയുടെ ഭാവി സുരക്ഷിതമാണെന്നും അടുത്ത തലമുറ ഇന്ത്യയുടേതാണെന്നും കേന്ദ്ര നൈപുണ്യ വികസന- ഐടി സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സെമികോണ്‍ ഇന്ത്യ കോണ്‍ഫറന്‍സ് 2023 ന്റെ രണ്ടാം ദിവസത്തെ സെമിനാറ‌ിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍വകലാശാലകള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ഗവണ്‍മെന്റ് ഉടമസ്ഥതയിലുള്ള സംരംഭങ്ങള്‍ തുടങ്ങിയ പങ്കാളികളെ അദ്ദേഹം അഭിസംബോധന ചെയ്തു.

സെമികണ്ടക്ടര്‍ വ്യവസായം ആരംഭിച്ച് രണ്ട് വര്‍ഷത്തിനുള്ളില്‍ കൈവരിച്ച പുരോഗതിയെക്കുറിച്ച് മന്ത്രി തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചു. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഈ രംഗത്ത് ശക്തമായ ആഗോള സാന്നിധ്യമായി മാറാനുള്ള പരിശ്രമങ്ങളിലാണ് രാജ്യമെന്ന് അദ്ദേഹം പറഞ്ഞു.

'പ്രധാനമന്ത്രി നരേന്ദ്ര മോദി നമുക്കു നല്‍കിയ മൂലധനം ഉപയോഗിച്ച് അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ആഗോള സെമികണ്ടക്ടര്‍ മേഖലയില്‍ ശക്തവും ഊർജസ്വലവും ആഗോളതലത്തില്‍ മത്സരാധിഷ്ഠിതവുമായ സാന്നിധ്യം കെട്ടിപ്പടുക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. സെമികണ്ടക്ടര്‍ രംഗത്ത് രാജ്യത്തിന്റെ ഭാവി ശോഭനമാണ്; അതിന്റെ ഭാവി ഇന്ത്യയാണ്' - ​കേന്ദ്ര സഹമന്ത്രി  പറഞ്ഞു.

സെമികണ്ടക്ടറുകള്‍ ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യയുടെ നിര്‍ണായക മേഖലകളില്‍ ജപ്പാനും യുഎസും ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളുമായി ഇന്ത്യ എങ്ങനെ ശക്തമായ ആഗോള പങ്കാളിത്തം വിജയകരമായി കെട്ടിപ്പടുത്തുവെന്ന് മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ 15 മാസ കാലയളവില്‍ ഇന്ത്യയും മറ്റ് പല രാജ്യങ്ങളുമായും സുപ്രധാന കരാറുകള്‍ ഉണ്ടായിട്ടുണ്ടെന്നും മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത സുപ്രധാന നാഴികക്കല്ലുകള്‍ രാജ്യം കീഴടക്കിയതായും അദ്ദേഹം പറഞ്ഞു.

സ്റ്റാര്‍ട്ടപ്പുകളെക്കുറിച്ചും മറ്റ് പുതിയ സംരംഭങ്ങളെക്കുറിച്ചും സംസാരിക്കവേ അവയെ പിന്തുണയ്ക്കുന്നതിന് ഗവണ്‍മെന്റ് ലഭ്യമാക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് മന്ത്രി വ്യക്തമാക്കി. ഇതുവരെ 7 ചിപ്പ് ഡിസൈന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതിന് ധനസഹായത്തിന് അംഗീകാരം നല്‍കിയിട്ടുണ്ട്. ഈ സംരംഭം ക്രമാനുഗതമായി ആത്മവിശ്വാസവും പിന്തുണയും നേടുന്നു. ഡീപ് ടെക്, സെമികണ്ടക്ടര്‍ രൂപകല്‍പ്പനയിലേക്ക് പ്രവേശിക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇത് താരതമ്യേന പുതിയ അവസരമാണ്. പദ്ധതിയിൽ ക്രമേണ വലിയ കമ്പനികളെയും ഉള്‍പ്പെടുത്തണമെന്ന് വിഭാവനം ചെയ്യുന്നതായും മന്ത്രി പറഞ്ഞു. '''ഞങ്ങള്‍ ഒരു ഡിജിറ്റല്‍ ഇന്ത്യ ആര്‍ഐഎസ്‌സി-വി പ്രോഗ്രാം (ഡിഐആര്‍-വി) ആരംഭിച്ചു. അക്കാദമിക് സ്ഥാപനങ്ങളെ ചുറ്റിപ്പറ്റി നിര്‍മ്മിച്ച ധാരാളം സ്റ്റാര്‍ട്ടപ്പുകളും ഇന്‍കുബേഷന്‍ സെന്ററുകളും ആര്‍ഐഎസ്‌സി-വിയുടെ ഭാവിയിലും അത് പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു''-  മന്ത്രി വ്യക്തമാക്കി. 'ഇന്ത്യ സെമികണ്ടക്ടർ ഗവേഷണകേന്ദ്രം' സൃഷ്ടിക്കുന്നതിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.

ആം ഫ്ലെക്‌സിബിൾ ആക്‌സസ് ഫോർ സ്റ്റാർട്ടപ്പ് പരിപാടിയിലൂടെ ഇന്ത്യയിലെ സെമികണ്ടക്ടർ സ്റ്റാർട്ടപ്പുകളെ ശാക്തീകരിക്കുന്നതിന് സിഡിഎസി പ്രമുഖ സെമികണ്ടക്ടർ ഐപി കമ്പനിയായ ആമുമായി കൈകോർക്കും. സെമിക്കോൺ ഇന്ത്യ ഫ്യൂച്ചർ ഡിസൈൻ ഡിഎൽഐ പദ്ധതിയെ പിന്തുണയ്‌ക്കുന്നതിന് അഹീസ ഡിജിറ്റൽ ഇന്നൊവേഷൻസ‌ിനെയും കാലിഗോ ടെക്‌നോളജീസിനെയും  പുതിയ സ്റ്റാർട്ടപ്പുകളായി പരിഗണിക്കുന്നതായി കേന്ദ്ര ഇലക്ട്രോണിക്സ് - വിവരസാങ്കേതികവിദ്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യൻ സർവകലാശാലകൾക്കായി സെമികണ്ടക്ടർ ഫാബ്രിക്കേഷൻ ടെക്‌നോളജി കോഴ്‌സിന്റെ സംയുക്ത വികസനത്തിനുള്ള ധാരണാപത്രത്തിൽ ഐഐഎസ്‌സി ബെംഗളൂരുവിന്റെ സിഇഎൻഎസ്‌ഇയും ലാം റിസർച്ച് ഇന്ത്യയും ഒപ്പുവച്ചു. ശ്രീ രാജീവ് ചന്ദ്രശേഖറിന്റെ സാന്നിധ്യത്തിലായിരുന്നു ഈ പ്രഖ്യാപനങ്ങൾ.

സെമികോണ്‍ ഇന്ത്യ കോണ്‍ഫറന്‍സ് 2023 പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെയാണ് ഉദ്ഘാടനം ചെയ്തത്.  2022 ല്‍ നടന്ന സമ്മേളനത്തിന്റെ രണ്ടാം പതിപ്പാണിത്.

--NS--



(Release ID: 1944053) Visitor Counter : 115