പ്രധാനമന്ത്രിയുടെ ഓഫീസ്
ഫ്രാന്‍സ് പ്രസിഡന്റുമായുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മാധ്യമങ്ങള്‍ക്കു നല്‍കിയ പ്രസ്താവന
Posted On:
14 JUL 2023 11:29PM by PIB Thiruvananthpuram
ആദരണീയനും എന്റെ പ്രിയ സുഹൃത്തുമായ പ്രസിഡന്റ് മാക്രോണ്‍, ഇരു രാജ്യങ്ങളിലെയും പ്രതിനിധികളേ, മാധ്യമ സുഹൃത്തുക്കളേ, നമസ്‌കാരം!
മനോഹരമായ പാരീസിലെ ഈ ഊഷ്മള സ്വീകരണത്തിന് പ്രസിഡന്റ് മാക്രോണിനോട് ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു. ഫ്രാന്‍സിലെ ജനങ്ങള്‍ക്ക് അവരുടെ ദേശീയ ദിനത്തില്‍ ഞാന്‍ ഹൃദയംഗമമായ ആശംസകള്‍ അറിയിക്കുന്നു. ഈ ദിവസം ലോകത്തിലെ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ മൂല്യങ്ങളുടെ പ്രതീകമായി കണക്കാക്കപ്പെടുന്നു. നമ്മുടെ രണ്ട് ജനാധിപത്യ രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ അടിത്തറയും ഈ മൂല്യങ്ങളാണ്. ഇന്ന് ഈ ആഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു. ഈ അവസരത്തിന് കൃപയും അന്തസ്സും പകരാന്‍ ഇന്ത്യന്‍ സായുധ സേനയുടെ മൂന്ന് വിഭാഗങ്ങളില്‍ നിന്നുമുള്ള സംഘങ്ങള്‍ പങ്കെടുത്തതില്‍ എനിക്ക് സന്തോഷമുണ്ട്. ഇന്ത്യന്‍ റാഫേല്‍ വിമാനത്തിന്റെ പറക്കലിന് നാം സാക്ഷ്യം വഹിച്ചു, ഞങ്ങളുടെ നാവിക കപ്പലും ഫ്രാന്‍സ് തുറമുഖത്ത് ഉണ്ടായിരുന്നു. കടലിലും കരയിലും വ്യോമയാന മേഖലകളിലും ഞങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന സഹകരണത്തിന് സാക്ഷ്യം വഹിക്കുക മനോഹരമായ ഒരു കാഴ്ചയായിരുന്നു. ഇന്നലെ പ്രസിഡന്റ് മാക്രോണ്‍ ഫ്രാന്‍സിന്റെ പരമോന്നത ദേശീയ പുരസ്‌കാരം നല്‍കി എന്നെ ആദരിച്ചു. ഈ ബഹുമതി 136 കോടി ഇന്ത്യക്കാരുടെ ബഹുമതിയാണ്.
സുഹൃത്തുക്കളേ,
ഞങ്ങളുടെ തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഇരുപത്തിയഞ്ചാം വര്‍ഷം നാം ആഘോഷിക്കുകയാണ്. കഴിഞ്ഞ 25 വര്‍ഷത്തെ ശക്തമായ അടിത്തറയുടെ അടിസ്ഥാനത്തില്‍, അടുത്ത 25 വര്‍ഷത്തേക്കുള്ള ഒരു റോഡ്മാപ്പ് ഞങ്ങള്‍ തയ്യാറാക്കുകയാണ്. ധീരവും ഉത്കര്‍ഷേഛയുള്ളതുമായ ലക്ഷ്യങ്ങളാണ് ഇക്കാര്യത്തില്‍ സജ്ജീകരിക്കുന്നത്. ഈ കാലഘട്ടത്തില്‍ ഞങ്ങളുടെ രാജ്യത്തെ ഒരു വികസിത രാഷ്ട്രമാക്കാന്‍ ഇന്ത്യയിലെ ജനങ്ങളും പ്രതിജ്ഞയെടുത്തിരിക്കുന്നു. ഈ യാത്രയില്‍ ഫ്രാന്‍സിനെ സ്വാഭാവിക പങ്കാളിയായി ഞങ്ങള്‍ കാണുന്നു. അടുത്ത രണ്ട് ദിവസങ്ങളില്‍, പരസ്പര താല്‍പ്പര്യമുള്ള എല്ലാ മേഖലകളിലെയും സഹകരണത്തെക്കുറിച്ച് വിപുലമായി ചര്‍ച്ച ചെയ്യാനുള്ള അവസരമുണ്ട്. നമ്മുടെ സാമ്പത്തിക ബന്ധങ്ങള്‍ ദൃഢമാക്കുക എന്നത് നമ്മുടെ പങ്കുവയ്ക്കപ്പെട്ട മുന്‍ഗണനയാണ്.
പുനരുപയോഗ ഊര്‍ജം, ഹരിത ഹൈഡ്രജന്‍, നിര്‍മിത ബുദ്ധി, അര്‍ദ്ധചാലകങ്ങള്‍, സൈബര്‍ സുരക്ഷ, ഡിജിറ്റല്‍ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പുതിയ സംരംഭങ്ങള്‍ ഞങ്ങള്‍ തിരിച്ചറിയുന്നു. ഇന്ത്യയുടെ ഏകീകൃത പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) ഫ്രാന്‍സില്‍ അവതരിപ്പിക്കാന്‍ ധാരണയായി. ഇരു രാജ്യങ്ങളുടെയും സ്റ്റാര്‍ട്ടപ്പ്, നവീനാശയ സാഹചര്യം എന്നിവയെ ബന്ധിപ്പിക്കുന്നതിന് ഞങ്ങള്‍ ഊന്നല്‍ നല്‍കുന്നു. സമാന ചിന്താഗതിക്കാരായ രാജ്യങ്ങള്‍ക്കൊപ്പം, സാങ്കേതിക വിതരണ ശൃംഖലകളുടെ ജനാധിപത്യവല്‍ക്കരണത്തിനായി നാം പരിശ്രമിക്കണം. കാലാവസ്ഥാ വ്യതിയാനവും പാരിസ്ഥിതിക സുരക്ഷയും ഞങ്ങളുടെ പങ്കിടപ്പെട്ട മുന്‍ഗണനകളാണ്. ഈ ദിശയില്‍, ഞങ്ങള്‍ ഇതിനകം അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യം സ്ഥാപിച്ചു, അത് ഇപ്പോള്‍ ഒരു പ്രസ്ഥാനമായി മാറിയിരിക്കുന്നു. നീല സമ്പദ്വ്യവസ്ഥയ്ക്കും സമുദ്ര ഭരണത്തിനും വേണ്ടിയുള്ള റോഡ്മാപ്പില്‍ വേഗത്തില്‍ പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനെതിരെയുള്ള സംയുക്ത സംരംഭത്തില്‍ ഞങ്ങള്‍ ഒരുമിച്ച് മുന്നേറും. ഇന്ത്യന്‍ ഓയിലും ഫ്രഞ്ച് കമ്പനിയായ ടോട്ടലും തമ്മിലുള്ള എല്‍എന്‍ജി കയറ്റുമതിക്കായുള്ള ദീര്‍ഘകാല കരാറിനെ ഞാന്‍ സ്വാഗതം ചെയ്യുന്നു. ഇത് നമ്മുടെ ശുദ്ധമായ ഊര്‍ജ്ജ പരിവര്‍ത്തന ലക്ഷ്യങ്ങളെ ശക്തിപ്പെടുത്തും. താമസിയാതെ, ഞങ്ങള്‍ ഇന്ത്യ-ഫ്രാന്‍സ് സിഇഒ ഫോറത്തിലും പങ്കെടുക്കും. സാമ്പത്തിക സഹകരണം വര്‍ധിപ്പിക്കുന്നതിന് ഇരു രാജ്യങ്ങളിലെയും വ്യവസായ പ്രതിനിധികളുമായി ആഴത്തിലുള്ള ചര്‍ച്ചകള്‍ നടത്തും.
സുഹൃത്തുക്കളേ,
ഞങ്ങളുടെ ബന്ധത്തിന്റെ ശക്തമായ സ്തംഭമാണ് പ്രതിരോധ സഹകരണം. ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള പരസ്പര വിശ്വാസത്തിന്റെ പ്രതീകമാണിത്. ഇന്ത്യയില്‍ നിര്‍മിക്കുന്നതിലും 'ആത്മനിര്‍ഭര്‍ ഭാരത'ത്തിലും ഫ്രാന്‍സ് ഒരു പ്രധാന പങ്കാളിയാണ്. ഇന്ന്, പ്രതിരോധ മേഖലയില്‍ ഇന്ത്യയില്‍ പുതിയ സാങ്കേതികവിദ്യകളുടെ സഹ ഉല്‍പ്പാദനം, കൂട്ടായ വികസനം എന്നിവയെക്കുറിച്ച് ഞങ്ങള്‍ സംസാരിക്കും. അന്തര്‍വാഹിനികളോ നാവിക കപ്പലുകളോ ആകട്ടെ, ഞങ്ങളുടെ സ്വന്തം മാത്രമല്ല, മറ്റ് സൗഹൃദ രാജ്യങ്ങളുടെയും ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. ഞങ്ങളുടെ പ്രതിരോധ ബഹിരാകാശ ഏജന്‍സികള്‍ തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാധ്യതകളുണ്ട്. ഇന്ത്യയില്‍ ഫ്രഞ്ച് കമ്പനികള്‍ എംആര്‍ഒ സൗകര്യങ്ങള്‍, സ്‌പെയര്‍ പാര്‍ട്‌സ്, ഹെലികോപ്റ്ററുകള്‍ക്കുള്ള എഞ്ചിനുകള്‍ എന്നിവയുടെ നിര്‍മ്മാണത്തില്‍ ഞങ്ങള്‍ പുരോഗമിക്കുകയാണ്. ഇക്കാര്യത്തില്‍ ഞങ്ങളുടെ സഹകരണം ശക്തിപ്പെടുത്തും. സിവില്‍ ആണവ സഹകരണ മേഖലയില്‍ ചെറുതും നൂതനവുമായ മോഡുലാര്‍ റിയാക്ടറുകളിലെ സഹകരണത്തിനുള്ള സാധ്യതകളെക്കുറിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്യും. ഇന്ത്യയില്‍ ചന്ദ്രയാന്‍ വിജയകരമായി വിക്ഷേപിച്ചതില്‍ ഇന്ന് രാജ്യം മുഴുവന്‍ ആവേശത്തിലാണ്. നമ്മുടെ ശാസ്ത്രജ്ഞരുടെ സുപ്രധാന നേട്ടമാണിത്. ബഹിരാകാശ മേഖലയില്‍ ഇന്ത്യയ്ക്കും ഫ്രാന്‍സിനും ദീര്‍ഘകാലവും ആഴത്തിലുള്ളതുമായ സഹകരണമുണ്ട്. ഉപഗ്രഹ വിക്ഷേപണ സേവനങ്ങള്‍ക്കൊപ്പം കടലിലെയും കരയിലെയും താപനിലയും പരിസ്ഥിതിയും നിരീക്ഷിക്കുന്നതിനുള്ള തൃഷ്ണ ഉപഗ്രഹത്തിന്റെ വികസനം ഉള്‍പ്പെടെ, ഞങ്ങളുടെ ബഹിരാകാശ ഏജന്‍സികള്‍ക്കിടയില്‍ ഞങ്ങള്‍ അടുത്തിടെ പുതിയ കരാറുകളില്‍ എത്തിയിട്ടുണ്ട്. ബഹിരാകാശത്തെ അടിസ്ഥാനമാക്കിയുള്ള സമുദ്ര മേഖലാ അവബോധം പോലുള്ള മേഖലകളിലും ഞങ്ങള്‍ക്ക് ഞങ്ങളുടെ സഹകരണം വിപുലീകരിക്കാന്‍ കഴിയും.
സുഹൃത്തുക്കളേ,
ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ ആഴത്തിലുള്ളതും ദീര്‍ഘകാലവുമായ ജനങ്ങളുടെ പരസ്പര ബന്ധമുണ്ട്. ഇന്നത്തെ ഞങ്ങളുടെ ചര്‍ച്ചകള്‍ ഈ ബന്ധങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തും. തെക്കന്‍ ഫ്രാന്‍സിലെ മാര്‍സെയില്‍ നഗരത്തില്‍ ഞങ്ങള്‍ ഒരു പുതിയ ഇന്ത്യന്‍ കോണ്‍സുലേറ്റ് തുറക്കും. ഫ്രാന്‍സില്‍ പഠിക്കുന്ന ഇന്ത്യന്‍ വംശജര്‍ക്ക് ദീര്‍ഘകാല വിസ നല്‍കാനുള്ള തീരുമാനത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ഇന്ത്യയില്‍ കാമ്പസുകള്‍ സ്ഥാപിക്കാന്‍ ഞങ്ങള്‍ ഫ്രഞ്ച് സര്‍വകലാശാലകളെ ക്ഷണിക്കുന്നു. ഡല്‍ഹിയില്‍ നിര്‍മിക്കുന്ന പുതിയ ദേശീയ മ്യൂസിയം സ്ഥാപിക്കുന്നതില്‍ പങ്കാളിയായി ഫ്രാന്‍സ് ചേരുന്നു. അടുത്ത വര്‍ഷം പാരീസില്‍ നടക്കാനിരിക്കുന്ന ഒളിമ്പിക്സിനായി എല്ലാ ഇന്ത്യന്‍ അത്ലറ്റുകളും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഈ സമ്മേളനത്തിന്റെ വിജയകരമായ സംഘാടനത്തിനായി പ്രസിഡന്റ് മാക്രോണിനും അദ്ദേഹത്തിന്റെ മുഴുവന്‍ ടീമിനും ഞാന്‍ ആശംസകള്‍ നേരുന്നു
സുഹൃത്തുക്കളേ,
ഇന്ന് നമ്മള്‍ നിരവധി പ്രാദേശികവും ആഗോളവുമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ഇന്തോ-പസഫിക്കിലെ റസിഡന്റ് ശക്തികള്‍ എന്ന നിലയില്‍, ഈ മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും ഇന്ത്യയ്ക്കും ഫ്രാന്‍സിനും പ്രത്യേക ഉത്തരവാദിത്തമുണ്ട്. ഞങ്ങളുടെ സഹകരണത്തിന് ക്രിയാത്മക രൂപം നല്‍കുന്നതിനായി ഞങ്ങള്‍ ഒരു ഇന്തോ-പസഫിക് സഹകരണ റോഡ്മാപ്പില്‍ പ്രവര്‍ത്തിക്കുകയാണ്. ഇന്തോ-പസഫിക് ത്രികോണ വികസന സഹകരണ ഫണ്ടിനായുള്ള നിര്‍ദ്ദേശത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലും ഇരുപക്ഷവും ഏര്‍പ്പെട്ടിട്ടുണ്ട്. മേഖലയിലുടനീളം സ്റ്റാര്‍ട്ടപ്പുകളും നൂതനാശയങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് ഇത് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കും. ഇന്ത്യയുടെ ഇന്തോ-പസഫിക് സമുദ്ര ഇടപെടലില്‍ മാരിടൈം റിസോഴ്സ് പില്ലറിനെ നയിക്കാനുള്ള ഫ്രാന്‍സിന്റെ തീരുമാനത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു.
സുഹൃത്തുക്കളേ,
കൊവിഡ്-19 മഹാമാരിയുടെയും ഉക്രെയ്‌നിലെ സംഘര്‍ഷത്തിന്റെയും ആഘാതങ്ങള്‍ ലോകമെമ്പാടും അനുഭവപ്പെട്ടു. തെക്കന്‍ മേഖലയിലെ രാജ്യങ്ങളെ പ്രത്യേകിച്ച് പ്രതികൂലമായി ബാധിക്കുന്നു. ഇത് ആശങ്കാജനകമാണ്. ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് എല്ലാ രാഷ്ട്രങ്ങളും ഒരുമിച്ച് നില്‍ക്കേണ്ടത് ആവശ്യമാണ്. എല്ലാ തര്‍ക്കങ്ങളും സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കപ്പെടണമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. സ്ഥിരമായ സമാധാനം പുനഃസ്ഥാപിക്കുന്നതിന് സംഭാവന നല്‍കാന്‍ ഇന്ത്യ തയ്യാറാണ്. ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയും ഫ്രാന്‍സും എല്ലായ്പ്പോഴും ഒരുമിച്ച് നിന്നു. അതിര്‍ത്തി കടന്നുള്ള ഭീകരത ഇല്ലാതാക്കാന്‍ കൃത്യമായ നടപടി അനിവാര്യമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഈ ദിശയിലുള്ള സഹകരണം വര്‍ധിപ്പിക്കാന്‍ ഇരു രാജ്യങ്ങളും ധാരണയിലാണ്.
പ്രസിഡന്റ് മാക്രോണ്‍,
ഈ വര്‍ഷത്തെ ജി-20 ഉച്ചകോടിയില്‍ നിങ്ങളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാന്‍ ഞാനും എല്ലാ ഇന്ത്യക്കാരും കാത്തിരിക്കുകയാണ്. എന്നോടുള്ള നിങ്ങളുടെ സൗഹൃദത്തിനും ആതിഥ്യമര്യാദയ്ക്കും ഒരിക്കല്‍ കൂടി വളരെ നന്ദി.
ND
(Release ID: 1941276)
Visitor Counter : 86
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada