രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

കേഡറ്റുകൾക്കായി ഏകജാലക NCC സമഗ്ര സോഫ്റ്റ്‌വെയർ രക്ഷാമന്ത്രി ശ്രീ  രാജ്‌നാഥ് സിംഗ്  പുറത്തിറക്കി

Posted On: 07 JUL 2023 2:44PM by PIB Thiruvananthpuram

 



ന്യൂഡൽഹി :കൊച്ചി , ജൂലൈ 07, 2023

ഡിജിറ്റലൈസേഷൻ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഡിജിറ്റൽ ഇന്ത്യ മിഷനുമായി സമന്വയിപ്പിക്കുന്നതിന്റെയും ഭാഗമായി, ഒരു ഏകജാലക NCC സമഗ്ര സോഫ്റ്റ്‌വെയർ രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് 2023  ജൂലൈ  07 ന് ന്യൂഡൽഹിയിൽ ഉദ്‌ഘാടനം ചെയ്തു. ഭാസ്‌കരാചാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്‌പേസ് ആപ്ലിക്കേഷൻസ് ആൻഡ് ജിയോ ഇൻഫോർമാറ്റിക്‌സിന്റെ (BISAG) പങ്കാളിത്തത്തോടെ വികസിപ്പിച്ച ഏകജാലക NCC സമഗ്ര സോഫ്റ്റ്‌വെയർ, 'എൻട്രി ടു എക്‌സിറ്റ് മോഡലിൽ' കേഡറ്റുകൾക്കായി  രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു ഏകജാലക സംവേദനാത്മക സോഫ്റ്റ്‌വെയറാണ്.

"വൺസ്‌ എ കേഡറ്റ് ഓൾവെയ്‌സ് എ കേഡറ്റ്" എന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദർശനത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്ന ഒരു സോഫ്‌റ്റ്‌വെയർ ആണിത്. NCC കേഡറ്റായി എൻറോൾ ചെയ്യുന്ന ഘട്ടം മുതൽ പൂർവ്വ കേഡറ്റായി മാറുന്നത് വരെയുള്ള മുഴുവൻ പ്രക്രിയയും ഡിജിറ്റലൈസ് ചെയ്യും. സർട്ടിഫിക്കറ്റുകളുടെ തടസ്സരഹിത വിതരണം ഉറപ്പാക്കുന്നതിനും NCC കേഡറ്റുകളുടെ അഖിലേന്ത്യ ഡാറ്റാബേസ് സൃഷ്ടിക്കുന്നതിനും ഇത് സഹായകമാകും.

ഈ പരിപാടിയിൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (SBI) "പഹ്‌ലി ഉഡാൻ" പദ്ധതിയ്ക്ക് കീഴിൽ എല്ലാ NCC കേഡറ്റുകൾക്കും ഡെബിറ്റ് കാർഡ്, ചെക്ക്ബുക്ക്, പാസ്ബുക്ക് സൗകര്യം ഉള്ള സീറോ ബാലൻസ് അക്കൗണ്ടുകൾ തുറക്കുന്നതിന് NCC യും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും (SBI) രക്ഷാ മന്ത്രിയുടെ സാന്നിധ്യത്തിൽ ധാരണാപത്രം  (MoU) ഒപ്പുവച്ചു. ഈ ധാരണാപത്രത്തിലൂടെ പ്രതി വർഷം 5 ലക്ഷം കേഡറ്റുകൾക്ക്  പ്രയോജനം ലഭിക്കും.

പരിശീലനം പൂർത്തിയാകുന്നതുവരെ അല്ലെങ്കിൽ 18 വയസ്സ് തികയുന്നത് വരെ അക്കൗണ്ട് പ്രവർത്തനക്ഷമമായിരിക്കും. ഇതിലൂടെ കേഡറ്റുകളെ ദേശീയ ബാങ്കിംഗ് സംവിധാനത്തിലേക്ക് ബന്ധിപ്പിക്കുക മാത്രമല്ല, സർക്കാർ പദ്ധതി പ്രകാരമുള്ള ഫണ്ടുകൾ അവരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറുന്നതിനുള്ള  (DBT -Direct Benefit Transfer)  ഒരു പ്ലാറ്റ്ഫോമും സജ്ജമാകും.

കേന്ദ്ര സർക്കാരിന്റെ DBT സംരംഭത്തിന് കീഴിൽ, രാജ്യരക്ഷ മന്ത്രാലയം യൂണിഫോം വിതരണ പ്രക്രിയ സുതാര്യവും തടസ്സരഹിതവുമാക്കി പരിഷ്കരിച്ചു. NCC കേഡറ്റുകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക്  യൂണിഫോം അലവൻസ് നേരിട്ട് കൈമാറാൻ ഇത് സഹായിക്കുന്നു. ഇതോടെ നിലവിലുള്ള കേന്ദ്ര സംഭരണ, വിതരണ പ്രക്രിയ ആധുനീകരിക്കപ്പെടും. യൂണിഫോം തയ്യാറാക്കുന്നതിനുള്ള അലവൻസ് ഇപ്പോൾ രാജ്യത്തിന്റെ വിദൂര ഭാഗങ്ങളിലുമുള്ള   കേഡറ്റുകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടെത്തും.

തദവസരത്തിൽ സംസാരിക്കവേ, NIC, DBT എന്നിവ മുഖേന  NCC യെ ഡിജിറ്റലൈസ് ചെയ്യാനുള്ള ശ്രമങ്ങൾക്ക് NCC, BISAG, SBI ഉദ്യോഗസ്ഥരെ രക്ഷാ മന്ത്രി അഭിനന്ദിച്ചു. ഈ നടപടികളിലൂടെ  രാജ്യവ്യാപകമായി NCC യുമായി ബന്ധപ്പെട്ട വിവരങ്ങൾ വേഗത്തിൽ ലഭ്യമാകുമെന്നും നിലവിലെയും ഭാവിയിലെയും കേഡറ്റുകൾക്ക് പ്രയോജനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിരോധ സെക്രട്ടറി ശ്രീ ഗിരിധർ അരാമനെ, DGNCC  ലെഫ്റ്റനന്റ് ജനറൽ ഗുർബീർപാൽ സിംഗ് AVSM VSM, മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ,NCC, BISAG, SBI ഉദ്യോഗസ്ഥർ തുടങ്ങിയവരും  പരിപാടിയിൽ പങ്കെടുത്തു.

 
SKY

(Release ID: 1937947) Visitor Counter : 175