പരിസ്ഥിതി, വനം മന്ത്രാലയം
ആഗോള ഉദ്വമനം വെട്ടിക്കുറക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചും പുനരുപയോഗ ഊർജ്ജത്തിന്റെ വിപുലീകരണത്തിനുള്ള ആഗോള, നിർബന്ധിത ലക്ഷ്യത്തെക്കുറിച്ചും പീറ്റേഴ്‌സ്‌ബെർഗ് കാലാവസ്ഥാ സംഭാഷണത്തിൽ വിശാലമായ സമവായം ഉണ്ടായതായി ശ്രീ ഭൂപേന്ദർ യാദവ്
Posted On:
04 MAY 2023 12:38PM by PIB Thiruvananthpuram
ന്യൂ ഡൽഹി: മെയ് 4, 2023
COP28 സംയുക്ത തീരുമാനങ്ങൾക്ക് അടിത്തറയൊരുക്കും വിധമുള്ള പ്രതിനിധികളുടെ പ്രവർത്തനം ഉറപ്പാക്കികൊണ്ട് പീറ്റേഴ്‌സ്ബർഗ് കാലാവസ്ഥാ സംഭാഷണം ബെർലിനിൽ സമാപിച്ചതായി കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദർ യാദവ് പറഞ്ഞു. ആഗോള ഉദ്വമനം ഗണ്യമായി വെട്ടിക്കുറയ്ക്കേണ്ടതിന്റെ ആവശ്യകത, പുനരുപയോഗ ഊർജ്ജ ഉത്പാദനത്തിന്റെ വിപുലീകരണ ലക്‌ഷ്യം നേടേണ്ടതിന്റെ പ്രാധാന്യം എന്നിവ സംബന്ധിച്ച് വിശാലമായ സമവായമുണ്ടാക്കാനായെന്നും ട്വീറ്റുകളുടെ പരമ്പരയിൽ അദ്ദേഹം വ്യക്തമാക്കി.
ചർച്ചകളിൽ ഇന്ത്യ സ്വന്തം വാദങ്ങൾ ശക്തമായി ഉന്നയിച്ചതായി ശ്രീ യാദവ് പറഞ്ഞു. നീതിയുക്തവും, താങ്ങാനാവുന്നതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഊർജ്ജ പരിവർത്തനത്തിന്റെ ആവശ്യകത ഊട്ടിയുറപ്പിക്കുമ്പോഴും ഒരാൾ പോലും പിന്തള്ളപ്പെട്ടു പോകരുത് എന്ന മനോഭാവം നിർണായകമാണെന്ന് യോഗം ആവർത്തിച്ചുറപ്പിച്ചതായി അദ്ദേഹം പറഞ്ഞു.
ശുദ്ധമായ ഊർജ്ജ പാത പിന്തുടരുമ്പോൾ, നിലവിലുള്ള ഊർജ സംവിധാനത്തെ ആശ്രയിക്കുന്ന പ്രാദേശിക ജനവിഭാഗങ്ങളുടെയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെയും ഉപജീവനമാർഗം സംരക്ഷിക്കുന്നതിന്, സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിലും പുതിയ ഉപജീവന അവസരങ്ങൾ സൃഷ്ടിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് ശ്രീ യാദവ് പറഞ്ഞു.
നേരത്തെ ശ്രീ യാദവ് 'ആഗോള വിലയിരുത്തലും ആഗോള പരിവർത്തനത്തിനുള്ള രൂപരേഖയും എന്ന വിഷയത്തിലെ തന്ത്രപരമായ സംഭാഷണത്തിൽ' പങ്കെടുത്ത് സംസാരിച്ചു. ദാരിദ്ര്യ നിർമ്മാർജ്ജനം ഉൾപ്പെടെയുള്ള വികസ്വര രാജ്യങ്ങളുടെ വികസന മുൻഗണനകളിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ സ്വാധീനം, പ്രവർത്തനങ്ങൾ, പ്രതികരണങ്ങൾ എന്നതിലാണ് ആഗോള വിലയിരുത്തൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് കേന്ദ്രമന്ത്രി എടുത്തുപറഞ്ഞു. ആദ്യ ആഗോള വിലയിരുത്തലിന്റെ (Global Stocktake) ഫലം സുസ്ഥിരമായ ജീവിതശൈലിയിലും സുസ്ഥിര ഉപഭോഗത്തിനുമുള്ള സന്ദേശം നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ദേശീയമായി നിശ്ചയിച്ചിട്ടുള്ള സംഭാവനകളുടെ (NDCs) അടുത്ത പതിപ്പിനും അന്താരാഷ്ട്ര സഹകരണം മെച്ചപ്പെടുത്തുന്നതിനും ഈ സന്ദേശം സഹായമാകും.
RRTN/SKY
(Release ID: 1921912)
Visitor Counter : 146