രാജ്യരക്ഷാ മന്ത്രാലയം
കൂട്ടായ പ്രവർത്തനങ്ങളിലൂടെ തീവ്രവാദത്തെ വേരോടെ നശിപ്പിക്കുകയും അതിനെ പിന്തുണയ്ക്കുന്നവരെ ഉത്തരവാദികളാക്കുകയും വേണം: ന്യൂ ഡൽഹിയിൽ എസ്‌സിഒ പ്രതിരോധ മന്ത്രിമാരോട് കേന്ദ്ര രാജ്യ രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ്
Posted On:
28 APR 2023 1:38PM by PIB Thiruvananthpuram
ന്യൂ ഡൽഹി: 28 ഏപ്രിൽ 2023
ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) അംഗരാജ്യങ്ങളോട് തീവ്രവാദത്തെ അതിന്റെ എല്ലാ രൂപത്തിലും ഇല്ലാതാക്കാൻ കൂട്ടായി പ്രവർത്തിക്കാനും അത്തരം പ്രവർത്തനങ്ങൾക്ക് സഹായം നൽകുകയോ സാമ്പത്തിക സഹായം നൽകുകയോ ചെയ്യുന്നവരെ കണ്ടെത്തി ഉത്തരവാദികളാക്കുകയും വേണമെന്ന് രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് ആഹ്വാനം ചെയ്തു. 2023 ഏപ്രിൽ 28 ന് ന്യൂ ഡൽഹിയിൽ എസ്‌സിഒ അംഗരാജ്യങ്ങളുടെ പ്രതിരോധ മന്ത്രിമാരെ അഭിസംബോധന ചെയ്തുകൊണ്ട് ശ്രീ രാജ്‌നാഥ് സിംഗ്, ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ പ്രവർത്തനമോ അതിന് ഏതെങ്കിലും രൂപത്തിലുള്ള പിന്തുണയോ നൽകുന്നത് മനുഷ്യരാശിക്കെതിരായ വലിയ കുറ്റകൃത്യമാണെന്നും ഈ വിപത്തിനൊപ്പം സമാധാനവും സമൃദ്ധിയും ഉണ്ടാവില്ലെന്നും പറഞ്ഞു.
അംഗരാജ്യങ്ങൾക്കിടയിൽ പ്രതിരോധ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു പ്രധാന സ്ഥാപനമായി ഇന്ത്യ എസ് സി ഓ യെ വീക്ഷിക്കുന്നുവെന്ന് പറഞ്ഞ ശ്രീ രാജ്‌നാഥ് സിംഗ്, അത് വികസിച്ചതും ശക്തവുമായ ഒരു പ്രാദേശിക സംഘടനയാണെന്നും വിശേഷിപ്പിച്ചു. അംഗരാജ്യങ്ങൾ തമ്മിലുള്ള പരസ്പര പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിന് എസ്‌സിഒ അധ്യക്ഷത വഹിക്കുന്ന രാജ്യം എന്ന നിലയിൽ ഇന്ത്യ ആരംഭിച്ച പ്രതിരോധവുമായി ബന്ധപ്പെട്ട രണ്ട് പരിപാടികളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു - ‘മാനുഷിക സഹായവും ദുരന്ത നിവാരണവും (എച്ച്‌എഡിആർ)’ എന്ന വിഷയത്തിൽ ഒരു ശിൽപശാലയും ‘എസ്‌സിഒ രാജ്യങ്ങളുടെ പ്രതിരോധ ചിന്താകേന്ദ്രങ്ങൾ’ എന്ന വിഷയത്തിൽ സെമിനാറും. രണ്ട് പരിപാടികളിലും എല്ലാ എസ്‌സിഒ രാജ്യങ്ങളിൽ നിന്നും ആവേശകരമായ പങ്കാളിത്തമുണ്ടായി.
പ്രതിരോധ മേഖലയിൽ പരിശീലനത്തിലൂടെയും സഹ-നിർമ്മാണത്തിലൂടെയും സഹ-വികസനത്തിലൂടെയും എസ്‌സിഒ അംഗരാജ്യങ്ങളുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയ്ക്ക് രക്ഷാ മന്ത്രി ഊന്നൽ നൽകി. പൊതു താൽപ്പര്യങ്ങൾ കണക്കിലെടുത്ത് പ്രതിരോധ പങ്കാളിത്ത മേഖലയിൽ സഹകരണപരമായ സമീപനത്തിലൂടെയാണ് ഇന്ത്യ മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പ്രദേശത്തെ സുരക്ഷിതവും സമാധാനപരവും സമൃദ്ധവുമാക്കാനുള്ള കൂട്ടായ ഇച്ഛാശക്തി പ്രകടിപ്പിച്ചുകൊണ്ട് ചർച്ചകളുടെ അവസാനം, എല്ലാ എസ്‌സിഒ അംഗരാജ്യങ്ങളും ഒരു പ്രോട്ടോക്കോൾ ഒപ്പിട്ടു.
തീവ്രവാദം അതിന്റെ എല്ലാ രൂപത്തിലും അപലപിക്കപ്പെടേണ്ടതും ഉന്മൂലനം ചെയ്യപ്പെടേണ്ടതുമാണെന്ന പ്രസ്താവനയിൽ എല്ലാ അംഗരാജ്യങ്ങളും ഏകകണ്ഠമായിരുന്നുവെന്ന് യോഗത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ പ്രതിരോധ സെക്രട്ടറി ശ്രീ ഗിരിധർ അർമാനെ പറഞ്ഞു.
ചൈന, റഷ്യ, ഇറാൻ, ബെലറൂസ്, കസാക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ എന്നിവയുടെ പ്രതിരോധ മന്ത്രിമാർ യോഗത്തിൽ പങ്കെടുത്തു.
RRTN/SKY
****
(Release ID: 1920531)
Visitor Counter : 146