പ്രധാനമന്ത്രിയുടെ ഓഫീസ്
രാജ്യവ്യാപകമായി എഫ്എം റേഡിയോ പ്രക്ഷേപണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി 91 പുതിയ 100 വാട്ട് എഫ്എം ട്രാൻസ്മിറ്ററുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
"91 എഫ്എം ട്രാൻസ്മിറ്ററുകളുടെ ഉദ്ഘാടനം രാജ്യത്തെ റേഡിയോ മേഖലയിൽ വിപ്ലവം സൃഷ്ടിക്കും"
"റേഡിയോയിലൂടെയും 'മൻ കീ ബാത്തി'ലൂടെയും രാജ്യത്തിന്റെ ശക്തിയുമായും നാട്ടുകാരുടെ കടമയുടെ കൂട്ടായ ശക്തിയുമായും എന്നെ കൂട്ടിയിണക്കാൻ കഴിഞ്ഞു"
"ഒരുതരത്തിൽ, ഞാൻ നിങ്ങളുടെ ആകാശവാണി സംഘത്തിന്റെ ഭാഗമാണ്"
"വിദൂരത്തുള്ളവരായി കണക്കാക്കപ്പെട്ടിരുന്നവർക്ക് ഇനി ഉയർന്ന തലത്തിൽ സമ്പർക്കത്തിനുള്ള അവസരം ലഭിക്കും"
"സാങ്കേതികവിദ്യയുടെ ജനാധിപത്യവൽക്കരണത്തിനായി ഗവണ്മെന്റ് തുടർച്ചയായി പ്രവർത്തിക്കുന്നു"
"ഡിജിറ്റൽ ഇന്ത്യ, റേഡിയോക്കു പുതിയ ശ്രോതാക്കളെ മാത്രമല്ല, പുതിയ ചിന്താപ്രക്രിയയും നൽകി"
"ഡിടിഎച്ച് ആകട്ടെ, എഫ്എം റേഡിയോ ആകട്ടെ, ഈ ശക്തിയെല്ലാം ഭാവി ഇന്ത്യയിലേക്കു നോക്കാനുള്ള ജാലകമാണു നമുക്കേകുന്നത്. ഈ ഭാവിക്കായി നാം സ്വയം സജ്ജമാകണം"
"നമ്മുടെ ഗവണ്മെന്റ് സാംസ്കാരിക - ബൗദ്ധിക സമ്പർക്കസംവിധാനങ്ങൾക്കു കരുത്തേകുകയാണ്"
"ഏതുരൂപത്തിലുള്ള സമ്പർക്കസൗകര്യവും രാജ്യത്തെയും അതിലെ 140 കോടി പൗരന്മാരെയും കൂട്ടിയിണക്കുന്നതാകണം"
Posted On:
28 APR 2023 11:37AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 91 പുതിയ 100 വാട്ട് എഫ്എം ട്രാൻസ്മിറ്ററുകൾ വിദൂരദൃശ്യസംവിധാനത്തിലൂടെ ഇന്ന് ഉദ്ഘാടനം ചെയ്തു. രാജ്യവ്യാപകമായി റേഡിയോ പ്രക്ഷേപണം വർധിപ്പിക്കുന്നതിന് ഇതു കൂടുതൽ ഉത്തേജനമേകും.
പരിപാടിയിൽ നിരവധി പത്മ പുരസ്കാര ജേതാക്കളുടെ സാന്നിധ്യം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി അവരെ സ്വാഗതം ചെയ്യുകയും ചെയ്തു. അഖിലേന്ത്യ എഫ്എം ആകാനുള്ള ദിശയിൽ ആകാശവാണി എഫ്എം സേവനങ്ങൾ വിപുലപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവയ്പാണ് ഇന്നത്തേതെന്നു പ്രധാനമന്ത്രി പറഞ്ഞു. ആകാശവാണിയുടെ 91 എഫ്എം ട്രാൻസ്മിറ്ററുകളുടെ തുടക്കം 85 ജില്ലകൾക്കും രാജ്യത്തെ രണ്ടു കോടി ജനങ്ങൾക്കും സമ്മാനം പോലെയാണെന്നും അദ്ദേഹം പറഞ്ഞു. ഒരുതരത്തിൽ, ഇത് ഇന്ത്യയുടെ വൈവിധ്യത്തിന്റെയും വർണങ്ങളുടെയും നേർക്കാഴ്ചയാണു പ്രദാനം ചെയ്യുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. പുതിയ 91 എഫ്എം ട്രാൻസ്മിറ്ററുകളുടെ കീഴിൽ വരുന്ന ജില്ലകൾ വികസനം കാംക്ഷിക്കുന്ന ജില്ലകളും ബ്ലോക്കുകളുമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ സുപ്രധാന നേട്ടത്തിന് അദ്ദേഹം ആകാശവാണിയെ അഭിനന്ദിച്ചു. ഇതിന്റെ പ്രയോജനം ലഭിക്കുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പൗരന്മാരെയും അദ്ദേഹം അഭിനന്ദിച്ചു.
റേഡിയോയുമായുള്ള തന്റെ തലമുറയുടെ വൈകാരിക ബന്ധം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “എന്നെ സംബന്ധിച്ചിടത്തോളം, അവതാരകൻ എന്ന നിലയിൽ റേഡിയോയുമായി എനിക്ക് ബന്ധമുണ്ടെന്നതിൽ കൂടുതൽ സന്തോഷമുണ്ട്” - വരാനിരിക്കുന്ന 'മൻ കീ ബാത്തി'ന്റെ 100-ാം എപ്പിസോഡ് പരാമർശിച്ച് പ്രധാനമന്ത്രി പറഞ്ഞു. “നാട്ടുകാരുമായി ഇത്തരത്തിലുള്ള വൈകാരിക ബന്ധം റേഡിയോയിലൂടെ മാത്രമേ സാധ്യമാകൂ. ഇതിലൂടെ, രാജ്യത്തിന്റെ ശക്തിയുമായും നാട്ടുകാരുടെ കടമയുടെ കൂട്ടായ ശക്തിയുമായും എന്നെ കൂട്ടിയിണക്കാൻ കഴിഞ്ഞു” - അദ്ദേഹം പറഞ്ഞു. 'മൻ കീ ബാത്തി'ലൂടെ ജനകീയ പ്രസ്ഥാനമായി മാറിയ ശുചിത്വഭാരതയജ്ഞം, ബേട്ടീ ബച്ചാവോ ബേട്ടീ പഠാവോ, ഹർ ഘർ തിരംഗ തുടങ്ങിയ സംരംഭങ്ങളിൽ പരിപാടി വഹിച്ച പങ്കിന്റെ ഉദാഹരണങ്ങൾ നൽകി അദ്ദേഹം ഇക്കാര്യം വിശദീകരിച്ചു. "അതിനാൽ, ഒരു തരത്തിൽ, ഞാൻ നിങ്ങളുടെ ആകാശവാണി സംഘത്തിന്റെ ഭാഗമാണ്" - പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
91 എഫ്എം ട്രാൻസ്മിറ്ററുകളുടെ ഉദ്ഘാടനം ഇതുവരെ ഈ സൗകര്യം നിഷേധിക്കപ്പെട്ടവർക്ക് മുൻഗണന നൽകുന്ന ഗവൺമെന്റിന്റെ നയങ്ങളാണു മുന്നോട്ടുവയ്ക്കുന്നതെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. "വിദൂരത്തുള്ളവരായി കണക്കാക്കപ്പെട്ടിരുന്നവർക്ക് ഇനി ഉയർന്ന തലത്തിൽ സമ്പർക്കത്തിനുള്ള അവസരം ലഭിക്കും"- പ്രധാനമന്ത്രി പറഞ്ഞു. എഫ്എം ട്രാൻസ്മിറ്ററുകളുടെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ പ്രധാനമന്ത്രി, സമയം, സമൂഹനിർമാണ പ്രവർത്തനങ്ങൾ, കാർഷിക രീതികളുമായി ബന്ധപ്പെട്ട കാലാവസ്ഥാ വിവരങ്ങൾ, കർഷകർക്കുള്ള ഭക്ഷ്യ-പച്ചക്കറി വിലയെക്കുറിച്ചുള്ള വിവരങ്ങൾ, രാസവസ്തുക്കൾ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന നഷ്ടത്തെക്കുറിച്ചുള്ള ചർച്ചകൾ, കൃഷിക്ക് ആവശ്യമായ നൂതന യന്ത്രങ്ങളുടെ സമാഹരണം, പുതിയ വിപണി സമ്പ്രദായങ്ങളെക്കുറിച്ച് വനിതാ സ്വയംസഹായ സംഘങ്ങളെ അറിയിക്കൽ, പ്രകൃതിദുരന്തസമയത്ത് സമൂഹത്തെയാകെ സഹായിക്കൽ എന്നിവയെക്കുറിച്ചു പരാമർശിച്ചു. എഫ്എമ്മിന്റെ വിനോദ-വിജ്ഞാന മൂല്യത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.
സാങ്കേതികവിദ്യയുടെ ജനാധിപത്യവൽക്കരണത്തിനായി ഗവണ്മെന്റ് തുടർച്ചയായി പ്രവർത്തിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. "ഇന്ത്യ അതിന്റെ പൂർണശേഷിയിലേക്ക് ഉയരണമെങ്കിൽ ഇന്ത്യക്കാരിലാർക്കും അവസരങ്ങളുടെ ദൗർലഭ്യം അനുഭവപ്പെടരുത് എന്നതു പ്രധാനമാണ്" - പ്രധാനമന്ത്രി പറഞ്ഞു. ആധുനിക സാങ്കേതികവിദ്യ പ്രാപ്യവും മിതമായ നിരക്കിലുള്ളതുമാക്കുക എന്നതാണ് ഇതിൽ പ്രധാനം. എല്ലാ ഗ്രാമങ്ങളിലും ഒപ്റ്റിക്കൽ ഫൈബർ കൊണ്ടുവരുന്നതിനെക്കുറിച്ചും വിവരങ്ങളുടെ ലഭ്യത സുഗമമാക്കിയ ഏറ്റവും കുറഞ്ഞ ഡാറ്റച്ചെലവിനെയും പരാമർശിച്ച് അദ്ദേഹം ഇത് വിശദീകരിച്ചു. ഇത് ഗ്രാമങ്ങളിൽ ഡിജിറ്റൽ സംരംഭകത്വത്തിന് പുതിയ മുന്നേറ്റം നൽകിയെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ, ബാങ്കിങ് സേവനങ്ങൾ ലഭ്യമാക്കാൻ ചെറുകിട വ്യവസായികളെയും തെരുവോരക്കകച്ചവടക്കാരെയും യുപിഐ സഹായിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി രാജ്യത്ത് നടക്കുന്ന സാങ്കേതിക വിപ്ലവം റേഡിയോയെയും പ്രത്യേകിച്ച് എഫ്എമ്മിനെയും പുതിയ രൂപത്തിൽ അണിയിച്ചൊരുക്കിയതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്റർനെറ്റിന്റെ ഉയർച്ച ചൂണ്ടിക്കാട്ടി, പോഡ്‌കാസ്റ്റുകളിലൂടെയും ഓൺലൈൻ എഫ്‌എമ്മുകളിലൂടെയും റേഡിയോ നൂതനമായ രീതിയിൽ നമുക്കു മുന്നിലെത്തിയതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. "ഡിജിറ്റൽ ഇന്ത്യ, റേഡിയോക്കു പുതിയ ശ്രോതാക്കളെ മാത്രമല്ല, പുതിയ ചിന്താ പ്രക്രിയയും നൽകി" - എല്ലാ പ്രക്ഷേപണ മാധ്യമങ്ങളിലും ഇതേ വിപ്ലവം കാണാൻ കഴിയുമെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ഡിടിഎച്ച് പ്ലാറ്റ്‌ഫോമായ ഡിഡി ഫ്രീ ഡിഷിന്റെ സേവനം 4.3 കോടി വീടുകൾക്ക് നൽകുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ലോകത്തെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ കോടിക്കണക്കിന് ഗ്രാമീണ കുടുംബങ്ങളുടെയും അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളുടെയും വീട്ടുപടിക്കൽ എത്തുന്നു. വിദ്യാഭ്യാസവും വിനോദവും പതിറ്റാണ്ടുകളായി നിഷേധിക്കപ്പെട്ട സമൂഹത്തിലെ വിഭാഗങ്ങളിലേക്കും ഇതെത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. "ഇത് സമൂഹത്തിലെ വിവിധ വിഭാഗങ്ങൾ തമ്മിലുള്ള അസമത്വം ഇല്ലാതാക്കുന്നതിനും ഏവർക്കും ഗുണനിലവാരമുള്ള വിവരങ്ങൾ നൽകുന്നതിനും കാരണമായി" - പ്രധാനമന്ത്രി പറഞ്ഞു. ഡിടിഎച്ച് ചാനലുകളിൽ, ഒന്നിലധികം സർവകലാശാലകളുടെ അറിവ് നേരിട്ട് വീടുകളിൽ എത്തുന്ന വിവിധതരത്തിലുള്ള വിദ്യാഭ്യാസ കോഴ്സുകൾ ലഭ്യമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ കോടിക്കണക്കിന് വിദ്യാർഥികൾക്ക്, പ്രത്യേകിച്ച് കൊറോണക്കാലത്ത്, ഇത് വലിയ സഹായമായെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. "ഡിടിഎച്ച് ആകട്ടെ, എഫ്എം റേഡിയോ ആകട്ടെ, ഈ ശക്തിയെല്ലാം ഭാവി ഇന്ത്യയിലേക്കു നോക്കാനുള്ള ജാലകമാണു നമുക്കേകുന്നത്. ഈ ഭാവിക്കായി നാം സ്വയം സജ്ജമാകണം" - ശ്രീ മോദി പറഞ്ഞു.
ഭാഷാവൈവിധ്യത്തിന്റെ തലത്തെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, എല്ലാ ഭാഷകളിലും, പ്രത്യേകിച്ച് 27 ഭാഷാഭേദങ്ങളുള്ള പ്രദേശങ്ങളിലും, എഫ്എം പ്രക്ഷേപണമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി. “ഈ സമ്പർക്കസംവിധാനം ആശയവിനിമയ ഉപകരണങ്ങളെ മാത്രമല്ല, മറിച്ച് ജനങ്ങളെയും കൂട്ടിയിണക്കുന്നു. ഇത് ഈ ഗവണ്മെന്റിന്റെ തൊഴിൽ സംസ്കാരത്തിന്റെ പ്രതിഫലനമാണ്” - നേരിട്ടുള്ള സമ്പർക്കത്തിന്റെ പ്രോത്സാഹനത്തോടൊപ്പം സാമൂഹ്യ സമ്പർക്കത്തിനും ഊന്നൽ നൽകി പ്രധാനമന്ത്രി പറഞ്ഞു. "നമ്മുടെ ഗവണ്മെന്റ് സാംസ്കാരിക - ബൗദ്ധിക സമ്പർക്കസംവിധാനങ്ങൾക്കു കരുത്തേകുകയാണ്" - പ്രധാനമന്ത്രി പറഞ്ഞു. യഥാർത്ഥ നായകരെ ആദരിക്കുന്നതിലൂടെ പത്മയും മറ്റ് പുരസ്കാരങ്ങളും യഥാർഥ ജനകീയ പുരസ്കാരങ്ങളാക്കിയതിന്റെ ഉദാഹരണം അദ്ദേഹം വിശദീകരിച്ചു. "മുൻ കാലങ്ങളിൽനിന്ന് വ്യത്യസ്തമായി, ഇപ്പോൾ ശുപാർശകൾ അടിസ്ഥാനമാക്കിയുള്ളതിനു പകരം, രാജ്യത്തിനും സമൂഹത്തിനും നൽകിയ സേവനത്തിനാണ് പത്മ പുരസ്കാരങ്ങൾ നൽകുന്നത്" - അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തീർഥാടനങ്ങളും ആരാധനാലയങ്ങളും പുനരുജ്ജീവിപ്പിച്ചതിന് ശേഷം വിനോദസഞ്ചാരത്തിന് ഉത്തേജനം ലഭിച്ചതായി ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്നവരുടെ എണ്ണം വർധിക്കുന്നത് രാജ്യത്തെ വർധിച്ചുവരുന്ന സാംസ്കാരിക ബന്ധത്തിന്റെ തെളിവാണെന്നു പറഞ്ഞു. ഗോത്ര സ്വാതന്ത്ര്യസമര സേനാനികളുമായി ബന്ധപ്പെട്ട മ്യൂസിയം, ബാബാസാഹെബ് അംബേദ്കറുടെ പഞ്ചതീർഥം, പ്രധാനമന്ത്രി മ്യൂസിയം, ദേശീയ യുദ്ധസ്മാരകം എന്നിവയുടെ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇത്തരം സംരംഭങ്ങൾ രാജ്യത്തെ ബൗദ്ധികവും വൈകാരികവുമായ ബന്ധത്തിന് പുതിയ മാനം നൽകിയിട്ടുണ്ടെന്നും പറഞ്ഞു.
പ്രസംഗം ഉപസംഹരിക്കവേ, ആകാശവാണി പോലുള്ള എല്ലാ ആശയവിനിമയ ചാനലുകളുടെയും കാഴ്ചപ്പാടും ദൗത്യവും അടിവരയിട്ട്, ഏതു രൂപത്തിലുള്ള സമ്പർക്കസൗകര്യവും രാജ്യത്തെയും അതിലെ 140 കോടി പൗരന്മാരെയും കൂട്ടിയിണക്കുന്നതാകണമെന്നു പ്രധാനമന്ത്രി പറഞ്ഞു. തുടർച്ചയായ ചർച്ചകളിലൂടെ രാജ്യത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഫലമായി എല്ലാ പങ്കാളികളും ഈ കാഴ്ചപ്പാടുമായി മുന്നോട്ടു പോകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
പശ്ചാത്തലം
രാജ്യവ്യാപകമായി എഫ് എം റേഡിയോ പ്രക്ഷേപണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി 18 സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 84 ജില്ലകളിൽ 91 പുതിയ 100 വാട്ട് എഫ്എം ട്രാൻസ്മിറ്ററുകൾ സ്ഥാപിച്ചു. വികസനത്വരയുള്ള ജില്ലകളിലും അതിർത്തി പ്രദേശങ്ങളിലും കവറേജ് വർധിപ്പിക്കുന്നതിലാണ് ഈ വിപുലീകരണം പ്രത്യേക ശ്രദ്ധ ചെലുത്തുന്നത്. ബിഹാർ, ഝാർഖണ്ഡ്, ഒഡിഷ, പശ്ചിമ ബംഗാൾ, അസം, മേഘാലയ, നാഗാലാൻഡ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ആന്ധ്രാപ്രദേശ്, കേരളം, തെലങ്കാന, ഛത്തീസ്ഗഢ്, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ലഡാക്ക്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവയാണ് ഇതിൽ ഉൾപ്പെടുന്ന സംസ്ഥാനങ്ങൾ. ആകാശവാണിയുടെ എഫ്എം സേവനം വിപുലപ്പെടുത്തുന്നതോടെ, ഈ മാധ്യമം പ്രാപ്തമാകാതിരുന്ന രണ്ടു കോടി പേർക്കുകൂടി ഇപ്പോൾ ഇതിന്റെ സേവനം ലഭ്യമാകും. ഇത് ഏകദേശം 35,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ കവറേജ് വിപുലപ്പെടുത്തുന്നതിനു കാരണമാകും.
ജനങ്ങളിലേക്ക് എത്തിച്ചേരുന്നതിൽ റേഡിയോ വഹിക്കുന്ന പ്രധാന പങ്കിൽ പ്രധാനമന്ത്രി ഉറച്ചു വിശ്വസിക്കുന്നു. പരമാവധി ശ്രോതാക്കളിലേക്ക് എത്തിച്ചേരുന്നതിനുള്ള മാധ്യമത്തിന്റെ അതുല്യമായ ശക്തി പ്രയോജനപ്പെടുത്തുന്നതിനാണ് പ്രധാനമന്ത്രി 'മൻ കി ബാത്ത്' പരിപാടി ആരംഭിച്ചത്. അത് ഇപ്പോൾ 100-ാം എപ്പിസോഡിനോട് അടുക്കുകയാണ്.
-ND-
(Release ID: 1920469)
Visitor Counter : 191
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada