രാജ്യരക്ഷാ മന്ത്രാലയം

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ബംഗ്ലാദേശ് കരസേനാ മേധാവി ഇന്ത്യയിൽ എത്തി

Posted On: 27 APR 2023 1:52PM by PIB Thiruvananthpuram



ന്യൂ ഡൽഹി: ഏപ്രിൽ 27, 2023

2023 ഏപ്രിൽ 27 മുതൽ 29 വരെ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ബംഗ്ലാദേശ് കരസേനാ മേധാവി ജനറൽ എസ് എം ഷഫിയുദ്ദീൻ അഹമ്മദ് ഇന്ത്യയിലെത്തി. സന്ദർശന വേളയിൽ അദ്ദേഹം ഇന്ത്യയുടെ മുതിർന്ന സൈനിക, സിവിലിയൻ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇന്ത്യയും ബംഗ്ലാദേശുമായുള്ള പ്രതിരോധ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള സാദ്ധ്യതകൾ ചർച്ചയാകും.

ദേശീയ യുദ്ധസ്മാരകത്തിൽ ഇന്ത്യൻ സായുധ സേനയിലെ വീരമൃത്യു വരിച്ച ധീരജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചാണ് ബംഗ്ലാദേശ് കരസേനാ മേധാവി സന്ദർശനം ആരംഭിച്ചത്. അദ്ദേഹത്തിന് സൗത്ത് ബ്ലോക്ക് പുൽമൈതാനത്തു ഗാർഡ് ഓഫ് ഓണർ നൽകി. അതിനുശേഷം അദ്ദേഹം കരസേനാ മേധാവി, ജനറൽ മനോജ് പാണ്ഡെയെ സന്ദർശിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ സമഗ്ര പങ്കാളിത്തത്തിന്റെ ഭാഗമായി പരസ്പര പ്രവർത്തനക്ഷമത, പരിശീലനം, തീവ്രവാദ വിരുദ്ധ സഹകരണം, മൊത്തത്തിലുള്ള ഉഭയകക്ഷി സഹകരണം എന്നിവ മെച്ചപ്പെടുത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള വിവിധ വിഷയങ്ങൾ കരസേനാ മേധാവികൾ ചർച്ച ചെയ്തു.

ജനറൽ എസ് എം ഷഫിയുദ്ദീൻ അഹമ്മദ് പിന്നീട് സംയുക്ത സേന മേധാവി ജനറൽ അനിൽ ചൗഹാൻ, നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരികുമാർ, വൈസ് ചീഫ് ഓഫ് എയർ സ്റ്റാഫ് എയർ മാർഷൽ എ പി സിംഗ്, പ്രതിരോധ സെക്രട്ടറി, വിദേശകാര്യ സെക്രട്ടറി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഡിപ്പാർട്ട്‌മെന്റ് ഓഫ് ഡിഫൻസ് പ്രൊഡക്ഷൻ (ഡിഡിപി)യും ആർമി ഡിസൈൻ ബ്യൂറോയും ചേർന്ന് ഇന്ത്യൻ തദ്ദേശീയ പ്രതിരോധ ഉപകരണങ്ങളുടെ നിർമ്മാണ ആവാസവ്യവസ്ഥയെ കുറിച്ചു അദ്ദേഹത്തിന് വിശദീകരിച്ചു. ഇന്ത്യയിലെ ഐക്യരാഷ്ട്രസഭയുടെ സമാധാന പരിപാലന കേന്ദ്രം (CUNPK)വുമായും ബംഗ്ലാദേശ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസ് സപ്പോർട്ട് ഓപ്പറേഷൻസ് ട്രെയിനിംഗ് (BIPSOT) മായും, യുഎൻ സമാധാന പരിപാലന പ്രവർത്തനങ്ങൾക്കും പരിശീലന സഹകരണത്തിനും വേണ്ടിയുള്ള ഒരു '' നിർവഹണ ക്രമീകരണം'' ഇരു സൈന്യങ്ങളും തമ്മിൽ ഒപ്പുവച്ചു.

2023 ഏപ്രിൽ 29-ന് ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയിൽ നടക്കുന്ന പാസിംഗ് ഔട്ട് പരേഡിന്റെ റിവ്യൂവിംഗ് ഓഫീസർ ആയിരിക്കും ബംഗ്ലാദേശ് കരസേനാ മേധാവി. അദ്ദേഹം ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമി മ്യൂസിയം സന്ദർശിക്കുകയും കേഡറ്റുകളുമായി സംവദിക്കുകയും ചെയ്യും.

 
RRTN/SKY


(Release ID: 1920232) Visitor Counter : 106