ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം

ഗവണ്മെന്റ് മന്ത്രാലയങ്ങളും വകുപ്പുകളും കൂടാതെ മറ്റ് സ്ഥാപനങ്ങൾക്കും ആധാർ പ്രാമാണീകരണം നടത്തുന്നതിനുള്ള ചട്ടങ്ങൾ കേന്ദ്ര ഇലക്‌ട്രോണിക്‌സ്-ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം (MeitY) നിർദ്ദേശിച്ചു

Posted On: 20 APR 2023 11:34AM by PIB Thiruvananthpuram

 

ന്യൂ ഡൽഹി: ഏപ്രിൽ 20, 2023  

ആധാർ ജനസൗഹൃദമാക്കുന്നതിനും പൗരന്മാർക്ക് ജീവിതസാഹചര്യം മെച്ചപ്പെടുത്തുന്നതിനും സേവനങ്ങൾ ലഭ്യമാക്കുന്നതിനുമുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി, ഗവണ്മെന്റ് മന്ത്രാലയങ്ങളും വകുപ്പുകളും കൂടാതെ മറ്റ് സ്ഥാപനങ്ങൾക്കും ആധാർ പ്രാമാണീകരണം നടത്തുന്നതിനുള്ള ചട്ടങ്ങൾ കേന്ദ്ര  ഇലക്‌ട്രോണിക്‌സ്-ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം (MeitY) നിർദ്ദേശിച്ചു.

2016ലെ ആധാർ (ടാർഗെറ്റഡ് ഡെലിവറി ഓഫ് ഫിനാൻഷ്യൽ ആൻഡ് അദർ സബ്‌സിഡീസ്, ബെനിഫിറ്സ് ആൻഡ് സർവിസ്സ്) നിയമത്തിൽ 2019-ൽ നടപ്പാക്കിയ ഭേദഗതിയിലൂടെ, ചട്ടങ്ങൾ അനുശാസിക്കുന്ന സ്വകാര്യതയുടെയും സുരക്ഷയുടെയും മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ സ്ഥാപനങ്ങളുടെ നടപടിയിൽ UIDAI സംതൃപ്തരാണെങ്കിൽ, നിയമം വഴി അനുവദിക്കുന്ന ആധികാരികത ഉറപ്പാക്കൽ സേവനങ്ങൾ നൽകാൻ അല്ലെങ്കിൽ ഒരു നിശ്ചിത ആവശ്യത്തിനായി പ്രാമാണീകരണം തേടാൻ ഇത്തരം സ്ഥാപനങ്ങൾക്ക് അനുമതിയുണ്ട്.

ആധാർ ഓതന്റിക്കേഷൻ ഫോർ ഗുഡ് ഗവേണൻസ് (സാമൂഹ്യ ക്ഷേമം,നൂതനാശയം, വിജ്ഞാനം) ചട്ടങ്ങൾ, 2020 പ്രകാരം, സദ്ഭരണത്തിന്റെ താൽപ്പര്യങ്ങൾ, പൊതു ഫണ്ടുകളുടെ ചോർച്ച തടയൽ, വിജ്ഞാനത്തിന്റെയും നൂതനാശയത്തിന്റെയും വ്യാപനം എന്നിവയ്ക്കായി നിലവിൽ, ഗവണ്മെന്റ്  മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും ആധാർ പ്രാമാണീകരണത്തിന് അനുമതിയുണ്ട്.

ജീവിതസാഹചര്യം മെച്ചപ്പെടുത്തുന്നതിനും സേവനങ്ങളുടെ വ്യാപനം സാധ്യമാക്കുന്നതിനും ഡിജിറ്റൽ പ്ലാറ്റഫോം വഴി സദ്ഭരണം ഉറപ്പാക്കുന്നതിനും സാമൂഹിക ക്ഷേമ ആനുകൂല്യങ്ങൾ പാഴായിപോകുന്നത് തടയുന്നതിനും അറിവിന്റെയും നൂതനാശയത്തിന്റെയും വ്യാപനത്തിനും വേണ്ടി ആധാർ പ്രാമാണീകരണം നടത്താൻ  ഗവൺമെന്റ് മന്ത്രാലയമോ വകുപ്പോ ഒഴികെയുള്ള ഏതൊരു സ്ഥാപനവും ആഗ്രഹിക്കുന്നെങ്കിൽ അതിന് അനുമതി തേടിയുള്ള ഒരു ശുപാർശ ബന്ധപ്പെട്ട മന്ത്രാലയത്തിനോ വകുപ്പിനോ സമർപ്പിക്കേണ്ടതാണ്. ആധികാരികത ആവശ്യപ്പെടുന്നത് പ്രസ്‌തുത ആവശ്യങ്ങൾക്കാണോ, അതിൽ സംസ്ഥാനത്തിന്റെ താൽപ്പര്യം ഉൾപ്പെട്ടിട്ടുണ്ടോ എന്നത് സംബന്ധിച്ച വിശദീകരണവും ശുപാർശയിൽ ഉണ്ടാകണം. കേന്ദ്ര വിഷയങ്ങളിൽ കേന്ദ്ര ഗവണ്മെന്റ് മന്ത്രാലയത്തിനോ വകുപ്പിനോ  സംസ്ഥാന വിഷയങ്ങളിൽ സംസ്ഥാന ഗവണ്മെന്റ്റിനോ ആകണം ശുപാർശ സമർപ്പിക്കേണ്ടത്. സമർപ്പിച്ച നിർദ്ദേശം അത്തരമൊരു ലക്ഷ്യം നിറവേറ്റുന്നുവെന്നും സംസ്ഥാനത്തിന്റെ താൽപ്പര്യമുണർത്തുന്നതാണെന്നും മന്ത്രാലയത്തിന്/വകുപ്പിന് അഭിപ്രായമുണ്ടെങ്കിൽ, അത് ശുപാർശ സഹിതം കേന്ദ്ര  ഇലക്‌ട്രോണിക്‌സ്-ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിലേക്ക് കൈമാറും.

 

നിർദിഷ്ട ഭേദഗതി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്. ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും അഭിപ്രായങ്ങൾ ക്ഷണിക്കുകയും ചെയ്യുന്നു. നിയമങ്ങളിലെ നിർദിഷ്ട ഭേദഗതികളുടെ ലിങ്ക് ഇതിൽ ലഭ്യമാണ് - https://www.meity.gov.in/content/draft-amendments-aadhaar-authentication-good-governance-rules-2020-enable-performance

 

അഭിപ്രായങ്ങൾ MyGov പ്ലാറ്റ്‌ഫോം വഴി 2023 മെയ് 5-നകം സമർപ്പിക്കാം.
****


(Release ID: 1918260) Visitor Counter : 135