പ്രധാനമന്ത്രിയുടെ ഓഫീസ്
ദുരന്തനിവാരണ അടിസ്ഥാനസൗകര്യങ്ങളെക്കുറിച്ചുള്ള അഞ്ചാം അന്താരാഷ്ട്ര സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
"ദുരന്തത്തോടുള്ള നമ്മുടെ പ്രതികരണം സംയോജിപ്പിക്കുകയാണു വേണ്ടത്; ഒറ്റപ്പെടുത്തുകയല്ല."
"അടിസ്ഥാനസൗകര്യങ്ങൾ എന്നത് വരുമാനം മാത്രമല്ല, എത്തിച്ചേരലും പുനരുജ്ജീവനവും കൂടിയാണ്"
"അടിസ്ഥാനസൗകര്യങ്ങൾ ആരെയും ഒഴിവാക്കരുത്"
"ഒരു ദുരന്തത്തിനും മറ്റൊന്നിനും ഇടയിലുള്ള കാലഘട്ടത്തിലാണു അതിജീവനശേഷി കെട്ടിപ്പടുക്കുന്നത്"
"പ്രാദേശിക ഉൾക്കാഴ്ചകളുള്ള ആധുനിക സാങ്കേതികവിദ്യ പുനരുജ്ജീവനത്തെ ഏറെ സഹായിക്കുന്നു"
"സാമ്പത്തിക സ്രോതസ്സുകളുടെ പ്രതിബദ്ധതയാണു ദുരന്ത നിവാരണ സംരംഭങ്ങളുടെ വിജയത്തിന് പ്രധാനം"
Posted On:
04 APR 2023 10:39AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ദുരന്തനിവാരണ അടിസ്ഥാനസൗകര്യ സമ്മേളനം (ഐസിഡിആർഐ) 2023ന്റെ അഞ്ചാം പതിപ്പിനെ വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധന ചെയ്തു.
പരസ്പരബന്ധിതമായ ലോകത്ത്, ദുരന്തങ്ങളുടെ ആഘാതം കേവലം പ്രാദേശികമായിരിക്കില്ല എന്ന ആഗോള കാഴ്ചപ്പാടിൽ നിന്നാണ് സിഡിആർഐ ഉടലെടുത്തതെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതിനാൽ, "ദുരന്തത്തോടുള്ള നമ്മുടെ പ്രതികരണം സംയോജിപ്പിക്കുകയാണു വേണ്ടത്; ഒറ്റപ്പെടുത്തുകയല്ല" - അദ്ദേഹം പറഞ്ഞു. ഏതാനും വർഷങ്ങൾക്കിടെ വികസിത - വികസ്വര രാജ്യങ്ങളിൽ നിന്നുള്ള, വലുതോ ചെറുതോ ആയ, ഗ്ലോബൽ സൗത്തിൽ നിന്നോ ഗ്ലോബൽ നോർത്തിൽ നിന്നോ ഉള്ള, 40-ലധികം രാജ്യങ്ങൾ സിഡിആർഐയുടെ ഭാഗമായെന്ന് അദ്ദേഹം പറഞ്ഞു. ഗവൺമെന്റുകൾക്കുപുറമെ ആഗോള സ്ഥാപനങ്ങൾ, മേഖലയിലെ വിദഗ്ധർ, സ്വകാര്യ മേഖല എന്നിവരും ഇതിൽ ഉൾപ്പെട്ടിരിക്കുന്നത് പ്രോത്സാഹജനകമാണെന്ന് അദ്ദേഹം പറഞ്ഞു.
'അതിജീവനശേഷിയുള്ളതും സമഗ്രവുമായ അടിസ്ഥാനസൗകര്യ വിതരണം' എന്ന ഈ വർഷത്തെ പ്രമേയത്തിന്റെ പശ്ചാത്തലത്തിൽ ദുരന്ത നിവാരണ അടിസ്ഥാനസൗകര്യങ്ങൾക്കായുള്ള ചർച്ചയ്ക്കുള്ള ചില മുൻഗണനകൾ പ്രധാനമന്ത്രി വിശദീകരിച്ചു. അടിസ്ഥാനസൗകര്യം എന്നത് വരുമാനം മാത്രമല്ല, എത്തിച്ചേരലും അതിജീവനശേഷിയും കൂടിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അടിസ്ഥാനസൗകര്യങ്ങൾ ആരെയും കൈവിടാതെ, പ്രതിസന്ധിഘട്ടങ്ങളിൽപോലും ജനങ്ങൾക്കു സേവനമേകണം. ഗതാഗത അടിസ്ഥാനസൗകര്യങ്ങൾ പോലെ തന്നെ സാമൂഹ്യ - ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളും പ്രധാനമായതിനാൽ അടിസ്ഥാനസൗകര്യങ്ങളെക്കുറിച്ചുള്ള സമഗ്ര കാഴ്ചപ്പാടിന്റെ ആവശ്യകതയ്ക്കും പ്രധാനമന്ത്രി ഊന്നൽ നൽകി.
പെട്ടെന്നുള്ള ആശ്വാസത്തോടൊപ്പം, സാധാരണ നില എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. "ഒരു ദുരന്തത്തിനും മറ്റൊന്നിനും ഇടയിലുള്ള കാലഘട്ടത്തിലാണ് പുനരുജ്ജീവനം കെട്ടിപ്പടുക്കുന്നത്. മുൻകാല ദുരന്തങ്ങൾ പഠിക്കുകയും അവയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളുകയും ചെയ്യുക എന്നതാണ് മാർഗം" - അദ്ദേഹം കൂട്ടിച്ചേർത്തു.
ദുരന്തങ്ങളെ അതിജീവിക്കാൻ കഴിയുന്ന അടിസ്ഥാനസൗകര്യങ്ങൾ നിർമിക്കുന്നതിനുള്ള പ്രാദേശിക അറിവിന്റെ ബുദ്ധിപരമായ ഉപയോഗത്തെക്കുറിച്ചു ശ്രീ മോദി പറഞ്ഞു. പ്രാദേശിക ഉൾക്കാഴ്ചകളുള്ള ആധുനിക സാങ്കേതികവിദ്യ പുനരുജ്ജീവനത്തെ ഏറെ സഹായിക്കുന്നു. കൂടാതെ, നന്നായി രേഖപ്പെടുത്തപ്പെട്ടാൽ, പ്രാദേശിക വിജ്ഞാനം ആഗോളതലത്തിൽ മികച്ച സമ്പ്രദായമായി മാറിയേക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സിഡിആർഐ സംരംഭങ്ങളിൽ ചിലതിന്റെ സമഗ്ര ലക്ഷ്യങ്ങളും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പല ദ്വീപ് രാഷ്ട്രങ്ങൾക്കും പ്രയോജനം ചെയ്യുന്ന ദ്വീപുരാഷ്ട്രങ്ങൾക്കുള്ള ദുരന്തനിവാരണ അടിസ്ഥാനസൗകര്യ സംരംഭം അഥവാ ഐആർഐഎസിനെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. ദുരന്തനിവാരണ അടിസ്ഥാനസൗകര്യങ്ങൾ വേഗത്തിലാക്കുന്നതിനുള്ള ധനസഹായം കഴിഞ്ഞ വർഷം പ്രഖ്യാപിച്ചതിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഈ 50 ദശലക്ഷം ഡോളർ തുക വികസ്വര രാജ്യങ്ങൾക്കിടയിൽ വലിയ പ്രതികരണമുളവാക്കി. "സാമ്പത്തിക സ്രോതസ്സുകളുടെ പ്രതിബദ്ധത സംരംഭങ്ങളുടെ വിജയത്തിന് പ്രധാനമാണ്" - പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ ജി20 അധ്യക്ഷതയെക്കുറിച്ചു പരാമർശിക്കവേ, പല പ്രവർത്തകസമിതികളിലും സിഡിആർഐയെ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞു. "നിങ്ങൾ ഇവിടെ കണ്ടെത്തുന്ന പ്രതിവിധികൾ ആഗോള നയരൂപീകരണത്തിന്റെ ഉയർന്ന തലങ്ങളിൽ ശ്രദ്ധ നേടും" - അദ്ദേഹം പറഞ്ഞു.
തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പങ്ങൾ പോലുള്ള സമീപകാല ദുരന്തങ്ങളുടെ വ്യാപ്തിയും തീവ്രതയും പരാമർശിച്ച്, സിഡിആർഐയുടെ പ്രവർത്തനത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയാണു പ്രധാനമന്ത്രി ഉപസംഹരിച്ചത്.
***
ND
(Release ID: 1913506)
Visitor Counter : 175
Read this release in:
Assamese
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu