വനിതാ, ശിശു വികസന മന്ത്രാലയം

കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിന്റെ രണ്ടാം ജി20 എംപവർ യോഗം 2023 ഏപ്രിൽ 4 മുതൽ 6 വരെ തിരുവനന്തപുരത്ത്


"സ്ത്രീ ശാക്തീകരണം: സമതയ്ക്കും സമ്പദ്‌വ്യവസ്ഥയ്ക്കും ഗുണപ്രദം" എന്നതാണ് യോഗത്തിന്റെ പ്രമേയം

ഏപ്രിൽ 4ന് അനുബന്ധ പരിപാടികൾ പാനൽ ചർച്ചകളുടെ രൂപത്തിൽ പ്രധാനപ്പെട്ട വിഷയങ്ങൾ ഏറ്റെടുക്കും

'സ്ത്രീകളെ ശാക്തീകരിക്കുന്നതിലൂടെ സാമ്പത്തിക അഭിവൃദ്ധി കൈവരിക്കുക: 25x25 ബ്രിസ്‌‌ബെയ്ൻ ലക്ഷ്യങ്ങളിലേക്ക്' എന്ന വിഷയത്തിലെ സമ്മേളനത്തോടെ ഏപ്രിൽ 5ന് യോഗത്തിനു തുടക്കമാകും

ഏപ്രിൽ 5ന് നടക്കുന്ന ചടങ്ങിൽ കേന്ദ്ര വനിതാ ശിശു വികസന സഹമന്ത്രി ഡോ. മുഞ്ജ്പര മഹേന്ദ്രഭായി പങ്കെടുക്കും

'സ്കൂളിൽനിന്നു ജോലിയിലേക്ക്' പരിവർത്തനങ്ങളും തൊഴിൽ സാധ്യതകളും പ്രാപ്തമാക്കൽ; കെയർ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനു പ്രാപ്തമാക്കുന്ന അടിസ്ഥാനസൗകര്യങ്ങളിലെ നിക്ഷേപം; സ്ത്രീശാക്തീകരണത്തിനായി കോർപ്പറേറ്റ് സംസ്കാരം മുന്നോട്ടുകൊണ്ടുപോകൽ തുടങ്ങിയ പ്രധാന വിഷയങ്ങളിൽ പാനൽ ചർച്ചകൾ നടക്കും

ഏപ്രിൽ 6നു നടക്കുന്ന സമാപന സമ്മേളനം പ്രധാന അനന്തരഫലങ്ങൾ തിരിച്ചറിയുന്നതിലും സമവായത്തിലെത്തിയ ആശയങ്ങളിൽ ജി20 എംപവർ മുൻഗണനകളിലുടനീളം പ്രവർത്തനങ്ങൾ നടത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും

വിവിധ സെഷനുകളിലെ പ്രമേയാധിഷ്ഠിത ചർച്ചകളും ആലോചനകളും ജി20 എംപവർ വിജ്ഞാപനത്തിൽ പ്രതിഫലിക്കുകയും ജി20 നേതാക്കൾക്കുള്ള ശുപാർശകളായി നൽകുകയും ചെയ്യും.





Posted On: 03 APR 2023 9:28AM by PIB Thiruvananthpuram


സ്ത്രീശാക്തീകരണം എന്നതു സാമൂഹ്യനീതിയുടെ മാത്രം പ്രശ്നമല്ല. അതു സാമ്പത്തിക അനിവാര്യത കൂടിയാണ്. ലോക ജിഡിപിയുടെ 80 ശതമാനത്തിലേറെയും അന്താരാഷ്ട്ര വ്യാപാരത്തിന്റെ 75 ശതമാനവും ലോക ജനസംഖ്യയുടെ 60 ശതമാനവും പ്രതിനിധാനം ചെയ്യുന്നതാണു ജി20 അംഗങ്ങൾ. ആഗോള സമ്പദ്‌വ്യവസ്ഥയിലെ പ്രധാന പങ്കു കണക്കിലെടുക്കുമ്പോൾ, ഭാവിയിലെ ആഗോള സാമ്പത്തിക വളർച്ചയും സമൃദ്ധിയും സുരക്ഷിതമാക്കുന്നതിൽ ജി20 തന്ത്രപരമായ പങ്കു വഹിക്കുന്നു. സ്ത്രീ ശാക്തീകരണത്തിനും ലിംഗസമത്വത്തിനുമുള്ള വലിയ സാധ്യതയും ഇതിനുണ്ട്.

സ്ത്രീകളുടെ സാമ്പത്തിക പ്രാതിനിധ്യത്തിന്റെ ശാക്തീകരണത്തിനും പുരോഗതിക്കും വേണ്ടിയുള്ള ജി 20 സഖ്യം (Alliance for the Empowerment and Progression of Women’s Economic Representation-എംപവർ) സ്വകാര്യ മേഖലയിൽ വനിതാനേതൃത്വവും ശാക്തീകരണവും ത്വരിതപ്പെടുത്താൻ ലക്ഷ്യമിടുന്ന വ്യവസായ നേതൃത്വത്തിന്റെയും ഗവണ്മെന്റുകളുടെയും സഖ്യമാണ്. ഇന്ത്യയുടെ അധ്യക്ഷതയ്ക്കു കീഴിലുള്ള ജി20 എംപവർ 2023 ലക്ഷ്യമിടുന്നത് ഇന്ത്യയുടെ വന‌ിതാനേതൃത്വത്തിലുള്ള വികസന കാര്യപരിപാടി മുന്നോടുകൊണ്ടുപോകുന്നതിനാണ്.

ഫെബ്രുവരി 11നും 12നും ഉത്തർപ്രദേശിലെ ആഗ്രയിലാണ് ജി20 എംപവറിന്റെ ആദ്യയോഗം ചേർന്നത്. രണ്ടാം യോഗം 2023 ഏപ്രിൽ 4 മുതൽ 6 വരെ തിരുവനന്തപുരത്തു നടക്കും.

"സ്ത്രീ ശാക്തീകരണം: സമതയ്ക്കും സമ്പദ്‌വ്യവസ്ഥയ്ക്കും ഗുണപ്രദം" എന്നതാണ് രണ്ടാം ജി20 എംപവർ യോഗത്തിന്റെ പ്രമേയം. ഇന്ത്യയുടെ ജി20 അധ്യക്ഷപദം സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിലേക്കു പരിവർത്തനാത്മകമായ മാറ്റങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നവിധം സമഗ്രവും തുല്യവും അഭിലാഷപൂർണവും നിർണായകവും പ്രവർത്തനാധിഷ്ഠിതവുമാണ്. മുമ്പെങ്ങുമില്ലാത്തവിധം സ്ത്രീശാക്തീകരണത്തിൽ ഇന്നു രാജ്യങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. നിർണായക ഘട്ടത്തിലും ഉചിതമായ സമയത്തുമാണ് ഇന്ത്യയുടെ ജി 20 അധ്യക്ഷപദം വന്നിരിക്കുന്നത്. ജി20 എംപവർ 2023ന്റെ മുൻഗണനാ മേഖലകൾ, സ്ത്രീശാക്തീകരണം ത്വരിതപ്പെടുത്തുന്നതിനു ജി20 എംപവർ സഖ്യത്തിനു കീഴിൽ മുൻ അധ്യക്ഷരുടെ കാലത്തു നടത്തിയ ശ്രമങ്ങൾ എന്നിവ തിരുവനന്തപുരത്തു നടക്കുന്ന രണ്ടാം എംപവർ യോഗത്തിനു കീഴിൽ മുന്നോട്ടു കൊണ്ടുപോകുകയും ശക്തിപ്പെടുത്തുകയും ചെയ്യും.

കേന്ദ്ര വനിതാ ശിശുവികസന സഹമന്ത്രി ഡോ. മുഞ്ജ്പര മഹേന്ദ്രഭായി, ജി20 എംപവർ 2023ന്റെ അധ്യക്ഷ ഡോ. സംഗീത റെഡ്ഡി എന്നിവർ യോഗത്തിൽ പങ്കെടുത്തു സദസിനെ അഭിസംബോധന ചെയ്യും. കേന്ദ്ര വനിതാ-ശിശു വികസന സെക്രട്ടറി ശ്രീ ഇന്ദീവർ പാണ്ഡേയും ജി20 സെക്രട്ടറിയറ്റിലെയും കേന്ദ്ര-കേരള ഗവണ്മെന്റുകളി‌ലെയും മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.

സ്ത്രീകളെ ശാക്തീകരിക്കുന്നതിലൂടെ സാമ്പത്തിക അഭിവൃദ്ധി കൈവരിക്കുക: 25x25 ബ്രിസ്‌ബെയ്ൻ ലക്ഷ്യങ്ങളിലേക്ക് എന്ന വിഷയവുമായി ബന്ധപ്പെട്ട സമ്മേളനത്തോടെ ജി20 എംപവർ രണ്ടാം യോഗത്തിനു തുടക്കമാകും. തുടർന്നു പാനൽ ചർച്ചകൾ നടക്കും. മാർഗദർശനം, ശേഷിവർധന എന്നിവയിലൂടെ വനിതാസംരംഭകത്വം മെച്ചപ്പെടുത്തുക; വിപണിപ്രവേശനവും ധനസഹായവും; വ്യവസായം മെച്ചപ്പെടുത്തുന്നതിൽ സ്റ്റെം വിദ്യാഭ്യാസത്തിന്റെയും നവീകരണത്തിന്റെയും പങ്ക്; അടിത്തട്ടിൽ ഉൾപ്പെടെ എല്ലാ തലങ്ങളിലും നേതൃത്വം പ്രാപ്തമാക്കൽ; സ്ത്രീശാക്തീകരണത്തിനായുള്ള മാനസികവും പ്രതിരോധാത്മകവുമായ ആരോഗ്യം ഉൾപ്പെടെയുള്ള സമഗ്ര ക്ഷേമം; വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തിനും വ്യാപ്തിക്കും ഡിജിറ്റൽ മുന്നേറ്റത്തിനും ആജീവനാന്ത പഠനത്തിനുമുള്ള നിക്ഷേപം വർധിപ്പിക്കൽ; ശാസ്ത്രീയവും പാരമ്പര്യേതരവുമായ തൊഴിൽ മേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തം ശക്തിപ്പെടുത്തൽ തുടങ്ങിയവയാണ് ഈ ചർച്ചകൾകൊണ്ട് ഉദ്ദേശിക്കുന്നത്.

'സ്കൂളിൽനിന്നു ജോലിയിലേക്ക്' പരിവർത്തനങ്ങളും കരിയർ വികസന അവസരങ്ങളും പ്രാപ്തമാക്കൽ; കെയർ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനു പ്രാപ്തമാക്കുന്ന അടിസ്ഥാനസൗകര്യങ്ങളിലെ നിക്ഷേപം; സ്ത്രീശാക്തീകരണത്തിനായി കോർപ്പറേറ്റ് സംസ്കാരം മുന്നോട്ടുകൊണ്ടുപോകൽ തുടങ്ങിയ പ്രധാന വിഷയങ്ങൾ പാനൽ ചർച്ചകളുടെ രൂപത്തിൽ ഏപ്രിൽ 4നു നടക്കുന്ന അനുബന്ധപരിപാടികൾ ഏറ്റെടുക്കും.

തേയില, കാപ്പി, സുഗന്ധവ്യഞ്ജനങ്ങൾ, കയർ എന്നിവയുടെ കൃഷിയിലും ഉൽപ്പാദനത്തിലും സ്ത്രീകളുടെ പങ്കാളിത്തം, സ്ത്രീകളുടെ നേതൃത്വത്തിലുള്ള എഫ്‌പ‌ിഒകളുടെ പ്രവർത്തനങ്ങൾ, സ്ത്രീകൾ രൂപകൽപ്പന ചെയ്ത നാടൻ കളിപ്പാട്ടങ്ങൾ, കൈത്തറി, കരകൗശല വസ്തുക്കൾ, ആയുർവേദ - സൗഖ്യ ഉൽപ്പന്നങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്നതിനായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി രൂപകല്പനചെയ്തു തയ്യാറാക്കിയ പ്രദർശനവും പ്രധാന പരിപാടിയോടൊപ്പം സംഘടിപ്പിക്കും. പ്രേക്ഷകർക്ക് അതിമനോഹരമായ അനുഭവമേകുന്ന ഡിജിറ്റൽ സവിശേഷതകൾ പ്രദർശനത്തിലുണ്ടാകും.

സമ്മേളനങ്ങൾക്കു പുറമേ, കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് (കെഎസിവി) സന്ദർശനവും ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതു പ്രതിനിധികൾക്ക് ഇന്ത്യൻ കലകളും കരകൗശലവിദ്യയും പരിചയപ്പെടുത്തുകയും കരകൗശല വിദഗ്ധരുമായി സംവദിക്കാൻ അവസരമൊരുക്കുകയും ചെയ്യും. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെക്കുറിച്ചുള്ള ആകർഷകമായ കാഴ്ചകൾ സമ്മാനിക്കുന്ന സാംസ്കാരിക പരിപാടികൾ വൈകുന്നേരങ്ങളിൽ സംഘടിപ്പിക്കും. ഇന്ത്യയുടെ പരമ്പരാഗത രീതികളും മികച്ച പാചകരീതികളും അനുഭവിക്കുന്നതിനായി പ്രാദേശിക പാചകരീതികളും ചെറുധാന്യങ്ങൾ അടിസ്ഥാനമാക്കിയുള്ള ഭക്ഷണവും പരിപാടികളിൽ വിളമ്പും.

സമാപന സമ്മേളനം പ്രധാന അനന്തരഫലങ്ങൾ തിരിച്ചറിയുന്നതിലും സമവായത്തിലെത്തിയ ആശയങ്ങളിൽ ജി20 എംപവർ മുൻഗണനകളിലുടനീളം പ്രവർത്തനങ്ങൾ നടത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും.

ജി20 എംപവർ ആദ്യ യോഗത്തിന്റെ സമാപന സമ്മേളനം, സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിലുള്ള കൂട്ടായ വിശ്വാസം ആവർത്തിക്കുകയും,  ലിംഗപരമായ അന്തരം നികത്താൻ 132 വർഷമെടുക്കുമെന്ന അനുമാനം (ലോക സാമ്പത്തിക ഫോറം 2022)  സഖ്യത്തിന്റെ അടിയന്തരവും നിശ്ചയദാർഢ്യമുള്ളതും ധീരവും പരിവർത്താനത്മകവുമായ നടപടികളിലൂടെ അസാധുവാക്കുമെന്നു പ്രതിജ്ഞയെടുക്കുകയും ചെയ്തിരുന്നു.

വിവിധ സെഷനുകളിലെ പ്രമേയാധിഷ്ഠിത ചർച്ചകളും ആലോചനകളും ജി20 എംപവർ വിജ്ഞാപനത്തിൽ പ്രതിഫലിക്കുകയും ജി20 നേതാക്കൾക്കുള്ള ശുപാർശകളായി നൽകുകയും ചെയ്യും. എല്ലാ അന്താരാഷ്ട്ര യോഗങ്ങളിലെയും പ്രധാന പരിപാടികളിൽനിന്നും അനുബന്ധ പരിപാടികളിൽനിന്നുമുള്ള ഫലങ്ങളിൽനിന്നുരുത്തിരിയുന്ന സമവായത്തിലെത്തിയ ആശയങ്ങൾ ജി20 എംപവർ 2023ന്റെ വിജ്ഞാപനത്തിന്റെ ഭാഗമാകും.

മെച്ചപ്പെട്ട നാളെ കൈവരിക്കാനുള്ള നമ്മുടെ ശ്രമങ്ങളുടെ കേന്ദ്രബിന്ദുവായി സ്ത്രീകളെ പ്രതിഷ്ഠിക്കുമ്പോൾതന്നെ സാമ്പത്തിക അഭിവൃദ്ധിയിലേക്കുള്ള വികസനത്തിന്റെ അടുത്ത ഘട്ടത്തിനുള്ള കാര്യപരിപാടി നിശ്ചയിക്കുന്നതിൽ ജി20 എംപവറിനു നിർണായക പങ്കുണ്ടെന്ന് ഇന്ത്യ വിശ്വസിക്കുന്നു.

ആഗ്രയിൽ നടന്ന എംപവർ ആദ്യയോഗത്തിൽ കേന്ദ്ര വനിതാ-ശിശുവികസന മന്ത്രി ശ്രീമതി സ്മൃതി സുബിൻ ഇറാനി പറഞ്ഞതിങ്ങനെ :
"നിങ്ങളുടെ ഭാവി ശരിയായ തലത്തിലായിരിക്കണമെന്നു നിങ്ങൾ ആഗ്രഹ‌ിക്കുന്നണ്ടെങ്കിൽ, ഭാവിയിലേക്കു തയ്യാറാകാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കി‌ൽ, സ്ത്രീകളാണ് എന്തിന്റെയും കേന്ദ്രസ്ഥാനത്ത് എന്നും നിങ്ങളുടെ തീരുമാനത്തിന്റെ കേന്ദ്രം സ്ത്രീകളാണെന്നും ഉറപ്പാക്കുക".

-ND-



(Release ID: 1913189) Visitor Counter : 181