വിദേശകാര്യ മന്ത്രാലയം

ജി 20 ഷെർപ്പമാരുടെ രണ്ടാം യോഗം കേരളത്തിലെ കുമരകത്ത് (2023 മാർച്ച് 30 മുതൽ ഏപ്രിൽ 2 വരെ)



Posted On: 29 MAR 2023 4:23PM by PIB Thiruvananthpuram

ഇന്ത്യയുടെ ജി 20 അധ്യക്ഷപദത്തിനു കീഴിലുള്ള ജി 20 ഷെർപ്പമാരുടെ രണ്ടാം യോഗം 2023 മാർച്ച് 30 മുതൽ ഏപ്രിൽ 2 വരെ കേരളത്തിലെ കുമരകത്തു നടക്കും. ഇന്ത്യയുടെ ജി 20 ഷെർപ്പ ശ്രീ അമിതാഭ് കാന്ത് അധ്യക്ഷനാകും. ജി 20 അംഗങ്ങൾ, ക്ഷണിക്കപ്പെട്ട 9 രാഷ്ട്രങ്ങൾ, വിവിധ അന്താരാഷ്ട്ര- പ്രാദേശിക സംഘടനകൾ എന്നിവയിൽ നിന്നുള്ള 120-ലധികം പ്രതിനിധികൾ പങ്കെടുക്കുന്ന നാലു ദിവസത്തെ സമ്മേളനത്തിൽ, ജി20 യുടെ സാമ്പത്തിക-വികസന മുൻഗണനകളെക്കുറിച്ചും സമകാലിക ആഗോള വെല്ലുവിളികൾ അഭിമുഖീകരിക്കുന്നതിനെക്കുറിച്ചും ബഹുമുഖ ചർച്ചകൾ നടക്കും. നയപരമായ സമീപനങ്ങളിലും കൃത്യമായ നടപ്പാക്കലിലും ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിക്കും.

ആഗോളതലത്തിൽ ആശങ്കയുണർത്തുന്ന നി‌രവധി വിഷയങ്ങളിൽ ഷെർപ്പമാരുടെ രണ്ടാം യോഗം പ്രവർത്തിക്കും. കൂടാതെ ഷെർപ്പ ട്രാക്കിനുള്ളിലെ 13 പ്രവർത്തകസമിതികൾക്കുകീഴിൽ നടക്കുന്ന പ്രവർത്തനങ്ങളും ചർച്ചയാകും. കൂടാതെ, 11 നിർവഹണസമിതികളും 4 സംരംഭങ്ങളും (ഗവേഷണ-നവീകരണ സംരംഭ സദസ് അഥവാ ആർഐഐജി, അധികാരസമിതി, ബഹിരാകാശ സാമ്പത്തിക തലവന്മാരുടെ യോഗം അഥവാ എസ്ഇഎൽഎം, മുഖ്യ ശാസ്ത്ര ഉപദേഷ്ടാക്കളുടെ വട്ടമേശസമ്മേളനം അഥവാ സിഎസ്എആർ) പൊതുസമൂഹം, സ്വകാര്യ മേഖല, പഠന-ഗവേഷണ വിഭാഗം, സ്ത്രീകൾ, യുവാക്കൾ, ശാസ്ത്രപുരോഗതി, ഗവേഷണം എന്നിവയുടെ വീക്ഷണകോണിൽനിന്നു നയശുപാർശകളേകും. ഷെർപ്പ യോഗങ്ങളുടെ ചർച്ചകൾ വിവിധ ഷെർപ്പ ട്രാക്ക് - സാമ്പത്തിക ട്രാക്ക് യോഗങ്ങളുടെ അനന്തരഫലങ്ങൾ മുന്നോട്ടു കൊണ്ടുപോകും. 2023 സെപ്തംബറിൽ നടക്കുന്ന ന്യൂഡൽഹി ഉച്ചകോടിയിൽ അംഗീകരിക്കാൻ ഉദ്ദേശിക്കുന്ന നേതാക്കളുടെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനമായി മാറുകയും ചെയ്യും.

ഈ കാലഘട്ടത്തിലെ വൈവിധ്യമാർന്ന ആഗോള വെല്ലുവിളികൾ, വികസ്വര രാജ്യങ്ങളുടെ ആശങ്കകൾ, സമാനമായ അന്താരാഷ്ട്ര കാര്യപരിപാടികൾ, പ്രത്യേകിച്ചു വികസനവും പരിസ്ഥിതി അജണ്ടയും മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള കൂട്ടായ പ്രവർത്തനത്തിന്റെ ആവശ്യകത എന്നിവ കണക്കിലെടുത്താണ് ഇന്ത്യ ജി20 മുൻഗണനകൾ തെരഞ്ഞെടുത്തത്. ഈ സാഹചര്യത്തിൽ, ഇന്ത്യയുടെ ജി20 പ്രമേയമായ "വസുധൈവ കുടുംബകം - ഒരു ഭൂമി - ഒരു കുടുംബം - ‌ഒ‌രു ഭാവി" വിശാലമായ പിന്തുണ വർധിപ്പിക്കുന്നതിനും നിർണായകവും അഭിലഷണീയവും ഉൾക്കൊള്ളുന്നതും പ്രവർത്തനാധിഷ്ഠിതവുമായ ഫലങ്ങളിൽ എത്തിച്ചേരുന്നതിനുമായി ജി20യുടെ സമാനകാഴ്ചപ്പാട് ഉചിതമായി ഉൾക്കൊള്ളുന്നു. അത്തരം ഫലങ്ങൾക്കായുള്ള പ്രത്യാശ വളർത്തുന്നതിനു ജി 20 ഒത്തുചേർന്നു കുടുംബമായി പ്രവർത്തിക്കേണ്ടതുണ്ട്.

ഹരിതവികസനവും കാലാവസ്ഥാ സമ്പദ്പ്രവർത്തനവും ലൈഫും (പരിസ്ഥിതിസൗഹൃദ ജീവിതശൈലി); ത്വരിതഗതിയിലുള്ളതും ഉൾക്കൊള്ളുന്നതും ഊർജസ്വലവുമായ വളർച്ച; സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ (എസ്‌ഡിജികൾ) പുരോഗതി ത്വരിതപ്പെടുത്തൽ; സാങ്കേതിക പരിവർത്തനവും ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യവും; 21-ാം നൂറ്റാണ്ടിലെ ബഹുമുഖ സ്ഥാപനങ്ങൾ; സ്ത്രീകളുടെ നേതൃത്വത്തിലെ വികസനം എന്നിവ ഇന്ത്യയുടെ ജി20 അധ്യക്ഷപദവിക്കാലത്തു നടക്കുന്ന ചർച്ചകളിൽ ഉൾപ്പെടുന്നു. ഈ മുൻഗണനകൾ 2023 ജനുവരിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആതിഥേയത്വം വഹിച്ച ആദ്യത്തെ 'വോയ്സ് ഓഫ് ഗ്ലോബൽ സൗത്ത്' ഉച്ചകോടിയിൽ പങ്കെടുത്ത 125 രാജ്യങ്ങൾ പ്രകടിപ്പിച്ച ഗ്ലോബൽ സൗത്തിന്റെ ആവശ്യങ്ങൾ പ്രതിഫലിപ്പിക്കുന്നു.

(i) ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യം (ഡിപിഐ)  (ii) ഹരിത വികസനം എന്നീ വിഷയത്തിൽ രണ്ട് ഉന്നതതല അനുബന്ധ പരിപാടികളോടെ 2023 മാർച്ച് 30ന് യോഗം ആരംഭിക്കും. നാസ്‌കോം, ബിൽ & മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ, ഡിജിറ്റൽ ഇംപാക്റ്റ് അലയൻസ് (ഡയൽ) എന്നിവയുടെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യ അനുബന്ധ പരിപാടി, എല്ലാ ജി20 പ്രതിനിധികൾക്കും സവിശേഷാനുഭവം പ്രദാനം ചെയ്താകും തുടക്കംകുറിക്കുക. തുടർന്ന് ആഗോള വെല്ലുവിളികളെക്കുറിച്ചും വളർച്ചയെ അടിസ്ഥാനമാക്കിയുള്ളതും ഉൾക്കൊള്ളുന്നതുമായ ഡിപിഐ കെട്ടിപ്പടുക്കുന്നതിനുള്ള അവസരങ്ങളെക്കുറിച്ചും വിവിധ പാനൽ ചർച്ചകൾ നടക്കും. നന്ദൻ നിലേക്കണി (ഇൻഫോസിസ് ടെക്നോളജീസ് ലിമിറ്റഡ് സഹസ്ഥാപകനും ചെയർമാനും), തിയറി ബ്രെട്ടൺ (യൂറോപ്യൻ യൂണിയൻ ഇന്റേണൽ മാർക്കറ്റ് കമ്മീഷണർ), പ്രിയ വോറ (ഡിജിറ്റൽ ഇംപാക്റ്റ് അലയൻസ് മാനേജിങ് ഡയറക്ടറും ബ്രൂക്കിങ്സ് ഇൻസ്റ്റിറ്റ്യൂട്ട് നോൺ റെസിഡന്റ്ഫെലോയും), പ്രമോദ് വർമ (ഏക്‌സ്റ്റെപ്പ് ഫൗണ്ടേഷൻ സിടിഒയും ആധാറിന്റെ മുൻ ചീഫ് ആർക്കിടെക്റ്റും) എന്നിവർ ഡിപിഐ അനുബന്ധപരി‌പാടിയെ അഭിസംബോധന ചെയ്യും. ഇന്ത്യയിലെ യുഎൻ റെസിഡന്റ് കോർഡിനേറ്റർ ഓഫീസ് (യുഎൻആർസി), ഒബ്സർവർ റിസർച്ച് ഫൗണ്ടേഷൻ (ഒആർഎഫ്) എന്നിവയുടെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന ഹരിത വികസനത്തെക്കുറിച്ചുള്ള അനുബന്ധ പരിപാടി, ഹരിതവികസനത്തിന്റെ പുതിയ കാഴ്ചപ്പാടു മുന്നോട്ടുകൊണ്ടുപോകുന്നതിന് ആവശ്യമായ ആഗോള ശ്രമങ്ങളെക്കുറിച്ച് ആഴത്തിലുള്ള കാഴ്ചപ്പാടു നൽകും. വികസ്വര രാജ്യങ്ങളുടെ ആവശ്യങ്ങളോടും വെല്ലുവിളികളോടും പൊരുത്തപ്പെടുന്നതും സജീവമായതും പ്രതികരിക്കുന്നതുമായ നയ ചട്ടക്കൂടിലൂടെയും അനുയോജ്യവും നവീകരിച്ചതുമായ അന്തർദേശീയ സാഹചര്യത്തിലൂടെയും വികസന-പാരിസ്ഥിതിക ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള നമ്മുടെ ശ്രമങ്ങളിൽ സമന്വയം പരമാവധി വർധിപ്പിക്കുന്ന ഒന്നാകും ഇത്. ഹരിത വികസന അനുബന്ധ പരിപാടിയെ ജെഫ്രി സാക്‌സ് (ഡയറക്ടർ, സുസ്ഥിര വികസനം, കൊളംബിയ സർവകലാശാല), അവിനാഷ് പെർസാദ് (നിക്ഷേപവും സാമ്പത്തിക സേവനങ്ങളും സംബന്ധിച്ച ബാർബഡോസ് പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി; കാലാവസ്ഥാ ധനകാര്യത്തെക്കുറിച്ചുള്ള സ്വതന്ത്ര ഉന്നതതല വിദഗ്ധ സംഘാംഗം), മറ്റ് പാനലിസ്റ്റുകൾ എന്നിവർ അഭിസംബോധന ചെയ്യും.

ഇന്ത്യ, ഇന്തോനേഷ്യ, ബ്രസീൽ എന്നിവരടങ്ങുന്ന ജി 20 ട്രോയിക്കയുമായുള്ള ചർച്ചകൾക്ക് ഇന്ത്യയുടെ ജി20 ഷെർപ്പ ശ്രീ അമിതാഭ് കാന്ത് നേതൃത്വം നൽകും. ജി20 ഷെർപ്പകളുമായും ജി 20 അംഗങ്ങളുടെ പ്രതിനിധിസംഘത്തലവന്മാരുമായും ഉയർന്നുവരുന്ന വിപണിസമ്പദ്‌വ്യവസ്ഥകളിൽ(ഇഎംഎ) നിന്നുള്ള ക്ഷണിതാക്കളുമായും അന്താരാഷ്ട്ര സംഘടനകളുമായും ഗ്ലോബൽ സൗത്ത്, വികസിത സമ്പദ്‌വ്യവസ്ഥകൾ (എഇ) എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അദ്ദേഹം ചർച്ച ചെയ്യും. സമാന മുൻഗണനകളെക്കുറിച്ചും പരസ്പര പ്രയോജനകരമായ മുന്നോട്ടുള്ള വഴികളെക്കുറിച്ചും ചർച്ച ചെയ്യും.

സംസ്ഥാന ഗവണ്മെന്റുമായി സഹകരിച്ച്, കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും വൈവിധ്യമാർന്ന വിഭവങ്ങളും ആസ്വദിക്കാനുള്ള സവിശേഷ അവസരവും ‌ഒരുക്കും. 'ചർച്ചയും ആഹാരവും', സംസ്കാരിക പരിപാടികൾ,  മിനി തൃശൂർ പൂരം, പരമ്പരാഗത ഓണസദ്യ, ചായ വള്ളം (വള്ളത്തിലിരുന്നുള്ള ചായസൽക്കാരം) തുടങ്ങി നിരവധി കാര്യങ്ങൾ പ്രതിനിധികൾക്കായി സംഘടിപ്പിക്കുന്നുണ്ട്.

ND 

***



(Release ID: 1911811) Visitor Counter : 548