യുവജനകാര്യ, കായിക മന്ത്രാലയം
എസ്‌സിഒ രാജ്യങ്ങളിലെ കായിക വിദ്യാഭ്യാസ മന്ത്രിമാരുടെ ഉച്ചകോടിയിൽ ശ്രീ അനുരാഗ് സിങ് താക്കൂർ അധ്യക്ഷനായി
എസ്‌സിഒ അംഗരാജ്യങ്ങളുടെ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ കഴിഞ്ഞതിൽ ഇന്ത്യ അഭിമാനിക്കുന്നു: ശ്രീ അനുരാഗ് സിങ് താക്കൂർ
Posted On:
15 MAR 2023 7:51PM by PIB Thiruvananthpuram
‘കായികരംഗത്തും ശാരീരികക്ഷമതയിലും സഹകരണം’ എന്ന വിഷയത്തിൽ ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷനിലെ (എസ്‌സിഒ) എട്ടു രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത മൂന്നു ദിവസത്തെ ഉച്ചകോടി 2023 മാർച്ച് 15നു സമാപിച്ചു. കേന്ദ്ര ഗവൺമെന്റിന്റെ യുവജനകാര്യ, കായിക മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു ഉച്ചകോടി.
ന്യൂഡൽഹിയിലാണ് ഉച്ചകോടി നടന്നത്. ആദ്യ രണ്ടു ദിവസം എസ്‌സിഒ രാജ്യങ്ങളിലെ വിദഗ്ധരുൾപ്പെടുന്ന പ്രവർത്തകസമിതിയുടെ ചർച്ചകൾക്കായി നീക്കിവച്ചിരുന്നു. അവസാന ദിവസമാണ് കേന്ദ്രമന്ത്രി ശ്രീ അനുരാഗ് സിങ് താക്കൂറിന്റെ അധ്യക്ഷതയിൽ മന്ത്രിമാരുടെ യോഗം നടന്നത്.
'ആസാദി കാ അമൃത് കാലി'ന്റെ ആദ്യ വർഷം (ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 76-ാം വർഷം), ഇന്ത്യക്ക് ജി 20 അധ്യക്ഷപദം ലഭിച്ച വർഷം എന്നീ പ്രത്യേകതകളുള്ള വർഷത്തിൽ എസ്‌സിഒ രാജ്യങ്ങൾക്ക് ആതിഥേയത്വം വഹിക്കാനായത് ഇന്ത്യക്കും യുവജന - കായികമന്ത്രാലയത്തിനും അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു.
"കായികമേഖലയുടെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന വിഷയങ്ങളിൽ എസ്‌സിഒ രാജ്യങ്ങളുമായി സഹകരിക്കുന്നതിലും, ആശയങ്ങൾ കൈമാറുന്നതിലും, ഓരോ അംഗരാജ്യങ്ങളുടെയും വൈദഗ്ധ്യം ഉപയോഗിച്ച് കായികമേഖലയോടുള്ള പൊതുവായ പ്രതിബദ്ധതയ്ക്കു കരുത്തേകാൻ സഹായിക്കുന്ന പൊതുവേദി കെട്ടിപ്പടുക്കുന്നതിലും ഞങ്ങൾ സന്തുഷ്ടരാണ്" - അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയെ കായികമേഖലയുടെ വഴികാട്ടിയാക്കാനും രാജ്യത്തെ വികസിത കായിക രാഷ്ട്രമാക്കി മാറ്റാനുമുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടും അദ്ദേഹം ആവർത്തിച്ചു.
കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, റഷ്യ, ഉസ്ബെക്കിസ്ഥാൻ, ഇന്ത്യ, പാകിസ്ഥാൻ (ന്യൂഡൽഹിയിലെ ചാർജ് ഡി അഫയേഴ്സ് ഹൈക്കമ്മീഷനെ പ്രതിനിധാനം ചെയ്ത് ) പ്രതിനിധികൾ ചർച്ചയിൽ നേരിട്ടു പങ്കെടുത്തു. ചൈന, താജിക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ വെർച്വലായും പങ്കെടുത്തു. കളങ്കമില്ലാത്ത കായികരംഗത്ത് അന്താരാഷ്ട്ര പ്രതിബദ്ധതകൾ ശരിയായി നടപ്പാക്കുന്നതിനായി കായിക വിദ്യാഭ്യാസം, ശുദ്ധമായ കായികരംഗം, കായികശാസ്ത്രം എന്നീ മേഖലകളിൽ വർധിച്ച സഹകരണത്തിന്റെയും സമ്മേളനങ്ങൾ/സെമിനാറുകൾ/പരിശീലന പരിപാടികൾ എന്നിവ സംഘടിപ്പിക്കേണ്ടതിന്റെയും ആവശ്യകത എല്ലാ രാജ്യങ്ങളും ആവർത്തിച്ചു.
യോഗ, വുഷു തുടങ്ങി ശാരീരികക്ഷമത നിലനിർത്തുന്ന എസ്‌സിഒയുടെ പരമ്പരാഗത പ്രവർത്തനങ്ങളുടെ പ്രാധാന്യത്തെ അവർ അഭിനന്ദിച്ചു. ജീവിതശൈലിയെന്ന നിലയിലും കായിക ഇനമെന്ന നിലയിലും ശാരീരികക്ഷമത മെച്ചപ്പെടുത്തുന്നതിൽ അതിന്റെ പങ്കിനെ അംഗീകരിക്കുകയും ചെയ്തു. സ്പോർട്‌സ് മെഡിസിൻ, രോഗശാന്തി, കായികരംഗത്തെ മികവ് എന്നിവയ്ക്കുള്ള സഹായമെന്ന നിലയിൽ എസ്‌സിഒ രാജ്യങ്ങളിലെ പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ പങ്കും ചർച്ചയായി.
ഉച്ചകോടിക്കു വിജയകരമായി ആതിഥേയത്വം വഹിച്ചതിന് എസ്‌സിഒ അംഗങ്ങൾ ഇന്ത്യയെ അഭിനന്ദിക്കുകയും ആതിഥേയ രാജ്യത്തിനു നന്ദി അറിയിക്കുകയും ചെയ്തു.
-ND-
(Release ID: 1907356)
Visitor Counter : 121