പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ബജറ്റുമായി ബന്ധപ്പെട്ട ‘പിഎം വിശ്വകർമ കൗശൽ സമ്മാൻ’ വെബിനാറിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു


“കരകൗശലത്തൊഴിലാള‌ികളെയും ചെറുകിട വ്യവസായങ്ങളുമായി ബന്ധപ്പെട്ടവരെയും കൈപിടിച്ചുയർത്താൻ ലക്ഷ്യമിട്ടുള്ളതാണു പിഎം വിശ്വകർമ യോജന”

“ഈ വർഷത്തെ ബജറ്റിൽ പിഎം വിശ്വകർമ യോജനയുടെ പ്രഖ്യാപനം ഏവരുടെയും ശ്രദ്ധയാകർഷിച്ചു”

“പ്രാദേശിക കരകൗശലവസ്തുക്കളുടെ ഉൽപ്പാദനത്തിൽ ചെറുകിട കരകൗശലത്തൊഴിലാളികൾ പ്രധാന പങ്കുവഹിക്കുന്നു. പിഎം വിശ്വകർമ യോജന അവരെ ശാക്തീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു”

“പരമ്പരാഗത കരകൗശലവിദഗ്ധരുടെ സമ്പന്നമായ പാരമ്പര്യം സംരക്ഷിക്കാനാണു പിഎം വിശ്വകർമ യോജന ലക്ഷ്യമിടുന്നത്”

“വിദഗ്ധരായ കരകൗശലത്തൊഴിലാളികൾ സ്വയംപര്യാപ്ത ഇന്ത്യയുടെ യഥാർഥ ചൈതന്യത്തിന്റെ പ്രതീകങ്ങളാണ്. അത്തരം ജനങ്ങളെ ഞങ്ങളുടെ ഗവണ്മെന്റ് നവഭാരതത്തിന്റെ വിശ്വകർമരായി കണക്കാക്കുന്നു”

“ഗ്രാമത്തിന്റെ വികസനത്തിനായി ഓരോ വിഭാഗത്തെയും ശാക്തീകരിക്കേണ്ടത് ഇന്ത്യയുടെ വികസനയാത്രയ്ക്ക് അത്യന്താപേക്ഷിതമാണ്”

“രാജ്യത്തെ വിശ്വകർമരുടെ ആവശ്യങ്ങൾക്കനുസരിച്ചു നമ്മുടെ നൈപുണ്യ അടിസ്ഥാനസൗകര്യ സംവിധാനം പുനഃക്രമീകരിക്കേണ്ടതുണ്ട്”

“ഇന്നത്തെ വിശ്വകർമർക്കു നാളത്തെ സംരംഭകരാകാനാകും”

“കരകൗശലത്തൊഴിലാളികൾ മൂല്യശൃംഖലയുടെ ഭാഗമാകുമ്പോൾ അവരെ ശക്തിപ്പെടുത്താനാകും”


Posted On: 11 MAR 2023 11:15AM by PIB Thiruvananthpuram

ബജറ്റുമായി ബന്ധപ്പെട്ട ‘പിഎം വിശ്വകർമ കൗശൽ സമ്മാൻ’ വെബിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. 2023ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച സംരംഭങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള ആശയങ്ങളും നിർദേശങ്ങളും തേടുന്നതിനായി ബജറ്റിനുശേഷം ഗവണ്മെന്റ് സംഘടിപ്പിച്ച 12 വെബിനാറുകളുടെ പരമ്പരയിലെ അവസാനത്തേതാണിത്.

വെബിനാറിനെ അഭിസംബോധന ചെയ്യവേ, കഴിഞ്ഞ മൂന്നുവർഷമായി ബജറ്റിനുശേഷം ബന്ധപ്പെട്ടവരുമായി ആശയവിനിമയം നടത്തുന്ന പാരമ്പര്യം ഉയർന്നുവന്നിട്ടുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. ഈ ചർച്ചകളിൽ എല്ലാ പങ്കാളികളും ഫലപ്രദമായി പങ്കെടുത്തതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ബജറ്റ് തയ്യാറാക്കുന്നതിനെക്കുറിച്ചു ചർച്ചചെയ്യുന്നതിനുപകരം, ബജറ്റിലെ വ്യവസ്ഥകൾ നടപ്പാക്കുന്നതിനുള്ള ഏറ്റവും മികച്ച മാർഗങ്ങളെക്കുറിച്ചാണു ബന്ധപ്പെട്ടവർ ചർച്ചചെയ്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബജറ്റിനുശേഷമുള്ള വെബിനാറുകളുടെ പരമ്പര പുതിയ അധ്യായമാണെന്നും പാർലമെന്റംഗങ്ങൾ പാർലമെന്റിനുള്ളിൽ നടത്തുന്ന ചർച്ചകൾ എല്ലാ പങ്കാളികളും നടത്തുന്നുണ്ടെന്നും അവരിൽനിന്നു വിലയേറിയ നിർദേശങ്ങൾ ലഭിക്കുന്നത് ഏറെ ഉപയോഗപ്രദമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്നത്തെ വെബിനാർ കോടിക്കണക്കിന് ഇന്ത്യക്കാരുടെ നൈപുണ്യത്തിനും പ്രാഗത്ഭ്യത്തിനും സമർപ്പിക്കുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. ‘സ്കിൽ ഇന്ത്യ’ ദൗത്യത്തിലൂടെയും ‘കൗശൽ റോസ്ഗാർ’ കേന്ദ്രത്തിലൂടെയും കോടിക്കണക്കിനു യുവാക്കൾക്കു നൈപുണ്യവും തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നതിനെക്കുറിച്ചു പരാമർശിക്കവേ, നിർദിഷ്ടവും ലക്ഷ്യബോധമുള്ളതുമായ സമീപനത്തിന്റെ ആവശ്യകത പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പിഎം വിശ്വകർമ കൗശൽ സമ്മാൻ യോജന അഥവാ പിഎം വിശ്വകർമ ഈ ചിന്തയുടെ ഫലമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. പദ്ധതിയുടെ ആവശ്യകതയെക്കുറിച്ചും ‘വിശ്വകർമ’ എന്ന പേരിന്റെ യുക്തിയെക്കുറിച്ചും വിശദീകരിച്ച പ്രധാനമന്ത്രി, ഭാരതീയ ധർമചിന്തയിൽ വിശ്വകർമ ഭഗവാന്റെ ഉന്നതമായ പദവിയെക്കുറിച്ചും കൈകൊണ്ടു പണിയായുധങ്ങൾ പ്രവർത്തിപ്പിക്കുന്നവരെ ബഹുമാനിക്കുന്ന സമ്പന്നമായ പാരമ്പര്യത്തെക്കുറിച്ചും സംസാരിച്ചു.

ഏതാനും മേഖലകളിലെ കരകൗശല വിദഗ്ധർക്ക് അൽപ്പം ശ്രദ്ധ ലഭിച്ചിട്ടുണ്ടെങ്കിലും സമൂഹത്തിന്റെ അവിഭാജ്യഘടകങ്ങളായ ആശാരിമാർ, ഇരുമ്പുപണിക്കാർ, ശിൽപ്പികൾ, കൊത്തുപണിക്കാർ തുടങ്ങി നിരവധി കരകൗശലത്തൊഴിലാളികൾ അവഗണിക്കപ്പെട്ടിരിക്കുകയായ‌ിരുന്നു. എന്നാൽ, സമൂഹത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി മാറുന്ന കാലവുമായി അവർ പൊരുത്തപ്പെടുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു.

“പ്രാദേശിക കരകൗശലവസ്തുക്കളുടെ നിർമാണത്തിൽ ചെറുകിട കരകൗശലത്തൊഴിലാളികൾ പ്രധാന പങ്കുവഹിക്കുന്നു. അവരെ ശാക്തീകരിക്കുന്നതിലാണു പിഎം വിശ്വകർമ യോജന ശ്രദ്ധ കേന്ദ്രീകരിക്കുന്നത്” - പ്രധാനമന്ത്രി പറഞ്ഞു. കയറ്റുമതിയിൽ വൈദഗ്ധ്യമുള്ള പ്രാചീന ഇന്ത്യയിലെ കരകൗശല വിദഗ്ധർ അവരുടേതായ രീതിയിൽ സംഭാവന ചെയ്തിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈ വിദഗ്ധ തൊഴിലാളികൾ ദീർഘകാലം അവഗണിക്കപ്പെട്ടിരുന്നുവെന്നും അടിമത്തത്തിന്റെ നീണ്ട വർഷങ്ങളിൽ അവരുടെ ജോലി പ്രാധാന്യമില്ലാത്തതായി കണക്കാക്കപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചശേഷവും, അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കാൻ ഗവണ്മെന്റിന്റെ ഭാഗത്തുനിന്നു നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും തൽഫലമായി, മറ്റെവിടെയെങ്കിലും ഉപജീവനത്തിനായി നൈപുണ്യത്തിന്റെയും കരകൗശലത്തിന്റെയും പല പരമ്പരാഗത വഴികളും കുടുംബങ്ങൾ ഉപേക്ഷിച്ചുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നൂറ്റാണ്ടുകളായി പരമ്പരാഗതരീതികൾ ഉപയോഗിക്കുന്ന തങ്ങളുടെ കരകൗശലവിദ്യ ഈ തൊഴിലാളിവർഗം സംരക്ഷിച്ചിട്ടുണ്ടെന്നും അവരുടെ അസാധാരണ കഴിവുകളും അതുല്യമായ സൃഷ്ടികളുംകൊണ്ട് അവർ വ്യക്തിമുദ്ര പതിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. “നൈപുണ്യമുള്ള കരകൗശല വിദഗ്ധർ സ്വയംപര്യാപ്ത ഇന്ത്യയുടെ യഥാർഥ ചൈതന്യത്തിന്റെ പ്രതീകങ്ങളാണ്. അത്തരം ജനങ്ങളെ ഞങ്ങളുടെ ഗവണ്മെന്റ് പുതിയ ഇന്ത്യയുടെ വിശ്വകർമരായാണു കണക്കാക്കുന്നത്”. സ്വന്തം കൈകൊണ്ട് അധ്വാനിച്ച് ഉപജീവനത്തിനുള്ള വഴികണ്ടെത്തുന്ന,ഗ്രാമങ്ങളിലെയുംപട്ടണങ്ങളിലെയും വിദഗ്ധരായ കരകൗശലത്തൊഴിലാളികൾക്കായാണു പിഎം വിശ്വകർമ കൗശൽ സമ്മാൻ യോജന ആരംഭിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

മനുഷ്യന്റെ സാമൂഹ്യസ്വഭാവത്തിന് ഊന്നൽ നൽകി, സമൂഹത്തിന്റെ നിലനിൽപ്പിനും അഭിവൃദ്ധിക്കും അത്യന്താപേക്ഷിതമായ സാമൂഹ്യ ജീവിതത്തിന്റെ ധാരകളുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. സാങ്കേതികവിദ്യയുടെ സ്വാധീനം വർധിച്ചുവന്നിട്ടും ഈ ജോലികൾ പ്രസക്തമായി തുടരുന്നു. ചിതറിക്കിടക്കുന്ന ഇത്തരം കരകൗശലത്തൊഴിലാളികളിലാണു പിഎം വിശ്വകർമ യോജന ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗാന്ധിജിയുടെ ‘ഗ്രാമസ്വരാജ്’ എന്ന ആശയം പരാമർശിക്കവേ, കൃഷിയോടൊപ്പം ഗ്രാമീണ ജീവിതത്തിലും ഈ തൊഴിലുകൾ വഹിക്കുന്ന പങ്കു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “ഗ്രാമത്തിന്റെ വികസനത്തിനായി ഓരോ വിഭാഗത്തെയും ശാക്തീകരിക്കേണ്ടത് ഇന്ത്യയുടെ വികസനയാത്രയ്ക്ക് അത്യന്താപേക്ഷിതമാണ്” - അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി സ്വനിധി പദ്ധതിയിലൂടെ തെരുവോരക്കച്ചവടക്കാർക്കു ലഭിക്കുന്ന ആനുകൂല്യത്തിനു സമാനമായി പിഎം വിശ്വകർമ യോജന കരകൗശലത്തൊഴിലാളികൾക്കു ഗുണംചെയ്യുമെന്നു പ്രധാനമന്ത്രി പറഞ്ഞു.

വിശ്വകർമയുടെ ആവശ്യങ്ങൾക്കനുസൃതമായി നൈപുണ്യ അടിസ്ഥാനസൗകര്യ സംവിധാനം പുനഃക്രമീകരിക്കേണ്ടതിന്റെ ആവശ്യകതയ്ക്കു പ്രധാനമന്ത്രി ഊന്നൽ നൽകി. ബാങ്ക് ഗ്യാരന്റിയില്ലാതെ ഗവണ്മെന്റ് കോടിക്കണക്കിനു രൂപയുടെ വായ്പ നൽകുന്ന മുദ്ര യോജനയുടെ ഉദാഹരണം അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പദ്ധതി നമ്മുടെ വിശ്വകർമർക്കു പരമാവധി പ്രയോജനം നൽകണമെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം, വിശ്വകർമ സുഹൃത്തുക്കൾക്കു മുൻഗണന നൽകിയുള്ള ഡിജിറ്റൽ സാക്ഷരതാ യജ്ഞങ്ങളുടെ ആവശ്യകതയും പരാമർശിച്ചു.

കൈകൊണ്ടു നിർമ്മിച്ച ഉൽപ്പന്നങ്ങൾക്കുള്ള ആകർഷകത്വം തുടരുന്നതു പരാമർശിച്ച പ്രധാനമന്ത്രി, രാജ്യത്തെ ഓരോ വിശ്വകർമർക്കും ഗവണ്മെന്റ് സമഗ്രമായ വ്യവസ്ഥാപിത പിന്തുണ നൽകുമെന്നു വ്യക്തമാക്കി. എളുപ്പത്തിലുള്ള വായ്പകൾ, വൈദഗ്ധ്യം, സാങ്കേതിക പിന്തുണ, ഡിജിറ്റൽ ശാക്തീകരണം, ബ്രാൻഡ് പ്രോത്സാഹനം, വിപണനം, അസംസ്കൃത വസ്തുക്കൾ എന്നിവ ഇതുറപ്പാക്കും. “സമ്പന്നമായ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിനൊപ്പം പരമ്പരാഗത കരകൗശല വിദഗ്ധരെ വികസിപ്പിക്കുക എന്നതാണു പദ്ധതിയുടെ ലക്ഷ്യം” - അദ്ദേഹം പറഞ്ഞു.

“ഇന്നത്തെ വിശ്വകർമർക്കു നാളത്തെ സംരംഭകരാകാൻ കഴിയുക എന്നതാണു ഞങ്ങളുടെ ലക്ഷ്യം. ഇതിനായി, അവരുടെ വ്യവസായ മാതൃകയിൽ സുസ്ഥിരത അനിവാര്യമാണ്” - പ്രധാനമന്ത്രി പറഞ്ഞു. പ്രാദേശിക വിപണിയിൽ മാത്രമല്ല, ആഗോള വിപണിയിലും ഗവണ്മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ  ഉപഭോക്താക്കളുടെ ആവശ്യങ്ങളും പരിഗണിക്കുന്നുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. വിശ്വകർമ സഹപ്രവർത്തകരുടെ കൈപിടിച്ചുയർത്താനും അവരുടെ അവബോധം വർധിപ്പിക്കാനും, അതിലൂടെ, മുന്നോട്ടുപോകാൻ അവരെ സഹായിക്കാനും അദ്ദേഹം എല്ലാ പങ്കാളികളോടും അഭ്യർഥിച്ചു. ഇതിനായി നിങ്ങൾ താഴേത്തട്ടിലേക്കു ചെല്ലണം. ഈ വിശ്വകർമ സഹയാത്രികർക്കിടയിലേക്കു പോകണം.

മൂല്യശൃംഖലയുടെ ഭാഗമാകുമ്പോൾ കരകൗശല വിദഗ്ധരെ ശക്തിപ്പെടുത്താൻ കഴിയുമെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, അവരിൽ പലർക്കും നമ്മുടെ എംഎസ്എംഇ മേഖലയുടെ വിതരണക്കാരും നിർമാതാക്കളുമായി മാറാൻ കഴിയുമെന്നും വ്യക്തമാക്കി. ഉപകരണങ്ങളുടെയും സാങ്കേതികവിദ്യയുടെയും സഹായത്തോടെ അവരെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ഭാഗമാക്കാൻ കഴിയുമെന്നു സൂചിപ്പിച്ച പ്രധാനമന്ത്രി, നൈപുണ്യവും ഗുണമേന്മയുള്ള പരിശീലനവും നൽകാൻ കഴിയുന്ന അവരെ അവരുടെ ആവശ്യങ്ങളുമായി ബന്ധിപ്പിച്ചു വ്യവസായത്തിന് ഉൽപ്പാദനം വർധിപ്പിക്കാൻ കഴിയുമെന്നും പറഞ്ഞു. പദ്ധതികൾക്കു ബാങ്കുകൾ ധനസഹായം നൽകുന്നതിനു സഹായിക്കുന്ന, ഗവണ്മെന്റുകൾ തമ്മിലുള്ള മികച്ച ഏകോപനത്തിനു പ്രധാനമന്ത്രി ഊന്നൽ നൽകി. “ഇത് ഓരോ പങ്കാളിക്കും അനുകൂലമായ സാഹചര്യമായിരിക്കും. കോർപ്പറേറ്റ് കമ്പനികൾക്കു ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ മത്സരവിലയ്ക്കു ലഭിക്കും. വിശ്വസനീയമായ പദ്ധതികളിലാകും ബാങ്കുകളുടെ പണം നിക്ഷേപിക്കുക. ഗവണ്മെന്റിന്റെ പദ്ധതികളുടെ വ്യാപകമായ പ്രഭാവം ഇതു കാട്ടിത്തരും” - പ്രധാനമന്ത്രി പറഞ്ഞു. മികച്ച സാങ്കേതികവിദ്യ, രൂപകൽപ്പന, പാക്കേജിങ്, ധനസഹായം എന്നിവയിൽ സഹായിക്കുന്നതിനൊപ്പം  ഇ-കൊമേഴ്സ് മാതൃകയിലൂടെ കരകൗശല ഉൽപ്പന്നങ്ങൾക്കു വലിയ വിപണി സൃഷ്ടിക്കാനും സ്റ്റാർട്ടപ്പുകൾക്കു കഴിയുമെന്നു് അദ്ദേഹം പറഞ്ഞു. പിഎം-വിശ്വകർമയിലൂടെ സ്വകാര്യമേഖലയുമായുള്ള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ കഴിയുമെന്നും അതുവഴി സ്വകാര്യമേഖലയുടെ നവീകരണ ശക്തിയും വ്യവസായ വൈദഗ്ധ്യവും പരമാവധി വർധിപ്പിക്കാൻ കഴിയുമെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

ശക്തമായ രൂപരേഖ തയ്യാറാക്കാൻ എല്ലാ പങ്കാളികളോടും അഭ്യർഥിച്ചാണു പ്രധാനമന്ത്രി ഉപസംഹരിച്ചത്. രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളിലുള്ള ജനങ്ങളിലേക്ക് എത്തിച്ചേരാൻ ഗവണ്മെന്റ് ശ്രമിക്കുന്നുണ്ടെന്നും ഇവരിൽ പലർക്കും ഗവണ്മെന്റ്‌പദ്ധതികളുടെ പ്രയോജനം ആദ്യമായാണു ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കരകൗശലത്തൊഴിലാളികളിൽ ഭൂരിഭാഗവും ദളിത്, ഗിരിവർഗ, പിന്നാക്ക സമുദായങ്ങളിൽ നിന്നുള്ളവരോ സ്ത്രീകളോ ആണ്. അവരിലേക്ക് എത്തിച്ചേരാനും അവർക്കു പ്രയോജനമേകാനും പ്രായോഗിക തന്ത്രം ആവശ്യമാണ്. “ഇതിനായി, സമയബന്ധിതമായി ദൗത്യമെന്ന നിലയിൽ നാം പ്രവർത്തിക്കേണ്ടതുണ്ട്” - പ്രധാനമന്ത്രി ഉപസംഹരിച്ചു.

 

-ND-

(Release ID: 1905839) Visitor Counter : 295