പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഉത്തരാഖണ്ഡ് തൊഴില്‍ മേളയെ പ്രധാനമന്ത്രി വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു


'' പുതിയ ദേശീയ വിദ്യാഭ്യാസനയം ഇന്ത്യയുടെ യുവജനങ്ങളെ പുതിയ നൂറ്റാണ്ടിലേക്ക് സജ്ജമാക്കുന്നു''

''ഓരോ യുവാക്കള്‍ക്കും അവരുടെ താല്‍പ്പര്യത്തിനനുസരിച്ച് പുതിയ അവസരങ്ങള്‍ ലഭ്യമാക്കുക എന്നതാണ് കേന്ദ്രത്തിലേയും ഉത്തരാഖണ്ഡിലെയും ഗവണ്‍മെന്റുകളുടെ നിരന്തരമായ പരിശ്രമം''

''ഇന്റര്‍നെറ്റ്, ഡിജിറ്റല്‍ സേവന ജോലികള്‍ ഇന്ത്യയില്‍ ആദ്യമായി സൃഷ്ടിക്കപ്പെട്ടത് ഉത്തരാഖണ്ഡിലാണ്''

''രാജ്യത്തുടനീളം ഇതുവരെ 38 കോടി മുദ്രാ വായ്പകള്‍ നല്‍കിയിട്ടുണ്ട്. ഏകദേശം 8 കോടി യുവജനങ്ങള്‍ ആദ്യമായി സംരംഭകരായി''


Posted On: 20 FEB 2023 11:41AM by PIB Thiruvananthpuram

ഉത്തരാഖണ്ഡ് തൊഴില്‍ മേളയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു.

നിയമനകത്ത് ലഭിച്ചവര്‍ക്ക് ഇന്ന് ഒരു പുതിയ തുടക്കമാണെന്ന് എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ഇത് ജീവിതം മാറ്റിമറിക്കുന്ന അവസരമല്ലെന്നും സമഗ്രമായ മാറ്റത്തിനുള്ള മാദ്ധ്യമമാണെന്നും സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, പറഞ്ഞു. നിയമിതരായവരില്‍ ഭൂരിഭാഗവും വിദ്യാഭ്യാസ മേഖലയിലായിരിക്കും സേവനമനുഷ്ഠിക്കുന്നതെന്ന് വിദ്യാഭ്യാസ മേഖലയില്‍ രാജ്യത്ത് നടക്കുന്ന പുതിയ പരീക്ഷണങ്ങള്‍ ഉയര്‍ത്തിക്കാട്ടികൊണ്ട്, പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ''പുതിയ ദേശീയ വിദ്യാഭ്യാസ നയം ഇന്ത്യയിലെ യുവജനങ്ങളെ പുതിയ നൂറ്റാണ്ടിലേക്ക് സജ്ജരാക്കുകയാണ്'' ഈ പ്രതിജ്ഞ മുന്നോട്ട് കൊണ്ടുപോകാനുള്ള ഉത്തരവാദിത്തം ഉത്തരാഖണ്ഡിലെ യുവജനങ്ങളില്‍ അര്‍പ്പിച്ചുക്കൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

മുന്നോട്ടുള്ള പ്രയാണത്തിന് ശരിയായ മാദ്ധ്യമത്തിലേക്ക് പ്രവേശനം നേടുന്നതിനോടൊപ്പം ഓരോ യുവാക്കള്‍ക്കും അവരുടെ താല്‍പ്പര്യത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ അവസരങ്ങള്‍ ലഭ്യമാക്കണമെന്നതിനാണ് കേന്ദ്ര-ഉത്തരാഖണ്ഡ് ഗവണ്‍മെന്റുകളുടെ നിരന്തരമായ പരിശ്രമമെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഗവണ്‍മെന്റ് സര്‍വീസുകളിലെ സംഘടിത നിയമന പ്രവര്‍ത്തനങ്ങളും(റിക്രൂട്ട്‌മെന്റ് കാമ്പയിന്‍) ഈ ദിശയിലുള്ള ചുവടുവയ്പാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് കേന്ദ്ര ഗവണ്‍മെന്റില്‍ നിന്നുള്ള നിയമന കത്തുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി ഉത്തരാഖണ്ഡ് അതിന്റെ ഭാഗമായി മാറിയതില്‍ ആഹ്‌ളാദം പ്രകടിപ്പിക്കുകയും ചെയ്തു. ഇത്തരം സംഘടിത നിയമന പ്രവര്‍ത്തനങ്ങള്‍ രാജ്യത്തുടനീളം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും വലിയ തോതില്‍ നടക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ''ഇന്ന് ഉത്തരാഖണ്ഡ് ഇതിന്റെ ഭാഗമായി മാറുന്നതില്‍ എനിക്ക് സന്തോഷമുണ്ട്'', പ്രധാനമന്ത്രി പറഞ്ഞു.

പര്‍വ്വതങ്ങളിലെ വെള്ളവും യുവത്വവും പര്‍വ്വതങ്ങള്‍ക്ക് ഒരു പ്രയോജനവുമുള്ളവയല്ലെന്ന കാലംചെന്ന പഴഞ്ചൊല്ലില്‍ നിന്ന് മോചനം നേടണമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ''ഉത്തരാഖണ്ഡിലെ യുവജനങ്ങളെ അവരുടെ ഗ്രാമങ്ങളിലേക്ക് മടക്കിയെത്തിക്കുന്നതിനുള്ള നിരന്തരമായ പരിശ്രമത്തിലാണ് കേന്ദ്ര ഗവണ്‍മെന്റ്,'' എന്നു വ്യക്തമാക്കിയ പ്രധാനമന്ത്രി പര്‍വ്വതപ്രദേശങ്ങളില്‍ സൃഷ്ടിക്കപ്പെടുന്ന പുതിയ തൊഴിലവസരങ്ങളും സ്വയം തൊഴില്‍ അവസരങ്ങളും ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. പുതിയ റോഡുകളും റെയില്‍ പാതകളും സ്ഥാപിക്കുന്നത് ബന്ധിപ്പിക്കല്‍ വര്‍ദ്ധിപ്പിക്കുക മാത്രമല്ല നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്ന് ഉത്തരാഖണ്ഡിലെ അടിസ്ഥാന സൗകര്യ വികസനത്തിലെ നിക്ഷേപങ്ങളിലേക്ക് വെളിച്ചം വീശിക്കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. എല്ലായിടത്തും തൊഴിലവസരങ്ങള്‍ വര്‍ദ്ധിച്ചുവരികയാണെന്ന് പറഞ്ഞ പ്രധാനമന്ത്രി, നിര്‍മാണത്തൊഴിലാളികള്‍, എഞ്ചിനീയര്‍മാര്‍, അസംസ്‌കൃത വസ്തു വ്യവസായങ്ങള്‍, വ്യാപാരസ്ഥാപനങ്ങള്‍ എന്നിവയുടെ ഉദാഹരണങ്ങളും നല്‍കി. ഗതാഗത മേഖലയില്‍ ആവശ്യകത വര്‍ദ്ധിക്കുന്നതിനാല്‍ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്‍പ് ഉത്തരാഖണ്ഡിലെ ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ള യുവജനങ്ങള്‍ക്ക് തൊഴിലിനായി വന്‍ നഗരങ്ങളിലേക്ക് പോകേണ്ടി വന്നിരുന്നെങ്കില്‍ ഇന്ന് ഗ്രാമങ്ങളില്‍ ഇന്റര്‍നെറ്റും ഡിജിറ്റല്‍ സേവനങ്ങളും നല്‍കുന്ന പൊതു സേവന കേന്ദ്രങ്ങളില്‍ ആയിരക്കണക്കിന് യുവജനങ്ങള്‍ ജോലി ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ''ഇന്ത്യയില്‍ ആദ്യമായി ഉത്തരാഖണ്ഡിലാണ് ഈ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്'', പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

അതിവിദൂരമായ പ്രദേശങ്ങളെ പോലും റോഡ്, റെയില്‍, ഇന്റര്‍നെറ്റ് എന്നിവ വഴി ബന്ധിപ്പിച്ചതിന്റെ ഫലമായി ഉത്തരാഖണ്ഡിലെ വിനോദസഞ്ചാര മേഖല വികസിക്കുകയാണെന്നതിനും പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ടൂറിസം ഭൂപടത്തില്‍ വരാന്‍ പോകുന്നുവെന്നതിനും പ്രധാനമന്ത്രി അടിവരയിട്ടു. ഇക്കാരണത്താല്‍, ഉത്തരാഖണ്ഡിലെ യുവജനങ്ങള്‍ക്ക് ഇപ്പോള്‍ വന്‍ നഗരങ്ങളിലേക്കുള്ള യാത്രയ്ക്ക് പകരം അവരുടെ വീടിനടുത്തു തന്നെ അതേ തൊഴിലവസരങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിനോദസഞ്ചാര മേഖലയിലെ തൊഴിലവസരങ്ങളും സ്വയം തൊഴില്‍ അവസരങ്ങളും വര്‍ദ്ധിപ്പിക്കുന്നതില്‍ മുദ്രാ യോജന നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. കടകള്‍, ധാബകള്‍, അതിഥിമന്ദിരങ്ങള്‍, ഹോംസ്‌റ്റേകള്‍ എന്നിവയുടെ ഉദാഹരണങ്ങള്‍ നല്‍കിയ പ്രധാനമന്ത്രി, ഇത്തരം ബിസിനസുകള്‍ക്ക് യാതൊരു ഈടുമില്ലാതെ 10 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ നല്‍കുന്ന കാര്യവും എടുത്തുപറഞ്ഞു. ''രാജ്യത്തുടനീളം ഇതുവരെ 38 കോടി മുദ്രാ വായ്പകള്‍ നല്‍കിയിട്ടുണ്ട്. ഏകദേശം 8 കോടി യുവജനങ്ങള്‍ ആദ്യമായി സംരംഭകരായി'', പ്രധാനമന്ത്രി പറഞ്ഞു. പട്ടിക ജാതി/പട്ടിക വര്‍ഗ്ഗ/മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ (എസ്.സി/എസ്.ടി/ ഒ.ബി.സി) എന്നിവയില്‍പ്പെട്ട സ്ത്രീകളുടെയും യുവാക്കളുടെയും വിഹിതം ഇതില്‍ പരമാവധിയാണെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യയിലെ യുവജനങ്ങള്‍ക്കുള്ള അത്ഭുതകരമായ സാദ്ധ്യതകളുടെ അമൃത് കാലാണിതെന്നും തങ്ങളുടെ സേവനങ്ങളിലൂടെ ഇന്ത്യയുടെ വികസനം വേഗത്തിലാക്കണമെന്നും പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി യുവാക്കളോട് അഭ്യര്‍ത്ഥിച്ചു.

-ND-

(Release ID: 1900711) Visitor Counter : 123