ധനകാര്യ മന്ത്രാലയം
2022-23 സാമ്പത്തിക വർഷത്തിൽ നാമമാത്ര ജിഡിപി 15.4 ശതമാനമായി വളരും
2022-23 സാമ്പത്തിക വർഷത്തിൽ യഥാർത്ഥ ജിഡിപി 7% വളർച്ച കൈവരിക്കും
2022-23 സാമ്പത്തിക വർഷത്തിൽ കാർഷിക മേഖല 3.5% വളർച്ച കൈവരിക്കും
വ്യവസായമേഖല മിതമായ നിലയിൽ 4.1% വളർച്ച കൈവരിക്കും
സേവന മേഖല 2022-23 സാമ്പത്തിക വർഷത്തിൽ 9.1% വളർച്ചയോടെ 2021-22ലെ 8.4 ശതമാനത്തിൽ നിന്നു കരകയറും
2023 സാമ്പത്തിക വർഷത്തിൽ കയറ്റുമതി 12.5% വളർച്ച കൈവരിക്കും
Posted On:
01 FEB 2023 1:01PM by PIB Thiruvananthpuram
“ബാഹ്യമായ ആഘാതങ്ങൾക്കിടയിലും, മറ്റ് ഉയർന്നുവരുന്ന സമ്പദ്ഘടനകളെ അപേക്ഷിച്ച് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ആഗോള പ്രത്യാഘാതങ്ങളിൽ നിന്ന് താരതമ്യേന ഭാഗികമായി അകന്നുനിൽക്കുന്നു. അതിന്റെ വലിയ ആഭ്യന്തര വിപണിയും ആഗോള മൂല്യ ശൃംഖലകളിലും വ്യാപാര പ്രവാഹത്തിലുമുള്ള താരതമ്യേന അയഞ്ഞ സംയോജനവും കാരണമാണിത്”- കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യമന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ ഇന്ന് 2023-24 ലെ കേന്ദ്ര ബജറ്റിനൊപ്പം പാർലമെന്റിൽ അവതരിപ്പിച്ച ‘ധനനയ പ്രസ്താവനകളിൽ’ പറയുന്നു.
ധനനയ പ്രസ്താവനകൾ അനുസരിച്ച്, നാമമാത്ര ജിഡിപി 2021-22 ലെ 19.5 ശതമാനത്തിൽ നിന്ന് 2022-23 സാമ്പത്തിക വർഷത്തിൽ 15.4 % (വൈ-ഒ-വൈ) ആയി വളരുമെന്ന് പ്രതീക്ഷിക്കുന്നു. യഥാർത്ഥ ജിഡിപി 2021-22ലെ 8.7% ആയി താരതമ്യപ്പെടുത്തുമ്പോൾ 7% (വൈ-ഒ-വൈ) വളർച്ച പ്രതീക്ഷിക്കുന്നു.
കാർഷിക മേഖലയിലെ ശക്തമായ വളർച്ച
2022-23 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ കാർഷിക മേഖല 3.5 ശതമാനം വളർച്ച കൈവരിക്കുമെന്ന് ധനനയ പ്രസ്താവനകൾ എടുത്തുകാട്ടി. ആഭ്യന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനു പുറമേ, സമീപ വർഷങ്ങളിൽ കാർഷിക ഉൽപന്നങ്ങളുടെ അറ്റ കയറ്റുമതിക്കാരായും ഇന്ത്യ അതിവേഗം ഉയർന്നുവന്നിട്ടുണ്ട്. 2022-23 സാമ്പത്തിക വർഷത്തിൽ കാർഷിക കയറ്റുമതി 50.2 ബില്യൺ ഡോളറിലെത്തി. രാജ്യത്തെ മൊത്തം ഖാരിഫ് ഭക്ഷ്യധാന്യ ഉൽപ്പാദനം കഴിഞ്ഞ അഞ്ച് വർഷത്തെ ശരാശരി ഖാരിഫ് ഭക്ഷ്യധാന്യ ഉൽപ്പാദനത്തേക്കാൾ 149.9 ദശലക്ഷം ടൺ കൂടുതലാണ്. എന്നിരുന്നാലും, 2021 നെ അപേക്ഷിച്ച് നെൽക്കൃഷിയുടെ വിസ്തൃതി 20 ലക്ഷം ഹെക്ടർ കുറവാണ്.
റാബി വിതയ്ക്കലിലെ ആരോഗ്യകരമായ പുരോഗതിയുടെ പിന്തുണയോടെ കാർഷിക മേഖലയിലെ വളർച്ച ഉന്മേഷദായകമായി തുടരാൻ സാധ്യതയുണ്ട്. വിതച്ച പ്രദേശം മുൻവർഷത്തേക്കാൾ കൂടുതലാണ്. ഇത് ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിൽ വീണ്ടെടുക്കലിന് കാരണമായി.
വ്യവസായം - വളർച്ചയുടെ എൻജിൻ
2021-22 സാമ്പത്തിക വർഷത്തിലെ 10.3 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ 2022-23 സാമ്പത്തിക വർഷത്തിൽ വ്യവസായ മേഖല 4.1 ശതമാനം വളർച്ച കൈവരിക്കും. ആഭ്യന്തര വാഹന വിൽപ്പന 2022 ഡിസംബറിൽ 5.2% വളർച്ചയും 2022-23 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ ശക്തമായ ആഭ്യന്തര ട്രാക്ടർ, ഇരുചക്ര, മുച്ചക്ര വാഹന വിൽപ്പനയും രേഖപ്പെടുത്തി. ഇത് ഗ്രാമീണ ആവശ്യകതയിലെ പുരോഗതിയെ സൂചിപ്പിക്കുന്നു.
സേവനങ്ങൾ - വളർച്ചയുടെ വഴികാട്ടി
2021-22ലെ 8.4 ശതമാനത്തേക്കാൾ 2022-23 സാമ്പത്തിക വർഷത്തിൽ 9.1% വളർച്ചയോടെ സേവന മേഖല തിരിച്ചുവരും. ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷൻ പ്രോഗ്രാമിന് പിന്നാലെ സമ്പർക്ക-തീവ്ര സേവനങ്ങൾക്കായുള്ള ആവശ്യകത വർധിച്ചതാണ് ഉപഭോഗത്തിലെ തിരിച്ചുവരവിന് കാരണമായത്. ആവശ്യകതയുടെ കാര്യത്തിൽ, സ്വകാര്യ ഉപഭോഗം തുടർച്ചയായ വേഗതയ്ക്ക് സാക്ഷ്യം വഹിച്ചു. 2021-22 സാമ്പത്തിക വർഷത്തിലെ 7.9 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ 2022-23 സാമ്പത്തിക വർഷത്തിൽ ഇത് 7.7 ശതമാനമായി വളരുമെന്ന് കണക്കാക്കപ്പെടുന്നു.
കയറ്റുമതി
2022-23 സാമ്പത്തിക വർഷത്തിൽ വിതരണ ശൃംഖലയിലെ തടസ്സങ്ങളും അനിശ്ചിതമായ ഭൗമരാഷ്ട്രീയ അന്തരീക്ഷവും ഉണ്ടായിരുന്നിട്ടും കയറ്റുമതി 12.5 ശതമാനമായി വളരുമെന്ന് കണക്കാക്കപ്പെടുന്നു. ജിഡിപിയിലെ കയറ്റുമതിയുടെ പങ്ക് (2011-12 വിലയിൽ) 2021-22 സാമ്പത്തിക വർഷത്തിലെ 21.5 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ 2022-23 സാമ്പത്തിക വർഷത്തിൽ 22.7 ശതമാനമായി ഉയർന്നു.
വളർച്ചാ കാഴ്ചപ്പാട്
2023-24 സാമ്പത്തിക വർഷത്തിലെ വളർച്ചയെ ശക്തമായ ആഭ്യന്തര ആവശ്യകതയും മൂലധന നിക്ഷേപത്തിലെ വർധനയും പിന്തുണയ്ക്കുമെന്ന് ധനനയ പ്രസ്താവന നിരീക്ഷിച്ചു. സമ്പദ്‌വ്യവസ്ഥയുടെ കാര്യക്ഷമതയും സുതാര്യതയും വർദ്ധിപ്പിക്കുകയും സാമ്പത്തിക അച്ചടക്കം ഉറപ്പാക്കുകയും ചെയ്ത ഐ ബി സി, ജി എസ് ടി എന്നിവ പോലെയുള്ള വിവിധ ഘടനാപരമായ മാറ്റങ്ങൾ നിലവിലെ വളർച്ചാ പാതയെ പിന്തുണയ്ക്കും.
ഇന്ത്യയുടെ പൊതു ഡിജിറ്റൽ അടിസ്ഥാനസൗകര്യ വിപുലീകരണം താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾക്കും സൂക്ഷ്മ, ചെറുകിട വ്യവസായങ്ങൾക്കും ദ്രുതഗതിയിലുള്ള സാമ്പത്തിക ഉൾപ്പെടുത്തലിനും സമ്പദ്‌വ്യവസ്ഥയുടെ ദ്രുതഗതിയിലുള്ള ഔപചാരികവൽക്കരണത്തിനും കാരണമാകുന്നു. ഈ രണ്ട് ഘടകങ്ങളും ചേർന്ന് - ബാലൻസ് ഷീറ്റിലെ കരുത്തും ഡിജിറ്റൽ പുരോഗതിയും - 2023-24 സാമ്പത്തിക വർഷത്തിൽ മാത്രമല്ല, വരാനിരിക്കുന്ന വർഷങ്ങളിലും വളർച്ചയെ നയിക്കും.
പിഎം ഗതി ശക്തി, ദേശീയ ലോജിസ്റ്റിക്സ് നയം, പിഎൽഐ സ്കീമുകൾ തുടങ്ങിയ പുതുപാത തെളിക്കുന്ന നയങ്ങൾ അടിസ്ഥാനസൗകര്യങ്ങളും ഉൽപ്പാദന അടിത്തറയും ശക്തിപ്പെടുത്തുകയും, മൂല്യ ശൃംഖലയിലെ ചെലവ് കുറയ്ക്കുകയും, സുസ്ഥിര സാമ്പത്തിക വളർച്ചയ്ക്കും മെച്ചപ്പെട്ട പുനരുജ്ജീവനത്തിനും ശക്തമായ അടിത്തറ നൽകുകയും ചെയ്യും.
ND/NS
(Release ID: 1895515)
Visitor Counter : 1298