ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

തുണിത്തരങ്ങളും കൃഷിയും ഒഴികെയുള്ള വസ്തുക്കളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ നിരക്കുകൾ 21 ൽ നിന്ന് 13 ആയി കുറച്ചു


വൈദ്യുത വാഹനങ്ങളിൽ ഉപയോഗിക്കുന്ന ബാറ്ററികൾക്കായുള്ള ലിഥിയം അയൺ സെല്ലുകൾ നിർമ്മിക്കുന്നതിനുള്ള മൂലധന ചരക്കുകളുടെയും യന്ത്രങ്ങളുടെയും ഇറക്കുമതിക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി

ഐടിയുടെയും ഇലക്ട്രോണിക്‌സിന്റെയും വിവിധ യന്ത്രഭാഗങ്ങൾക്ക് കസ്റ്റം തീരുവയിൽ ഇളവ്

വൈദ്യുത അടുക്കള ചിമ്മിനികൾക്കായുള്ള നികുതി ഘടനയിലെ പ്രതിസന്ധികൾ പരിഹരിച്ചു

നിർവീര്യമായ ഈഥൈൽ ആൽക്കഹോളിനെ അടിസ്ഥാന കസ്റ്റംസ് തീരുവയിൽ നിന്ന് ഒഴിവാക്കി

മത്സ്യഭക്ഷണത്തിന്റെ ഗാർഹിക നിർമ്മാണത്തിന് വലിയ പ്രോത്സാഹനം

ലാബ് നിർമിത വജ്രങ്ങളുടെ നിർമ്മാണത്തിൽ ഉപയോഗിക്കുന്ന വിത്തുകൾക്ക് കസ്റ്റംസ് തീരുവയില്ല

നിർദിഷ്ടമായ സിഗരറ്റുകളിന്മേലുള്ള പ്രത്യേക ദേശീയ ദുരന്ത നികുതി (എൻസിസിഡി) 16 ശതമാനത്തോളം വർദ്ധിച്ചു


Posted On: 01 FEB 2023 12:54PM by PIB Thiruvananthpuram

കയറ്റുമതി പ്രോത്സാഹിപ്പിക്കുക, ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കുക, ആഭ്യന്തര മൂല്യവർദ്ധന ഉയർത്തുക, ഹരിത ഊർജവും ചലനാത്മകതയും പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ 2023-24 ലെ കേന്ദ്ര ബജറ്റ് ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ചു. "കുറഞ്ഞ നികുതി നിരക്കുകളുള്ള ഒരു ലളിതമായ നികുതി ഘടന, നികുതി ചട്ടങ്ങൾ പാലിക്കൽ ഭാരം കുറയ്ക്കുന്നതിനും നികുതി നിർവ്വഹണം  മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു." - അവർ പറഞ്ഞു.

തുണിത്തരങ്ങൾ, കൃഷി എന്നിവ ഒഴികെയുള്ള വസ്തുക്കളുടെ  അടിസ്ഥാന കസ്റ്റംസ്  തീരുവ (ബിസിഡി) നിരക്ക് 21 ൽ നിന്ന് 13 ആയി കുറയ്ക്കാൻ ധനമന്ത്രി നിർദ്ദേശിച്ചു. ഇത് കളിപ്പാട്ടങ്ങൾ, സൈക്കിളുകൾ, ഓട്ടോമൊബൈലുകൾ, നാഫ്ത ഉൾപ്പെടെയുള്ള ചില ഇനങ്ങളുടെ അടിസ്ഥാന കസ്റ്റംസ് തീരുവകളിലും സെസുകളിലും സർചാർജുകളിലും ചെറിയ മാറ്റങ്ങൾക്ക് കാരണമാകുന്നു.

ഹരിതവൽക്കരണം
മിശ്രണംചെയ്ത കംപ്രസ്ഡ് പ്രകൃതിവാതകത്തിന്മേലുള്ള നികുതികൾ ഒഴിവാക്കുന്നതിനായി, അതിൽ അടങ്ങിയിരിക്കുന്ന ജിഎസ്ടി ഒടുക്കുന്ന കംപ്രസ്ഡ് ജൈവവാതകത്തിന്മേലുള്ള എക്‌സൈസ് തീരുവ ഒഴിവാക്കണമെന്ന് ധനമന്ത്രി നിർദ്ദേശിച്ചു. ഹരിതവൽക്കരണത്തിന് കൂടുതൽ പ്രോത്സാഹനം നൽകുന്നതിനായി, ഇലക്‌ട്രിക് വാഹനങ്ങളിൽ ഉപയോഗിക്കുന്ന ബാറ്ററികൾക്കായുള്ള ലിഥിയം അയൺ സെല്ലുകൾ നിർമ്മിക്കുന്നതിന് ആവശ്യമായ മൂലധന ചരക്കുകളുടെയും യന്ത്രസാമഗ്രികളുടെയും ഇറക്കുമതിക്ക് നിലവിലുള്ള കസ്റ്റംസ് തീരുവ ഇളവ് നീട്ടുന്നതായി അവർ പ്രഖ്യാപിച്ചു.


വിവരസാങ്കേതികവിദ്യയും ഇലക്ട്രോണിക്‌സും
മൊബൈൽ ഫോണുകളുടെ നിർമ്മാണത്തിൽ ആഭ്യന്തര മൂല്യവർദ്ധന വർദ്ധിപ്പിക്കുന്നതിനായി ചില മൊബൈൽ  ഭാഗങ്ങളുടെയും, ക്യാമറ ലെൻസ് പോലുള്ള വസ്തുക്കളുടെയും ഇറക്കുമതിക്ക് കസ്റ്റംസ് തീരുവയിൽ ഇളവ് നൽകാനും, ബാറ്ററികൾക്കുള്ള ലിഥിയം അയൺ സെല്ലുകളുടെ ഇളവ്  ഒരു വർഷത്തേക്ക് തുടരാനും ശ്രീമതി സീതാരാമൻ നിർദ്ദേശിച്ചു. ഇന്ത്യയിലെ മൊബൈൽ ഫോൺ ഉൽപ്പാദനം 2014-15ൽ 18,900 കോടി രൂപയിലധികം മൂല്യമുള്ള  5.8 കോടി യൂണിറ്റിൽ നിന്ന്, ഘട്ടം ഘട്ടമായുള്ള ഉൽപ്പാദന പരിപാടി ഉൾപ്പെടെയുള്ള സർക്കാരിന്റെ വിവിധ സംരംഭങ്ങളുടെ ഫലമായി, കഴിഞ്ഞ സാമ്പത്തിക വർഷം 2,75,000 കോടി രൂപ മൂല്യമുള്ള 31 കോടി യൂണിറ്റുകളായി വർധിച്ചതായി മന്ത്രി പറഞ്ഞു.  

ടെലിവിഷനുകളുടെ നിർമ്മാണത്തിൽ മൂല്യവർദ്ധന പ്രോത്സാഹിപ്പിക്കുന്നതിനായി ടിവി പാനലുകളുടെ ഓപ്പൺ സെല്ലുകളുടെ ഭാഗങ്ങൾക്കുള്ള അടിസ്ഥാന കസ്റ്റംസ്  നികുതി (ബിസിഡി)  2.5% ആയി കുറയ്ക്കാനും അവർ നിർദ്ദേശിച്ചു.


ഇലക്ട്രിക്കൽ
വൈദ്യുത അടുക്കള പുകക്കുഴലിന്റെ അടിസ്ഥാന കസ്റ്റംസ്  നികുതി 7.5% ൽ നിന്ന് 15% ആയി വർധിപ്പിക്കാനും, ഹീറ്റ് കോയിലുകളുടേത്  20% ൽ നിന്ന് 15% ആയും കുറയ്ക്കാനും ധനമന്ത്രി നിർദ്ദേശിച്ചു. ഈ മാറ്റം നികുതി ഘടനയുടെ പ്രതിസന്ധി പരിഹരിക്കുകയും ഇലക്ട്രിക് അടുക്കള ചിമ്മിനികളുടെ നിർമ്മാണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.


രാസവസ്തുക്കളും പെട്രോ-രാസവസ്തുക്കളും
എഥനോൾ മിശ്രണ പ്രക്രിയയെ പിന്തുണയ്ക്കുന്നതിനും ഊർജ സംക്രമണത്തിനുമായുള്ള ഇന്ത്യയുടെ ശ്രമത്തെ സുഗമമാക്കുന്നതിനും,  നിർവീര്യമായ ഈഥൈൽ ആൽക്കഹോളിന്റെ അടിസ്ഥാന കസ്റ്റംസ്  നികുതി ഒഴിവാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. ആഭ്യന്തര ഫ്ലൂറോരാസവസ്തു വ്യവസായത്തെ മത്സരാധിഷ്ഠിതമാക്കുന്നതിന് ആസിഡ് ഗ്രേഡ് ഫ്ലൂസ്പാറിലെ അടിസ്ഥാന കസ്റ്റംസ്  നികുതി 5% ൽ നിന്ന് 2.5% ആയി കുറയ്ക്കുമെന്നും അവർ പ്രഖ്യാപിച്ചു. എപ്പികൊളോർഹൈഡ്രിൻ നിർമ്മാണത്തിൽ ഉപയോഗിക്കുന്നതിനുള്ള ക്രൂഡ് ഗ്ലിസറിന്റെ അടിസ്ഥാന കസ്റ്റംസ്  നികുതി 7.5% ൽ നിന്ന് 2.5% ആയി കുറയ്ക്കാനും നിർദ്ദേശിച്ചു.

സമുദ്ര ഉൽപ്പന്നങ്ങൾ
സമുദ്രോത്പന്നങ്ങളുടെ കയറ്റുമതിയിൽ മത്സരക്ഷമത വർധിപ്പിക്കുന്നതിനായി ചെമ്മീൻ തീറ്റയുടെ ആഭ്യന്തര നിർമ്മാണത്തിനുള്ള പ്രധാന ചേരുവകളുടെ അടിസ്ഥാന കസ്റ്റംസ് നികുതി കുറയ്ക്കാൻ ധനമന്ത്രി നിർദ്ദേശിച്ചു. സമുദ്രോത്പന്നങ്ങളുടെ കയറ്റുമതി കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഏറ്റവും ഉയർന്ന  വളർച്ച രേഖപ്പെടുത്തി. ഇത് രാജ്യത്തെ തീരദേശ സംസ്ഥാനങ്ങളിലെ കർഷകർക്ക് ഗുണം ചെയ്തുവെന്ന് അവർ പറഞ്ഞു.

ലാബ് നിർമ്മിത വജ്രങ്ങൾ
ലാബ്  നിർമ്മിത വജ്രങ്ങളുടെ നിർമ്മാണത്തിൽ ഉപയോഗിക്കുന്ന വിത്തുകളുടെ നിലവിലെ 5 ശതമാനമുള്ള അടിസ്ഥാന കസ്റ്റംസ് നികുതി ഒഴിവാക്കാൻ ബജറ്റ് നിർദ്ദേശിച്ചു. പ്രകൃതിദത്ത വജ്രങ്ങൾ മുറിക്കുന്നതിനും മിനുക്കുന്നതിനുമുള്ള ഇടപാടുകൾ വഴി ആഗോള വിറ്റുവരവിന്റെ നാലിൽ മൂന്ന് ഭാഗവും ഇന്ത്യ സംഭാവന ചെയ്തതായി ധനമന്ത്രി പ്രസ്താവിച്ചു. പ്രകൃതിദത്ത വജ്രങ്ങളുടെ നിക്ഷേപം കുറഞ്ഞതോടെ വ്യവസായം ലാബ് നിർമ്മിത വജ്രങ്ങളിലേക്ക് നീങ്ങുകയാണ്.

വിലപിടിപ്പുള്ള ലോഹങ്ങൾ
ഒരേ സ്വഭാവമുള്ള വസ്തുക്കളിലുള്ള നികുതി വ്യതിയാനം വർധിപ്പിക്കുന്നതിനായി സ്വർണ്ണത്തിന്റെയും പ്ലാറ്റിനത്തിന്റെയും കട്ടികളിൽ നിന്ന് നിർമ്മിച്ച ഉൽപ്പന്നങ്ങളുടെ തീരുവ ഉയർത്താൻ മന്ത്രി നിർദ്ദേശിച്ചു. സ്വർണത്തിന്റെയും പ്ലാറ്റിനത്തിന്റെയും കട്ടികളുടെ കസ്റ്റംസ് തീരുവ ഈ സാമ്പത്തിക വർഷം നേരത്തെ വർധിപ്പിച്ചിരുന്നു. സ്വർണ്ണം, പ്ലാറ്റിനം എന്നിവയ്‌ക്കൊപ്പം  സിൽവർ കട്ടികളുടെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനും അവർ നിർദ്ദേശിച്ചു.

ലോഹങ്ങൾ
ഉരുക്ക് മേഖലയ്ക്കുള്ള അസംസ്കൃത വസ്തുക്കളുടെ ലഭ്യത സുഗമമാക്കുന്നതിന്, സിആർജി‌ഒ സ്റ്റീൽ, ഫെറസ് സ്ക്രാപ്പ്, നിക്കൽ കാഥോഡ് എന്നിവയുടെ നിർമ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ അടിസ്ഥാന കസ്റ്റംസ് നികുതിയിൽ നിന്നുള്ള ഇളവ് തുടരാൻ ധനമന്ത്രി നിർദ്ദേശിച്ചു. പ്രധാനമായും സൂക്ഷ്മ-ചെറുകിട-ഇടത്തരം മേഖലയിലുള്ള ദ്വിതീയ ചെമ്പ് ഉൽപ്പാദകർക്ക് അസംസ്കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാൻ കോപ്പർ സ്ക്രാപ്പിൽ 2.5% ഇളവുള്ള അടിസ്ഥാന കസ്റ്റംസ് നികുതി തുടരാനും അവർ നിർദ്ദേശിച്ചു.

മിശ്രിത റബ്ബർ
തീരുവയിൽ നിന്ന് ഒഴിഞ്ഞുമാറുന്നതു തടയാൻ, മിശ്രിത റബ്ബറിന്റെ അടിസ്ഥാന കസ്റ്റംസ് നികുതി നിരക്ക് ലാറ്റക്സ് ഒഴികെയുള്ള പ്രകൃതിദത്ത റബ്ബറിന് തുല്യമായി, 10 ശതമാനത്തിൽ നിന്ന് 25 ശതമാനമോ കിലോ ഗ്രാമിന് കുറഞ്ഞത് മുപ്പത് രൂപയോ എന്നതിൽ ഏതാണ് കുറവ് എന്നതനുസരിച്ച് ഉയർത്താൻ ശ്രീമതി സീതാരാമൻ നിർദ്ദേശിച്ചു.

സിഗരറ്റുകൾ
നിർദ്ദിഷ്‌ട സിഗരറ്റുകളുടെ പ്രത്യേക ദേശീയ ദുരന്ത നികുതി (എൻസ‌ിസിഡി)  16 ശതമാനംവരെ പരിഷ്‌ക്കരിക്കാൻ ധനമന്ത്രി നിർദ്ദേശിച്ചു. 3 വർഷം മുമ്പാണ് ഇത് അവസാനമായി പരിഷ്കരിച്ചത്.

ജി എസ് ടി നിയമങ്ങളിലെ ഭേദഗതികൾ
സി ജി എസ് ടി നിയമത്തിലെ 132, 138 വകുപ്പുകളിൽ ഇനി പറയുന്ന ഭേദഗതികൾ നിർദ്ദേശിച്ചു:

•  ജി എസ് ടി പ്രകാരം പ്രോസിക്യൂഷൻ ആരംഭിക്കുന്നതിനുള്ള നികുതി തുകയുടെ ഏറ്റവും കുറഞ്ഞ പരിധി  1 കോടി രൂപ രൂപയിൽ നിന്ന് 2 കോടിയായി ഉയർത്തുക. ചരക്കുകളുടെയോ സേവനങ്ങളുടെയോ അല്ലെങ്കിൽ ഇവ രണ്ടുമോ നൽകാതെ ഇൻവോയ്‌സുകൾ നൽകിയ കുറ്റം ഒഴികെ;
• നികുതി തുകയുടെ 50% മുതൽ 150% വരെയുള്ള സംയോജിത തുക 25% മുതൽ 100% വരെയായി കുറയ്ക്കുക;
• 2017-ലെ സി ജി എസ് ടി നിയമത്തിലെ 132-ാം വകുപ്പിലെ ഉപവകുപ്പ് (1)-ലെ (g), (j), (k) ക്ളോസുകൾ  പ്രകാരം വ്യക്തമാക്കിയിട്ടുള്ള ചില കുറ്റകൃത്യങ്ങൾ ഒഴിവാക്കുക, അതായത്.-
o ഏതെങ്കിലും ഉദ്യോഗസ്ഥനെ തന്റെ ചുമതലകൾ നിർവഹിക്കുന്നതിൽ തടസ്സപ്പെടുത്തുകയോ തടയുകയോ ചെയ്യുക;
o മനഃപൂർവ്വമായി ഭൗതിക തെളിവുകൾ നശിപ്പിക്കുക ;
o വിവരങ്ങൾ നൽകുന്നതിൽ പരാജയപ്പെടൽ.

റിട്ടേണുകൾ / സ്റ്റേറ്റ്‌മെന്റുകൾ ഫയൽ ചെയ്യുന്നത് റിട്ടേൺ/സ്റ്റേറ്റ്‌മെന്റ് ഫയൽ ചെയ്യുന്ന തീയതി മുതൽ  പരമാവധി മൂന്ന് വർഷത്തേക്ക് പരിമിതപ്പെടുത്തുന്നതിന്  2017-ലെ  സി ജി എസ് ടി നിയമത്തിന്റെ 37, 39, 44, 52 വകുപ്പുകൾ ഭേദഗതി ചെയ്യാനും ശ്രീമതി സീതാരാമൻ നിർദ്ദേശിച്ചു.

-NS-


(Release ID: 1895508) Visitor Counter : 243