ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav g20-india-2023

ധനക്കമ്മി ലക്ഷ്യം 6.4 ശതമാനമായി ഉയർത്താനുള്ള നീക്കത്തിൽ ​ഗവൺമെന്റ്


2022 ഏപ്രിൽ മുതൽ നവംബർ വരെ മൊത്ത നികുതി വരുമാനത്തിൽ 15.5% വളർച്ച

2023 സാമ്പത്തിക വർഷത്തിന്റെ ആദ്യ 3 പാദങ്ങളിൽ ജി എസ് ടി വരുമാനമായി സമാഹരിച്ചത് 13.40 ലക്ഷം കോടി രൂപ

ജി എസ് ടി നികുതിദായകരുടെ എണ്ണം 70 ലക്ഷത്തിൽ നിന്ന് ഇരട്ടിയായി ഉയർന്ന് 1.4 കോടിയായി

2022 ഏപ്രിൽ-ഡിസംബർ കാലയളവിൽ മൊത്ത ജി എസ് ടി ശേഖരണത്തിൽ  24.8 % വളർച്ച

2022 ഏപ്രിൽ-നവംബർ കാലയളവിൽ പ്രത്യക്ഷ നികുതിയിൽ 26% വളർച്ച

ജി ഡി പിയുടെ ദീർഘകാല ശരാശരിയായ 1.7 ശതമാനത്തേക്കാൾ 2023 സാമ്പത്തിക വർഷത്തിൽ  മൂലധന ചെലവ് 2.9% വർദ്ധിക്കും

​ഗവൺമെന്റ് കടം 2021 സാമ്പത്തിക വർഷത്തിൽ ജി ഡി പിയുടെ 59.2% ൽ നിന്ന് 2022 സാമ്പത്തിക വർഷം 56.7% ആയി കുറഞ്ഞു

മിക്ക രാജ്യങ്ങളിലെയും ഗണ്യമായ വർദ്ധനയുമായി താരതമ്യപ്പെടുത്തുമ്പോൾ 2005 മുതൽ പൊതു ഗവൺമെന്റ് കടവും ജി ഡി പി അനുപാതവും 3% എന്ന മിതമായ തോതിൽ വർദ്ധിച്ചു

Posted On: 31 JAN 2023 1:49PM by PIB Thiruvananthpuram

“ജിഡിപിയുടെ ഒരു ശതമാനമെന്ന നിലയിൽ കേന്ദ്ര ​ഗവൺമെന്റിന്റെ ധനക്കമ്മി ക്രമാനുഗതമായി കുറയുന്നത്, ഗവൺമെന്റ് വിഭാവനം ചെയ്ത ധനപരമായ മുന്നേറ്റ പാതയ്ക്ക് അനുസൃതമായി, കഴിഞ്ഞ രണ്ട് വർഷമായി വരുമാന ശേഖരണത്തെ പിന്തുണയ്ക്കുന്ന ശ്രദ്ധാപൂർവമായ സാമ്പത്തിക നിർവഹണത്തിന്റെ ഫലമാണ്” -  കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ച 2022-23ലെ  സാമ്പത്തിക സർവേയിൽ പറയുന്നു.

സർവേ അനുസരിച്ച്, സാമ്പത്തിക കമ്മി 2023 സാമ്പത്തിക വർഷത്തിൽ ജിഡിപിയുടെ 6.4% ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആഗോള അനിശ്ചിതത്വങ്ങൾക്കിടയിൽ യാഥാസ്ഥിതിക ബജറ്റ് അനുമാനങ്ങൾ ആഘാതങ്ങൾ കുറയ്ക്കുന്നുവെന്ന് സർവേ എടുത്തുകാണിക്കുന്നു. സാമ്പത്തിക പ്രവർത്തനത്തിലെ വീണ്ടെടുപ്പും വരുമാനത്തിലുണ്ടായ ഉയർച്ചയുമാണ് സാമ്പത്തിക പ്രകടനത്തിലെ പുനരുജ്ജീവനത്തിനു കാരണം.

https://static.pib.gov.in/WriteReadData/userfiles/image/image00141J8.jpg

മൊത്ത നികുതി വരുമാനം

2022 ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിൽ മൊത്ത നികുതി വരുമാനം 15.5% വളർച്ച രേഖപ്പെടുത്തി. സംസ്ഥാനങ്ങൾക്കു വകയിരുത്തിയതിനു ശേഷം  കേന്ദ്രത്തിലേക്കുള്ള അറ്റ നികുതി വരുമാനം വർഷം തോറും 7.9% വർദ്ധിച്ചതായി സർവേയിൽ പറയുന്നു. ജി എസ് ടി, സാമ്പത്തിക ഇടപാടുകളുടെ ഡിജിറ്റൽവൽക്കരണം തുടങ്ങിയ ഘടനാപരമായ പരിഷ്കാരങ്ങൾ സമ്പദ്‌വ്യവസ്ഥയുടെ കൂടുതൽ ഔപചാരികവൽക്കരണത്തിലേക്ക് നയിച്ചു, അങ്ങനെ നികുതി ശൃംഖല വിപുലീകരിക്കുകയും നികുതി പാലിക്കൽ വർദ്ധിപ്പിക്കുകയും ചെയ്തു. അങ്ങനെ വരുമാനം ജി ഡി പിയുടെ വളർച്ചയേക്കാൾ വളരെ ഉയർന്ന വേഗതയിൽ വളർന്നു.

2022 സാമ്പത്തിക വർഷത്തിലെ കോർപ്പറേറ്റ്, വ്യക്തിഗത ആദായനികുതി വളർച്ച കാരണം പ്രത്യക്ഷ നികുതി പ്രതിവർഷം 26% വളർച്ച കൈവരിച്ചതായി സാമ്പത്തിക സർവേ ചൂണ്ടിക്കാട്ടുന്നു. 2023 സാമ്പത്തിക വർഷത്തിന്റെ ആദ്യ എട്ട് മാസങ്ങളിൽ പ്രധാന പ്രത്യക്ഷ നികുതികളിൽ രേഖപ്പെടുത്തിയ വളർച്ചാ നിരക്ക് അവയുടെ ദീർഘകാല ശരാശരിയേക്കാൾ വളരെ കൂടുതലാണെന്നും സർവേ കൂട്ടിച്ചേർത്തു.

ഉയർന്ന ഇറക്കുമതി 2022 ഏപ്രിൽ മുതൽ നവംബർ വരെ തീരുവ ശേഖരണത്തിൽ 12.4 % വാർഷിക വളർച്ചയ്ക്ക് കാരണമായതായി സർവേ അറിയിച്ചു. 2022 ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിൽ എക്‌സൈസ് തീരുവ പിരിവിൽ 20.9% ഇടിവുണ്ടായി.

കുതിച്ചുയരുന്ന ജി എസ് ടി ശേഖരണം

"ജിഎസ്ടി നികുതിദായകർ 2022-ലെ 70 ലക്ഷത്തിൽ നിന്ന് ഇരട്ടിയായി 1.4 കോടിയായി. 2022 ഏപ്രിൽ മുതൽ ഡിസംബർ വരെ മൊത്തം ജി എസ് ടി ശേഖരണം 13.40 ലക്ഷം കോടി രൂപയായിരുന്നു. അങ്ങനെ, ശരാശരി പ്രതിമാസം 1.5 ലക്ഷം കോടി രൂപയുടെ ശേഖരണത്തോടെ 24.8% വളർച്ചയാണ് ഇത് സൂചിപ്പിക്കുന്നത്"- സർവേ ചൂണ്ടിക്കാട്ടി. ജി എസ് ടി വെട്ടിപ്പ് നടത്തുന്നവർക്കെതിരെയും വ്യാജ ബില്ലുകൾക്കെതിരെയും രാജ്യവ്യാപകമായി നടത്തിയ നീക്കങ്ങളും, നിരക്ക് യുക്തിസഹമാക്കൽ, വിപരീത നികുതി ഘടന തിരുത്തൽ തുടങ്ങിയ വ്യവസ്ഥാപരമായ മാറ്റങ്ങളും ജി എസ് ടി ശേഖരണത്തിൽ പുരോഗതി കൈവരിക്കാൻ കാരണമായെന്ന് റിപ്പോർട്ടിൽ പറയുന്നു.

‌ഓഹരി വിറ്റഴിക്കൽ

“2023 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് തുകയായ 65,000 കോടിയിൽ, 2023 ജനുവരി 18 വരെ 48% സമാഹരിച്ചു. മഹാമാരി മൂലമുണ്ടായ അനിശ്ചിതത്വം, ഭൗമരാഷ്ട്രീയ സംഘർഷം, അതുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ എന്നിവ കഴിഞ്ഞ മൂന്ന് വർഷമായി ​ഗവൺമെന്റിന്റെ ഓഹരി വിറ്റഴിക്കൽ ലക്ഷ്യങ്ങളുടെ പദ്ധതികൾക്കും സാധ്യതകൾക്കും മുമ്പിൽ വെല്ലുവിളികൾ ഉയർത്തിയിട്ടുണ്ട്."- 2022-23ലെ സാമ്പത്തിക സർവേ പ്രസ്താവിച്ചു.

പുതിയ പൊതുമേഖലാ സംരംഭകത്വ നയവും  ആസ്തി ധനസമ്പാദന തന്ത്രവും  നടപ്പിലാക്കുന്നതിലൂടെ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണത്തിനും തന്ത്രപരമായ ഓഹരി വിറ്റഴിക്കലിനും ഉള്ള പ്രതിബദ്ധത ഗവൺമെന്റ് ആവർത്തിച്ചിട്ടുണ്ടെന്നും സർവേ കൂട്ടിച്ചേർത്തു.

മൂലധന ചെലവ്

സർവേ അനുസരിച്ച്, കേന്ദ്ര ഗവൺമെന്റിന്റെ മൂലധനച്ചെലവ് 2022 സാമ്പത്തിക വർഷത്തിലെ ജി ഡി പിയുടെ ദീർഘകാല ശരാശരിയായ 2.5% ൽ നിന്ന് ക്രമാനുഗതമായി വർദ്ധിച്ചു. 2023 സാമ്പത്തിക വർഷത്തിൽ ജിഡിപിയുടെ 2.9% ആയി വർധിപ്പിക്കാനും ഗവൺമെന്റ് ചെലവുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും  ലക്ഷ്യമിടുന്നു.

2023 സാമ്പത്തിക വർഷത്തിൽ മൂലധനച്ചെലവിന്റെ 7.5 ലക്ഷം കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ടെന്നും, 2022 ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിൽ അതിൽ 59.6 ശതമാനത്തിലധികം ചെലവഴിച്ചുവെന്നും സർവേ അറിയിച്ചു. ഈ കാലയളവിൽ മൂലധനച്ചെലവ് 60 ശതമാനത്തിലധികം വളർച്ച രേഖപ്പെടുത്തി. ഇത് 2016 സാമ്പത്തിക വർഷം മുതൽ 2020 സാമ്പത്തിക വർഷം വരെയുള്ള കാലയളവിൽ രേഖപ്പെടുത്തിയ ദീർഘകാല ശരാശരി വളർച്ചയായ 13.5 ശതമാനത്തേക്കാൾ കൂടുതലാണ്. റോഡ് ഗതാഗതത്തിനും ദേശീയപാതയ്ക്കും 1.5 ലക്ഷം കോടി രൂപയും റെയിൽവേയ്‌ക്ക് 1.20 ലക്ഷം കോടി രൂപയും പ്രതിരോധത്തിന് 0.7 ലക്ഷം കോടി രൂപയും വാർത്താ വിനിമയത്തിന് 0.3 ലക്ഷം കോടി രൂപയും 2022 സാമ്പത്തിക വർഷത്തിൽ അനുവദിച്ചു. മൊത്തത്തിലുള്ള ആവശ്യകത ശക്തിപ്പെടുത്തുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും മറ്റ് മേഖലകളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്ന ഒരു ചാക്രിക സാമ്പത്തിക ഉപകരണമായി ഇത് കണക്കാക്കപ്പെടുന്നു.

എല്ലാ ദിശകളിൽ നിന്നും പദ്ധതി ചെലവ്‌ മെച്ചപ്പെടുത്തുന്നതിനായി, ദീർഘകാല പലിശ രഹിത വായ്പകളുടെയും പദ്ധതി ചെലവ്‌ ബന്ധിത അധിക വായ്പാ വ്യവസ്ഥകളുടെയും രൂപത്തിൽ സംസ്ഥാനങ്ങളുടെ മൂലധനച്ചെലവ് വർദ്ധിപ്പിക്കുന്നതിന് കേന്ദ്രം നിരവധി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു.


റവന്യൂ ചെലവ്

കേന്ദ്ര ഗവൺമെന്റിന്റെ റവന്യൂ ചെലവ് 2021 സാമ്പത്തിക വർഷത്തിലെ ജിഡിപിയുടെ 15.6 ശതമാനത്തിൽ നിന്ന് 2022 സാമ്പത്തിക വർഷത്തിൽ  ജിഡിപിയുടെ 13.5% ആയി കുറച്ചു. ഈ സങ്കോചത്തിന് കാരണമായത് സബ്‌സിഡി ചെലവ് 2021 സാമ്പത്തിക വർഷത്തിലെ ജി ഡി പിയുടെ 3.6% ൽ നിന്ന് 2022 പിഎയിൽ ജിഡിപിയുടെ 1.9% ആയി കുറച്ചതാണ്. 2023 സാമ്പത്തിക വർഷത്തിൽ ഇത് ജിഡിപിയുടെ 1.2% ആയി കുറയ്ക്കാൻ  തീരുമാനിച്ചു. എന്നിരുന്നാലും, ഭക്ഷ്യ, വളം, ഇന്ധനം എന്നിവയുടെ ഉയർന്ന അന്താരാഷ്ട്ര വിലയുടെ ഫലമായി പെട്ടെന്നുള്ള ഭൗമരാഷ്ട്രീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനാൽ 2022 ഏപ്രിൽ മുതൽ നവംബർ വരെ സബ്‌സിഡികൾക്കുള്ള ബജറ്റ് ചെലവിന്റെ 94.7% വിനിയോഗിച്ചു. അതിനാൽ, 2022 ഏപ്രിൽ മുതൽ നവംബർ വരെയുള്ള റവന്യൂ ചെലവ് ഒരു വർഷാടിസ്ഥാനത്തിൽ 10% വർദ്ധിച്ചു. ഇത് കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രേഖപ്പെടുത്തിയ വളർച്ചയേക്കാൾ കൂടുതലാണ്.

മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം പണം സ്വീകരിക്കലുകൾക്ക് അനുപാതമായി പലിശ അടയ്ക്കൽ  വർദ്ധിച്ചു. എന്നിരുന്നാലും, ഇടത്തരം കാലയളവിൽ, നാം ധനപരമായ മുന്നേറ്റ  പാതയിലൂടെ നീങ്ങുമ്പോൾ, വരുമാനത്തിലെ ഉയർച്ച, ഉത്സാഹത്തോടെയുള്ള ആസ്തി ധനസമ്പാദനം, കാര്യക്ഷമത നേട്ടങ്ങൾ, സ്വകാര്യവൽക്കരണം എന്നിവ പൊതു കടം വീട്ടാൻ സഹായിക്കും, അങ്ങനെ പലിശ അടയ്ക്കൽ  കുറയ്ക്കുകയും മറ്റ് മുൻഗണനകൾക്കായി കൂടുതൽ പണം അനുവദിക്കുകയും ചെയ്യും എന്ന് സാമ്പത്തിക സർവേ എടുത്തുകാണിക്കുന്നു.

സംസ്ഥാന ഗവൺമെന്റ് ധനകാര്യ അവലോകനം

2021 സാമ്പത്തിക വർഷത്തിൽ ജി ഡി പിയുടെ 4.1% ആയി വർദ്ധിച്ച സംസ്ഥാനങ്ങളുടെ മൊത്ത ധനക്കമ്മി (ജി എഫ് ഡി) 2022 സാമ്പത്തിക വർഷ പിഎയിൽ 2.8% ആയി കുറച്ചു. ഭൗമ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ കണക്കിലെടുത്ത്, സംസ്ഥാനങ്ങൾക്കുള്ള ഏകീകൃത ജി എഫ് ഡി-ജി ഡി പി അനുപാതം 2023 സാമ്പത്തിക വർഷത്തിൽ 3.4% ആയി ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. എന്നിരുന്നാലും, 2022 ഏപ്രിൽ - നവംബർ കാലയളവിൽ, 27 പ്രധാന സംസ്ഥാനങ്ങളുടെ സംയോജിത വായ്പകൾ ഈ വർഷത്തെ മൊത്തം ബജറ്റ് വായ്പയുടെ 33.5% എത്തി. കഴിഞ്ഞ മൂന്ന് വർഷത്തെ കണക്കുകൾ കാണിക്കുന്നത് സംസ്ഥാനങ്ങൾക്ക് ഉപയോഗിക്കാത്ത കടമെടുക്കൽ പരിധികൾ ഉണ്ടെന്നാണ്.

സംസ്ഥാനങ്ങളുടെ മൂലധന ചെലവ് 2022 സാമ്പത്തിക വർഷത്തിൽ 31.7% വർദ്ധിച്ചു. ശക്തമായ വരുമാന ഉയർച്ചയും സംസ്ഥാനങ്ങൾക്കുള്ള മുൻകൂർ പണം നൽകൽ, ജി എസ് ടി നഷ്ടപരിഹാര തുക നൽകൽ, പലിശ രഹിത വായ്പകൾ എന്നിവയുടെ കാര്യത്തിൽ കേന്ദ്രം നൽകുന്ന പിന്തുണയുമാണ് ഈ വർദ്ധനയ്ക്കു കാരണം.

കേന്ദ്രത്തിൽ നിന്ന് സംസ്ഥാനങ്ങളിലേക്കുള്ള കൈമാറ്റം

സംസ്ഥാനങ്ങൾക്കുള്ള കേന്ദ്ര നികുതികളിൽ സംസ്ഥാനങ്ങളുടെ വിഹിതം, ധനകാര്യ കമ്മീഷൻ ഗ്രാന്റുകൾ, കേന്ദ്രാവിഷ്കൃത പദ്ധതികൾ (സി എസ് എസ്), മറ്റ് കൈമാറ്റങ്ങൾ എന്നിവ ഉൾപ്പെടുന്ന സംസ്ഥാനങ്ങളിലേക്കുള്ള മൊത്തം കൈമാറ്റം 2019 സാമ്പത്തി‌ക വർഷത്തിനും 2023 സാമ്പത്തിക വർഷത്തിനും (ബി ഇ) ഇടയിൽ ഉയർന്നു. 2023 സാമ്പത്തിക വർഷത്തേക്ക് 1.92 ലക്ഷം കോടി രൂപ അനുവദിക്കണമെന്ന് ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്തിരുന്നു.

പ്രതിസന്ധി ഘട്ടത്തിൽ ജി എസ് ടി നഷ്ടപരിഹാരം നൽകൽ


സംസ്ഥാനങ്ങൾക്കുള്ള ജി എസ് ടി  നഷ്ടപരിഹാരത്തിലുണ്ടായ കുറവ് നികത്താൻ, ഫണ്ടിൽ നിന്ന് സാധാരണ ജി എസ് ടി നഷ്ടപരിഹാരം അനുവദിക്കുന്നതിനു പുറമേ, 2021-22 സാമ്പത്തിക വർഷങ്ങളിൽ സർക്കാർ 2.69 ലക്ഷം കോടി രൂപ കടമെടുക്കുകയും അത്  സംസ്ഥാനങ്ങൾക്ക് കൈമാറുകയും ചെയ്തു.  കൂടാതെ, സംസ്ഥാനങ്ങൾക്കുള്ള സെസ് തുകയും നികുതി വിഭജന ഗഡുക്കളും അവർക്ക് ഫണ്ടുകളിലേക്ക് നേരത്തെ പ്രാപ്യത നൽകുന്നതിന് മുന്നോടിയായി. 2022 നവംബർ വരെയുള്ള മൊത്തം സെസ് പിരിവ് സംസ്ഥാനങ്ങൾക്കുള്ള പണം മുഴുവൻ നൽകാൻ പര്യാപ്തമല്ലെങ്കിലും, കേന്ദ്രം അതിന്റെ വിഭവങ്ങളിൽ നിന്ന് ബാക്കി തുക അനുവദിച്ചു.

സംസ്ഥാനങ്ങൾക്കുള്ള വർദ്ധിപ്പിച്ച വായ്പ എടുക്കൽ പരിധികളും പരിഷ്കാരങ്ങൾക്കുള്ള പ്രോത്സാഹനങ്ങളും


മഹാമാരി പൊട്ടിപ്പുറപ്പെട്ടതു മുതൽ, കേന്ദ്രം സംസ്ഥാന ​ഗവൺമെന്റുകളുടെ അറ്റ വായ്പാ പരിധി ധന ഉത്തരവാദിത്വ നിയമ നിർമ്മാണത്തിന്റെ (എഫ് ആർ എൽ) പരിധിക്ക് മുകളിലാക്കി. ഇത് 2021 സാമ്പത്തിക വർഷത്തിൽ ജി എസ് ഡി പിയുടെ 5%, 2022 സാമ്പത്തിക വർഷത്തിൽ ജി എസ് ഡി പിയുടെ 4%, 2023 സാമ്പത്തിക വർഷത്തിൽ ജി എസ് ഡി പിയുടെ 3.5% എന്നിങ്ങനെ നിശ്ചയിച്ചു.  ഇതിന്റെ ഒരു ഭാഗം 'ഒരു രാഷ്ട്രം ഒരു റേഷൻ കാർഡ്' സമ്പ്രദായം നടപ്പിലാക്കൽ, വ്യവസായ നടത്തിപ്പു സുഗമമാക്കൽ, നഗര തദ്ദേശ സ്വയംഭരണ/ ഉപയോഗ്യ പരിഷ്‌കരണങ്ങൾ, ഊർജ മേഖലയിലെ പരിഷ്‌കാരങ്ങൾ തുടങ്ങിയ പരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ പരിഷ്‌കാരങ്ങളിൽ വിവിധ സംസ്ഥാനങ്ങൾ കൈവരിച്ച പുരോഗതി സർവേ നിരീക്ഷിക്കുന്നു.

സംസ്ഥാനങ്ങളുടെ മൂലധനച്ചെലവിന് കേന്ദ്രത്തിന്റെ പിന്തുണ

'മൂലധന നിക്ഷേപത്തിനായി സംസ്ഥാനങ്ങൾക്ക് പ്രത്യേക സഹായം നൽകുന്ന പദ്ധതി' പ്രകാരം 50 വർഷത്തെ പലിശ രഹിത വായ്പയായി 2021, 22 സാമ്പത്തിക വർഷങ്ങളിൽ 11,830 കോടി രൂപയും 14,186 കോടി രൂപയും സംസ്ഥാനങ്ങൾക്ക് നൽകി. സംസ്ഥാന കാപെക്‌സ് പദ്ധതികൾക്ക് കൂടുതൽ ഉത്തേജനം നൽകുന്നതിനായി 2023 സാമ്പത്തിക വർഷത്തിൽ പദ്ധതിക്ക് കീഴിലുള്ള വിഹിതം 1.05 ലക്ഷം കോടി രൂപയായി ഉയർത്തി.

​ഗവൺമെന്റിന്റെ കടം


2022 ൽ ആഗോള ഗവൺമെന്റ് കടം  ജിഡിപിയുടെ 91% ആകുമെന്ന് ഐ എം എഫ് കണക്കാക്കുന്നു. ഇത് പകർച്ചവ്യാധിക്ക് മുമ്പുള്ള നിലകളേക്കാൾ 7.5% പോയിന്റ് കൂടുതലാണ്. ഈ ആഗോള പശ്ചാത്തലത്തിൽ, കേന്ദ്ര ഗവൺമെന്റിന്റെ മൊത്തം ബാധ്യതകൾ 2021 സാമ്പത്തിക വർഷത്തിൽ ജിഡിപിയുടെ 59.2% ആയിരുന്നത് 2022 സാമ്പത്തിക വർഷത്തിൽ 56.7% ആയി കുറഞ്ഞു.

ഇന്ത്യയുടെ പൊതു കടം താരതമ്യേന സ്ഥിരതയുള്ളതും കുറഞ്ഞ കറൻസി - പലിശ നിരക്ക് റിസ്കുള്ളതുമാണ്. 2021 മാർച്ച് അവസാനത്തോടെ കേന്ദ്ര ഗവൺമെന്റിന്റെ മൊത്തം അറ്റ ബാധ്യതകളിൽ 95.1% ആഭ്യന്തര കറൻസിയിലാണ്. അതേസമയം സുപ്രധാന വിദേശ കടം 4.9% ആയിരുന്നു. ഇത് കുറഞ്ഞ കറൻസി അപകടസാധ്യതയെ സൂചിപ്പിക്കുന്നു. കൂടാതെ, സുപ്രധാന വിദേശ കടം പൂർണ്ണമായും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ളതാണ്, ഇത് അന്താരാഷ്ട്ര മൂലധന വിപണിയിലെ ചാഞ്ചാട്ടത്തിൽ നിന്ന് അതിനെ സംരക്ഷിക്കുന്നുവെന്ന് സാമ്പത്തിക സർവേ എടുത്തു കാണിക്കുന്നു.

കൂടാതെ, ഇന്ത്യയിലെ പൊതുകടം സ്ഥിരമായ പലിശ നിരക്കിലാണ് കരാർ ചെയ്തിരിക്കുന്നത്. 2021 മാർച്ച് അവസാനത്തോടെ ജിഡിപിയുടെ 1.7% മാത്രമേ അസ്ഥിര ആഭ്യന്തര കടം ഉൾക്കൊള്ളുന്നുള്ളൂ.  അതിനാൽ, കടത്തിന്റെ  പോർട്ട്‌ഫോളിയോ പലിശ നിരക്കിലെ ചാഞ്ചാട്ടത്തിൽ നിന്ന് സംരക്ഷിക്കപ്പെടുന്നു.

പൊതു ഗവൺമെന്റ് സാമ്പത്തിക കാര്യങ്ങൾ ഏകീകരിക്കുന്നു


മഹാമാരി കാരണം കേന്ദ്രവും സംസ്ഥാനങ്ങളും നടത്തിയ അധിക വായ്പകളുടെ അടിസ്ഥാനത്തിൽ ജിഡിപിയുടെ അനുപാതമെന്ന നിലയിൽ പൊതു ഗവൺമെന്റ് ബാധ്യതകൾ 2021 സാമ്പത്തിക വർഷത്തിൽ കുത്തനെ വർദ്ധിച്ചു. എന്നിരുന്നാലും, സാമ്പത്തിക സർവേ നിരീക്ഷിച്ചതുപോലെ, ഈ അനുപാതം 2022 സാമ്പത്തിക വർഷത്തിൽ (ആർ ഇ) അതിന്റെ ഏറ്റവും ഉയർന്ന നിലയിലെത്തി. ജ‌ിഡിപിയുടെ ഒരു ശതമാനമെന്ന നിലയിൽ പൊതു ഗവൺമെന്റ് കമ്മിയും 2021 സാമ്പത്തിക വർഷത്തിലെ ഏറ്റവും ഉയർന്ന നിലയ്ക്ക് ശേഷം ഏകീകരിക്കപ്പെട്ടു.


ഗുണപരമായ വളർച്ചാ-പലിശ നിരക്ക് വ്യത്യാസം


സമീപ വർഷങ്ങളിൽ കാപെക്‌സിന് ഊന്നൽ നൽകുന്നത് ജിഡിപി വളർച്ചയെ നേരിട്ടും പരോക്ഷമായും സ്വകാര്യ ഉപഭോഗച്ചെലവുകളിലും സ്വകാര്യ നിക്ഷേപങ്ങളിലും ഗുണിതഫലങ്ങളിലൂടെ വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സർവേ ചൂണ്ടിക്കാട്ടുന്നു. ഉയർന്ന ജിഡിപി വളർച്ച അതുവഴി സുസ്ഥിരമായ ഒരു ധനപാതയെ പ്രാപ്തമാക്കിക്കൊണ്ട് ഇടത്തരം കാലയളവിൽ ഊർജ്ജസ്വലമായ വരുമാന ശേഖരണം സുഗമമാക്കും. പൊതു ഗവൺമെന്റ് കടവും ജിഡിപി അനുപാതവും 2020 മാർച്ച് അവസാനത്തിന്റെ 75.7% ൽ നിന്ന് 21 സാമ്പത്തിക വർഷത്തിന്റെ അവസാനത്തിൽ 89.6% ആയി ഉയർന്നു. 2022 മാർച്ച് അവസാനത്തോടെ ഇത് ജിഡിപിയുടെ 84.5% ആയി കുറയുമെന്ന് കണക്കാക്കപ്പെടുന്നു. കാപെക്‌സ് നേതൃത്വത്തിലുള്ള വളർച്ചയ്ക്ക് ഊന്നൽ നൽകുന്നത് വളർച്ചാ-പലിശ നിരക്ക് വ്യത്യാസം ഗുണപരമായി നിലനിർത്താൻ ഇന്ത്യയെ പ്രാപ്തമാക്കും. ഒരു ഗുണപരമായ വളർച്ചാ-പലിശ നിരക്ക് വ്യത്യാസം കടത്തിന്റെ അളവ് സുസ്ഥിരമായി നിലനിർത്തുന്നു.


2005 മുതൽ 2021 വരെയുള്ള കാലയളവിൽ പൊതു ഗവൺമെന്റ് കടവും ജിഡിപിയും തമ്മിലുള്ള അനുപാതത്തിലെ മാറ്റം രാജ്യത്തുടനീളം ഗണ്യമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഈ വർധന 2005-ലെ ജിഡിപിയുടെ 81%-ൽ നിന്ന് 2021-ൽ ജിഡിപിയുടെ ഏകദേശം 84% ആയി ഉയർന്നു. കഴിഞ്ഞ 15 വർഷത്തിനിടയിലെ സുസ്ഥിരമായ സാമ്പത്തിക വളർച്ചയുടെ പിൻബലത്തിൽ ഇത് സാധ്യമായത് ഗുണപരമായ വളർച്ചാ-പലിശ നിരക്ക് വ്യത്യാസത്തിലേക്ക് നയിച്ചു. അതാകട്ടെ, ജിഡിപി നിലവാരത്തിലേക്ക് സുസ്ഥിരമായ ഗവൺമെന്റ് കടത്തിന് കാരണമായി - സാമ്പത്തിക സർവേ വിശദീകരിക്കുന്നു.

 
ചിത്രം- 2005-ലെ പൊതു ഗവൺമെന്റ് കടവും 2021-ലെ ജിഡിപി അനുപാതവും വിവിധ രാജ്യങ്ങളുമായുള്ള താരതമ്യം

 

https://static.pib.gov.in/WriteReadData/userfiles/image/image003NFRE.png

--NS--(Release ID: 1895133) Visitor Counter : 159