മന്ത്രിസഭ
azadi ka amrit mahotsav

കൊൽക്കത്തയിലെ ജോക്കയിലുള്ള ദേശീയ കുടിവെള്ള-ശുചീകരണ-ഗുണനിലവാരകേന്ദ്രത്തിന്റെ പേര് മുൻകാലപ്രാബല്യത്തോടെ ‘ഡോ. ശ്യാമ പ്രസാദ് മുഖർജി നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് വാട്ടർ ആൻഡ് സാനിറ്റേഷൻ (എസ്‌പിഎം-നിവാസ്)’ എന്നാക്കുന്നതിനു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

Posted On: 11 JAN 2023 3:44PM by PIB Thiruvananthpuram

കൊൽക്കത്തയിലെ ജോക്കയിലുള്ള ദേശീയ കുടിവെള്ള-ശുചീകരണ-ഗുണനിലവാരകേന്ദ്രത്തിന്റെ പേര് ‘ഡോ. ശ്യാമ പ്രസാദ് മുഖർജി നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് വാട്ടർ ആൻഡ് സാനിറ്റേഷൻ (എസ്‌പിഎം-നിവാസ്)’ എന്നാക്കുന്നതിനു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം മുൻകാലപ്രാബല്യത്തോടെയാണു പുനർനാമകരണത്തിന് അംഗീകാരം നൽകിയത്.

പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ ഡയമണ്ട് ഹാർബർ റോഡിലെ ജോക്കയിൽ 8.72 ഏക്കറിലാണ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചിട്ടുള്ളത്. പരിശീലനപരിപാടികളിലൂടെ പൊതുജനാരോഗ്യ എൻജിനിയറിങ്, കുടിവെള്ളം, ശുചീകരണം, ശുചിത്വം എന്നീ മേഖലകളിൽ സംസ്ഥാനങ്ങളുടെ/കേന്ദ്രഭരണപ്രദേശങ്ങളുടെ ശേഷി വികസിപ്പിക്കുന്നതിനുള്ള പ്രധാന സ്ഥാപനമായാണ് ഇൻസ്റ്റിറ്റ്യൂട്ട് വിഭാവനം ചെയ്തിരിക്കുന്നത്. ശുചിത്വഭാരതയജ്ഞത്തിന്റെയും ജലജീവൻ ദൗത്യത്തിന്റെയും നിർവഹണത്തിൽ ഏർപ്പെട്ടിരിക്കുന്ന മുന്നണിപ്രവർത്തകർക്കുമാത്രമല്ല, ഗ്രാമ-നഗര പ്രദേശങ്ങളിലെ തദ്ദേശസ്ഥാപനങ്ങളുടെ പ്രതിനിധികൾക്കും പരിശീലനം നൽകാൻ സ്ഥാപനം വിഭാവനംചെയ്യുന്നു. അതനുസരിച്ച്, പരിശീലന അടിസ്ഥാനസൗകര്യങ്ങളും ഗവേഷണ-വികസന ബ്ലോക്കും പാർപ്പിടസമുച്ചയവും ഉൾപ്പെടെ അനുയോജ്യമായ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശീലനം സുഗമമാക്കുന്നതിനു വാട്ടർ സാനിറ്റേഷൻ ആൻഡ് ഹൈജീൻ (വാഷ്) സാങ്കേതികവിദ്യകളുടെ പ്രവർത്തനക്ഷമമായ ചെറുമാതൃകകൾ സ്ഥാപിച്ചിട്ടുണ്ട്. 

പശ്ചിമ ബംഗാൾ ജന്മംകൊടുത്ത പ്രമുഖ വ്യക്തിയായ ഡോ. ശ്യാമ പ്രസാദ് മുഖർജി ദേശീയോദ്ഗ്രഥനത്തിന്റെ മുന്നണിപ്പോരാളിയും വ്യവസായവൽക്കരണത്തിന്റെ പ്രചോദനവുമാണ്. പണ്ഡിതനും വിദ്യാഭ്യാസവിദഗ്ധനും കൽക്കട്ട സർവകലാശാലയിലെ ഏറ്റവും പ്രായം കുറഞ്ഞ വൈസ് ചാൻസലറുമായിരുന്നു അദ്ദേഹം. ഡോ. ശ്യാമ പ്രസാദ് മുഖർജിയൂടെ പേരു സ്ഥാപനത്തിനു നൽകിയത്, അദ്ദേഹത്തിന്റെ സത്യസന്ധത, സമഗ്രത, പ്രവർത്തനധാർമികതയിലെ പ്രതിബദ്ധത എന്നീ മൂല്യങ്ങൾ സ്വീകരിച്ച്, അദ്ദേഹത്തിന് ആദരമർപ്പിക്കാൻ ബന്ധപ്പെട്ട  മുഴുവൻപേരെയും പ്രചോദിപ്പിക്കും. 2022 ഡിസംബറിൽ പ്രധാനമന്ത്രിയാണ് ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്തത്.

-ND-


(Release ID: 1890361) Visitor Counter : 140