ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി & ഡയറി മന്ത്രാലയം
കേന്ദ്ര മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരോല്‍പാദന മന്ത്രാലയം
Posted On:
28 DEC 2022 3:40PM by PIB Thiruvananthpuram
രാജ്യവ്യാപക കൃത്രിമ ബീജസങ്കലന പരിപാടി (എന്‍.എ.ഐ.പി.) ഘട്ടം-നാല് 2022 ഓഗസ്റ്റ് ഒന്നിന് ആരംഭിക്കുകയും 604 ജില്ലകളിലായി 3.3 കോടി മൃഗങ്ങളെ കൃത്രിമ ബീജസങ്കലനത്തിനു വിധേയമാക്കുകയും ചെയ്തു. രാഷ്ട്രീയ ഗോകുല്‍ മിഷന്റെ കീഴിലുള്ള ഗവണ്‍മെന്റ് ബീജോല്‍പാദന സ്റ്റേഷനുകളില്‍ ആവശ്യകതയനുസരിച്ച് ആണ്‍, പെണ്‍ ബീജോല്‍പാദനം നടത്തി. ഇത്തരത്തിലുള്ള 27.86 ലക്ഷം ഡോസുകള്‍ക്കു പുറമെ, മില്‍ക്ക് ഫെഡറേഷന്‍, എന്‍ജിഒ, സ്വകാര്യ ബീജോല്‍പാദന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ 31.12 ലക്ഷം ഡോസുകളും ഉത്പാദിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമെ, പ്രവര്‍ത്തന മികവിന്റെ നീണ്ട പട്ടിക തന്നെ മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരോല്‍പാദന വകുപ്പിന് മുന്നോട്ടുവെക്കാനുണ്ട്.
രാജ്യത്ത് കുറഞ്ഞത് 200 പശുക്കളുടെ വലിപ്പമുള്ള ബ്രീഡ് മള്‍ട്ടിപ്ലിക്കേഷന്‍ ഫാമുകള്‍ സ്ഥാപിക്കുന്നതിന് സ്വകാര്യ സംരംഭകര്‍ക്ക് മൂലധനച്ചെലവിന്റെ (ഭൂമിയുടെ വില ഒഴികെ) 50% (ഒരു ഫാമിന് 2 കോടി രൂപ വരെ) സബ്സിഡി നല്‍കാന്‍ നിര്‍ദ്ദേശിച്ചു.
2022 നവംബര്‍ 26-ന് ദേശീയ ക്ഷീരദിനത്തിന്റെ തലേന്ന് 3 മികച്ച ക്ഷീരകര്‍ഷകര്‍ക്കും 3 മികച്ച കൃത്രിമ ബീജസങ്കലന വിദഗ്ധര്‍ക്കും 3 മികച്ച ക്ഷീര സഹകരണ സംഘങ്ങള്‍ക്കും ദേശീയ ഗോപാല രത്ന അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു.
മൃഗസംരക്ഷണ, ക്ഷീര മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നൂതനവും വാണിജ്യപരമായി ലാഭകരവുമായ പരിഹാരങ്ങള്‍ക്കായി 2021-22 കാലയളവില്‍ മൃഗസംരക്ഷണ വകുപ്പ് സ്റ്റാര്‍ട്ടപ്പ് ഗ്രാന്‍ഡ് ചലഞ്ച് 2.0 സംഘടിപ്പിച്ചു.
2022 നവംബര്‍ 26 ദേശീയ ക്ഷീരദിനത്തില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ, പ്രൊഫഷണലുകള്‍ക്കായുള്ള പരിശീലന കേന്ദ്രത്തിനു തറക്കല്ലിട്ടു.
ഉയര്‍ന്ന ജനിതക മെറിറ്റ് (എച്ച്.ജി.എം.) കാള വിതരണത്തിനായുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ 2022ല്‍ സമാരംഭിച്ചു.
ലോകത്തിലാദ്യമായി, രാഷ്ട്രീയ ഗോകുല്‍ മിഷന്റെ ധനസഹായത്തോടെ ഡിഎന്‍എ അടിസ്ഥാനമാക്കിയുള്ള എരുമകളെ തിരഞ്ഞെടുക്കുന്നതിനുള്ള സമ്പൂര്‍ണ ജീനോം സീക്വന്‍സിംഗും ജീനോമിക് ചിപ്പും വികസിപ്പിച്ചെടുത്തു. ഇത് എരുമകളുടെ എണ്ണത്തില്‍ സുസ്ഥിരമാംവിധം 2.5% ഉയര്‍ന്ന ജനിതക നേട്ടത്തിന് കാരണമായി.
2022 മേയ് 2-ന് ഡെന്മാര്‍ക്കിലെ കോപ്പന്‍ഹേഗനില്‍ മൃഗസംരക്ഷണ, ക്ഷീരമേഖലയിലെ സഹകരണത്തിനായി കേന്ദ്ര ഗവണ്‍മെന്റിന്റെ ഫിഷറീസ് മൃഗസംരക്ഷണ, ക്ഷീരോല്‍പാദന മന്ത്രാലയവും ഡെന്മാര്‍ക്ക് കിംഗ്ഡം ഭക്ഷ്യ, കൃഷി, ഫിഷറീസ് മന്ത്രാലയവും തമ്മില്‍ സംയുക്ത പ്രഖ്യാപനത്തില്‍ ഒപ്പുവച്ചു.
നവംബര്‍ 21 വരെയുള്ള കണക്കു പ്രകാരം 2022 ജനുവരി മുതല്‍ 2022 നവംബര്‍ വരെ ദേശീയ ക്ഷീര വികസന പദ്ധതിക്ക് കീഴില്‍ 7 സംസ്ഥാനങ്ങളിലെ 14 പുതിയ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. 355.25 കോടി രൂപയുടേതാണു പദ്ധതികള്‍. ഇതില്‍ കേന്ദ്ര വിഹിതം 244.14 കോടി രൂപയായിരിക്കും.
ഇതുവരെ 23.70 ലക്ഷം പുതിയ കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ എ.എച്ച്.ഡി. കര്‍ഷകര്‍ക്കായി രാജ്യത്ത് അനുവദിച്ചിട്ടുണ്ട്.
ഗ്രേറ്റര്‍ നോയിഡയിലെ ഇന്ത്യ എക്സ്പോ സെന്റര്‍ ആന്‍ഡ് മാര്‍ട്ടില്‍ സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ ഡയറി ഫെഡറേഷന്‍ വേള്‍ഡ് ഡയറി ഉച്ചകോടി (ഐ.ഡി.എഫ്. ഡബ്ല്യു.ഡി.എസ്.) 2022ല്‍ മന്ത്രാലയം പങ്കെടുത്തു.
ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര മന്ത്രാലയത്തിന്റെ ഫിഷറീസ് വകുപ്പിന്റെ പരിധിയില്‍ 2022 ജൂണ്‍ 7-ന് പിഎംഎംഎസ്വൈ എംഐഎസ് ഡാഷ്ബോര്‍ഡ് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരോല്‍പാദന മന്ത്രി ശ്രീ പ്രഷോത്തം രൂപാല പുറത്തിറക്കി. പി.എം.എം.എസ്.വൈ. എം.ഐ.എസ്. ഡാഷ്ബോര്‍ഡ് ലക്ഷ്യമിടുന്നത് (ഒന്ന്) പി.എം.എം.എസ്.വൈ. പ്രവര്‍ത്തനങ്ങളുടെ ഫലപ്രദമായ നിരീക്ഷണവും പങ്കെടുക്കുന്ന എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും അവയുടെ പുരോഗതിയും (രണ്ട്) വസ്തുതകള്‍ മനസ്സിലാക്കി തീരുമാനമെടുക്കുന്നതിന് വിവരങ്ങള്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നു.
'ആസാദി കാ അമൃത് മഹോത്സവ'ത്തിന് കീഴില്‍ ഫിഷറീസ് വകുപ്പ് ആകെ ഒന്‍പതു വെബിനാറുകള്‍ സംഘടിപ്പിച്ചു, അതില്‍ മത്സ്യകര്‍ഷകര്‍, സംരംഭകര്‍, വിദ്യാര്‍ത്ഥികള്‍, ഗവേഷണ സ്ഥാപനങ്ങള്‍, കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടെ 6000-ത്തിലധികം പേര്‍ പങ്കെടുത്തു.
മൃഗസംരക്ഷണ വകുപ്പിന്റെ 2022ലെ പദ്ധതികളും നേട്ടങ്ങളും വിശദമായി:
രാഷ്ട്രീയ ഗോകുല്‍ മിഷന്‍
2019 സെപ്റ്റംബറില്‍ രാജ്യവ്യാപകമായി കൃത്രിമ ബീജസങ്കലന പദ്ധതി ആരംഭിച്ചു. ഇതിലൂടെ കൃത്രിമ ബീജസങ്കലന സേവനങ്ങള്‍ കര്‍ഷകരുടെ വീട്ടുവാതില്‍ക്കല്‍ സൗജന്യമായി എത്തിക്കുന്നു. 50 ശതമാനത്തില്‍ താഴെ മാത്രം കൃത്രിമ ബീജ സങ്കലന കവറേജുള്ള 604 ജില്ലകളിലായി 3.3 കോടി മൃഗങ്ങളെ ലക്ഷ്യംവെച്ചുള്ള രാജ്യവ്യാപക കൃത്രിമ ബീജസങ്കലന പരിപാടി (എന്‍.എ.ഐ.പി.) നാലാം ഘട്ടം 2022 ഓഗസ്റ്റ് ഒന്നിന് ആരംഭിച്ചു. 2022 ഡിസംബര്‍ 2-ലെ കണക്കനുസരിച്ച് 4.20 കോടി മൃഗങ്ങള്‍ക്ക് പരിരക്ഷ ലഭിച്ചു, 5.19 കോടി കൃത്രിമ ബീജസങ്കലനങ്ങള്‍ നടത്തി, 2.78 കോടി കര്‍ഷകര്‍ക്ക് എന്‍.എ.ഐ.പിയുടെ പ്രയോജനം ലഭിച്ചു.
നൂതന പ്രത്യുത്പാദന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ജനിതക നവീകരണം
ഐവിഎഫ് സാങ്കേതികവിദ്യ
ക്ഷീരകര്‍ഷകര്‍ക്ക് ലാഭകരമായ കൃഷിക്ക് ആവശ്യമായത്ര എണ്ണം പെണ്‍ മൃഗങ്ങളെ ഉല്‍പ്പാദിപ്പിക്കുന്നതിന് ഐവിഎഫ് സാങ്കേതികവിദ്യയും ലിംഗവിഭജിത ശുക്ലത്തോടുകൂടിയ കൃത്രിമ ബീജസങ്കലനവും പ്രയോജനപ്പെടുത്തുന്നു. ദ്രുതഗതിയിലുള്ള പശുക്കളുടെ ജനിതക നവീകരണത്തിനുള്ള പ്രധാന ഉപാധിയാണ് ഐ.വി.എഫ്. സ്വാഭാവികമായി ഏഴു തലമുറകളിലൂടെ (കന്നുകാലികളുടെയും എരുമകളുടെയും കാര്യത്തില്‍ 21 വര്‍ഷം) സാധ്യമാകുന്ന കാര്യം ഒറ്റത്തലമുറയില്‍ (കന്നുകാലികളുടെയും എരുമകളുടെയും കാര്യത്തില്‍ 3 വര്‍ഷം) സാധ്യമാക്കാന്‍ ഐ.വി.എഫ്. വഴി സാധിക്കും. ഒറ്റ മുലയൂട്ടലില്‍ 4000 കിലോ പാല്‍ ഉല്‍പ്പാദിപ്പിക്കാനുള്ള ജനിതക ശേഷിയുള്ള പെണ്‍ പശുക്കിടാക്കളെ മാത്രം ഉല്‍പ്പാദിപ്പിക്കുന്നതിലൂടെ കര്‍ഷകരുടെ വരുമാനം പലമടങ്ങു വര്‍ദ്ധിപ്പിക്കുന്നതില്‍ വളരെ വലിയ പങ്കു വഹിക്കാന്‍ സാങ്കേതികവിദ്യയ്ക്ക് സാധിക്കും. തെരഞ്ഞെടുക്കപ്പെട്ട ക്ഷീരോല്‍പാദന കേന്ദ്രങ്ങളില്‍ 2 ലക്ഷം ഐവിഎഫ് ഗര്‍ഭധാരണം നടത്തുന്നതിനുള്ള ആക്‌സിലറേറ്റഡ് ബ്രീഡ് ഇംപ്രൂവ്‌മെന്റ് പദ്ധതി ആരംഭിച്ചു. പദ്ധതിക്കു കീഴില്‍ രാജ്യത്ത് 2 ലക്ഷം ഐവിഎഫ് ഗര്‍ഭധാരണമാണ് ഉദ്ദേശിക്കുന്നത്. ഗര്‍ഭധാരണം സ്ഥിരീകരിക്കപ്പെട്ടാല്‍ കര്‍ഷകര്‍ക്ക് 5000 രൂപ നിരക്കില്‍ സബ്സിഡി ലഭ്യമാക്കും. രാജ്യത്ത് ഇതിനോടകം തന്നെ പദ്ധതി ആരംഭിച്ചിട്ടുണ്ട്. പദ്ധതിക്ക് കീഴില്‍ ഇതുവരെ 402 ഐവിഎഫ് ഭ്രൂണങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുകയും 30 ഗര്‍ഭധാരണം സ്ഥിരീകരിക്കുകയും ചെയ്തു. കൂടാതെ 19 എംബ്രിയോ ട്രാന്‍സ്ഫര്‍ ടെക്‌നോളജി (ഇടിടി)/ ഇന്‍-വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ഐവിഎഫ്) ലാബുകള്‍ പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ട്. ഈ ലാബുകളില്‍ നിന്ന് 15375 സജീവ ഭ്രൂണങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുകയും ഭ്രൂണ കൈമാറ്റത്തിലൂടെ 1178 പശുക്കിടാക്കള്‍ ജനിക്കുകയും ചെയ്തു.
ദേശീയ ഡിജിറ്റല്‍ കന്നുകാലി ദൗത്യം (എന്‍.ഡി.എല്‍.എം.)
ഇന്ത്യാ ഗവണ്‍മെന്റിന്റെ മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് എന്‍.ഡി.ഡി.ബിയുമായി ചേര്‍ന്ന് 'നാഷണല്‍ ഡിജിറ്റല്‍ ലൈവ്സ്റ്റോക്ക് മിഷന്‍' (എന്‍.ഡി.എല്‍.എം.) എന്ന ഡിജിറ്റല്‍ ദൗത്യം ഏറ്റെടുത്തു. മൃഗങ്ങളുടെ ഉല്‍പ്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനും മൃഗങ്ങളെയും മനുഷ്യരെയും ബാധിക്കുന്ന രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനും ആഭ്യന്തര, കയറ്റുമതി വിപണികള്‍ക്ക് ഗുണനിലവാരമുള്ള കന്നുകാലികളെ ഉറപ്പാക്കുന്നതിനും ഇത് സഹായിക്കും. കന്നുകാലി മേഖലയ്ക്കായി ഒരു സംയോജിത ആവാസവ്യവസ്ഥയുടെ രൂപീകരണത്തെക്കുറിച്ചാണ് എന്‍.ഡി.എല്‍.എം. പ്രധാനമന്ത്രിയുടെ പിഎസ്എ ഓഫീസ് നല്‍കിയ മാര്‍ഗനിര്‍ദേശമനുസരിച്ച് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പാണ് ഇത് വിഭാവനം ചെയ്തത്.
പ്രജനന വര്‍ധന ഫാമുകള്‍
ക്ഷീരമേഖലയിലേക്ക് സംരംഭകത്വം ആകര്‍ഷിക്കുന്നതിനും, ചെറുകിട നാമമാത്ര ക്ഷീരകര്‍ഷകര്‍ക്ക് വിശ്വസനീയമായ ക്ഷീരോല്‍പാദന സേവനങ്ങളുടെ ഒരു പ്രാദേശിക കേന്ദ്രത്തിന്റെ സഹായത്തോടെ അഭിവൃദ്ധി പ്രാപിക്കാന്‍ സാധിക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നതിനും പ്രജനനം വര്‍ധിപ്പിക്കുന്ന ഫാമുകള്‍ ആരംഭിച്ചു. രാജ്യത്ത് കുറഞ്ഞത് 200 പശുക്കളുള്ള ഇത്തരം കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് ഈ പദ്ധതി പ്രകാരം സ്വകാര്യ സംരംഭകര്‍ക്ക് മൂലധനച്ചെലവിന്റെ (ഭൂമിയുടെ വില ഒഴികെ) 50% (ഒരു ഫാമിന് 2 കോടി രൂപ വരെ) സബ്സിഡി നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. മലയോര സംസ്ഥാനങ്ങളിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലാകട്ടെ 50 കന്നുകാലികളുള്ള ഫാമുകള്‍ക്ക് സബ്‌സിഡി ലഭിക്കും. കൂടാതെ, എ.എച്ച്.ഐ.ഡി.എഫ്. പദ്ധതിയുമായി സംയോജിപ്പിച്ച് സംരംഭകന് ബാങ്ക് വായ്പയ്ക്ക് 3% പലിശ ഇളവ് ലഭിക്കും. 2022 ഡിസംബര്‍ രണ്ടിലെ കണക്കു പ്രകാരം ഇത്തരം 28 ഫാമുകള്‍ സ്ഥാപിക്കുന്നതിന് വകുപ്പ് പിന്തുണയേകി.
ദേശീയ ഗോപാല്‍ രത്ന അവാര്‍ഡ് 2022
കന്നുകാലി, ക്ഷീര മേഖലകളിലെ ഏറ്റവും ഉയര്‍ന്ന ദേശീയ അവാര്‍ഡുകളിലൊന്നാണ് ദേശീയ ഗോപാല്‍ രത്ന അവാര്‍ഡ്. മൂന്ന് വിഭാഗങ്ങളിലായാണ് അവാര്‍ഡുകള്‍ നല്‍കുന്നത്.
(i) മികച്ച ക്ഷീര കര്‍ഷകന്‍ വളര്‍ത്തുന്ന നാടന്‍ പശു/എരുമ ഇനങ്ങള്‍; (ii) മികച്ച കൃത്രിമ ബീജസങ്കലന സാങ്കേതിക വിദഗ്ധനും മികച്ച ക്ഷീര സഹകരണ സംഘത്തിനും. ഓരോ വിഭാഗത്തിലും മെറിറ്റ് സര്‍ട്ടിഫിക്കറ്റ്, മെമന്റോ, ഇനിപ്പറയുന്ന ക്യാഷ് തുക എന്നിവ അടങ്ങുന്നതാണ് അവാര്‍ഡ്: രൂപ. ഒന്നാം റാങ്കുകാരന് 5,00,000/- (അഞ്ച് ലക്ഷം രൂപ); രൂപ. രണ്ടാം റാങ്കുകാരന് 3,00,000/- (മൂന്ന് ലക്ഷം രൂപ) രൂപയും. മൂന്നാം റാങ്കുകാരന് 2,00,000/- (രണ്ട് ലക്ഷം രൂപ). 2022 നവംബര്‍ 26-ന് ദേശീയ ക്ഷീരദിനത്തോടനുബന്ധിച്ച് ബംഗളൂരുവില്‍ 3 മികച്ച ക്ഷീരകര്‍ഷകരെയും 3 മികച്ച കൃത്രിമ ബീജസങ്കലന സാങ്കേതിക വിദഗ്ധരെയും 3 മികച്ച ക്ഷീര സഹകരണ സംഘങ്ങളെയും ആദരിച്ചു.
പ്രൊഫഷണലുകള്‍ക്കായുള്ള പരിശീലന കേന്ദ്രം
2022 നവംബര്‍ 26നു ദേശീയ ക്ഷീരദിനത്തില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ, പ്രൊഫഷണലുകള്‍ക്കായുള്ള പരിശീലന കേന്ദ്രത്തിനു തറക്കല്ലിട്ടു. 2023 മാര്‍ച്ചോടെ സ്ഥാപനം പ്രവര്‍ത്തനക്ഷമമാകും.
2022ലെ അതുല്യ നേട്ടം
ലോകത്തിലാദ്യമായി, രാഷ്ട്രീയ ഗോകുല്‍ മിഷന്റെ കീഴിലുള്ള ധനസഹായത്തോടെ ഡിഎന്‍എ അടിസ്ഥാനമാക്കി എരുമകളെ തിരഞ്ഞെടുക്കുന്നതിനുള്ള സമ്പൂര്‍ണ ജീനോം സീക്വന്‍സിംഗും ജീനോമിക് ചിപ്പും വികസിപ്പിച്ചെടുത്തു. ഇത് എരുമകളുടെ എണ്ണത്തില്‍ സുസ്ഥിരമാംവിധം 2.5% ഉയര്‍ന്ന ജനിതക നേട്ടത്തിന് കാരണമായി.
രാജ്യാന്തര ഡയറി ഫെഡറേഷന്റെ 'ഇന്നവേഷന്‍ ഇന്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് - ഫാമിംഗ്' എന്ന വിഭാഗത്തില്‍ 2022 ലെ ഡയറി ഇന്നൊവേഷന്‍ അവാര്‍ഡ് ഈ സവിശേഷ സംരംഭത്തിന് ലഭിച്ചു.
ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍
ഉയര്‍ന്ന ജനിതക മെറിറ്റ് (എച്ച്.ജി.എം.) കാള വിതരണത്തിനായുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ 2022-ല്‍ സമാരംഭിച്ചു. പോര്‍ട്ടലിലൂടെ, ബീജ സ്റ്റേഷനുകള്‍ക്ക് എച്ച്.ജി.എം. കാളകളെ ആവശ്യപ്പെടാന്‍ കഴിയും. കൂടാതെ രോഗ രഹിതമായ എച്ച്.ജി.എം. കാളകളെ രാജ്യത്തെ എല്ലാ ബീജ സ്റ്റേഷനുകളിലും ഓണ്‍ലൈനായി വിതരണം ചെയ്യുന്നു. സെക്സ് സോര്‍ട്ടഡ് ബീജത്തോടുകൂടിയ കൃത്രിമ ബീജസങ്കലനത്തിനും ഐവിഎഫ് സാങ്കേതികവിദ്യയ്ക്കുമുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലും 2022-ല്‍ ഡിഎഎച്ച്ഡി ആരംഭിച്ചിട്ടുണ്ട്.
വികസിത ക്ഷീര രാജ്യവുമായി ധാരണാപത്രങ്ങള്‍ ഒപ്പിടല്‍:
2022 മേയ് 2-ന് ഡെന്മാര്‍ക്കിലെ കോപ്പന്‍ഹേഗനില്‍ മൃഗസംരക്ഷണ, ക്ഷീരമേഖലയിലെ സഹകരണത്തിനായി കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരോല്‍പാദന മന്ത്രാലയവും ഡെന്മാര്‍ക്ക് കിംഗ്ഡം ഭക്ഷ്യ, കൃഷി, ഫിഷറീസ് മന്ത്രാലയവും തമ്മില്‍ സംയുക്ത പ്രഖ്യാപനം ഒപ്പുവച്ചു. ക്ഷീരമേഖലയില്‍ മികവിന്റെ കേന്ദ്രം സ്ഥാപിക്കുന്നതും സംയുക്ത പ്രഖ്യാപനത്തിന്റെ ഭാഗമാണ്.
ഫിഷറീസ് വകുപ്പ്
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ആലോചിക്കാന്‍ പോലും സാധിക്കില്ലായിരുന്ന പല മേഖലകളിലും ഇന്ത്യ വമ്പിച്ച പുരോഗതി കൈവരിച്ചിട്ടുണ്ട്. പരമ്പരാഗതമായി രാജ്യത്തുടനീളമുള്ള മത്സ്യത്തൊഴിലാളികളുടെ ദൈനംദിന പോഷണത്തിനും ഉപജീവനത്തിനും പിന്തുണ നല്‍കുന്ന മത്സ്യമേഖലയാണ് ഒരു ഉയര്‍ന്നുവരുന്ന മേഖല. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ മത്സ്യബന്ധന മേഖല ഒരു പ്രധാന പങ്ക് വഹിക്കുന്നു. ദേശീയ വരുമാനം, കയറ്റുമതി, ഭക്ഷ്യ-പോഷകാഹാര സുരക്ഷ, തൊഴിലവസരങ്ങള്‍ എന്നിവയില്‍ ഇത് സംഭാവന അര്‍പ്പിക്കുന്നു. ഫിഷറീസ് മേഖലയെ 'സണ്‍റൈസ് സെക്ടര്‍' ആയി അംഗീകരിക്കുകയും 2015-16 മുതല്‍ 2020-21 വരെയുള്ള കാലയളവില്‍ 9.03% വളര്‍ച്ചാ നിരക്ക് പ്രകടമാക്കുകയും ചെയ്തു. മത്സ്യബന്ധനവും മത്സ്യകൃഷിയും ദശലക്ഷക്കണക്കിന് ആളുകളുടെ ഭക്ഷണം, പോഷണം, വരുമാനം, ഉപജീവനമാര്‍ഗം എന്നിവയുടെ പ്രധാന ഉറവിടമായി തുടരുന്നു.
2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഈ മേഖല 162.48 ലക്ഷം ടണ്‍ എന്ന റെക്കോര്‍ഡ് മത്സ്യ ഉല്‍പ്പാദനത്തിലെത്തി. ഇനിയും വളര്‍ച്ചയ്ക്ക് വലിയ സാധ്യതകളുമുണ്ട്. കൂടാതെ, ഇന്ത്യയിലെ 28 ദശലക്ഷത്തിലധികം ആളുകളുടെ ഉപജീവനമാര്‍ഗം നിലനിര്‍ത്തുന്നതില്‍ ഇത് നിര്‍ണായകമാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടതും ദുര്‍ബലവുമായ സമൂഹങ്ങള്‍ക്ക് സാമൂഹിക-സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുന്നതിന് സംഭാവന നല്‍കിയിട്ടുമുണ്ട്.
ആസാദി കാ അമൃത് മഹോത്സവത്തിന് കീഴിലുള്ള വകുപ്പിന്റെ സംരംഭങ്ങള്‍
2022 ജൂണ്‍ 1-ന് ലോക ക്ഷീരദിനത്തില്‍ വകുപ്പ് 75 സംരംഭകരുടെ ഉച്ചകോടിയും 75 നാടന്‍ കന്നുകാലി ഇനങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചു. 2022 ജൂലായ് 14-ന് എ.എച്ച്.ഐ.ഡി.എഫ്. പദ്ധതിയിലൂടെ സംരംഭകരുടെ സംഗമവും സംഘടിപ്പിച്ചു.
'എ-ഹെല്‍പ്' (ആരോഗ്യത്തിനും കന്നുകാലി ഉല്‍പ്പാദനത്തിന്റെ വിപുലീകരണത്തിനുമുള്ള അംഗീകൃത ഏജന്റ്) എന്ന് പേരിട്ടിരിക്കുന്ന ഒരു പുതിയ സംരംഭം ആദ്യഘട്ടമായി 7 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും (മധ്യപ്രദേശ്, കര്‍ണാടക, ബീഹാര്‍, ജാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര, ജമ്മു കശ്മീര്‍) നടപ്പാക്കിവരികയാണ്. മധ്യപ്രദേശില്‍ 2022 ജൂലൈ 23 നും ജമ്മു കശ്മീരില്‍ 2022 ഒക്ടോബര്‍ 11 നും പദ്ധതി ആരംഭിച്ചു.
---ND---
(Release ID: 1888762)
Visitor Counter : 208