രാജ്യരക്ഷാ മന്ത്രാലയം

ഇന്ത്യയെ അവഗണിക്കാനാകാത്ത സൈനികശക്തിയായാണു ലോകം അംഗീകരിക്കുന്നതെന്നു ശിവഗിരി തീർഥാടന മഹോത്സവവേദിയിൽ രക്ഷാമന്ത്രി രാജ്‌നാഥ് സിങ്


രാഷ്ട്രത്തിന്റെ പ്രത്യക്ഷ അതിരുകളും ആത്മീയക്ഷേമവും സുരക്ഷിതമാക്കുന്ന സൈനികസന്യാസി എന്ന ആശയത്തെക്കുറിച്ചും കേന്ദ്രമന്ത്രി പറഞ്ഞു



ജനങ്ങളുടെ കഠിനാധ്വാനത്താലും സംരംഭങ്ങളാലും ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളിലൊന്നായി ഇന്ത്യ മാറി: രക്ഷാമന്ത്രി



Posted On: 30 DEC 2022 5:54PM by PIB Thiruvananthpuram

ലോകം ഇന്ന് ഇന്ത്യയെ അവഗണിക്കാനാകത്ത സൈനിക ശക്തിയായി അംഗീകരിക്കുന്നുവെന്നു രക്ഷാമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. ശിവഗിരി മഠത്തിലെ ശ്രീനാരായണഗുരുവിന്റെ 'വ്യവസായത്തിലൂടെ അഭിവൃദ്ധി' എന്ന പ്രബോധനത്തെ അടിസ്ഥാനമാക്കി 'സ്വയംപര്യാപ്ത ഇന്ത്യ'യ്ക്കായുള്ള ഗവണ്‍മെന്റിന്റെ ശ്രമങ്ങളുടെ ഫലമായാണിതെന്നും അദ്ദേഹം പറഞ്ഞു. 2022 ഡിസംബര്‍ 30ന് തീര്‍ത്ഥാടന മഹോത്സവം ആഘോഷിക്കാന്‍ കേരളത്തിലെ ശിവഗിരി മഠത്തില്‍ ഒത്തുകൂടിയ സന്ന്യാസിമാരുടെയും മുതിര്‍ന്ന പണ്ഡിതരുടെയും സദസിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

''വ്യവസായത്തിലൂടെയുള്ള അഭിവൃദ്ധി എന്നതിനെക്കുറിച്ചുള്ള ഗുരുവിന്റെ പ്രഭാഷണമാണ് കേന്ദ്രഗവണ്മെന്റിന്റെ 'സ്വാശ്രയ ഇന്ത്യ' എന്ന പ്രമേയത്തിന്റെ അടിസ്ഥാനം. കഠിനാധ്വാനത്താലും സംരംഭങ്ങളാലും ഇന്ന് ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥകളിലൊന്നാണ്. ഇന്ന് ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് സമ്പദ്വ്യവസ്ഥകളിലൊന്നായി മാറിയിരിക്കുന്നു''- ശ്രീ രാജ്നാഥ് സിംഗ് പറഞ്ഞു. ''വിദ്യാഭ്യാസം, ശുചിത്വം തുടങ്ങിയ വിഷയങ്ങളില്‍ സാധാരണക്കാരില്‍ അവബോധം വളര്‍ത്താന്‍ ശിവഗിരി മഠത്തോടാവശ്യപ്പെട്ടതു ശ്രീനാരായണ ഗുരുവിന്റെ ദീര്‍ഘവീക്ഷണം വെളിവാക്കുന്നു. ഗുരുജിയുടെ കൃപയോടും ബഹുമാന്യരായ സന്യാസിമാരുടെ അനുഗ്രഹത്തോടും കൂടി നമ്മുടെ ഗവണ്‍മെന്റ് ഈ വിഷയങ്ങളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചു.''

സൈനിക സന്യാസിഎന്ന ആശയത്തെക്കുറിച്ചു പറഞ്ഞ രക്ഷാമന്ത്രി, സൈനികരുടെ ധീരതയുടെയും വീര്യത്തിന്റെയും ബലത്തില്‍ പ്രതിരോധ മന്ത്രിയെന്ന നിലയില്‍ രാജ്യത്തിന്റെ പ്രത്യക്ഷ അതിരുകള്‍ അദ്ദേഹം സുരക്ഷിതമാക്കുകയാണെന്നും അതുപോലെ സന്ന്യാസിമാരായ സൈനികര്‍ രാജ്യത്തിന്റെ സംസ്‌കാരം സംരക്ഷിക്കുകയാണെന്നും ചൂണ്ടിക്കാട്ടി. ''ഞങ്ങള്‍ രാജ്യത്തിന്റെ ശരീരത്തെ സംരക്ഷിക്കുകയാണെങ്കില്‍, നിങ്ങള്‍ ഈ രാജ്യത്തിന്റെ ആത്മാവിനെയാണ് സംരക്ഷിക്കുന്നത്. ശരീരവും ആത്മാവും സുരക്ഷിതമായിരിക്കുമ്പോള്‍ മാത്രമേ ഒരു രാഷ്ട്രത്തിന് അനശ്വരമായി നിലനില്‍ക്കാന്‍ കഴിയൂ. ഇക്കാര്യത്തില്‍ ഞാന്‍ നിങ്ങളെ അഭിനന്ദിക്കുന്നു.''

സ്വയംപര്യാപ്തത ഇന്ത്യയുടെ സംസ്‌കാരത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ഒന്നാണെന്നും ശ്രീ രാജ്നാഥ് സിങ് കൂട്ടിച്ചേര്‍ത്തു. ശ്രീനാരായണഗുരു തന്റെ അനുശാസനങ്ങളിലൂടെ സ്വയംപര്യാപ്തതയെന്ന സന്ദേശം പൊതുജനങ്ങളില്‍ പ്രചരിപ്പിച്ചു.  തുടര്‍ന്നും അതു മുന്നോട്ടു കൊണ്ടുപോകുന്നതിനായി ശിവഗിരി മഠവും ഇന്നു പ്രവര്‍ത്തിക്കുന്നു. ഗുരുജി ആധുനികതയെ അനുകൂലിക്കുക മാത്രമല്ല, ഇന്ത്യയുടെ പ്രാചീന സംസ്‌കാരവും ആധുനികതയും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്തുകയും ചെയ്തു. അത് ഇന്നും പ്രസക്തമാണ്. കഠിനാധ്വാനത്തിലൂടെയും സംരംഭത്തിലൂടെയും ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥകളിലൊന്നായി ഇന്ത്യ മാറിയത് ഇതു സ്ഥിരീകരിക്കുകയും ചെയ്തു- അദ്ദേഹം പറഞ്ഞു.

സാധാരണക്കാരന്റെ ഹൃദയത്തില്‍ ഉന്നതമായ ആദര്‍ശങ്ങളും മൂല്യങ്ങളും രൂഢമൂലമാക്കുക മാത്രമല്ല, രാജ്യത്തെയാകെ ഒരുമിപ്പിക്കുകയും ചെയ്ത മഹാന്മാരായ സന്യാസിമാരെയും തത്ത്വചിന്തകരെയും കവികളെയും സൃഷ്ടിച്ച കേരളത്തിന്റെ പുണ്യഭൂമിക്ക് രക്ഷാമന്ത്രി ആദരമര്‍പ്പിച്ചു. കാലടി എന്ന ചെറിയ ഗ്രാമത്തില്‍ ജനിച്ച ശങ്കരാചാര്യര്‍ ഇന്ത്യയൊട്ടാകെ സഞ്ചരിച്ച് സാംസ്‌കാരികമായി രാജ്യത്തെ മുഴുവന്‍ സമന്വയിപ്പിച്ചു. അത് അഭൂതപൂര്‍വമായ ഒന്നായിരുന്നു. ''അദ്വൈതവാദത്തില്‍ അദ്ദേഹം പ്രതിപാദിച്ച 'ലോകം മുഴുവനും ഏകത്വം' എന്ന തത്വം ഇപ്പോഴും രാജ്യത്തിന്റെ ആത്മാവില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ഐക്യത്തിലും സമത്വത്തോടെയും തുടരാന്‍ പ്രചോദിപ്പിക്കുന്നു. സാംസ്‌കാരിക ഐക്യം സമ്പന്നമാക്കുന്ന ശൃംഖലയിലെ അത്തരത്തിലുള്ള നാമമാണ് ശ്രീനാരായണ ഗുരുവിന്റേത്''- അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ പാരമ്പര്യവും ചിന്തകളും തത്വചിന്തയും സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവയുമായി ബന്ധപ്പെട്ടതല്ലെന്നും അതെല്ലാം പാശ്ചാത്യ സങ്കല്‍പ്പമായാണു കണക്കാക്കപ്പെടുന്നതെന്നുമുള്ള വിമര്‍ശനങ്ങള്‍ തള്ളിക്കളഞ്ഞ ശ്രീ രാജ്നാഥ് സിങ്, മനുഷ്യ സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സങ്കല്‍പ്പം ഇന്ത്യയുടെ പുരാതന സാഹിത്യത്തിലും പാരമ്പര്യത്തിലും ചിന്തയിലും പ്രചാരത്തിലുണ്ടായിരുന്നുവെന്നു വ്യക്തമാക്കി. അത് പാശ്ചാത്യസങ്കല്‍പ്പത്തേക്കാളും സമഗ്രവും ഏവരെയും ഉള്‍ക്കൊള്ളുന്നതുമാണ്. പാശ്ചാത്യര്‍ മനുഷ്യര്‍ക്കിടയില്‍ മാത്രം സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവയെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഇന്ത്യന്‍ പാരമ്പര്യം, 'വസുധൈവ കുടുംബകം' അതായത് 'ലോകം മുഴുവന്‍ ഒരു കുടുംബം' എന്ന രൂപത്തില്‍ മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സമത്വവും സാഹോദര്യവും ഐക്യവും കാണുന്നു. ജീവനുള്ളതും അല്ലാത്തതുമായവയില്‍ ഈ ഐക്യം കാണുന്നു. വാസ്തവത്തില്‍ ലോകമാകെയും പ്രപഞ്ചമാകെയും ഈ ഐക്യവും സാഹോദര്യവും കാണുന്നു. ''പുരാതന കാലത്ത് ഇന്ത്യയെ വിശ്വഗുരു ആയി അംഗീകരിച്ചതിന്റെ കാരണവും ഇതാണ്''- അദ്ദേഹം പറഞ്ഞു.

വേദം, ഉപനിഷത്ത്, ഗീത, രാമായണം തുടങ്ങി വിവിധ ഗ്രന്ഥങ്ങളും തത്വങ്ങളും ഉദ്ധരിച്ച്, ലോകത്തിന്റെ സമത്വത്തെയും ഐക്യത്തെയും കുറിച്ച് രക്ഷാ മന്ത്രി കൂടുതല്‍ വിശദീകരിച്ചു. സാര്‍വത്രിക സമത്വത്തിന്റെ പര്യായമായ ശങ്കരാചാര്യരുടെ 'അദ്വൈതവാദ'ത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. സ്വാതന്ത്ര്യസമരകാലത്ത് വിദ്യാഭ്യാസത്തിലൂടെ സ്വാതന്ത്ര്യം എന്ന മുദ്രാവാക്യമേകിയതു ശ്രീനാരായണ ഗുരുവാണെന്നും അദ്ദേഹം പറഞ്ഞു. ''അറിവ് ഒരു മനുഷ്യനെ മോചിപ്പിക്കുന്നുവെന്ന് നമ്മുടെ പുരാതന വ്യാഖ്യാനങ്ങളിലും കാണാം. വിദ്യാഭ്യാസം പ്രബുദ്ധതയിലേക്ക് നയിക്കുന്നു, അത് സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നു.''

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയിലെ പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രമാണ് ശിവഗിരി മഠം. ശ്രീനാരായണഗുരുവിന്റെ ശിഷ്യന്മാരുടെയും അനുയായികളുടെയും സംഘടനയായ ശ്രീനാരായണ ധര്‍മ്മ സംഘത്തിന്റെ ആസ്ഥാനവും ഈ മഠമാണ്. ശിവഗിരി മഠത്തില്‍ ആഘോഷിക്കുന്ന പ്രധാന ഉത്സവമാണു ശിവഗിരി തീര്‍ത്ഥാടനം.
--NS--



(Release ID: 1887623) Visitor Counter : 126