പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഡൽഹിയിലെ മേജർ ധ്യാൻചന്ദ് ദേശീയ സ്റ്റേഡിയത്തിൽ നടന്ന ചരിത്രപരമായ ‘വീർ ബൽ ദിവസ്’ ആഘോഷ പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുത്തു.

"വീർ ബൽ ദിവസം രാജ്യത്തിന് ഒരു പുതിയ തുടക്കത്തിന്റെ ദിവസമാണ്"

"ഇന്ത്യ എന്താണെന്നും അതിന്റെ സ്വത്വം എന്താണെന്നും വീർ ബൽ ദിവസം നമ്മോട് പറയും"

"പത്ത് സിഖ് ഗുരുക്കന്മാരുടെ മഹത്തായ സംഭാവനയും രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കുന്നതിനുള്ള സിഖ് പാരമ്പര്യത്തിന്റെ ത്യാഗവും വീർ ബൽ ദിവസം നമ്മെ ഓർമ്മിപ്പിക്കും"

"ഷഹീദി സപ്തവും വീർ ബൽ ദിവസും വികാരങ്ങളുടെ ഒരു കലവറ മാത്രമല്ല, അനന്തമായ പ്രചോദനത്തിന്റെ ഉറവിടമാണ്"

"ഒരു വശത്ത് ഭീകരതയും മതഭ്രാന്തും ഉണ്ടായിരുന്നപ്പോള്‍, മറുവശത്ത്, എല്ലാ മനുഷ്യരിലും ദൈവത്തെ കാണാനുള്ള ആത്മീയതയുടെയും ദയയുടെയും ഔന്നത്യം ഉണ്ടായിരുന്നു"

"ഇത്തരമൊരു മഹത്തായ ചരിത്രമുള്ള ഏതൊരു രാജ്യവും ആത്മവിശ്വാസവും ആത്മാഭിമാനവും നിറഞ്ഞതായിരിക്കണം, എന്നാല്‍ കെട്ടിച്ചമച്ച ആഖ്യാനങ്ങൾ അപകർഷതാബോധം വളര്‍ത്താന്‍ പഠിപ്പിച്ചു"

"മുന്നോട്ട് പോകുന്നതിന് ഭൂതകാലത്തിന്റെ ഇടുങ്ങിയ വ്യാഖ്യാനത്തിൽ നിന്ന് സ്വതന്ത്രരാകേണ്ടതുണ്ട്"

"വീർ ബൽ ദിവസം പഞ്ചപ്രാണുകൾക്ക് ജീവശക്തി പോലെയാണ്"

"ഏക് ഭാരത് ശ്രേഷ്ഠ ഭാരതം എന്ന ആശയത്ത

Posted On: 26 DEC 2022 2:56PM by PIB Thiruvananthpuram
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഡൽഹിയിലെ മേജർ ധ്യാൻ ചന്ദ് നാഷണൽ സ്റ്റേഡിയത്തിൽ നടന്ന ‘വീർ ബൽ ദിവസ്’ ചരിത്ര പരിപാടിയിൽ പങ്കെടുത്തു. പരിപാടിയിൽ മുന്നൂറോളം ബാലകർ  അവതരിപ്പിച്ച ‘ശബാദ് കീർത്തന’ ആലാപനത്തിലും അദ്ദേഹം സന്നിഹിതനായി. ഇതോടനുബന്ധിച്ച് ഡൽഹിയിൽ മൂവായിരത്തോളം കുട്ടികൾ പങ്കെടുത്ത മാർച്ച് പാസ്റ്റും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. 
 
ശ്രീ ഗുരു ഗോവിന്ദ് സിംഗിന്റെ പുത്രന്മാരായ സാഹിബ്‌സാദാസ് ബാബ സോരാവർ സിംഗ് ജിയുടെയും ബാബ ഫത്തേ സിംഗ് ജിയുടേയും രക്തസാക്ഷിത്വത്തോടനുബന്ധിച്ച് ഡിസംബർ 26 'വീർ ബൽ ദിവസ്' ആയി ആചരിക്കുമെന്ന്, ശ്രീ ഗുരു ഗോവിന്ദ് സിംഗ് ജിയുടെ പ്രകാശ് പൂരബ് ദിനമായ 2022 ജനുവരി 9 ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.  ഇന്ത്യ ഇന്ന് പ്രഥമ വീർബൽ ദിവസ് ആഘോഷിക്കുകയാണെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. പൂർവ്വകാലത്ത് അനുഭവിച്ച ത്യാഗങ്ങൾക്ക് മുന്നിൽ വണങ്ങാൻ നാമെല്ലാവരും ഒത്തുചേരുമ്പോൾ, ഇത് രാഷ്ട്രത്തിന് ഒരു പുതിയ തുടക്കത്തിന്റെ ദിനമാണ്. ഷഹീദി സപ്തഹും വീർ ബൽ ദിവസവും വികാരങ്ങളുടെ ഒരു കലവറ മാത്രമല്ല, അനന്തമായ പ്രചോദനത്തിന്റെ ഉറവിടം കൂടിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
 
 
 
ധീരതയ്ക്കും ത്യാഗത്തിനും മുന്നിൽ  പ്രായം ഒരു പ്രശ്‌നമല്ലെന്ന് വീർബൽ ദിവസ് നമ്മെ ഓർമ്മിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പത്ത് സിഖ് ഗുരുക്കന്മാരുടെ മഹത്തായ സംഭാവനകളെക്കുറിച്ചും രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കുന്നതിനുള്ള സിഖ് പാരമ്പര്യത്തിന്റെ ത്യാഗത്തെക്കുറിച്ചും വീർ ബൽ ദിവസ് നമ്മെ ഓർമ്മിപ്പിക്കും. 
 
“ഇന്ത്യ എന്താണെന്നും ഇന്ത്യയുടെ അനന്യത എന്താണെന്നും വീർ ബൽ ദിവസ് നമ്മോട് പറയും. ഭൂതകാലത്തെ അടുത്തറിയാനും നമ്മുടെ ഭാവി നിർമ്മിക്കാനും ഈ ദിവസം നമ്മെ പ്രചോദിപ്പിക്കും. നമ്മുടെ യുവതലമുറയുടെ ശക്തിയെക്കുറിച്ച് എല്ലാവരേയും ഓർമ്മിപ്പിക്കുകയും ചെയ്യും” പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. 
 
വീർ സാഹിബ്‌സാദേസ്, ഗുരുക്കന്മാർ, മാതാ ഗുർജരി എന്നിവർക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു. ഡിസംബർ 26 വീർ ബൽ ദിവസായി പ്രഖ്യാപിക്കാൻ അവസരം ലഭിച്ചത് സർക്കാരിന്റെ ഭാഗ്യമായി ഞാൻ കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.
 
ആയിരം വർഷം പഴക്കമുള്ള ലോക ചരിത്രം ഭയാനകമായ ക്രൂരതയുടെ അധ്യായങ്ങളാൽ നിറഞ്ഞതാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ക്രൂരതയുടെ അക്രമാസക്തമായ മുഖങ്ങൾ എവിടെ കണ്ടാലും, ചരിത്രത്തിന്റെ താളുകളിൽ നമ്മുടെ നായകരുടെ സ്വഭാവമാണ് തിളങ്ങുന്നതെന്ന് അദ്ദേഹം എടുത്ത് പറഞ്ഞു. ചാംകൗർ, സിർഹിന്ദ് യുദ്ധങ്ങളിൽ സംഭവിച്ചത് ഒരിക്കലും മറക്കാൻ കഴിയില്ല. മൂന്ന് നൂറ്റാണ്ടുകൾക്ക് മുമ്പ് മാത്രമാണ് ഈ സംഭവങ്ങൾ ഇവിടെ ഉണ്ടായതെന്നും അദ്ദേഹം ഓർമ്മപ്പിച്ചു. 
 
" മതഭ്രാന്തിന്റെ അന്ധത ബാധിച്ച മുഗൾ വംശം ഒരു വശത്തും, ഇന്ത്യയുടെ പുരാതന തത്ത്വങ്ങളുടെ വിജ്ഞാനത്തിൽ പ്രകാശമാനമായ ജീവിതം നയിക്കുന്ന നമ്മുടെ ഗുരുക്കന്മാർ മറുവശത്തും. ഒരു വശത്ത് കടുത്ത ഭീകരതയും മതഭ്രാന്തും, മറുവശത്ത്, ഓരോ മനുഷ്യനിലും ദൈവത്തെ കാണാൻ പ്രാപ്തമാക്കുന്ന ആത്മീയതയുടെയും ദയയുടെയും ഔന്നത്യവും." പ്രധാനമന്ത്രി തുടർന്നു. മുഗളന്മാർക്ക് ദശലക്ഷക്കണക്കിന് സൈന്യം ഉണ്ടായിരുന്നപ്പോൾ,  ഗുരുവിന്റെ വീര സാഹെബ്‌സാദുകൾക്ക് അവരുടെ ധൈര്യമാണുണ്ടായിരുന്നത്. ഒറ്റയ്ക്കായിരുന്നിട്ടും അവർ മുഗളന്മാർക്ക് കീഴടങ്ങിയില്ല. അതിനെത്തുടർന്നാണ് മുഗളന്മാർ അവരെ ജീവനോടെ തുറുങ്കിലാക്കിയത്. അവരുടെ ധീരതയാണ് നൂറ്റാണ്ടുകളായി പ്രചോദനം നൽകുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു.
 
ഇത്രയും മഹത്തായ ചരിത്രമുള്ള ഏതൊരു രാജ്യവും ആത്മവിശ്വാസവും ആത്മാഭിമാനവും നിറഞ്ഞതായിരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ കെട്ടിച്ചമച്ച വിവരങ്ങൾ പഠിപ്പിച്ചത് മൂലം രാജ്യത്ത് അപകർഷതാബോധം സൃഷ്ടിക്കപ്പെട്ടു. ഇതൊക്കെയാണെങ്കിലും പ്രാദേശിക ആചാരങ്ങളും സമൂഹവും ഈ മഹത്തായ കഥകൾ നിലനിർത്തി. മുന്നോട്ട് പോകുന്നതിനായി ഭൂതകാലത്തിന്റെ സങ്കുചിതമായ വ്യാഖ്യാനത്തിൽ നിന്ന് മോചിതരാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. ആസാദി കാ അമൃത് കാൽ പദ്ധതിയിലൂടെ അടിമത്ത മനോഭാവത്തിന്റെ  എല്ലാ അടയാളങ്ങളും നീക്കം ചെയ്യുമെന്ന് രാജ്യം പ്രതിജ്ഞയെടുക്കുന്നത് ഇതിന് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. വീർ ബൽ ദിവസം പഞ്ച് പ്രാൺ ലക്ഷ്യങ്ങൾക്ക് ജീവശക്തി പോലെയാണെന്നും  പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
 
ഔറംഗസീബിന്റെയും അദ്ദേഹത്തിന്റെ കൂട്ടാളികളുടെയും നിഷ്ഠൂരഭരണത്തിലെ ക്രൂരതകൾക്ക് കീഴടങ്ങാൻ തയ്യാറാവാതെ രാജ്യത്തിന്റെ മനോവീര്യം സംരക്ഷിക്കാൻ യുവതലമുറ ഉറച്ചുനിന്നുവെന്നും, അത് ലോകത്തിന് കാണിച്ച് കൊടുത്ത വീർ സാഹിബ്‌സാദിന്റെ നിശ്ചയദാർഢ്യത്തിന്റെയും ധീരതയുടെയും പ്രാധാന്യത്തെക്കുറിച്ചും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.  ഒരു രാജ്യത്തിന്റെ ഭാഗധേയത്തിൽ യുവതലമുറയുടെ പങ്ക് ഇതിലൂടെ വ്യക്തമാകുന്നു. അതേ നിശ്ചയദാർഢ്യത്തോടെയാണ് ഇന്നത്തെ യുവതലമുറയും ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോകുന്നത്. എല്ലാ ഡിസംബർ 26ലും ആചരിക്കുന്ന വീർ ബൽ ദിവസിന്റെ പങ്ക് ഇതോടെ കൂടുതൽ പ്രാധാന്യമുള്ളതാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 
കേവലം ആത്മീയതയുടെയും ത്യാഗത്തിന്റെയും പാരമ്പര്യം മാത്രമല്ല, ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്' എന്ന സങ്കൽപ്പത്തിന്റെ പ്രചോദനത്തിനുള്ള ഉറവിടം കൂടിയാണിതെന്നും സിഖ് ഗുരു പരമ്പരയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലെമ്പാടുമുള്ള സന്ന്യാസിമാരുടെ പ്രസംഗങ്ങളും വ്യാഖ്യാനങ്ങളും ഉൾപ്പെടുന്ന ശ്രീ ഗുരു ഗ്രന്ഥ സാഹിബിന്റെ വിശ്വമാനവും ഉൾക്കൊള്ളുന്നതുമായ സ്വഭാവം ഏറ്റവും വലിയ ഉദാഹരണമാണ്. ഗുരു ഗോവിന്ദ് സിംഗ് ജിയുടെ ജീവിതയാത്രയും ഈ സ്വഭാവത്തെ ഉദാഹരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും 'പഞ്ച് പ്യാരെ'കൾ വന്നിരുന്നുവെന്ന് പരാമർശിച്ച വേളയിൽ, യഥാർത്ഥ പഞ്ച് പ്യാരെകളിൽ ഒന്ന്, തന്‍റെ സ്വദേശമായ ദ്വാരകയിൽ നിന്നുള്ളതാണെന്നതിൽ പ്രധാനമന്ത്രി അഭിമാനം പ്രകടിപ്പിച്ചു.
 
രാഷ്ട്രപ്രഥം - രാജ്യം ആദ്യം- എന്ന പ്രമേയം  ഗുരു ഗോവിന്ദ് സിംഗ് ജിയുടെ അചഞ്ചലമായ ദൃഢനിശ്ചയമായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ അപാരമായ ത്യാഗത്തെ വിശദീകരിച്ചുകൊണ്ട് ശ്രീ മോദി ഇക്കാര്യം സൂചിപ്പിച്ചു. "രാഷ്ട്രം ആദ്യം" എന്ന ഈ പാരമ്പര്യം നമുക്ക് വലിയ പ്രചോദനമാണ്," പ്രധാനമന്ത്രി എടുത്ത് പറഞ്ഞു.
 
ഇന്ത്യയുടെ വരും തലമുറകളുടെ ഭാവി അവരുടെ പ്രചോദനത്തിന്റെ ഉറവിടത്തെ ആശ്രയിച്ചിരിക്കുമെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. പുരാതന കാലം മുതൽ ആധുനിക കാലഘട്ടം വരെയുള്ള ധീരരായ ആൺകുട്ടികളും പെൺകുട്ടികളും ഇന്ത്യയുടെ വീര്യത്തിന്റെ പ്രതിഫലനമാണെന്ന്, ഭരതൻ, ഭക്തപ്രഹ്ലാദൻ, നചികേതസ്, ധ്രുവ്, ബൽറാം, ലവ-കുശന്മാർ, ഉണ്ണികൃഷ്ണൻ  തുടങ്ങിയ, കുട്ടികള്‍ക്ക് പ്രചോദനമായ എണ്ണമറ്റ ഉദാഹരണങ്ങൾ വിവരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
 
ദീർഘകാലമായി നഷ്ടപ്പെട്ട പൈതൃകം പുനഃസ്ഥാപിച്ചുകൊണ്ട്, കഴിഞ്ഞ കാലങ്ങളിലെ  തെറ്റുകൾ പുതിയ ഇന്ത്യ തിരുത്തുകയാണെന്ന് പ്രധാനമന്ത്രി ഉറപ്പിച്ച് പറഞ്ഞു. ഏതൊരു രാജ്യവും അതിന്റെ തത്ത്വങ്ങളാൽ തിരിച്ചറിയപ്പെടുന്നുവെന്ന് കൂട്ടിച്ചേർത്ത അദ്ദേഹം, ഒരു രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾ പരിവർത്തനത്തിന് വിധേയമാകുമ്പോൾ, രാജ്യത്തിന്റെ ഭാവി കാലത്തിനനുസരിച്ച് മാറുന്നുവെന്നും  ചൂണ്ടിക്കാട്ടി. ഇന്നത്തെ തലമുറയ്ക്ക് നാടിന്റെ ചരിത്രത്തെക്കുറിച്ച് വ്യക്തതയുണ്ടാകുമ്പോൾ മാത്രമേ രാജ്യത്തിന്റെ മൂല്യങ്ങൾ സംരക്ഷിക്കപ്പെടുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. “പഠിക്കാനും പ്രചോദനം കണ്ടെത്താനും യുവാക്കൾ എപ്പോഴും ഒരു മാതൃക തേടുന്നു. അതുകൊണ്ടാണ് ഞങ്ങൾ ശ്രീരാമന്റെ ആദർശങ്ങളിൽ വിശ്വസിക്കുന്നതും ഗൗതമ ബുദ്ധനിൽ നിന്നും മഹാവീരരിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടതും, മഹാറാണാ പ്രതാപിന്റെയും ഛത്രപതി വീർ ശിവജിയുടെയും ജീവിതപാത പഠിക്കുന്നതോടൊപ്പം, ഗുരുനാനാക്ക് ദേവ് ജിയുടെ വചനങ്ങളിലൂടെ ജീവിക്കാനും ശ്രമിക്കുന്നത്." പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
 
മതത്തിലും ആത്മീയതയിലും വിശ്വസിക്കുന്ന ഇന്ത്യയുടെ സംസ്‌കാരവും പാരമ്പര്യവും എടുത്തുകാട്ടിയ ശ്രീ.മോദി, നമ്മുടെ പൂർവികർ ഉത്സവങ്ങളോടും വിശ്വാസങ്ങളോടും ബന്ധപ്പെട്ട ഒരു ഇന്ത്യൻ സംസ്‌കാരത്തിന് രൂപം നൽകിയെന്ന് കൂട്ടിച്ചേർത്തു. ആ ബോധം നാം നിലനിർത്തേണ്ടതുണ്ടെന്നും, അതുകൊണ്ടാണ് ആസാദി കാ അമൃത് മഹോത്സവത്തിൽ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ മഹത്വം പുനരുജ്ജീവിപ്പിക്കാൻ രാജ്യം ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ധീരരായ സ്ത്രീപുരുഷന്മാരുടെയും ഗിരിവർഗ സമൂഹത്തിന്റെയും സംഭാവനകൾ ഓരോ വ്യക്തികളിലേക്കും എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. വീർബൽ ദിവസിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച മത്സരങ്ങളിലും പരിപാടികളിലും രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും വലിയ പങ്കാളിത്തം ലഭിച്ചതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. വീർ സാഹിബ്‌സാദാസിന്റെ ജീവിത സന്ദേശം പൂർണ്ണ നിശ്ചയദാർഢ്യത്തോടെ ലോകത്തിലേക്ക് എത്തിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ആവർത്തിച്ചു.
 
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, കേന്ദ്ര മന്ത്രിമാരായ ഹർദീപ് സിംഗ് പുരി, അർജുൻ റാം മേഘ്‌വാൾ, മീനാക്ഷി ലേഖി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പശ്ചാത്തലം 
 
സാഹിബ്‌സാദിന്റെ മാതൃകാപരമായ ധീരതയുടെ ചരിത്രം പൗരന്മാരെ, പ്രത്യേകിച്ച് കൊച്ചുകുട്ടികളെ അറിയിക്കുന്നതിനും ബോധവത്കരിക്കുന്നതിനുമായി സർക്കാർ രാജ്യത്തുടനീളം ജനകീയ പരിപാടികൾ സംഘടിപ്പിക്കുന്നു. ഇതോടനുബന്ധിച്ച് രാജ്യത്തെ സ്‌കൂളുകളിലും കോളേജുകളിലും ഉപന്യാസ രചന, ക്വിസ് മത്സരങ്ങൾ, മറ്റ് പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിക്കും. റെയിൽവേ സ്റ്റേഷനുകൾ, പെട്രോൾ പമ്പുകൾ, വിമാനത്താവളങ്ങൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ ഡിജിറ്റൽ എക്സിബിഷനുകൾ സ്ഥാപിക്കും. സാഹിബ്‌സാദിന്റെ  ജീവിതകഥയും ത്യാഗവും വിശിഷ്ട വ്യക്തികൾ വിവരിക്കുന്ന പരിപാടികളും രാജ്യത്തുടനീളം സംഘടിപ്പിക്കും.

 

 

*****

--ND-- 



(Release ID: 1886748) Visitor Counter : 144