പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ഡിസംബര്‍ 11ന് മഹാരാഷ്ട്രയും ഗോവയും സന്ദര്‍ശിക്കും

മഹാരാഷ്ട്രയില്‍ പ്രധാനമന്ത്രി 75,000 കോടി രൂപയുടെ പദ്ധതിക്കള്‍ക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്യും.

നാഗ്പൂരിനെയും ഷിര്‍ദ്ദിയെയും ബന്ധിപ്പിക്കുന്ന സമൃദ്ധി മഹാമാര്‍ഗിന്റെ ഒന്നാം ഘട്ടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

രാജ്യത്തുടനീളം മെച്ചപ്പെട്ട കണക്ടിവിറ്റിയും അടിസ്ഥാന സൗകര്യങ്ങളും എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പാണ് സമൃദ്ധി മഹാമാര്‍ഗ് അഥവാ നാഗ്പൂര്‍-മുംബൈ സൂപ്പര്‍ കമ്മ്യൂണിക്കേഷന്‍ എക്‌സ്പ്രസ് വേ

നാഗ്പൂരിലെ നഗര ചലനക്ഷമതയില്‍ വിപ്ലവം സൃഷ്ടിക്കുന്ന, നാഗ്പൂര്‍ മെട്രോയുടെ ഒന്നാം ഘട്ടം പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും നാഗ്പൂര്‍ മെട്രോയുടെ രണ്ടാം ഘട്ടത്തിന് തറക്കല്ലിടുകയും ചെയ്യും

നാഗ്പൂര്‍ എയിംസും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കും - 2017 ജൂലൈയില്‍ അതിന് തറക്കല്ലിട്ടതും പ്രധാനമന്ത്രിയാണ്

നാഗ്പൂരിനെയും ബിലാസ്പൂരിനെയും ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും

നാഗ്പൂര്‍ റെയില്‍വേ സ്‌റ്റേഷന്റെയും അജ്‌നി റെയില്‍വേ സ്‌റ്റേഷന്റെയും പുനര്‍വികസനത്തിനുള്ള തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും

നാഗ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വണ്‍ ഹെല്‍ത്തിന്റെയും, നാഗ്പൂരിലെ നാഗ് നദി മലിനീകരണ നിവാരണ പദ്ധതിയുടെയും ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിക്കും

ചന്ദ്രാപൂര്‍രിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കല്‍സ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി (സിപെറ്റ്), ചന്ദ്രപൂരിലെ സെന്റര്‍ ഫോര്‍ റിസര്‍ച്ച്, മാനേജ്‌മെന്റ് ആന്‍ഡ് കണ്‍ട്രോള്‍ ഓഫ് ഹീമോ ോബിനോപതിസ്, എന്നിവ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കും.

2870 കോടി രൂപ ചെലവില്‍ വികസിപ്പിച്ച ഗോവയിലെ മോപ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

വിമാനത്താവളം വിനോദസഞ്ചാരത്തെ ഉത്തേജിപ്പിക്കുകയും മേഖലയുടെ സാമൂഹിക-സാമ്പത്തിക വികസനത്തിന് പ്രോത്സാഹനം നല്‍കുകയും ചെയ്യും

ഒന്‍പതാമത് ലോക ആയുര്‍വേദ കോണ്‍ഗ്രസിന്റെ സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി മൂന്ന് ദേശീയ ആയുഷ് ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ ഉദ്ഘാടനവും നിർവ്വഹിക്കും

Posted On: 09 DEC 2022 7:30PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ഡിസംബര്‍ 11 ന് മഹാരാഷ്ട്രയും  ഗോവയും സന്ദര്‍ശിക്കും.

രാവിലെ ഏകദേശം 9:30 ന്  നാഗ്പൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചേരുന്ന പ്രധാനമന്ത്രി , അവിടെ വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ്  ചെയ്യും. രാവിലെ ഏകദേശം 10 മണിക്ക്, ഫ്രീഡം പാര്‍ക്ക് മെട്രോ സ്‌റ്റേഷനില്‍ നിന്ന് ഖാപ്രി മെട്രോ സ്‌റ്റേഷനിലേക്ക് പ്രധാനമന്ത്രി ഒരു മെട്രോ യാത്ര നടത്തുകയും, അവിടെ അദ്ദേഹം നാഗ്പൂര്‍ മെട്രോയുടെ ഒന്നാം ഘട്ടം രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്യും. പരിപാടിയില്‍ അദ്ദേഹം നാഗ്പൂര്‍ മെട്രോയുടെ രണ്ടാം ഘട്ടത്തിന്റെ തറക്കല്ലിടലും നിര്‍വഹിക്കും. രാവിലെ ഏകദേശം 10:45ന്, പ്രധാനമന്ത്രി നാഗ്പൂരിനെയും ഷിര്‍ദ്ദിയെയും ബന്ധിപ്പിക്കുന്ന സമൃദ്ധി മഹാമാര്‍ഗിന്റെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്യുകയും ഹൈവേയില്‍ ഒരു പര്യടനം നടത്തുകയും ചെയ്യും. രാവിലെ ഏകദേശം 11.15ന് നാഗ്പൂര്‍ എയിംസ് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും.

രാവിലെ ഏകദേശം 11.30ന് നാഗ്പൂരിലെ ഒരു പൊതുചടങ്ങില്‍ 1500 കോടിയിലധികം രൂപയുടെ ദേശീയ റെയില്‍ പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും സമര്‍പ്പിക്കുകയും ചെയ്യും. നാഗ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വണ്‍ ഹെല്‍ത്തിനും(എന്‍.ഐ.ഒ), നാഗ്പൂരിലെ നാഗ് നദി മലിനീകരണ നിവാരണ പദ്ധതിക്കും അദ്ദേഹം ശിലാസ്ഥാപനം നടത്തും. പരിപാടിയില്‍, ചന്ദ്രപൂരിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കല്‍സ് എഞ്ചിനീയറിംഗ് ടെക്‌നോളജി (സിപെറ്റ്) പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കുകയും ചന്ദ്രാപൂരിലെ റിസര്‍ച്ച്, മാനേജ്‌മെന്റ് ആന്‍ഡ് കണ്‍ട്രോള്‍ ഓഫ് ഹീമോഗ്ലോബിനോപതിസ് സെന്ററിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയും  ചെയ്യും.

ഉച്ചകഴിഞ്ഞ് ഏകദേശം 3:15 ന്, ഗോവയില്‍, ഒന്‍പതാമത് ലോക ആയുര്‍വേദ കോണ്‍ഗ്രസിന്റെ സമാപന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. പരിപാടിയില്‍ മൂന്ന് ദേശീയ ആയുഷ് ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും. വൈകുന്നേരം ഏകദേശം 5:15 ന് പ്രധാനമന്ത്രി ഗോവയിലെ മോപ അന്താരാഷ്ട്ര വിമാനത്താവളവും ഉദ്ഘാടനം ചെയ്യും.

പ്രധാനമന്ത്രി നാഗ്പൂരില്‍

സമൃദ്ധി മഹാമാര്‍ഗ് നാഗ്പൂരിനെയും ഷിര്‍ദ്ദിയെയും ബന്ധിപ്പിക്കുന്ന 520 കിലോമീറ്റര്‍ ദൂരമുള്ള സമൃദ്ധി മഹാമാര്‍ഗിന്റെ ഒന്നാം ഘട്ടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

രാജ്യത്തുടനീളം മെച്ചപ്പെട്ട കണക്ടിവിറ്റിയും  അടിസ്ഥാന സൗകര്യങ്ങളും എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പാണ് സമൃദ്ധി മഹാമാര്‍ഗ് അഥവാ  നാഗ്പൂര്‍-മുംബൈ സൂപ്പര്‍ കമ്മ്യൂണിക്കേഷന്‍ എക്‌സ്പ്രസ് വേ പദ്ധതി. ഏകദേശം 55,000 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന 701 കിലോമീറ്റര്‍ അതിവേഗ പാത രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ അതിവേഗ പാതകളില്‍ ഒന്നാണ്. ഇത് മഹാരാഷ്ട്രയിലെ  10 ജില്ലകളിലൂടെയും അമരാവതി, ഔറംഗബാദ്, നാസിക്ക് എന്നീ പ്രമുഖ നഗരപ്രദേശങ്ങളിലൂടെയും കടന്നുപോകുന്നു. അതിവേഗ പാത സമീപത്തുള്ള മറ്റ് 14 ജില്ലകളുടെ ബന്ധിപ്പിക്കല്‍ മെച്ചപ്പെടുത്തുകയും അതിലൂടെ വിദര്‍ഭ, മറാത്ത്‌വാഡ, വടക്കൻ  മഹാരാഷ്ട്ര എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 24 ജില്ലകളുടെ വികസനത്തിന് സഹായിക്കുകയും ചെയ്യും.

പ്രധാനമന്ത്രി ഗതി ശക്തിയുടെ കീഴില്‍ അടിസ്ഥാന സൗകര്യ ബന്ധിപ്പിക്കല്‍ പദ്ധതികളുടെ സംയോജിത ആസൂത്രണവും ഏകോപിപ്പിച്ച നടപ്പാക്കലും സംബന്ധിച്ച പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്, ഡല്‍ഹി മുംബൈ എക്‌സ്പ്രസ് വേ, ജവഹര്‍ലാല്‍ നെഹ്രു പോര്‍ട്ട് ട്രസ്റ്റ് എന്നിവയുമായും അജന്ത എല്ലോറ ഗുഹകള്‍, ഷിര്‍ദ്ദി, വെറുള്‍, ലോനാര്‍ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളുമായും സമൃദ്ധി മഹാമാര്‍ഗ് ബന്ധിപ്പിക്കും. മഹാരാഷ്ട്രയുടെ സാമ്പത്തിക വികസനത്തിന് വലിയ ഉത്തേജനം നല്‍കുന്നതില്‍ സമൃദ്ധി മഹാമാര്‍ഗ് ഒരു വന്‍മാറ്റം വരുത്തും.

നാഗ്പൂര്‍ മെട്രോ
 

നഗര ചലനക്ഷമതയില്‍ വിപ്ലവം സൃഷ്ടിക്കുന്ന മറ്റൊരു ചുവടുവയ്പ്പായി, നാഗ്പൂര്‍ മെട്രോയുടെ ഒന്നാം ഘട്ടം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. ഖാപ്രിയില്‍ നിന്ന് ഓട്ടോമോട്ടീവ് സ്‌ക്വയര്‍ വരെയും (ഓറഞ്ച് ലൈന്‍), പ്രജാപതി നഗര്‍ മുതല്‍ ലോകമാന്യ നഗര്‍ (അക്വാ ലൈന്‍) വരെയുമുള്ള രണ്ടു മെട്രോ ടെയിനുകള്‍ ഖപ്രി മെട്രോ സ്‌റ്റേഷനില്‍ അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്യും. നാഗ്പൂര്‍ മെട്രോയുടെ ഒന്നാം ഘട്ടം 8650 കോടി രൂപ ചെലവിട്ടാണ് വികസിപ്പിച്ചിരിക്കുന്നത്. 6700 കോടിയിലധികം രൂപ ചെലവില്‍ വികസിപ്പിക്കുന്ന നാഗ്പൂര്‍ മെട്രോയുടെ രണ്ടാം ഘട്ടത്തിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും.

നാഗ്പൂര്‍ എയിംസ്

നാഗ്പൂര്‍ എയിംസ് രാജ്യത്തിന് സമര്‍പ്പിക്കുന്നതിലൂടെ രാജ്യത്തുടനീളമുള്ള ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്താനുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധത കരുത്താര്‍ജ്ജിക്കും. 2017 ജൂലൈയില്‍ പ്രധാനമന്ത്രി തറക്കല്ലിട്ട ആശുപത്രി, കേന്ദ്ര മേഖലാ പദ്ധതിയായ പ്രധാന്‍ മന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയ്ക്ക് കീഴിലാണ് ഏറ്റെടുത്തത് നടപ്പാക്കിയത്.
1575 കോടിയിലധികം രൂപ ചെലവില്‍ വികസിപ്പിച്ച എയിംസ് നാഗ്പൂര്‍, ഒ.പി.ഡി, ഐ.പി.ഡി, രോഗനിര്‍ണ്ണയ സേവനങ്ങള്‍, ഓപ്പറേഷന്‍ തിയേറ്ററുകള്‍, മെഡിക്കല്‍ സയന്‍സിലെ എല്ലാ പ്രധാന സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഷയങ്ങളും ഉള്‍ക്കൊള്ളുന്ന 38 ഡിപ്പാര്‍ട്ട്‌മെന്റുകളും ഉള്ള അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രിയാണ്. മഹാരാഷ്ട്രയിലെ വിദര്‍ഭ മേഖലയ്ക്ക് ആധുനിക ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്ന ഈ ആശുപത്രി ഗഡ്ചിരോളി, ഗോണ്ടിയ, മെല്‍ഘട്ട് എന്നിവിടങ്ങളിലെ ഗോത്രവര്‍ഗ്ഗ മേഖലകള്‍ക്ക് ഒരു അനുഗ്രഹവുമാണ്.

റെയില്‍ പദ്ധതികള്‍
 

നാഗ്പൂരിനും ബിലാസ്പൂരിനും ഇടയ്ക്ക് ഓടുന്ന വന്ദേ ഭാരത് എക്‌സ്പ്രസ് നാഗ്പൂര്‍ റെയില്‍വേ സ്േറ്റഷനില്‍ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും.

നാഗ്പൂരില്‍ നടക്കുന്ന പൊതുചടങ്ങില്‍, നാഗ്പൂര്‍ റെയില്‍വേ സ്‌റ്റേഷന്റെയും അജ്‌നി റെയില്‍വേ സ്‌റ്റേഷന്റെയും പുനര്‍വികസനത്തിനുള്ള ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിക്കും. യഥാക്രമം 590 കോടി രൂപയും 360 കോടി രൂപയും ചെലവിട്ടാണ് പുനര്‍വികസനം നടപ്പാക്കുന്നത്. അജ്‌നി (നാഗ്പൂര്‍)യിലെ ഗവണ്‍മെന്റ് മെയിന്റനന്‍സ് ഡിപ്പോ,   നാഗ്പൂര്‍-ഇറ്റാര്‍സി മൂന്നാംവരി പദ്ധതിയിലെ  കോഹ്‌ലി-നാര്‍ഖര്‍ സെക്ഷന്‍ എന്നിവയും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കും. യഥാക്രമം 110 കോടി രൂപയും ഏകദേശം 450 കോടി രൂപയും ചെലവഴിച്ചാണ് ഈ പദ്ധതികള്‍ വികസിപ്പിച്ചിരിക്കുന്നത്.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വണ്‍ ഹെല്‍ത്ത്, നാഗ്പൂര്‍

'വണ്‍ ഹെല്‍ത്ത്' (ഏക ആരോഗ്യം) എന്ന സമീപനത്തിന് കീഴില്‍ രാജ്യത്ത് കാര്യശേഷിയും അടിസ്ഥാന സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു ചുവടുവെപ്പാണ് പ്രധാനമന്ത്രി തറക്കല്ലിടുന്ന നാഗ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വണ്‍ ഹെല്‍ത്ത് (എന്‍.ഐ.ഒ).

മനുഷ്യന്റെ ആരോഗ്യം മൃഗങ്ങളുടെയും പരിസ്ഥിതിയുടെയും ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് 'ഏക ആരോഗ്യ' സമീപനം തിരിച്ചറിയുന്നു. മനുഷ്യരെ ബാധിക്കുന്ന പകര്‍ച്ചവ്യാധികളില്‍ ഭൂരിഭാഗവും സൂനോട്ടിക് (മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുക) സ്വഭാവമുള്ളതാണെന്നതിനെ ഈ സമീപനം അംഗീകരിക്കുന്നു. 110 കോടി രൂപയിലധികം ചെലവില്‍ സ്ഥാപിക്കുന്ന സ്ഥാപനം - എല്ലാ പങ്കാളികളുമായി സഹകരിക്കുകയൂം ഏകോപിപ്പിക്കുകയും ചെയ്യുകയും രാജ്യത്തുടനീളം 'ഏക ആരോഗ്യ' സമീപനത്തില്‍ ഗവേഷണത്തിനും കാര്യശേഷി വര്‍ദ്ധിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുള്ള ഒരു ഉള്‍പ്രേരകമായി പ്രവര്‍ത്തിക്കുകയും ചെയ്യും.

മറ്റ് പദ്ധതികള്‍

നാഗ് നദിയുടെ മലിനീകരണ നിവാരണത്തിനുള്ള പദ്ധതിയുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നാഗ്പൂരില്‍ നിര്‍വഹിക്കും. ദേശീയ നദീസംരക്ഷണ പദ്ധതി (എന്‍.ആര്‍.സി.പി) പ്രകാരമുള്ള ഈ പദ്ധതി 1925 കോടിയിലധികം രൂപ ചെലവിലാണ് പ്രവര്‍ത്തനക്ഷമമാക്കുക.

വിദര്‍ഭ മേഖലയില്‍, പ്രത്യേകിച്ച് ഗോത്രവര്‍ഗ്ഗ ജനസംഖ്യയില്‍ അരിവാള്‍ കോശ രോഗത്തിന്റെ വ്യാപനം താരതമ്യേന കൂടുതലാണ്. തലസീമിയ, എച്ച്.ബി.ഇ തുടങ്ങിയ ഹീമോ ോബിനോപ്പതികള്‍ക്കൊപ്പം ഈ രോഗവും രാജ്യത്തിന് ഗണ്യമായ രോഗഭാരം ഉണ്ടാക്കുന്നുണ്ട്. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി, 2019 ഫെബ്രുവരിയില്‍, ചന്ദ്രാപൂരില്‍ സെന്റര്‍ ഫോര്‍ റിസര്‍ച്ച്, മാനേജ്‌മെന്റ് ആന്‍ഡ് കണ്‍ട്രോള്‍ ഓഫ് ഹീമോ ോബിനോപ്പതിക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടിരുന്നു. രാജ്യത്ത് ഹീമോഗ്ലോബിനോപ്പതി മേഖലയിലെ നൂതന ഗവേഷണം, സാങ്കേതിക വികസനം, മാനവ വിഭവശേഷി വികസനം എന്നിവയ്ക്കുള്ള മികവിന്റെ കേന്ദ്രമായി മാറുമെന്ന വിഭാവനം െചയ്യുന്ന ഈ കേന്ദ്രം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും.

ചന്ദ്രാപൂരിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കല്‍സ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയും (സിപെറ്റ്) പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കും. പോളിമര്‍, അനുബന്ധ വ്യവസായങ്ങള്‍ എന്നിവയുടെ ആവശ്യകതകള്‍ നിറവേറ്റുന്നതിനായി വൈദഗ്ധ്യമുള്ള മനുഷ്യവിഭവശേഷി വികസിപ്പിക്കുകയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ലക്ഷ്യമിടുന്നത്.

പ്രധാനമന്ത്രി ഗോവയില്‍

ഗോവയിലെ മോപ അന്താരാഷ്ട്ര വിമാനത്താവളം,രാജ്യത്തുടനീളം ലോകനിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളും ഗതാഗത സൗകര്യങ്ങളും ഒരുക്കുകയെന്നതിനുള്ള നിരന്തരമായ പരിശ്രമത്തിലാണ് പ്രധാനമന്ത്രി. ഇതിലേക്കുള്ള മറ്റൊരു ചുവടുവയ്പ്പായി ഗോവയിലെ മോപ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 2016 നവംബറില്‍ പ്രധാനമന്ത്രിയാണ് വിമാനത്താവളത്തിന്റെ തറക്കല്ലിട്ടത്.
ഏകദേശം 2,870 കോടി രൂപ ചെലവില്‍ വികസിപ്പിച്ചെടുത്ത ഈ വിമാനത്താവളം സുസ്ഥിര അടിസ്ഥാന സൗകര്യങ്ങള്‍ എന്ന ആശയത്തിലാണ് നിര്‍മ്മിച്ചരിക്കുന്നത്. ഇവിടെ മറ്റുള്ളവയ്‌ക്കൊപ്പം സൗരോര്‍ജ്ജ ഊര്‍ജ്ജ പ്ലാന്റ്, ഹരിത കെട്ടിടങ്ങള്‍, റണ്‍വേയില്‍ എല്‍.ഇ.ഡി ലൈറ്റുകള്‍, മഴവെള്ള സംഭരണം, പുനര്‍ചാക്രീകരണ സൗകര്യങ്ങളോടുകൂടിയ അത്യാധുനിക മലിനജല ശുദ്ധീകരണ പ്ലാന്റ് എന്നീ സൗകര്യങ്ങളുമുണ്ട്. 3-ഡി മോണോലിത്തിക്ക് പ്രീകാസ്റ്റ് കെട്ടിടങ്ങള്‍, സെ്റ്റബില്‍റോഡ്, റോബോമാറ്റിക് ഹോളോ പ്രീകാസ്റ്റ് ഭിത്തികള്‍, 5ജിക്ക് അനുയോജ്യമായ ഐ.ടി അടിസ്ഥാനസൗകര്യങ്ങള്‍ തുടങ്ങിയ ഏറ്റവും മികച്ച ഇന്‍-€ാസ് സാങ്കേതികവിദ്യകളില്‍ ചിലതാണ് ഇവിടെ സ്വീകരിച്ചിട്ടുള്ളത്. ലോകത്തിലെ ഏറ്റവും വലിയ വിമാനങ്ങള്‍ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള റണ്‍വേ, വിമാനങ്ങള്‍ക്കുള്ള രാത്രി പാര്‍ക്കിംഗ് സൗകര്യത്തോടെ 14 പാര്‍ക്കിംഗ് ബേകള്‍, സ്വയം ബാഗേജ് ഡ്രോപ്പ് സൗകര്യങ്ങള്‍, അത്യാധുനികവും സ്വതന്ത്രവുമായ എയര്‍ നാവിഗേഷന്‍ അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവയും വിമാനത്താവളത്തിന്റെ ചില സവിശേഷതകളില്‍ ഉള്‍പ്പെടുന്നവയാണ്.

തുടക്കത്തില്‍, വിമാനത്താവളത്തിന്റെ ഒന്നാം ഘട്ടം പ്രതിവര്‍ഷം ഏകദേശം 4.4 ദശലക്ഷം യാത്രക്കാര്‍ക്ക് (എം.പി.പി.എ) സേവനം നല്‍കും, ഇത് 33 എം.പി.പി.എ എന്ന പരിപൂര്‍ണ്ണ ശേഷിയിലേക്ക് വികസിപ്പിക്കാന്‍ കഴിയും. വിമാനത്താവളം സംസ്ഥാനത്തിന്റെ സാമൂഹിക-സാമ്പത്തിക വികസനം വര്‍ദ്ധിപ്പിക്കുകയും ടൂറിസം വ്യവസായത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുകയും ചെയ്യും. നിരവധി ആഭ്യന്തര, അന്തര്‍ദേശീയ ലക്ഷ്യസ്ഥാനങ്ങളെ നേരിട്ട് ബന്ധിപ്പിക്കുന്ന ഒരു പ്രധാന ലോജിസ്റ്റിക്‌സ് ഹബ്ബായി പ്രവര്‍ത്തിക്കാനുള്ള സാദ്ധ്യതയും ഇതിന് ഉണ്ട്. വിമാനത്താവളത്തില്‍ ബഹുമാതൃകാ ബന്ധിപ്പിക്കലും ആസൂത്രണം ചെയ്തിട്ടുണ്ട്.
ലോകോത്തര വിമാനത്താവളമെന്ന നിലയില്‍, സന്ദര്‍ശകര്‍ക്ക് ഗോവയെക്കുറിച്ചുള്ളഅറിവും അനുഭവവും ഈ വിമാനത്താവളം ലഭ്യമാക്കും. ഗോവയുടെ സ്വന്തമായ അസുലെജോസ് ടൈലുകളാണ് വിമാനത്താവളത്തില്‍ വ്യാപകമായി ഉപയോഗിച്ചിട്ടുള്ളത്. ഒരു സാധാരണ ഗോവന്‍ കഫേയുടെ മനോഹാരിത ഫുഡ് കോര്‍ട്ടും പുനഃസൃഷ്ടിക്കുന്നു. പ്രാദേശിക കരകൗശല വിദഗ്ധര്‍ക്കും ശില്‍പ്പകലാ വിദഗ്ധര്‍ക്കും അവരുടെ വ്യാപാരചരക്കുകള്‍ പ്രദര്‍ശിപ്പിക്കാനും വിപണനം ചെയ്യാനും പ്രോത്സാഹിപ്പിക്കുന്ന ഒരു ക്യൂറേറ്റഡ് വിപണകേന്ദ്രത്തിന് വേണ്ട ഒരു നിയുക്ത മേഖലയും ഇതിലുണ്ടാകും.

ഒന്‍പതാമത് ലോക ആയുര്‍വേദ കോണ്‍ഗ്രസും ദേശീയ ആയുഷ് ഇന്‍സ്റ്റിറ്റ്യൂട്ടും

പ്രധാനമന്ത്രി മൂന്ന് ദേശീയ ആയുഷ് ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ ഉദ്ഘാടനവും ഒന്‍പതാമത് ലോക ആയുര്‍വേദ കോണ്‍ഗ്രസിന്റെ സമാപന ചടങ്ങിനെ അഭിസംബോധന ചെയ്യുകയും ചെയ്യും. ഗോവയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ (എ.ഐ.ഐ.എ), ഗാസിയാബാദിലെ, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യുനാനി മെഡിസിന്‍ (എന്‍.ഐ.യു.എം), ഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപ്പതി (എന്‍.ഐ.എച്ച്), എന്നിവയാണ് ആ മൂന്ന് സ്ഥാപനങ്ങള്‍. ഇവ ഗവേഷണവും അന്താരാഷ്ട്ര സഹകരണവും കൂടുതല്‍ ശക്തിപ്പെടുത്തുകയും ജനങ്ങള്‍ക്ക് താങ്ങാനാവുന്ന നിലയില്‍ ആയുഷ്‌സേവനങ്ങള്‍ക്ക് സൗകര്യമൊരുക്കുകയും ചെയ്യും. ഏകദേശം 970 കോടി രൂപ ചെലവില്‍ വികസിപ്പിച്ചെടുത്ത ഇവയിലെല്ലാം കൂടി 400 അധികംവിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുകയും അതോടൊപ്പം 500 ആശുപത്രി കിടക്കകള്‍ അധികമായി വര്‍ദ്ധിക്കുകയും ചെയ്യും.

50-ലധികം രാജ്യങ്ങളെ പ്രതിനിധീകരിച്ച് 400-ലധികം വിദേശ പ്രതിനിധികളും, അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളും, ആയുര്‍വേദത്തിലെ മറ്റ് വിവിധ പങ്കാളികളുടെയും സജീവ പങ്കാളിത്തത്തിന് ലോക ആയുര്‍വേദ കോണ്‍ഗ്രസിന്റെ (ഡബ്ല്യു.എ.സി) ഒന്‍പതാമത് പതിപ്പും, ആരോഗ്യ പ്രദര്‍ശനവും സാക്ഷ്യം വഹിക്കുന്നു '' ഏക ആരോഗ്യത്തിന് ആയുര്‍വേദം'' എന്നതാണ് ലോക ആയുര്‍വേദ കോണ്‍ഗ്രസിന്റെ പ്രമേയം.

--ND--



(Release ID: 1882283) Visitor Counter : 140