ബഹിരാകാശ വകുപ്പ്
ബഹിരാകാശ മേഖലയിലെ പ്രധാന ആഗോള ശക്തിയാണ് ഇന്ത്യയെന്ന് കേന്ദ്രമന്ത്രി ഡോ ജിതേന്ദ്ര സിംഗ്
Posted On:
05 DEC 2022 3:27PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ഡിസംബർ 05, 2022
ബഹിരാകാശ മേഖലയിലെ പ്രധാന ആഗോള ശക്തിയാണ് ഇന്ത്യയെന്ന് കേന്ദ്ര ആണവോർജ, ബഹിരാകാശ സഹമന്ത്രി ഡോ ജിതേന്ദ്ര സിംഗ് ഇന്ന് പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സുമായി (യുഎഇ) ബഹിരാകാശ സഹകരണത്തിൽ പുതിയ ഉയരങ്ങളിലേക്ക് പോകാൻ ഇന്ത്യ താല്പര്യപ്പെടുന്നതായി അദ്ദേഹം വ്യക്തമാക്കി. 'അബുദാബി സ്‌പേസ് ഡിബേറ്റ് 'എന്ന യുഎഇ ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ (യുഎഇ) നടക്കുന്ന 2 ദിവസത്തെ അന്താരാഷ്‌ട്ര യോഗമായ "അബുദാബി സ്‌പേസ് ഡിബേറ്റിൽ" ഔദ്യോഗിക ഇന്ത്യൻ പ്രതിനിധി സംഘത്തെ ഡോ ജിതേന്ദ്ര സിംഗ് ആണ് നയിക്കുന്നത് . ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ കൂടാതെ ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ്, നിരവധി രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്രജ്ഞർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യയുടെ തദ്ദേശീയമായി വികസിപ്പിച്ച ബഹിരാകാശ മേഖലയ്ക്കും യുഎഇയുടെ അതിവേഗം വളരുന്ന ബഹിരാകാശ മേഖലയ്ക്കും പ്രയോജനപ്പെടുത്താൻ കഴിയുന്ന നിരവധി പരസ്പര പൂരകങ്ങളായ ഘടകങ്ങൾ ഉണ്ടെന്ന് ശ്രീ ജിതേന്ദ്ര സിംഗ് പറഞ്ഞു. ബഹിരാകാശത്തെ കുറിച്ച് ചർച്ച ചെയ്യുന്നതിനും തീരുമാനങ്ങൾ എടുക്കുന്നതിനും എല്ലാ പങ്കാളികളെയും ഒരുമിച്ച് കൊണ്ടുവരേണ്ടത് പ്രധാനമാണെന്നും ഇത്തരത്തിൽ ബഹിരാകാശ മേഖലയുടെ ഭാവി രൂപപ്പെടുത്താൻ ഈ വേദിയ്ക്ക് കഴിവുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുഎഇയുടെ ആദ്യ നാനോ ഉപഗ്രഹമായ ‘നായിഫ്-1’ വിക്ഷേപിച്ച 2017 മുതലാണ് യുഎഇയുമായുള്ള ഇന്ത്യയുടെ സജീവ ബഹിരാകാശ പങ്കാളിത്തം ആരംഭിക്കുന്നതെന്ന് മന്ത്രി എടുത്തുപറഞ്ഞു
ഇന്ത്യയുടെ മുൻനിര ബഹിരാകാശ വിക്ഷേപണ വാഹനമായ പിഎസ്എൽവിയ്ക്ക്, വിക്ഷേപണ വാഹനങ്ങളിൽ വച്ച് ലോകത്ത് ഏറ്റവും കൂടുതൽ വിജയ അനുപാതം ഉണ്ടെന്നതിൽ അഭിമാനമുണ്ടെന്ന് മന്ത്രി പറഞ്ഞു. ഐഎസ്ആർഒ ഇതുവരെ നൂറിലധികം ഉപഗ്രഹങ്ങൾ വിക്ഷേപിച്ചിട്ടുണ്ടെന്നും ജിസാറ്റ്, ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങൾ, ബഹിരാകാശ അധിഷ്ഠിത സാറ്റലൈറ്റ് നാവിഗേഷൻ സംവിധാനങ്ങൾ എന്നിവയ്ക്കായി ആഭ്യന്തര ഉപഗ്രഹ നിർമ്മാണ ശേഷിയുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യൻ റീജിയണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം അല്ലെങ്കിൽ ഐആർഎൻഎസ്എസ് എന്ന് വിളിക്കപ്പെടുന്ന സ്വന്തം ജിപിഎസും ഇന്ത്യ വികസിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി പ്രസ്താവിച്ചു. 2013ൽ ഇന്ത്യയുടെ മാർസ് ഓർബിറ്റർ ദൗത്യത്തിന്റെ വിജയകരമായ വിക്ഷേപണത്തിനു പുറമെ ചന്ദ്രയാൻ 1, ചന്ദ്രയാൻ 2 എന്നീ പേരുകളിൽ ചാന്ദ്ര ദൗത്യത്തിനും ഇന്ത്യ രണ്ടുതവണ ശ്രമിച്ചിരുന്നു. ചന്ദ്രനിലേക്കുള്ള മൂന്നാമത്തെ ഉപഗ്രഹ ദൗത്യമായ ചന്ദ്രയാൻ 3 അടുത്ത വർഷം വിക്ഷേപിക്കുമെന്ന് മന്ത്രി അറിയിച്ചു. .
ഗഗൻയാൻ പദ്ധതിക്ക് കീഴിൽ 2024-ൽ മനുഷ്യരെ വഹിച്ചു കൊണ്ട് ബഹിരാകാശത്തേക്ക് ആദ്യത്തെ വിമാനം അയയ്ക്കാൻ ഇന്ത്യ പദ്ധതിയിടുന്നതായി ഡോ.ജിതേന്ദ്ര സിംഗ് പറഞ്ഞു.
ബഹിരാകാശ വികസനത്തിന്റെ ഫലങ്ങൾ എല്ലാ രാജ്യങ്ങളിലേക്കും എത്തിക്കാനും ബഹിരാകാശ മേഖലയിൽ ഗവൺമെന്റുകളും സ്വകാര്യ സ്ഥാപനങ്ങളും തമ്മിൽ കൂടുതൽ സഹകരണം കൊണ്ടുവരാനും ഇന്ത്യ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു .
വിദേശ- ഗവൺമെന്റ്, സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങളുടെ പങ്കാളിത്തം സുഗമമാക്കുന്നതിന് ബഹിരാകാശ മേഖലയിലെ സ്റ്റാർട്ടപ്പുകളുടെ വികസനം ഇന്ത്യയും ഊർജസ്വലമായി പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ, ബഹിരാകാശ മേഖലയിലെ പുതിയ സ്വകാര്യ സ്ഥാപനങ്ങളെ കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ IN-SPAce എന്ന പേരിൽ പ്രത്യേക സംഘടന ഇന്ത്യ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
SKY
(Release ID: 1880966)
Visitor Counter : 189