രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

സ്വതന്ത്രവും നിയമാധിഷ്ഠിതവുമായ ഇന്തോ-പസഫിക് മേഖലയ്ക്കായി ഇന്ത്യ നിലകൊള്ളുന്നു - ശ്രീ രാജ്‌നാഥ് സിംഗ്

Posted On: 25 NOV 2022 11:24AM by PIB Thiruvananthpuram

ന്യൂ ഡൽഹി: നവംബർ 25, 2022
 
സ്വതന്ത്രവും തുറന്നതും നിയമാധിഷ്ഠിതവുമായ ഇന്തോ-പസഫിക്കിന് വേണ്ടി ഇന്ത്യ നിലകൊള്ളുന്നതായി രാജ്യ രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ്. ഇത് മേഖലയുടെയും വിശാലമായ ആഗോള സമൂഹത്തിന്റെയും സാമ്പത്തിക വികസനത്തിന് നിർണ്ണായകമാണ്. ഇന്ന് (2022 നവംബർ 25-ന്) ന്യൂ ഡൽഹിയിൽ നടന്ന ഇൻഡോ-പസഫിക് റീജിയണൽ ഡയലോഗിൽ (IPRD) മുഖ്യപ്രഭാഷണം നടത്തവെയാണ് അദ്ദേഹം  ഇക്കാര്യം വ്യക്തമാക്കിയത്.

തർക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും പരിഹരിക്കുന്നതിനും പ്രാദേശിക, ആഗോള ക്രമങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള ഒരേയൊരു പരിഷ്‌കൃത സംവിധാനം സംഭാഷണമാണെന്ന് ശ്രീ രാജ്‌നാഥ് സിംഗ് ഊന്നിപ്പറഞ്ഞു.

വ്യാപാരം, കണക്റ്റിവിറ്റി, ശേഷി വികസനം, അടിസ്ഥാന സൗകര്യം എന്നീ മേഖലകളിലെ വിവിധ സംരംഭങ്ങൾ  സഹകരിച്ചു പ്രവർത്തിക്കുന്നതിനുള്ള കാലാതിവർത്തിയായ മികച്ച മാർഗ്ഗങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയ രാജ്യ രക്ഷാ മന്ത്രി അവയ്ക്ക് സൗഹൃദത്തിന്റെ പാലങ്ങളായി വർത്തിക്കാനും പരസ്പര പ്രയോജനം ഉറപ്പാക്കാനും കഴിയുമെന്നും വ്യക്തമാക്കി.

തായ്‌ലൻഡിലെ ബാങ്കോക്കിൽ 2019 നവംബറിൽ നടന്ന ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിൽ തുടക്കം കുറിച്ച 'ഇന്തോ-പസഫിക് ഓഷ്യൻ ഇനീഷ്യേറ്റീവി'നെ കുറിച്ച് പരാമർശിച്ച ശ്രീ രാജ്‌നാഥ് സിംഗ്, മേഖലയിലെ എല്ലാവരുടെയും വികസനമെന്നത് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യമാണെന്നും, 'SAGAR' മുന്നോട്ടു വയ്ക്കുന്ന പ്രാദേശിക സഹകരണവും പങ്കാളിത്തവും എന്ന കാഴ്ചപ്പാടിന് അനുസൃതമാണെന്നും പറഞ്ഞു. .

യുഎൻ സമാധാന പ്രവർത്തനങ്ങളിൽ സ്ത്രീകൾക്കായുള്ള ആസിയാൻ-ഇന്ത്യ ഇനിഷ്യേറ്റീവ്, സമുദ്ര പ്ലാസ്റ്റിക് മലിനീകരണ പ്രതിരോധം സംബന്ധിച്ച ആസിയാൻ-ഇന്ത്യ ഇനിഷ്യേറ്റീവ് തുടങ്ങി ഈ  ആഴ്ച ആദ്യം കംബോഡിയയിൽ നടന്ന ഇന്ത്യ-ആസിയാൻ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ പ്രഖ്യാപിക്കപ്പെട്ട സംരംഭങ്ങളെക്കുറിച്ചും രാജ്യ രക്ഷാ മന്ത്രി പരാമർശിച്ചു.

എല്ലാവർക്കും ഗുണപ്രദമായ ഒരു ആഗോള ക്രമം സൃഷ്ടിക്കുന്നതിനായി ആത്മാർത്ഥമായതും കൂട്ടായതുമായ ഒരു സംരംഭമായി സുരക്ഷയെ കണക്കാക്കാൻ രാജ്യ രക്ഷാ മന്ത്രി അന്താരാഷ്ട്ര സമൂഹത്തെ ഉദ്ബോധിപ്പിച്ചു.

 

ഇന്ത്യൻ നാവികസേനയുടെ വാർഷിക ഉന്നതതല അന്താരാഷ്ട്ര പരിപാടിയാണ് മൂന്ന് ദിവസത്തെ IPRD. സായുധ സേനയിലെ മുതിർന്ന ഉദ്യോഗസ്ഥർ, ഷിപ്പിംഗ് മന്ത്രാലയം, വനം-പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, വ്യവസായ മേഖല പ്രതിനിധികൾ, ഇന്ത്യയിലുള്ള മിഷനുകളുടെ നയതന്ത്ര പ്രതിനിധികൾ, അക്കാദമിക് വിദഗ്ദ്ധർ, വിദേശത്ത് നിന്നുള്ള പ്രമുഖ പണ്ഡിതർ, വിദഗ്ധർ എന്നിവരുടെ സജീവ പങ്കാളിത്തത്തിന് പരിപാടി സാക്ഷ്യം വഹിച്ചു. കൂടാതെ, ഡൽഹി-NCRൽ നിന്നുള്ള ഏകദേശം 2,000 ത്തോളം യൂണിഫോം ധാരികളായ ഉദ്യോഗസ്ഥരും വിമുക്തഭടന്മാരും, പൗര പ്രമുഖന്മാരും, പ്രശസ്ത സർവകലാശാലകളിലെ വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു.
 
**********************************************
 
RRTN

(Release ID: 1878784) Visitor Counter : 172