പ്രധാനമന്ത്രിയുടെ ഓഫീസ്‌

തൊഴിൽമേളയിലൂടെ പുതുതായി ജോലി ല‌ഭ‌ിച്ചവർക്കുള്ള 71,000 നിയമനക്കത്തുകൾ പ്രധാനമന്ത്രി വിതരണംചെയ്തു


പുതുതായി നിയമിക്കപ്പെട്ടവർക്കുള്ള ‘കർമയോഗി പ്രാരംഭ് മൊഡ്യൂൾ’ ഓൺലൈൻ ഓറിയന്റേഷൻ കോഴ്സിനും തുടക്കംകുറിച്ചു

 
“യുവജനങ്ങളെ ശാക്തീകരിക്കാനും ദേശീയവികസനത്തിന് അവരെ പ്രേരകശക്തിയാക്കാനുമുള്ള ഞങ്ങളുടെ ശ്രമമാണു തൊഴിൽമേള”

 
ഗവണ്മെന്റ് ജോലികൾ ഒരുക്കുന്നതിനു ദൗത്യമെന്ന നിലയിലാണു ഗവണ്മെന്റ് പ്രവർത്തിക്കുന്നത്”


“യുവാക്കളുടെ കഴിവും ഊർജവും രാഷ്ട്രനിർമാണത്തിനായി വിനിയോഗിക്കുന്നതിനായി കേന്ദ്രഗവണ്മെന്റ് വലിയ മുൻഗണന നൽകുന്നു” 

“നൈപുണ്യവർധനയ്ക്കു ‘കർമയോഗി ഭാരത്’ സാങ്കേതികസംവിധാനം ഏറെ സഹായമാകും”


“ലോകമെമ്പാടുമുള്ള വിദഗ്ധർ ഇന്ത്യയുടെ വളർച്ചാപാതയുടെ കാര്യത്തിൽ ശുഭാപ്തിവിശ്വാസം പുലർത്തുന്നു”


“ഗവണ്മെന്റ്-സ്വകാര്യ മേഖലകളിൽ പുതിയ തൊഴിലവസരങ്ങളുടെ സാധ്യത തുടർച്ചയായി വർധിക്കുന്നു. ഏറെ പ്രാധാന്യമർഹിക്കുന്നത്, യുവാക്കൾക്ക് അവരുടെ സ്വന്തം നഗരങ്ങളിലും ഗ്രാമങ്ങളിലുമാണ് ഈ അവസരങ്ങൾ ഉയർന്നുവരുന്നത് എന്നതാണ്” 

“ഇന്ത്യയെ വികസിതരാഷ്ട്രമാക്കാനുള്ള പാതയിലെ സഹപ്രവർത്തകരും സഹയാത്രികരുമാണു നാം”


Posted On: 22 NOV 2022 11:42AM by PIB Thiruvananthpuram

തൊഴിൽമേളയിലൂടെ പുതുതായി നിയമനം ലഭിച്ചവർക്കുള്ള 71,000 നിയമനക്കത്തുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു വിദൂരദൃശ്യസംവിധാനത്തിലൂടെ വിതരണംചെയ്തു. തൊഴിൽമേളകൾ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ഉത്തേജകമായി പ്രവർത്തിക്കുമെന്നും, യുവാക്കൾക്ക് അവരുടെ ശാക്തീകരണത്തിനും ദേശീയവികസനത്തിൽ നേരിട്ടുള്ള പങ്കാളിത്തത്തിനും അർഥവത്തായ അവസരങ്ങൾ നൽകുമെന്നുമാണു പ്രതീക്ഷ. തൊഴിൽമേളയിലൂടെ പുതുതായി നിയമിതരായ 75,000 പേർക്ക് ഒക്ടോബറിൽ നിയമനക്കത്തുകൾ കൈമാറിയിരുന്നു. 

രാജ്യത്തെ 45ലധികം നഗരങ്ങളിലായി 71,000ലധികം യുവാക്കൾക്കു നിയമനക്കകത്തുകൾ നൽകുന്നുണ്ടെന്നും ഇതു നിരവധി കുടുംബങ്ങൾക്കു സന്തോഷത്തിന്റെ പുതുയുഗം സമ്മാനിക്കുമെന്നും യോഗത്തെ അഭിസംബോധനചെയ്ത പ്രധാനമന്ത്രി പറഞ്ഞു. ധൻതേരസ് ദിനത്തിൽ യുവാക്കൾക്കു കേന്ദ്രഗവണ്മെന്റ് 75,000 നിയമനക്കത്തുകൾ വിതരണംചെയ്തിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു. “രാജ്യത്തെ യുവാക്കൾക്കു തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനായി കേന്ദ്രഗവണ്മെന്റ് ദൗത്യമെന്ന നിലയിൽ പ്രവർത്തിക്കുന്നു എന്നതിന്റെ തെളിവാണ് ഇന്നത്തെ തൊഴിൽമേള”- പ്രധാനമന്ത്രി പറഞ്ഞു. 

ഒരുമാസംമുമ്പു തൊഴിൽമേളയ്ക്കു തുടക്കംകുറിച്ചതിനെ അനുസ്മരിച്ച്, വിവിധ കേന്ദ്രഭരണപ്രദേശങ്ങളും സംസ്ഥാനങ്ങളും കാലാകാലങ്ങളിൽ ഇത്തരം തൊഴിൽമേളകൾ തുടർന്നും സംഘടിപ്പിക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു. മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തർപ്രദേശ്, ജമ്മു & കശ്മീർ, ലഡാക്ക്, ആൻഡമാൻ & നിക്കോബാർ, ലക്ഷദ്വീപ്, ദാമൻ & ദിയു, ദാദ്ര, നഗർ ഹവേലി, ചണ്ഡീഗഢ് എന്നിവിടങ്ങളിൽ ആയിരക്കണക്കിനു യുവാക്കൾക്ക് അതതു ഗവണ്മെന്റുകൾ നിയമനക്കത്തുകൾ നൽകിയതിൽ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു. ഗോവയും ത്രിപുരയും ഏതാനും ദിവസങ്ങൾക്കുള്ളിൽ സമാനമായ രീത‌ിയിൽ തൊഴിൽമേളകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ മഹത്തായ നേട്ടത്തിന് ഇരട്ട എൻജിൻ ഗവൺമെന്റിനെ അഭിനന്ദിച്ച  പ്രധാനമന്ത്രി, രാജ്യത്തെ യുവാക്കളെ ശാക്തീകരിക്കുന്നതിനായി കാലാകാലങ്ങളിൽ ഇത്തരം തൊഴിൽമേളകൾ സംഘടിപ്പിക്കുമെന്നും ഉറപ്പുനൽകി. 

യുവാക്കളാണു രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തിയെന്നു പ്രധാനമന്ത്രി പറഞ്ഞു. അവരുടെ കഴിവും ഊർജവും രാഷ്ട്രനിർമാണത്തിനായി വിനിയോഗിക്കുന്നതിനായി കേന്ദ്രഗവണ്മെന്റ് വലിയ മുൻഗണന നൽകുന്നു. പുതിയ പൊതുജനസേവകരെ അദ്ദേഹം സ്വാഗതംചെയ്യുകയും അനുമോദിക്കുകയുംചെയ്തു. അമൃതകാലമെന്ന സവിശേഷ കാലഘട്ടത്തിലാണ് ഈ സുപ്രധാന ഉത്തരവാദിത്വം ഏറ്റെടുക്കുന്നതെന്ന് അദ്ദേഹം അവരെ ഓർമിപ്പിച്ചു. വികസിതരാജ്യമാകാനുള്ള രാജ്യത്തിന്റെ ദൃഢനിശ്ചയത്തിൽ അമൃതകാലത്തിൽ അവർക്കുള്ള പങ്കിനെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കി. കേന്ദ്രഗവൺമെന്റിന്റെ പ്രതിനിധികൾ എന്ന നിലയിൽ അവർ തങ്ങളുടെ പങ്കിനെയും കടമകളെയുംകുറിച്ചു സമഗ്രമായി മനസിലാക്കണമെന്നും തങ്ങളുടെ ചുമതലകൾ നിർവഹിക്കാനുള്ള ശേഷി വർധിപ്പിക്കുന്നതിൽ നിരന്തരം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


ഇന്നു തുടക്കംകുറിച്ച ‘കർമയോഗി ഭാരത്’ സാങ്കേതികസംവിധാനത്തിലേക്കു വെളിച്ചംവീശി, ഗവണ്മെന്റ് ഉദ്യോഗസ്ഥർക്കായി നിരവധി ഓൺലൈൻ കോഴ്സുകൾ ലഭ്യമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ഗവണ്മെന്റ് ജീവനക്കാർക്കായുള്ള ‘കർമയോഗിപ്രാരംഭ്’ എന്ന കോഴ്സിനെക്കുറിച്ചു പ്രത്യേകം പറഞ്ഞ അദ്ദേഹം, അതു പരമാവധി പ്രയോജനപ്പെടുത്താൻ പുതുതായി നിയമിക്കപ്പെട്ടവരോട് അഭ്യർഥിച്ചു. അവരുടെ നൈപുണ്യവികസനത്തിനും വരുംനാളുകളിൽ അവർക്കു പ്രയോജനംചെയ്യുന്നതിനും ഇതു വലിയ സഹായമാകുമെന്നും കോഴ്സിന്റെ നേട്ടങ്ങൾ ഉദ്ധരിച്ചു പ്രധാനമന്ത്രി പറഞ്ഞു. 

മഹാമാരിയും യുദ്ധവും ആഗോളതലത്തിൽ യുവാക്കൾക്കു സൃഷ്ടിച്ച പ്രതിസന്ധിയെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. ഈ ദുഷ്കരമായ സമയത്തും ഇന്ത്യയുടെ വളർച്ചാപാതയുടെ കാര്യത്തിൽ ലോകമെമ്പാടുമുള്ള വിദഗ്‌ധർ ശുഭാപ്തിവിശ്വാസം പുലർത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വിദഗ്ധരുടെ അഭിപ്രായത്തിൽ, സേവനമേഖലയിലെ പ്രധാനശക്തിയായി ഇന്ത്യ മാറിയെന്നും ഉടൻതന്നെ രാജ്യം ലോകത്തിന്റെ ഉൽപ്പാദനകേന്ദ്രമായ‌ി മാറുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പി‌എൽ‌ഐപോലുള്ള സംരംഭങ്ങൾ ഇതിൽ വലിയ പങ്കുവഹിക്കുമെങ്കിലും അതിന്റെ പ്രധാന അടിത്തറ രാജ്യത്തെ യുവാക്കളും നൈപുണ്യമാർന്ന മനുഷ്യശക്തിയുമായിരിക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു. പിഎൽഐ പദ്ധതി 60 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നു പ്രധാനമന്ത്രി അറിയിച്ചു. മെയ്ക്ക് ഇൻ ഇന്ത്യ, വോക്കൽ ഫോർ ലോക്കൽ തുടങ്ങിയ ക്യാമ്പയിനുകൾ തൊഴിലിനും സ്വയംതൊഴിലിനും പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഗവണ്മെന്റ്-സ്വകാര്യ മേഖലകളിൽ പുതിയ തൊഴിലവസരങ്ങളുടെ സാധ്യത തുടർച്ചയായി വർധിക്കുന്നു. ഏറെ പ്രാധാന്യമർഹിക്കുന്നതെന്തെന്നാൽ, യുവാക്കൾക്ക് അവരുടെ സ്വന്തം നഗരങ്ങളിലും ഗ്രാമങ്ങളിലുമാണ് ഈ അവസരങ്ങൾ ഉയർന്നുവരുന്നത് എന്നതാണ്. ഇതു യുവാക്കളുടെ കുടിയേറ്റം ഒഴിവാക്കാൻ സഹായിക്കുകയും അവരുടെ പ്രദേശത്തിന്റെ വികസനത്തിൽ അവരുടെ പങ്ക് ഉറപ്പാക്കുകയുംചെയ്യും”- അദ്ദേഹം പറഞ്ഞു. 

സ്റ്റാർട്ടപ്പ്മുതൽ സ്വയംതൊഴിൽവരെയും ബഹിരാകാശംമുതൽ ഡ്രോൺവരെയുമുള്ള മേഖലകളിൽ സ്വീകരിച്ച നടപടികളിലൂടെ സൃഷ്ടിക്കപ്പെട്ട പുതിയ അവസരങ്ങളെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. യുവാക്കൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ 80,000 സ്റ്റാർട്ടപ്പുകൾ അവസരം ഒരുക്കുന്നു. മരുന്ന്, കീടനാശിനി, സ്വാമി‌ത്വ പദ്ധതിയിലെ മാപ്പിങ്, പ്രതിരോധമേഖല എന്നിവയിൽ ഡ്രോണുകൾ കൂടുതലായി ഉപയോഗിക്കുന്നു. ഇതു യുവാക്കൾക്കു പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുറച്ചുദിവസങ്ങൾക്കുമുമ്പു രാജ്യത്തെ സ്വകാര്യമേഖല ഇന്ത്യയിലെ ആദ്യത്തെ ബഹിരാകാശ റോക്കറ്റ് വിക്ഷേപിച്ചതിനെ അനുസ്മരിച്ച്, ബഹിരാകാശമേഖല തുറന്നുകൊടുക്കാനുള്ള തീരുമാനത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. അതിലൂടെ രാജ്യത്തെ യുവാക്കൾക്കു തൊഴിലവസരങ്ങളും സൃഷ്ടിക്കാനായി. അനുവദിച്ച 35 കോടിയിലധികം മുദ്ര വായ്പകളുടെ കാര്യവും അദ്ദേഹം ഉദാഹരിച്ചു. ഗവേഷണത്തിലേക്കും നൂതനാശയങ്ങളിലേക്കുമുള്ള മുന്നേറ്റത്തെ അഭിനന്ദിച്ച പ്രധാനമന്ത്രി, അതു രാജ്യത്തു തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനു കാരണമായെന്നും ചൂണ്ടിക്കാട്ടി. 

ലഭിക്കുന്ന പുതിയ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നു പുതുതായി നിയമിക്കപ്പെട്ടവരോടു പ്രധാനമന്ത്രി അഭ്യർഥിച്ചു. ഈ നിയമനക്കത്തുകൾ അവർക്കു വളർച്ചയുടെ ലോകത്തേക്കുള്ള പ്രവേശനകവാടം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. അനുഭവത്തിൽനിന്നും മുതിർന്നവരിൽനിന്നും പാഠങ്ങളുൾക്കൊണ്ട് അർഹരായ സ്ഥാനങ്ങൾ സ്വന്തമാക്കാൻ അദ്ദേഹം അവരെ പ്രേരിപ്പിച്ചു. തന്റെ പഠനാനുഭവം പങ്കുവച്ച്,  നമുക്കുള്ളിലെ വിദ്യാർഥിയെ ഒരിക്കലും നഷ്ടപ്പെടുത്തരുതെന്നും  പ്രധാനമന്ത്രി പറഞ്ഞു. പുതുതായി എന്തെങ്കിലും പഠിക്കാനുള്ള ഒരവസരവും താൻ ഉപേക്ഷിക്കില്ലെന്നു ശ്രീ മോദി പറഞ്ഞു. കർമയോഗി ഭാരത് സംവിധാനം മെച്ചപ്പെടുത്തുന്നതിനായി ഓൺലൈൻ പരിശീലനത്തിന്റെ അനുഭവം പങ്കുവയ്ക്കാനും ക്രിയാത്മകമായ നിർദേശങ്ങൾ നൽകാനും പുതുതായി നിയമിക്കപ്പെട്ടവരോടു പ്രധാനമന്ത്രി ആവശ്യപ്പെട്ടു. “ഇന്ത്യയെ വികസിതരാജ്യമാക്കി മാറ്റാനുള്ള യാത്രയിലാണു നാം. ഈ കാഴ്ചപ്പാടുമായി മുന്നോട്ടുപോകാമെന്ന ദൃഢനിശ്ചയം നമുക്കു കൈക്കൊള്ളാം”- പ്രധാനമന്ത്രി ഉപസംഹരിച്ചു. 

പശ്ചാത്തലം: 

തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനു വലിയ മുൻഗണന നൽകുന്നതിനുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധതയുടെ പൂർത്തീകരണത്തിലേക്കുള്ള ചുവടുവയ്പാണു തൊഴിൽമേള. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ഉത്തേജകമായി തൊഴിൽമേളകൾ പ്രവർത്തിക്കുമെന്നും യുവാക്കൾക്ക് അവരുടെ ശാക്തീകരണത്തിനും ദേശീയവികസനത്തിൽ നേരിട്ടുള്ള പങ്കാളിത്തത്തിനും അർഥവത്തായ അവസരങ്ങൾ നൽകുമെന്നുമാണു പ്രതീക്ഷ. തൊഴിൽമേളയിലൂടെ പുതുതായി നിയമിതരായ 75,000 പേർക്ക് ഒക്ടോബറിൽ നിയമനക്കത്തുകൾ കൈമാറി. 

പുതുതായി നിയമനം ലഭിച്ചവർക്കുള്ള നിയമനക്കത്തുകളുടെ ശരിപ്പകർപ്പുകൾ (ഗുജറാത്ത്, ഹിമാചൽ പ്രദേശ് ഒഴികെ) രാജ്യത്തുടനീളമുള്ള 45 സ്ഥലങ്ങളിൽ കൈമാറും. നേരത്തെ നികത്തിയ ഒഴിവുകൾക്കുപുറമെ അധ്യാപകർ, ലക്ചറർമാർ, നഴ്സുമാർ, നഴ്സിങ് ഓഫീസർമാർ, ഡോക്ടർമാർ, ഫാർമസിസ്റ്റുകൾ, റേഡിയോഗ്രാഫർമാർ, മറ്റു സാങ്കേതിക-പാരാമെഡിക്കൽ തസ്തികകൾ എന്നിവയിലേക്കും നിയമനം നടത്തും. വിവിധ കേന്ദ്ര സായുധ പൊലീസ് സേനകളിൽ (സിഎപിഎഫ്) ആഭ്യന്തരമന്ത്രാലയം ഗണ്യമായതോതിൽ ‌ഒഴിവുകൾ നികത്തും.

കർമയോഗി പ്രാരംഭ് മൊഡ്യൂളിനും പ്രധാനമന്ത്രി തുടക്കംകുറിച്ചു. വിവിധ ഗവണ്മെന്റ് വകുപ്പുകളിൽ പുതുതായി നിയമിക്കപ്പെട്ടവർക്കുള്ള ഓൺലൈൻ ഓറിയന്റേഷൻ കോഴ്സാണിത്. ഗവണ്മെന്റ് ഉദ്യോഗസ്ഥർക്കുള്ള പെരുമാറ്റച്ചട്ടം, ജോലിസ്ഥലത്തെ ധാർമികതയും സമന്വയവും, മാനവവിഭവശേഷി നയങ്ങൾ, നയങ്ങളുമായി പൊരുത്തപ്പെടാനും പുതിയ കടമകകളിലേക്കു സുഗമമായി പരിവർത്തനം ചെയ്യാനും അവരെ സഹായിക്കുന്ന മറ്റ് ആനുകൂല്യങ്ങളും ബത്തകളും എന്നിവ ഇതിൽ ഉൾപ്പെടും. അവരുടെ അറിവും നൈപുണ്യവും കഴിവുകളും വർധിപ്പിക്കുന്നതിന് igotkarmayogi.gov.inൽ  മറ്റു കോഴ്സുകളിലേക്കു പ്രവേശനത്തിനുള്ള അവസരവും അവർക്കു ലഭിക്കും.

--ND--

 

Rozgar Mela is our endeavour to empower youth and make them the catalyst in national development. https://t.co/BKXBxO6NfX

— Narendra Modi (@narendramodi) November 22, 2022

Working in mission mode to provide government jobs. pic.twitter.com/A7f6WGmQ08

— PMO India (@PMOIndia) November 22, 2022

Youth are the biggest strength of our country. pic.twitter.com/hb8rl5Nn7X

— PMO India (@PMOIndia) November 22, 2022

The 'Karmayogi Bharat' technology platform which has been launched, has several online courses. This will greatly help in upskilling. pic.twitter.com/KWSirYDxF8

— PMO India (@PMOIndia) November 22, 2022

Experts around the world are optimistic about India's growth trajectory. pic.twitter.com/Pe4h6gQin0

— PMO India (@PMOIndia) November 22, 2022

New opportunities are being created for the youth in India. pic.twitter.com/sZwRbhULJg

— PMO India (@PMOIndia) November 22, 2022

*****



(Release ID: 1877922) Visitor Counter : 195