പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

'ജന്‍ജാതീയ ഗൗരവ് ദിവസത്തില്‍ രാജ്യത്തെ ഗിരിവർഗവിഭാഗത്തിന്റെ പൈതൃകത്തില്‍ അഭിമാനിക്കുന്നതും ഗോത്രവർഗവിഭാഗത്തിന്റെ വികസനത്തിനായി പ്രതിജ്ഞയെടുക്കുന്നതും 'പഞ്ച് പ്രാൺ' നല്‍കുന്ന ഊർജത്തിന്റെ ഭാഗമാണ്''


''ഭഗവാന്‍ ബിര്‍സ മുണ്ഡ നമ്മുടെ സ്വാതന്ത്ര്യസമരനേതാക്കളില്‍ ഒരാള്‍ മാത്രമായിരുന്നില്ല; മറിച്ച്, നമ്മുടെ ആധ്യാത്മിക-സംസ്കാരിക ഊർജത്തിന്റെ വാഹകന്‍ കൂടിയായിരുന്നു''

''ഇന്ത്യ അതിന്റെ ഭാവി രൂപപ്പെടുത്തുന്നതിനു മഹത്തായ ഗിരിവർഗപാരമ്പര്യത്തില്‍നിന്ന് ഊർജമുള്‍ക്കൊള്ളണം; ജന്‍ജാതീയ ഗൗരവ് ദിനം അതിനുള്ള വഴിതെളിക്കുമെന്ന് എനിക്കുറപ്പാണ്'

Posted On: 15 NOV 2022 9:04AM by PIB Thiruvananthpuram

ഭഗവാന്‍ ബിര്‍സ മുണ്ഡയുടെയും കോടിക്കണക്കിനു ജന്‍ജാതീയ ധീരരുടെയും സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനു 'പഞ്ച് പ്രാൺ' എന്ന ഊർജമുൾക്കൊണ്ടു രാജ്യം മുന്നേറുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. "ജന്‍ജാതീയ ഗൗരവ് ദിവസത്തില്‍ ഗിരിവർഗസമൂഹത്തിന്റെ വികസനത്തിനായുള്ള ദൃഢനിശ്ചയത്തിൽ പങ്കാളികളാകുന്നതും രാജ്യത്തിന്റെ ഗോത്രപൈതൃകത്തില്‍ അഭിമാനം പ്രകടിപ്പിക്കുന്നതും ആ ഊർജത്തിന്റെ ഭാഗമാണ്"- അദ്ദേഹം പറഞ്ഞു.   ജന്‍ജാതീയ ഗൗരവ് ദിവസത്തോടനുബന്ധിച്ചു വീഡിയോസന്ദേശത്തിലൂടെ രാജ്യത്തെ അഭിസംബോധനചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

ഭഗവാൻ ബിര്‍സ മുണ്ഡയ്ക്കുശ്രദ്ധാഞ്ജലിയർപ്പിച്ച പ്രധാനമന്ത്രി, നവംബര്‍ 15 ഗോത്രവർഗപാരമ്പര്യം ആഘോഷിക്കാനുള്ള ദിനമാണെന്നും ഭഗവാൻ ബിര്‍സ മുണ്ഡ നമ്മുടെ സ്വാതന്ത്ര്യസമരനായകന്‍ മാത്രമല്ല, നമ്മുടെ ആത്മീയവും സാംസ്കാരികവുമായ ഊർജത്തിന്റെ വാഹകനാണെന്നും പറഞ്ഞു.

സ്വാതന്ത്ര്യസമരത്തില്‍ ഗോത്രസമൂഹം നല്‍കിയ സംഭാവനകളെ അനുസ്മരിച്ച പ്രധാനമന്ത്രി, പ്രധാന ഗോത്രപ്രസ്ഥാനങ്ങളെയും സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടങ്ങളെയും അനുസ്മരിച്ചു. തിൽകാ മാംഝിയുടെ നേതൃത്വത്തിലുള്ള ദാമിന്‍ സംഗ്രാം, ബുദ്ധു ഭഗത്തിന്റെ നേതൃത്വത്തിലുള്ള ലര്‍ക്ക പ്രസ്ഥാനം, സിദ്ധു-കാനു ക്രാന്തി, താനാ ഭഗത് പ്രസ്ഥാനം, വേഗ്ദ ഭീല്‍ പ്രസ്ഥാനം, നായിക്ദ പ്രസ്ഥാനം, സന്ത് ജോറിയ പരമേശ്വറും രൂപ് സിങ് നായകും, ലിംദി ദാഹോദ് പോരാട്ടം, മാൻഗഢിലെ ഗോവിന്ദ് ഗുരുജി, അല്ലൂരി സീതാറാം രാജുവിന്റെ കീഴിലുള്ള രാംപ പ്രസ്ഥാനം എന്നിവ അദ്ദേഹം അനുസ്മരിച്ചു.

ഗോത്രവര്‍ഗത്തിന്റെ സംഭാവനകളെ അംഗീകരിക്കുന്നതിനും ആഘോഷിക്കുന്നതിനുമായുള്ള നടപടികള്‍ പ്രധാനമന്ത്രി വിശദീകരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഗോത്രമ്യൂസിയങ്ങളെക്കുറിച്ചും ജന്‍ധന്‍, ഗോബര്‍ധന്‍, വന്‍ധന്‍, സ്വയംസഹായസംഘങ്ങള്‍, സ്വച്ഛ് ഭാരത്, പിഎം ആവാസ് യോജന, മാതൃത്വ വന്ദന യോജന, ഗ്രാമീണ്‍ സഡക് യോജന, മൊബൈല്‍ കണക്ടിവിറ്റി, ഏകലവ്യ സ്കൂളുകള്‍, വന ഉല്‍പ്പന്നങ്ങള്‍ക്ക് 90 ശതമാനം താങ്ങുവില, സിക്കിള്‍സെല്‍ അനീമിയ, ഗിരിവർഗ ഗവേഷണസ്ഥാപനങ്ങള്‍, സൗജന്യ കൊറോണ പ്രതിരോധകുത്തിവയ്പ്, ഇന്ദ്രധനുഷ് ദൗത്യം തുടങ്ങിയ പദ്ധതികളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

ഗിരിവർഗവിഭാഗത്തിന്റെ ധീരത, സാമൂഹ്യജീവിതം, സമഭാവന എന്നീ ഗുണങ്ങള്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ''ഈ മഹത്തായ പാരമ്പര്യത്തില്‍നിന്നു പാഠം ഉള്‍ക്കൊണ്ട് ഇന്ത്യ അതിന്റെ ഭാവിക്കു രൂപം നല്‍കേണ്ടതുണ്ട്. ജന്‍ജാതീയ ഗൗരവ് ദിവസം ഇതിനുള്ള അവസരമായി മാറുമെന്ന് എനിക്കുറപ്പുണ്ട്''- പ്രധാനമന്ത്രി ഉപസംഹരിച്ചു.

--ND--

(Release ID: 1875996) Visitor Counter : 158