വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ 53-ാം പതിപ്പ് 2022 നവംബർ 20 മുതൽ 28 വരെ ഗോവയിൽ
Posted On:
14 NOV 2022 6:29PM by PIB Thiruvananthpuram
ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഐഎഫ്എഫ്ഐയുടെ 53-ാം പതിപ്പ് 2022 നവംബർ 20 മുതൽ 28 വരെ ഗോവയിൽ നടക്കും. 79 രാജ്യങ്ങളിൽ നിന്നായി 280 ചലച്ചിത്രങ്ങളാണ് ഇക്കൊല്ലം പ്രദർശിപ്പിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള 25 ഫീച്ചർ ഫിലിമുകളും 20 നോൺ ഫീച്ചർ സിനിമകളും ‘ഇന്ത്യൻ പനോരമ’യിൽ പ്രദർശിപ്പിക്കും. അന്താരാഷ്ട്രവിഭാഗത്തിൽ 183 സിനിമകളുണ്ടാകും. · സത്യജിത് റായ് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്കാരം സ്പാനിഷ് ചലച്ചിത്രകാരൻ കാർലോസ് സൗറയ്ക്കു നൽകും · ‘സ്പോട്ട്‌ലൈറ്റ്’ വിഭാഗത്തിൽ കൺട്രി ഫോക്കസ് പാക്കേജിനുകീഴിൽ ഫ്രാൻസിൽനിന്നുള്ള 8 സിനിമകൾ പ്രദർശിപ്പിക്കും · ഡീറ്റർ ബെർണർ സംവിധാനംചെയ്ത ഓസ്ട്രിയൻ ചിത്രമായ അൽമ ആൻഡ് ഓസ്കറാണ് ഉദ്ഘാടനചിത്രം; സമാപനചിത്രം ക്രിസ്റ്റോഫ് സനൂസിയുടെ പെർഫെക്റ്റ് നമ്പർ · ഐഎഫ്എഫ്ഐയിലും ഫിലിം ബസാറിലും ഈ വർഷം നിരവധി പുതിയ സംരംഭങ്ങൾ · ഗോവയിലുടനീളം കാരവനുകൾ വിന്യസിക്കുകയും സിനിമകൾ പ്രദർശിപ്പിക്കുകയുംചെയ്യും · കടൽത്തീരത്ത് തുറന്നവേദിയിൽ ചലച്ചിത്രപ്രദർശനം നടത്തും · എൻഎഫ്എഐയിൽ നിന്നുള്ള സിനിമകൾ ‘ഇന്ത്യൻ റീസ്റ്റോർഡ് ക്ലാസിക്സ്’ വിഭാഗത്തിൽ പ്രദർശിപ്പിക്കും · ഈ വർഷത്തെ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരജേതാവായ ആശ പരേഖിന്റെ തീസ്‌രി മൻസിൽ, ദോ ബദൻ, കടീ പതംഗ് എന്നീ മൂന്നു ചിത്രങ്ങൾ ‘ആശ പരേഖ് റെട്രോസ്പെക്റ്റീവി’ൽ പ്രദർശിപ്പിക്കും. · ‘ഹോമേജ്’ വിഭാഗത്തിൽ 15 ഇന്ത്യൻ സിനിമകളും അഞ്ച് അന്താരാഷ്ട്ര സിനിമകളും ഉൾപ്പെടുന്നു · വടക്കുകിഴക്കേ ഇന്ത്യയിൽ നിന്നുള്ള സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതിനായി 5 ഫീച്ചർ സിനിമകളും 5 നോൺ ഫീച്ചർ സിനിമകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതു മണിപ്പൂരി സിനിമയുടെ സുവർണ ജൂബിലി ആഘോഷത്തെ അടയാളപ്പെടുത്തും · 2022 നവംബർ 26ന്റെ ഷിഗ്മോത്സവ് (വസന്തോത്സവം), നവംബർ 27ന്റെ ഗോവ കാർണിവൽ എന്നിവ പ്രത്യേക ആകർഷണങ്ങളാകും. · ‘ആസാദി കാ അമൃത് മഹോത്സവ്’ എന്ന വിഷയത്തിൽ സിബിസി പ്രദർശനം സംഘടിപ്പിക്കും സ്പാനിഷ് ചലച്ചിത്രകാരൻ കാർലോസ് സൗറയ്ക്ക് സത്യജിത് റായിയുടെ പേരിലുള്ള ആജീവനാന്ത നേട്ടത്തിനുള്ള പുരസ്കാരം നൽകി ഐഎഫ്എഫ്ഐ വേദിയിൽ ആദരിക്കുമെന്നു കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി എൽ മുരുകൻ ന്യൂഡൽഹിയിലെ നാഷണൽ മീഡിയ സെന്ററിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു. അദ്ദേഹത്തിന്റെ എട്ടു സിനിമകളുൾപ്പെടുന്ന റെട്രോസ്പെക്റ്റീവും മേളയുടെ ഭാഗമാകും. സ്പാനിഷ് ചലച്ചിത്രകാരനായ കാർലോസ് സൗറയുടെ ദെപ്രീസ ദെപ്രീസയ്ക്ക് ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച സംവിധായകനുള്ള ഗോൾഡൻ ബെയർ ലഭിച്ചിട്ടുണ്ട്. ല കാസ, പെപ്പർമിന്റ് ഫ്രാപ്പെ എന്നിവയ്ക്കു രണ്ടു സിൽവർ ബെയറും ലഭിച്ചു. കാർമെനു ബാഫ്റ്റ പുരസ്കാരവും കാനിൽ മൂന്നു പുരസ്കാരങ്ങളും ലഭിച്ചു. മറ്റു നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. ഈ വർഷത്തെ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരജേതാവായ ആശ പരേഖിന്റെ തീസ്‌രി മൻസിൽ, ദോ ബദൻ, കടീ പതംഗ് എന്നീ ചിത്രങ്ങൾ ‘ആശാ പരേഖ് റെട്രോസ്പെക്റ്റീവി’ൽ പ്രദർശിപ്പിക്കും. വടക്കുകിഴക്കേ ഇന്ത്യയിൽ നിന്നുള്ള സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതിനായി 5 ഫീച്ചർ സിനിമകളും 5 നോൺ ഫീച്ചർ സിനിമകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതു മണിപ്പൂരി സിനിമയുടെ സുവർണ ജൂബിലി ആഘോഷത്തെയും അടയാളപ്പെടുത്തും. ഡീറ്റർ ബെർണർ സംവിധാനം ചെയ്ത ഓസ്ട്രിയൻ ചിത്രമായ അൽമ ആൻഡ് ഓസ്കറാണു ചലച്ചിത്രമേളയുടെ ഉദ്ഘാടനചിത്രം. ക്രിസ്റ്റോഫ് സനൂസിയുടെ പെർഫെക്റ്റ് നമ്പറാണു സമാപന ചിത്രം. ‘സ്പോട്ട്‌ലൈറ്റ്’ രാജ്യം ഫ്രാൻസാണ്. കൺട്രി ഫോക്കസ് പാക്കേജിനുകീഴിൽ ഫ്രാൻസിൽനിന്നുള്ള 8 സിനിമകൾ പ്രദർശിപ്പിക്കും. ‘ഹോമേജ്’ വിഭാഗത്തിൽ പതിനഞ്ച് ഇന്ത്യൻ സിനിമകളും അഞ്ച് അന്താരാഷ്ട്ര സിനിമകളും ഉൾപ്പെടുന്നു. ഭാരതരത്ന ലത മങ്കേഷ്കർ, ഗായകനും സംഗീതസംവിധായകനുമായ ബാപ്പി ലാഹിരി, കഥക് ഇതിഹാസം പണ്ഡിറ്റ് ബിർജു മഹാരാജ്, അഭിനേതാക്കളായ രമേഷ് ദേവ്, മഹേശ്വരി അമ്മ, ഗായകൻ കെ കെ, സംവിധായകൻ തരുൺ, നിപോൺ ദാസ്, അസം നടനും നാടക കലാകാരനുമായ മജുംദാർ, ഗായകൻ ഭൂപീന്ദർ സിങ് എന്നിവർക്കു മേള ശ്രദ്ധാഞ്ജലിയർപ്പിക്കും. അന്താരാഷ്ട്രവിഭാഗത്തിൽ, ബോബ് റഫേൽസൺ, ഇവാൻ റൈറ്റ്മാൻ, പീറ്റർ ബോഗ്ദനോവിച്ച്, ഡഗ്ലസ് ട്രംബെൽ, മോണിക്ക വിറ്റി എന്നീ പ്രതിഭകൾക്കും മേള ശ്രദ്ധാഞ്ജലിയർപ്പിക്കും. വാർത്താവിതരണ-പ്രക്ഷേപണമന്ത്രാലയത്തിന്റെ സംരംഭമായ ‘നാളെയുടെ 75 സർഗാത്മകമനസുകളു’ടെ രണ്ടാം പതിപ്പാണ് മറ്റൊരു ആകർഷണം. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 വർഷം പ്രതീകപ്പെടുത്തുന്നതാണു ചലച്ചിത്രപ്രവർത്തകരുടെ എണ്ണം. ഇതു കണക്കിലെടുത്തു വരുംവർഷങ്ങളിൽ യുവചലച്ചിത്രപ്രതിഭകളുടെ എണ്ണം ഓരോന്നായി വർധിക്കുമെന്നു വിഭാവനംചെയ്യുന്നു. ‘ഫിലിം ബസാർ’ വിവിധ വിഭാഗങ്ങളിലായി മികച്ച സിനിമകളെയും ചലച്ചിത്ര പ്രവർത്തകരെയും അവതരിപ്പിക്കും. ഇതാദ്യമായി, ‘മാർഷെ ഡു കാൻ’ പോലുള്ള പ്രധാന അന്താരാഷ്ട്രവിപണികൾക്കനുസൃതമായി, പ്രത്യേക പവലിയനുകൾ ഐഎഫ്എഫ്‌ഐയിലുണ്ടാകും. ഈ വർഷം ആകെ 42 പവലിയനുകളാണുണ്ടാകുക. വിവിധ സംസ്ഥാന ഗവണ്മെന്റുകളുടെ ഫിലിം ഓഫീസുകൾ, മേളയിൽ പങ്കാളികളാകുന്ന രാജ്യങ്ങൾ, വ്യവസായസ്ഥാപനങ്ങൾ, മന്ത്രാലയത്തിൽ നിന്നുള്ള മാധ്യമയൂണിറ്റുകൾ എന്നിവ ഇവിടെ പ്രവർത്തിക്കും. ഇതിഹാസ ചലച്ചിത്രങ്ങളുടെ മെച്ചപ്പെടുത്തിയ പ്രിന്റുകൾ ‘ദി വ്യൂവിംഗ് റൂമി’ൽ ലഭ്യമാക്കും. ഇവിടെനിന്നു സിനിമകളുടെ പകർപ്പവകാശം വാങ്ങി ലോകമെമ്പാടുമുള്ള ചലച്ചിത്രമേളകളിൽ ഉപയോഗിക്കാനുള്ള അവസരമുണ്ടാകും. ഓസ്കർ പുരസ്കാരം നേടിയ റിച്ചാർഡ് ആറ്റൻബറോയുടെ ‘ഗാന്ധി’ പോലെയുള്ള സിനിമകൾ, ‘ദിവ്യാംഗൻ’ വിഭാഗത്തിൽ പ്രദർശിപ്പിക്കും. ഓഡിയോ വിവരണങ്ങളും സബ്‌ടൈറ്റിലുകളും കൊണ്ട് ഓഡിയോ-വിഷ്വൽ സംവിധാനത്തിലൂടെയാകും ഇതു പ്രദർശിപ്പിക്കുക. ഭിന്നശേഷിക്കാരായ സിനിമാസ്വാദകർക്കുപോലും പ്രാപ്യമാകുംവിധത്തിലാകും ഈ സംവിധാനമൊരുക്കുക. പുസ്തകരൂപത്തിലെത്തിയ മികച്ച കഥകളും പുസ്തകങ്ങൾ അടിസ്ഥാനമാക്കി ചിത്രീകരിക്കാൻ കഴിയുന്ന മികച്ച സിനിമകളും തമ്മിലുള്ള അന്തരം നികത്താനുള്ള ഉദ്യമമായാണു പുതിയ ബുക്ക് അഡാപ്റ്റേഷൻ പ്രോഗ്രാം ബുക്സ് ടു ബോക്സ് ഓഫീസ് അവതരിപ്പിച്ചത്. ചലച്ചിത്രരൂപത്തിലേക്കു മാറ്റാൻ കഴിയുന്ന പുസ്തകങ്ങളുടെ പകർപ്പവകാശങ്ങൾ വിൽക്കാൻ മികച്ച പ്രസാധകരും എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. പൃഥ്വി കോണനൂരിന്റെ കന്നഡ ചിത്രം ഹഡിനെലന്തുവാണ് 'ഇന്ത്യൻ പനോരമ'യിലെ ഉദ്ഘാടനചിത്രം. ദിവ്യ കോവാസ്ജിയുടെ 'ദി ഷോ മസ്റ്റ് ഗോ ഓൺ' കഥേതരസിനിമാവിഭാഗത്തിനു തുടക്കംകുറിക്കും. ഓസ്കറിലെ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള വിഭാഗത്തിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ പാൻ നളിന്റെ 'ചെല്ലോ ഷോ-ദി ലാസ്റ്റ് ഫിലിം ഷോ', മധുർ ഭണ്ഡാർക്കറുടെ 'ഇന്ത്യ ലോക്ക്ഡൗൺ' എന്നിവയുടെ പ്രത്യേക പ്രദർശനങ്ങളുമുണ്ടാകും. നാഷണൽ ഫിലിം ആർക്കൈവ്സ് ഓഫ് ഇന്ത്യയിൽ നിന്നുള്ള സിനിമകൾ 'ഇന്ത്യൻ റീസ്റ്റോർഡ് ക്ലാസിക്സ്' വിഭാഗത്തിൽ എൻഎഫ്ഡിസി പ്രദർശിപ്പിക്കും. ഈ വിഭാഗത്തിൽ സൊഹ്‌റാബ് മോദിയുടെ 1957ലെ നൗഷെർവാൻ-ഇ-ആദിൽ, 1969ലെ ദേശീയ പുരസ്കാരം നേടിയ രമേഷ് മഹേശ്വരിയുടെ പഞ്ചാബി ചിത്രം നാനാക് നാം ജഹാസ് ഹേ, കെ.വിശ്വനാഥിന്റെ 1980ലെ തെലുങ്ക് ചിത്രം ശങ്കരാഭരണം, സത്യജിത് റായിയുടെ 1977ലെ ശത്‌രഞ്ജ് കേ ഖിലാഡി, 1989ലെ ഗണശത്രു എന്നിവ പ്രദർശിപ്പിക്കും. സിനിമയെ പിന്തുണയ്ക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി നിരവധി ഹിന്ദി സിനിമകളുടെ ആദ്യപ്രദർശനവും ഉത്സവാന്തരീക്ഷത്തിൽ നടത്തും. അതിലെ അഭിനേതാക്കളും ആദ്യ പ്രദർശനത്തിനെത്തും. പരേഷ് റാവലിന്റെ ദി സ്റ്റോറിടെല്ലർ, അജയ് ദേവ്ഗണും തബുവുമൊന്നിക്കുന്ന ദൃശ്യം 2, വരുൺ ധവാനും കൃതി സനോണും അഭിനയിക്കുന്ന ഭേദിയ, യാമി ഗൗതമിന്റെ ലോസ്റ്റ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. പുറത്തിറങ്ങാനുള്ള തെലുങ്കു ചിത്രമായ റെയ്‌മോ; ദീപ്തി നേവൽ, കൽക്കി കോച്ച്‌ലിൻ എന്നിവരുടെ ഗോൾഡ് ഫിഷ്; രൺദീപ് ഹൂഡ, ഇല്യാന ഡിക്രൂസ് എന്നിവരുടെ തേരാ ക്യാ ഹോഗാ ലവ്‌ലി എന്നിവയും വധന്ധി, കാക്കീ, ഫൗഡ സീസൺ 4 തുടങ്ങിയ ഒറ്റിറ്റി ഷോകളുടെ ഓരോ എപ്പിസോഡും ഐഎഫ്‌എഫ്‌ഐയിൽ ആദ്യപ്രദർശനം നടത്തും. കാൻസ്, ബെർലിൻ, ടൊറന്റോ, വെനീസ് തുടങ്ങിയ ലോകമെമ്പാടുമുള്ള പ്രശസ്ത ചലച്ചിത്രമേളകളിൽ ഒന്നിലധികം അവാർഡുകൾ നേടിയ ചിത്രങ്ങൾ മേളയുടെ ആകർഷണങ്ങളാകും. ഓസ്കാർ ജേതാക്കൾ സംവിധാനം ചെയ്തതോ അഭിനയിച്ചതോ ആയ സിനിമകളാണ് ഇവയിൽ ചിലത്. പാർക്ക്-ചാൻ വൂക്കിന്റെ ഡിസിഷൻ ടു ലീവ്, റൂബൻ ഓസ്റ്റ്‌ലണ്ടിന്റെ ട്രയാംഗിൾ ഓഫ് സാഡ്നെസ്, ഡാരൻ ഒറോനോഫ്സ്കിയുടെ ദ വെയിൽ, ഗില്ലെർമോ ഡെൽ ടോറോയുടെ പിനോച്ചിയോ, ക്ലെയർ ഡെനിസിന്റെ ബോത്ത് സൈഡ് ഓഫ് ദ ബ്ലേഡ്, ഗൈ ഡേവിഡിയുടെ ഇന്നസെൻസ്, ആലീസ് ഡയപ്പിന്റെ സെന്റ് ഒമർ, മരിയം തൗസാനിയുടെ ദി ബ്ലൂ കഫ്റ്റൻ എന്നിവ ഇതിലുൾപ്പെടുന്നു. പ്രമുഖ ചലച്ചിത്ര പ്രവർത്തകരും അഭിനേതാക്കളുമായി 23 'മാസ്റ്റർക്ലാസ്സുകൾ', 'ഇൻ കോൺവെർസേഷൻ' സെഷനുകളുണ്ടാകും. തിരക്കഥയെക്കുറിച്ചു വി വിജയേന്ദ്ര പ്രസാദും എഡിറ്റിങ്ങിൽ എ ശ്രീകർ പ്രസാദും അഭിനയത്തിൽ അനുപം ഖേറും ക്ലാസെടുക്കും. എസിഇഎസിലെ ക്ലാസിൽ ഓസ്കർ അക്കാദമി വിദഗ്ധരും അനിമേഷനിൽ മാർക്ക് ഓസ്ബോണും ക്രിസ്റ്റ്യൻ ജെസ്ഡിക്കും പങ്കെടുക്കും. ആശാ പരേഖ്, പ്രസൂൺ ജോഷി, ആനന്ദ് എൽ റായ്, ആർ ബാൽക്കി, നവാസുദ്ദീൻ സിദ്ദിഖി തുടങ്ങിയവർ 'ഇൻ-കോൺവർസേഷൻ' സെഷനുകൾക്കു നേതൃത്വം നൽകും. ഐഎഫ്എഫ്ഐയുടെ 53-ാം പതിപ്പ് വെർച്വലി പ്രാപ്യമാകും. രജിസ്റ്റർചെയ്തവർക്ക് ഗോവയിലല്ലെങ്കിൽ പോലും മാസ്റ്റർ ക്ലാസുകളിലും ഇൻ കോൺവർസേഷനുകളിലും പാനൽ ചർച്ചകളിലും ഉദ്ഘാടന-സമാപനച്ചടങ്ങുകളിലും ഭാഗമാകാൻ അവസരമൊരുക്കും. ഈ തത്സമയ സെഷനുകളുടെ സമയക്രമം ഏവർക്കും ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാക്കും. ഗോവ ഐഎഫ്എഫ്ഐയിൽ എഫ്‌ടിഐഐ ഒരുക്കുന്ന മീഡിയ & എന്റർടൈൻമെന്റ് ടെക്നോളജി എക്സിബിഷനിൽ CINEOM, കാനൻ, ZEISS, പൾസ്, പ്രസാദ് കോർപ്പറേഷൻ, സോണി, ടെക്നികളർ ക്രിയേറ്റീവ് സൊല്യൂഷൻസ്, ആമസോൺ, ഹൻസ സിനി എക്വിപ്മെന്റ്, എസ്ആർഎസ്ജി തുടങ്ങിയ 15 ലധികം കമ്പനികൾ പങ്കെടുക്കും. 'ആസാദി കാ അമൃത് മഹോത്സവ്' വിഷയത്തിൽ സിബിസി പ്രദർശനം സംഘടിപ്പിക്കും. 2022 നവംബർ 26നു ഷിഗ്മോത്സവും (വസന്തോത്സവം) നവംബർ 27നു ഗോവ കാർണിവലും മേളയുടെ ആകർഷണങ്ങളാണ്. ആയുഷ് മന്ത്രാലയത്തിന്റെ യോഗ- സമഗ്ര പരിശോധനാസംവിധാനങ്ങളും ഉണ്ടാകും. ഹോമിയോപ്പതി, പ്രകൃതിചികിത്സ, ആയുർവേദം, യോഗ എന്നിവയുൾപ്പെടെ ആയുഷിന്റെ 4 വകുപ്പുകൾ ആഘോഷവേളയിൽ പ്രോത്സാഹിപ്പിക്കാനും പദ്ധതിയുണ്ട്. ഉദ്ഘാടന-സമാപന ചടങ്ങുകളിൽ ഇന്ത്യയിലുടനീളമുള്ള പ്രമുഖ സിനിമാ താരങ്ങൾ പങ്കെടുക്കുന്ന 14 സാംസ്കാരിക പരിപാടികളുണ്ടാകും. ഫ്രാൻസ്, സ്പെയിൻ, ഗോവ എന്നിവയെ പ്രതിനിധീകരിക്കുന്ന സംഗീത-നൃത്ത സംഘങ്ങളുമെത്തും. ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങൾക്ക് കീഴിൽ കഴിഞ്ഞ 100 വർഷത്തെ ഇന്ത്യൻ സിനിമയുടെ പരിണാമം എന്നതാണ് ഉദ്ഘാടന ചടങ്ങിന്റെ പ്രമേയം. “അന്താരാഷ്ട്ര ചലച്ചിത്ര വിഭാഗത്തിൽ, 180 സിനിമകൾ ഐഎഫ്എഫ്‌ഐയിൽ പ്രദർശിപ്പിക്കാൻ തെരഞ്ഞെടുത്തിട്ടുണ്ട്. ഹോമേജ് വിഭാഗത്തിൽ അഞ്ച് വ്യക്തികളുടെ സിനിമകളും ഐഎഫ്എഫ്ഐയുടെ ട്രിബ്യൂട്ട് വിഭാഗത്തിൽ രണ്ട് പ്രമുഖ സംവിധായകരുടെ സിനിമകളും പ്രദർശിപ്പിക്കും.”- കേന്ദ്രസഹമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്രവാർത്താവിതരണ-പ്രക്ഷേപണ സെക്രട്ടറി അപൂർവ ചന്ദ്രയും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Click Here to See the Key Highlights of 53rd International Film Festival of India
--ND--
(Release ID: 1875983)
Visitor Counter : 241