ആഭ്യന്തരകാര്യ മന്ത്രാലയം
രാജ്യത്തെ ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥരുടെ ഉന്നതതലയോഗം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ഇന്നു ന്യൂഡൽഹിയിൽ ചേർന്നു; ആഭ്യന്തര സുരക്ഷാസ്ഥിതിഗതികൾ അവലോകനംചെയ്തു
ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട്, ഭീകരവാദം നേരിടൽ, തീവ്രവാദവുമായി ബന്ധപ്പെട്ട ഭീഷണികൾ, സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, അതിർത്തിസംബന്ധമായ കാര്യങ്ങൾ, രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുസ്ഥിരതയ്ക്കുമെതിരായി അതിർത്തിക്കപ്പുറമുള്ള ഘടകങ്ങളിൽനിന്നുള്ള ഭീഷണികൾ തുടങ്ങി നിരവധി വിഷയങ്ങളിൽ യോഗം വിപുലമായ ചർച്ച നടത്തി
സുരക്ഷയുടെ എല്ലാ വശങ്ങളും ശക്തിപ്പെടുത്തി രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ്
സ്വാതന്ത്ര്യത്തിനുശേഷം രാജ്യത്തു സമാധാനമുറപ്പാക്കുന്നതിൽ ഇന്റലിജൻസ് ബ്യൂറോ വളരെ പ്രധാനപ്പെട്ട സംഭാവന നൽകിയെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി
നമ്മുടെ പോരാട്ടം ഭീകരതയ്ക്കെതിരെയും അതിനെ പിന്തുണയ്ക്കുന്ന സംവിധാനത്തിനെതിരെയുമാണ്. രണ്ടിനുമെതിരെ കർശനമായി പോരാടിയില്ലെങ്കിൽ ഭീകരതയ്ക്കെതിരായ വിജയം കൈവരിക്കാനാകില്ല
സംസ്ഥാനങ്ങളിലെ ഭീകരവാദവിരുദ്ധ ഏജൻസികളും മയക്കുമരുന്നുവിരുദ്ധ ഏജൻസികളും, വിവരങ്ങൾ പങ്കിടലും ആശയവിനിമയവും കൂടുതൽ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ്
ഇടതു തീവ്രവാദത്തെ നിയന്ത്രിക്കുന്നതിന്, അതിന്റെ സാമ്പത്തിക-ലോജിസ്റ്റിക്സ് പിന്തുണാസംവിധാനം തകർക്കേണ്ടതുണ്ട്
രാജ്യത്തിന്റെ തീരസുരക്ഷയും പഴുതില്ലാത്തതാക്കണം. ഇതിനായി ഏറ്റവും ചെറുതും ഒറ്റപ്പെട്ടതുമായ തുറമുഖംപോലും നാം സൂക്ഷ്മമായി നിരീക്ഷിക്കണം
മയക്കുമരുന്ന്, രാജ്യത്തെ യുവാക്കളെ നശിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്; അതിലൂടെ സമ്പാദിക്കുന്ന പണം രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷയെയും ബാധിക്കുന്നു. അതുകൊണ്ടുതന്നെ അതു പൂർണമായി തകർക്കുന്നതിനു നാം ഒന്നിച്ചു പ്രവർത്തിക്കണം
Posted On:
09 NOV 2022 7:49PM by PIB Thiruvananthpuram
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ രാജ്യത്തെ ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥരുടെ ഉന്നതതലയോഗം ഇന്നു ന്യൂഡൽഹിയിൽ ചേർന്നു. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷാസ്ഥിതിഗതികൾ യോഗം അവലോകനംചെയ്തു. ദേശീയസുരക്ഷയുമായി ബന്ധപ്പെട്ട്, ഭീകരവാദം നേരിടൽ, തീവ്രവാദവുമായി ബന്ധപ്പെട്ട ഭീഷണികൾ, സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, അതിർത്തിസംബന്ധമായ കാര്യങ്ങൾ, രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുസ്ഥിരതയ്ക്കുമെതിരായി അതിർത്തിക്കപ്പുറമുള്ള ഘടകങ്ങളിൽനിന്നുള്ള ഭീഷണികൾ തുടങ്ങി നിരവധി വിഷയങ്ങളിൽ യോഗം വിപുലമായ ചർച്ച നടത്തി.
സുരക്ഷയുടെ എല്ലാ വശങ്ങളും ശക്തിപ്പെടുത്തി രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണെന്നും കഴിഞ്ഞ എട്ടുവർഷത്തിനിടെ ആഭ്യന്തരസുരക്ഷ ശക്തിപ്പെടുത്തുന്നതിനു രാജ്യം നിരവധി സുപ്രധാന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യത്തിനുശേഷം രാജ്യത്തു സമാധാനമുറപ്പാക്കുന്നതിൽ ഇന്റലിജൻസ് ബ്യൂറോ വളരെ പ്രധാനപ്പെട്ട സംഭാവന നൽകിയിട്ടുണ്ടെന്നു ശ്രീ അമിത് ഷാ പറഞ്ഞു. നമ്മുടെ പോരാട്ടം ഭീകരതയ്ക്കെതിരെയും അതിനെ പിന്തുണയ്ക്കുന്ന സംവിധാനത്തിനെതിരെയുമാണെന്നു പറഞ്ഞ ആഭ്യന്തരമന്ത്രി, രണ്ടിനുമെതിരെ കർശനമായി പോരാടിയില്ലെങ്കിൽ ഭീകരതയ്ക്കെതിരായ വിജയം കൈവരിക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടി.
സംസ്ഥാനങ്ങളിലെ ഭീകരവാദവിരുദ്ധ ഏജൻസികളും മയക്കുമരുന്നുവിരുദ്ധ ഏജൻസികളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും വിവരങ്ങൾ പങ്കുവയ്ക്കുന്നതിനുമുള്ള പ്രക്രിയ കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ശ്രീ അമിത് ഷാ പറഞ്ഞു. ഇടതുപക്ഷതീവ്രവാദത്തെ അതിന്റെ സാമ്പത്തിക-ലോജിസ്റ്റിക്സ് പിന്തുണാസംവിധാനം തകർത്തു നിയന്ത്രിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ തീരസുരക്ഷയും പഴുതുകളില്ലാത്തതാക്കണമെന്നും ഇതിനായി ഏറ്റവും ചെറുതും ഒറ്റപ്പെട്ടതുമായ തുറമുഖംപോലും സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. മയക്കുമരുന്ന്, രാജ്യത്തെ യുവാക്കളെ നശിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്. അതിലൂടെ സമ്പാദിക്കുന്ന പണം രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷയെ ബാധിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ അതു പൂർണമായി തകർക്കുന്നതിനു നാം ഒന്നിച്ചു പ്രവർത്തിക്കണമെന്നും ശ്രീ ഷാ പറഞ്ഞു. അതിർത്തിക്കപ്പുറത്തുനിന്നു ഡ്രോണുകൾവഴി മയക്കുമരുന്നു കടത്തുന്നതു തടയാൻ ആന്റി ഡ്രോൺ സാങ്കേതികവിദ്യ പരമാവധി ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.
--ND--
(Release ID: 1874829)
Visitor Counter : 208