പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യയുടെ ജി-20 പ്രസിഡൻസി ലോഗോയും പ്രമേയവും വെബ്‌സൈറ്റും വിദൂരദൃശ്യസംവിധാനത്തിലൂടെ പ്രധാനമന്ത്രി അനാച്ഛാദനംചെയ്തു
“സാർവത്രികസാഹോദര്യമെന്ന ആശയം ജി-20 ലോഗോയിലൂടെ പ്രതിഫലിക്കുന്നു”
“പ്രതിസന്ധിഘട്ടങ്ങളിലെ പ്രതീക്ഷയുടെ പ്രതീകമാണു ജി-20 ലോഗോയിലെ താമര”
“ജി-20 പ്രസിഡൻസി ഇന്ത്യയുടെ നയപരമായ സമ്മേളനംമാത്രമല്ല; പുതിയ ഉത്തരവാദിത്വവും ലോകത്തിന് ഇന്ത്യയിലുള്ള വിശ്വാസത്തിന്റെ മാനദണ്ഡവുമാണ്”
“ഞങ്ങളുടെ പുരോഗതിക്കായി ഞങ്ങൾ പരിശ്രമിക്കുമ്പോൾ, ആഗോളപുരോഗതിയും ഞങ്ങൾ വിഭാവനംചെയ്യുന്നു”
“പരിസ്ഥിതി നമുക്ക് ആഗോളതലത്തിലുള്ള വിഷയവും വ്യക്തിപരമായ ഉത്തരവാദിത്വവുമാണ്”
“ഒന്നാം ലോകവും മൂന്നാം ലോകവുമല്ല ഉണ്ടാകേണ്ടത്; ഒരൊറ്റ ലോകം മാത്രമേ ഉണ്ടാകാവൂ എന്നതിനായാണു ഞങ്ങൾ പ്രയത്നിക്കുന്നത്”
“ഞങ്ങളുടെ ജി-20 സന്ദേശം ‘ഒരേഭൂമി, ഒരേകുടുംബം, ഒരേഭാവി’ എന്നതാണ്”
“ജി-20 ഡൽഹിയിലോ ചില സ്ഥലങ്ങളിലോ മാത്രമായി പരിമിതപ്പെടുത്തില്ല. എല്ലാ പൗരന്മാരും സംസ്ഥാന ഗവണ്മെന്റുകളും രാഷ്ട്രീയകക്ഷികളും ഇതിന്റെ ഭാഗമാകണം”
Posted On:
08 NOV 2022 6:12PM by PIB Thiruvananthpuram
ഇന്ത്യയുടെ ജി-20 പ്രസിഡൻസി ലോഗോയും പ്രമേയവും വെബ്‌സൈറ്റും വിദൂരദൃശ്യസംവിധാനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി.
സദസിനെ അഭിസംബോധനചെയ്യവേ, 2022 ഡിസംബർ 1 മുതൽ ഇന്ത്യ ജി-20 ഉച്ചകോടിക്ക് ആധ്യക്ഷ്യംവഹിക്കുമെന്നും ഇതു രാജ്യത്തിനു ചരിത്രപരമായ അവസരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ആഗോള ജിഡിപിയുടെ 85 ശതമാനവും ലോകവ്യാപാരത്തിന്റെ 75 ശതമാനവും ലോകജനസംഖ്യയുടെ മൂന്നിൽരണ്ടും പ്രതിനിധാനംചെയ്യുന്ന അന്താരാഷ്ട്ര സാമ്പത്തികസഹകരണമേഖലയുടെ പ്രധാന ഫോറമാണു ജി-20 എന്നു പ്രധാനമന്ത്രി പറഞ്ഞു. ‘ആസാദി കാ അമൃത് മഹോത്സവ്’ വർഷത്തിലെ ജി-20ന്റെ അധ്യക്ഷസ്ഥാനം ഓരോ ഇന്ത്യക്കാരനും അഭിമാനകരമാണെന്നു പറഞ്ഞ പ്രധാനമന്ത്രി ഇതു സുപ്രധാന സന്ദർഭമായി വിശേഷിപ്പിക്കുകയുംചെയ്തു. ജി-20നെക്കുറിച്ചും അനുബന്ധപരിപാടികളെക്കുറിച്ചും വർധിച്ചുവരുന്ന താൽപ്പര്യത്തിലും പ്രവർത്തനങ്ങളിലും പ്രധാനമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു.
ജി-20 ലോഗോ പുറത്തിറക്കിയതിൽ പൗരന്മാരുടെ സംഭാവനകൾ എടുത്തുകാട്ടി, ലോഗോയ്ക്കായി ഗവണ്മെന്റിന് ആയിരക്കണക്കിനു ക്രിയാത്മക ആശയങ്ങൾ ലഭിച്ചുവെന്നു പ്രധാനമന്ത്രി പറഞ്ഞു. എല്ലാവരുടെയും പിന്തുണയ്ക്കു നന്ദിപറഞ്ഞ പ്രധാനമന്ത്രി, ഈ നിർദേശങ്ങൾ ആഗോളപരിപാടിയുടെ മുഖമായി മാറുകയാണെന്നും വ്യക്തമാക്കി. ജി-20 ലോഗോ വെറും ലോഗോയല്ലെന്നു പറഞ്ഞ പ്രധാനമന്ത്രി അതൊരു സന്ദേശമാണെന്നും ഇന്ത്യയുടെ സിരകളിലോടുന്ന വികാരമാണെന്നും ചൂണ്ടിക്കാട്ടി. “‘വസുധൈവ കുടുംബക’ത്തിലൂടെ നമ്മുടെ ചിന്തകളിൽ സർവവ്യാപിയായ ദൃഢനിശ്ചയമാണിത്. സാർവത്രികസാഹോദര്യമെന്ന ചിന്തയാണു ജി-20 ലോഗോയിലൂടെ പ്രതിഫലിക്കുന്നത്”- അദ്ദേഹം കൂട്ടിച്ചേർത്തു.
ലോഗോയിലെ താമര ഇന്ത്യയുടെ പൗരാണികപാരമ്പര്യത്തെയും വിശ്വാസത്തെയും ചിന്തയെയും അടയാളപ്പെടുത്തുന്നു. അദ്വൈതമെന്ന തത്വം എല്ലാ ജീവജാലങ്ങളുടെയും ഏകത്വത്തിന് ഊന്നൽ നൽകുന്നതാണെന്നും ഈ ചിന്ത ഇന്നിന്റെ സംഘർഷങ്ങൾ പരിഹരിക്കുന്നതിനുള്ള മാധ്യമമായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ ലോഗോയും പ്രമേയവും ഇന്ത്യയിൽ നിന്നുള്ള നിരവധി പ്രധാന സന്ദേശങ്ങളെ പ്രതിനിധാനംചെയ്യുന്നു. “യുദ്ധത്തിൽനിന്നുള്ള സ്വാതന്ത്ര്യത്തിനായുള്ള ബുദ്ധന്റെ സന്ദേശം, ഹിംസയ്ക്കെതിരായ മഹാത്മാഗാന്ധിയുടെ പ്രതിവിധികൾ- ജി-20ലൂടെ ഇന്ത്യ അവയ്ക്കു പുതിയ മാനങ്ങളേകുന്നു”- അദ്ദേഹം പറഞ്ഞു.
പ്രതിസന്ധിയുടെയും ആശയക്കുഴപ്പങ്ങളുടെയും വേളയിലാണ് ഇന്ത്യയുടെ ജി-20 പ്രസിഡൻസി എത്തിയതെന്നു പ്രധാനമന്ത്രി പറഞ്ഞു. നൂറ്റാണ്ടിലൊരിക്കൽ സംഭവിക്കുന്ന ആഗോളമഹാമാരി, സംഘർഷങ്ങൾ, സാമ്പത്തിക അനിശ്ചിതത്വങ്ങൾ എന്നിവയുടെ ശേഷിപ്പുകൾ ലോകം കൈകാര്യംചെയ്യുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. “ജി-20 ലോഗോയിലെ താമര അത്തരത്തിലുള്ള പ്രതിസന്ധിഘട്ടങ്ങളിലെ പ്രതീക്ഷയുടെ പ്രതീകമാണ്”- അദ്ദേഹം പറഞ്ഞു. ലോകം കടുത്ത പ്രതിസന്ധിയിലാണെങ്കിലും അതിനെ മികച്ച ഇടമാക്കി മാറ്റുന്നതിൽ നമുക്ക് ഇനിയും മുന്നേറാനാകുമെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സംസ്കാരത്തിലേക്കു വെളിച്ചംവീശി, അറിവിന്റെയും സമൃദ്ധിയുടെയും ദേവതമാർ താമരയിലാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ജി-20 ലോഗോയിൽ താമരയിൽ സ്ഥാപിച്ചിരിക്കുന്ന ഭൂമിയെ ചൂണ്ടിക്കാട്ടി, അറിവുപങ്കിടുന്നതു ദുഷ്കരമായ സാഹചര്യങ്ങൾ തരണംചെയ്യാൻ നമ്മെ സഹായിക്കുന്നുവെന്നും സമൃദ്ധിയുടെ പങ്കിടൽ ഏതറ്റംവരെയെത്താനും നമ്മെ പ്രാപ്തരാക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. സപ്തഭൂഖണ്ഡങ്ങളെയും സപ്തസ്വരങ്ങളെയും പ്രതിനിധാനംചെയ്യുന്ന താമരയുടെ ഏഴുദളങ്ങളുടെ പ്രാധാന്യം അദ്ദേഹം വ്യക്തമാക്കി. “ഏഴു സംഗീതസ്വരങ്ങൾ ഒന്നിച്ചു ചേരുമ്പോൾ, അവ മനോഹരമായ സംഗീതം പൊഴിക്കും”- അദ്ദേഹം കൂട്ടിച്ചേർത്തു. വൈവിധ്യങ്ങളെ മാനിച്ച്, ലോകത്തെ ഒന്നിപ്പിക്കാനാണു ജി-20 ലക്ഷ്യമിടുന്നതെന്നു ശ്രീ മോദി പറഞ്ഞു.
ജി-20 പ്രസിഡൻസി ഇന്ത്യയുടെ നയപരമായ സമ്മേളനം മാത്രമല്ലെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇതു പുതിയ ഉത്തരവാദിത്വവും ലോകത്തിന് ഇന്ത്യയിലുള്ള വിശ്വാസത്തിന്റെ മാനദണ്ഡവുമാണ്. “ഇന്ന്, മുമ്പെങ്ങുമില്ലാത്തവിധം, ഇന്ത്യയെ അറിയാനും മനസിലാക്കാനുമുള്ള താൽപ്പര്യം ലോകത്തിനുണ്ടായിരിക്കുന്നു. ഇന്ന്, പുതിയ വെളിച്ചത്തിലാണ് ഇന്ത്യ മനസിലാക്കപ്പെടുന്നത്. നിലവിലെ നമ്മുടെ വിജയങ്ങൾ വിലയിരുത്തപ്പെടുകയും നമ്മുടെ ഭാവിയെക്കുറിച്ച് അഭൂതപൂർവമായ പ്രതീക്ഷകൾ പ്രകടിപ്പിക്കുകയും ചെയ്യുന്നു. അത്തരമൊരന്തരീക്ഷത്തിൽ ഈ പ്രതീക്ഷകൾക്കപ്പുറത്തേക്കുകടന്ന് ഇന്ത്യയുടെ കഴിവുകൾ, തത്വങ്ങൾ, സാമൂഹ്യ-ബൗദ്ധികശക്തി എന്നിവ ലോകത്തിനു പരിചയപ്പെടുത്തേണ്ടതു പൗരന്മാരുടെ ഉത്തരവാദിത്വമാണ്. നാം ഏവരേയും ഒന്നിപ്പിക്കുകയും ലോകത്തോടുള്ള അവരുടെ ഉത്തരവാദിത്വത്തിനായി അവരെ ഊർജസ്വലരാക്കുകയും വേണം”- അദ്ദേഹം പറഞ്ഞു.
ഇന്ത്യ ഇന്ന് ഈ നിലയിലെത്തിയതിനുപിന്നിൽ ആയിരക്കണക്കിനു വർഷങ്ങളുടെ യാത്രയുണ്ടെന്നു ശ്രീ മോദി പറഞ്ഞു. “ആഗോളചരിത്രത്തിലെ സമൃദ്ധിയുടെ ഏറ്റവും ഉയർന്നതലവും ഇരുണ്ട ഘട്ടവും ഞങ്ങൾ കണ്ടു. നിരവധി അധിനിവേശക്കാരുടെ ചരിത്രവും അവരുടെ സ്വേച്ഛാധിപത്യവുമൊക്കെച്ചേർന്നാണ് ഇന്ത്യ ഇവിടെവരെയെത്തിയത്. ആ അനുഭവങ്ങളാണ് ഇന്ത്യയുടെ ഇന്നത്തെ വികസനയാത്രയിലെ ഏറ്റവും വലിയ കരുത്ത്. സ്വാതന്ത്ര്യാനന്തരം ഉയരം ലക്ഷ്യമാക്കി, ഞങ്ങൾ പൂജ്യത്തിൽനിന്നാണു വലിയ യാത്ര ആരംഭിച്ചത്. കഴിഞ്ഞ 75 വർഷത്തെ എല്ലാ ഗവണ്മെന്റുകളുടെയും ശ്രമങ്ങൾ ഇതിൽ ഉൾപ്പെടുന്നു. എല്ലാ ഗവണ്മെന്റുകളും പൗരന്മാരും അവരുടേതായ രീതിയിൽ ഇന്ത്യയെ മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിച്ചു. ഈ മനോഭാവത്തോടെ, ലോകത്തെ മുഴുവൻ ഒപ്പം കൊണ്ടുപോകുന്ന നവഊർജത്തോടെ, നാം മുന്നേറേണ്ടതുണ്ട്”- അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ സംസ്കാരത്തിന്റെ മുഖ്യഭാഗം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “ഞങ്ങളുടെ പുരോഗതിക്കായി ഞങ്ങൾ പരിശ്രമിക്കുമ്പോൾ, ആഗോളപുരോഗതിയും ഞങ്ങൾ വിഭാവനം ചെയ്യുന്നു”- അദ്ദേഹം പറഞ്ഞു. ഇന്ത്യൻ നാഗരികതയുടെ ജനകീയപാരമ്പര്യത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു. “ലോകത്തിലെ സമ്പന്നവും സജീവവുമായ ജനാധിപത്യമാണ് ഇന്ത്യയുടേത്. ജനാധിപത്യത്തിന്റെ മാതാവെന്ന നിലയിൽ നമുക്കു മൂല്യങ്ങളും അഭിമാനകരമായ പാരമ്പര്യവുമുണ്ട്. ഇന്ത്യക്കു വൈവിധ്യംപോലെ സവിശേഷതയുമുണ്ട്. ജനാധിപത്യം, വൈവിധ്യം, തദ്ദേശീയ സമീപനം, ഏവരെയും ഉൾക്കൊള്ളുന്ന സമീപനം, പ്രാദേശിക ജീവിതശൈലി, ആഗോള ചിന്തകൾ- ഇന്ന് ലോകം അതിന്റെ എല്ലാ വെല്ലുവിളികൾക്കും ഈ ആശയങ്ങളിൽ പരിഹാരം കാണുന്നു”- അദ്ദേഹം പറഞ്ഞു.
ജനാധിപത്യത്തിനുപുറമേ, സുസ്ഥിരവികസനമേഖലയിലും ഇന്ത്യയുടെ ശ്രമങ്ങളെക്കുറിച്ചു പ്രധാനമന്ത്രി പറഞ്ഞു. “ഗവൺമെന്റിന്റെ സംവിധാനമെന്ന നിലയിൽ കാണാതെ സുസ്ഥിരവികസനം വ്യക്തിഗതജീവിതത്തിന്റെ ഭാഗമാക്കേണ്ടതുണ്ട്. പരിസ്ഥിതി നമുക്ക് ആഗോളതലത്തിലുള്ള വിഷയവും വ്യക്തിപരമായ ഉത്തരവാദിത്വവുമാണ്”- പ്രധാനമന്ത്രി പറഞ്ഞു. ആയുർവേദത്തിന്റെ സംഭാവനയെക്കുറിച്ചും അദ്ദേഹം പറഞ്ഞു. യോഗയോടും ഭക്ഷ്യധാന്യങ്ങളോടുമുള്ള ആഗോളതാൽപ്പര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ പല നേട്ടങ്ങളും ലോകത്തെ മറ്റു രാജ്യങ്ങൾക്ക് ഉപയോഗിക്കാനാകുമെന്നു പ്രധാനമന്ത്രി പറഞ്ഞു. വികസനം, ഉൾപ്പെടുത്തൽ, അഴിമതി നീക്കംചെയ്യൽ, വ്യവസായനടത്തിപ്പും ജീവിതവും സുഗമമാക്കൽ എന്നിവയിൽ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഉപയോഗം പല രാജ്യങ്ങൾക്കും മാതൃകയാണ്. ജൻധൻ അക്കൗണ്ടിലൂടെയുള്ള ഇന്ത്യയുടെ സ്ത്രീശാക്തീകരണവും സ്ത്രീകൾ നയിക്കുന്ന വികസനവും സാമ്പത്തിക ഉൾപ്പെടുത്തലും ജി-20 പ്രസിഡൻസിവേളയിൽ ലോകമെമ്പാടും എത്തിച്ചേരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ജി7 ആയാലും ജി77 ആയാലും യുഎൻജിഎ ആയാലും കൂട്ടായ നേതൃത്വത്തിൽ പ്രതീക്ഷവയ്ക്കുകയാണു ലോകമെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തിൽ ഇന്ത്യയുടെ ജി-20 അധ്യക്ഷസ്ഥാനത്തിനു പുതിയ മാനം കൈവരുന്നു. ഒരുവശത്തു വികസിതരാജ്യങ്ങളുമായി ഇന്ത്യ അടുത്ത ബന്ധം പുലർത്തുന്നുണ്ടെന്നും, അതേസമയം, വികസ്വരരാജ്യങ്ങളുടെ കാഴ്ചപ്പാടുകൾ നന്നായി മനസിലാക്കുകയും പ്രകടിപ്പിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. “ഇതിന്റെ അടിസ്ഥാനത്തിലാണ്, പതിറ്റാണ്ടുകളായി വികസനത്തിന്റെ പാതയിൽ ഇന്ത്യയുടെ സഹയാത്രികരായ ‘ആഗോളദക്ഷിണമേഖല’യിലെ എല്ലാ സുഹൃത്തുക്കളും ചേർന്ന്, ഞങ്ങളുടെ ജി-20 പ്രസിഡൻസിയുടെ രൂപരേഖ ഒരുക്കുന്നത്”- അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തുണ്ടാകേണ്ടത് ഒന്നാം ലോകവും മൂന്നാം ലോകവുമല്ല, മറിച്ച്, ഒരൊറ്റ ലോകം മാത്രമാണ് എന്ന കാഴ്ചപ്പാടോടെയാണ് ഇന്ത്യ പ്രയത്നിക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ കാഴ്ചപ്പാടും മെച്ചപ്പെട്ട ഭാവിക്കായി ലോകത്തെയാകെ ഒന്നിച്ചു കൊണ്ടുവരിക എന്ന പൊതുലക്ഷ്യവും ഉയർത്തിക്കാട്ടി, പുനരുൽപ്പാദക ഊർജലോകത്തു വിപ്ലവത്തിനുള്ള ഇന്ത്യയുടെ ആഹ്വാനമായ ‘ഏകസൂര്യൻ, ഏകലോകം, ഏകശൃംഖല’, ആഗോള ആരോഗ്യ ക്യാമ്പയിനായ ‘ഒരേഭൂമി, ഒരേ ആരോഗ്യം’ എന്നിവ അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. ‘ഒരേഭൂമി, ഒരേകുടുംബം, ഒരേഭാവി’ എന്നതാണു ജി-20 സന്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഇന്ത്യയുടെ ഈ ചിന്തകളും മൂല്യങ്ങളുമാണു ലോകത്തിന്റെ ക്ഷേമത്തിനു വഴിയൊരുക്കുന്നത്. എനിക്കുറപ്പുണ്ട്, ഈ പരിപാടി ഇന്ത്യക്കു മറക്കാനാകാത്ത ഒന്നാകുമെന്നു മാത്രമല്ല, ലോകചരിത്രത്തിലെ സുപ്രധാന സന്ദർഭമായി ഭാവി അതിനെ വിലയിരുത്തുകയും ചെയ്യും”- അദ്ദേഹം പറഞ്ഞു.
ജി-20 കേന്ദ്രഗവണ്മെന്റിന്റെ മാത്രം പരിപാടിയല്ലെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, സംസ്ഥാനഗവണ്മെന്റുകളോടും എല്ലാ രാഷ്ട്രീയകക്ഷികളോടും ഈ ഉദ്യമത്തിൽ സജീവമായി പങ്കെടുക്കണമെന്ന് അഭ്യർഥിച്ചു. ഇന്ത്യക്കാരാണു പരിപാടി സംഘടിപ്പിക്കുന്നതെന്നും ‘അതിഥിയാണു ദൈവം’ എന്ന നമ്മുടെ പാരമ്പര്യം പ്രദർശിപ്പിക്കാനുള്ള മികച്ച അവസരമാണു ജി-20 എന്നും അദ്ദേഹം പറഞ്ഞു. ജി-20മായി ബന്ധപ്പെട്ട പരിപാടികൾ ഡൽഹിയിലോ ഏതാനും സ്ഥലങ്ങളിലോ മാത്രമായി ഒതുങ്ങില്ലെന്നും രാജ്യത്തിന്റെ എല്ലാ കോണുകളിലും പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. “നമ്മുടെ ഓരോ സംസ്ഥാനത്തിനും അതിന്റേതായ സവിശേഷതകളും പൈതൃകവും സംസ്കാരവും സൗന്ദര്യവും സൗരഭ്യവും ആതിഥ്യമര്യാദയുമുണ്ട്”- ശ്രീ മോദി പറഞ്ഞു. രാജസ്ഥാൻ, ഗുജറാത്ത്, കേരളം, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളുടെ ആതിഥ്യമര്യാദ ഉദാഹരണമാക്കിയ പ്രധാനമന്ത്രി, ഈ ആതിഥ്യമര്യാദയും വൈവിധ്യവുമാണു ലോകത്തെ വിസ്മയിപ്പിക്കുന്നതെന്നു ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ ജി-20 അധ്യക്ഷസ്ഥാനത്തിന്റെ ഔപചാരിക പ്രഖ്യാപനത്തിനായി അടുത്തയാഴ്ച താൻ ഇന്തോനേഷ്യയിലേക്കു പോകുമെന്നറിയിച്ച പ്രധാനമന്ത്രി, ഇക്കാര്യത്തിൽ പരമാവധി ഭാഗഭാക്കാകാൻ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളോടും സംസ്ഥാനഗവണ്മെന്റുകളോടും അഭ്യർഥിച്ചു. “രാജ്യത്തെ എല്ലാ പൗരന്മാരും ബുദ്ധിജീവികളും ഈ പരിപാടിയുടെ ഭാഗമാകാൻ മുന്നോട്ടുവരണം”- അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തിന്റെ ക്ഷേമത്തിൽ ഇന്ത്യയുടെ പങ്ക് എങ്ങനെ വർധിപ്പിക്കാം എന്നതിനെക്കുറിച്ച്, പുതുതായി ആരംഭിച്ച ജി-20 വെബ്‌സൈറ്റിൽ നിർദേശങ്ങൾ അയയ്ക്കാനും അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും ഏവരോടും അദ്ദേഹം അഭ്യർഥിച്ചു. “ഇതു ജി-20 പോലെയുള്ള പരിപാടിയുടെ വിജയത്തിനു പുതിയ മാനങ്ങളേകും. എനിക്കറപ്പുണ്ട്, ഈ പരിപാടി ഇന്ത്യയെ സംബന്ധിച്ചിടത്തോളം അവിസ്മരണീയമായ ഒന്നായിരിക്കുമെന്നു മാത്രമല്ല, ലോകചരിത്രത്തിലെ സുപ്രധാന സന്ദർഭമായിരുന്നു ഇതെന്നു ഭാവി വിലയിരുത്തുകയും ചെയ്യും”- അദ്ദേഹം ഉപസംഹരിച്ചു.
പശ്ചാത്തലം :
പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന്റെ പശ്ചാത്തലത്തിൽ, ഇന്ത്യയുടെ വിദേശനയം, ആഗോളതലത്തിൽ നേതൃത്വപരമായ പങ്ക് ഏറ്റെടുക്കുംവിധത്തിൽ വളരുകയാണ്. ഈ ദിശയിലുള്ള സുപ്രധാന ചുവടുവയ്പായാണ് 2022 ഡിസംബർ 1 മുതൽ ഇന്ത്യ ജി-20 പ്രസിഡൻസി ഏറ്റെടുക്കുന്നത്. അന്താരാഷ്ട്ര പ്രാധാന്യമുള്ള വിഷയങ്ങളിൽ ആഗോള അജണ്ടയിൽ സംഭാവനയേകുന്നതിന് ജി-20 പ്രസിഡൻസി ഇന്ത്യക്ക് സവിശേഷമായ അവസരമൊരുക്കും. നമ്മുടെ ജി-20 പ്രസിഡൻസിയുടെ ലോഗോയും പ്രമേയവും വെബ്‌സൈറ്റും ഇന്ത്യയുടെ സന്ദേശവും, അതിനുപരിയായി ലോകത്തിനായുള്ള മുൻഗണനകളും പ്രതിഫലിപ്പിക്കും.
ആഗോള ജിഡിപിയുടെ 85%, ആഗോള വ്യാപാരത്തിന്റെ 75%, ലോകജനസംഖ്യയുടെ മൂന്നിൽരണ്ടു ഭാഗം എന്നിവ പ്രതിനിധാനംചെയ്യുന്ന അന്താരാഷ്ട്ര സാമ്പത്തിക സഹകരണത്തിനുള്ള പ്രധാന ഫോറമാണു ജി-20. ജി-20 പ്രസിഡൻസി കാലയളവിൽ, രാജ്യത്തുടനീളം വിവിധ സ്ഥലങ്ങളിലായി 32 വ്യത്യസ്ത മേഖലകളിൽ 200ഓളം യോഗങ്ങൾ ഇന്ത്യ നടത്തും. അടുത്തവർഷം നടക്കുന്ന ജി-20 ഉച്ചകോടി, ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏറ്റവും ഉയർന്ന അന്താരാഷ്ട്ര സമ്മേളനങ്ങളിലൊന്നായിരിക്കും.
ജി-20 ഇന്ത്യ വെബ്സൈറ്റ്: https://www.g20.in/en/
--ND--
India will assuming the G20 Presidency this year. Sharing my remarks at the launch of G20 website, theme and logo. https://t.co/mqJF4JkgMK
— Narendra Modi (@narendramodi) November 8, 2022
India is set to assume G20 Presidency. It is moment of pride for 130 crore Indians. pic.twitter.com/i4PPNTVX04
— PMO India (@PMOIndia) November 8, 2022
G-20 का ये Logo केवल एक प्रतीक चिन्ह नहीं है।
ये एक संदेश है।
ये एक भावना है, जो हमारी रगों में है।
ये एक संकल्प है, जो हमारी सोच में शामिल रहा है। pic.twitter.com/3VuH6K1kGB
— PMO India (@PMOIndia) November 8, 2022
The G20 India logo represents 'Vasudhaiva Kutumbakam'. pic.twitter.com/RJVFTp15p7
— PMO India (@PMOIndia) November 8, 2022
The symbol of the lotus in the G20 logo is a representation of hope. pic.twitter.com/HTceHGsbFu
— PMO India (@PMOIndia) November 8, 2022
आज विश्व में भारत को जानने की, भारत को समझने की एक अभूतपूर्व जिज्ञासा है। pic.twitter.com/QWWnFYvCms
— PMO India (@PMOIndia) November 8, 2022
India is the mother of democracy. pic.twitter.com/RxA4fd5AlF
— PMO India (@PMOIndia) November 8, 2022
हमारा प्रयास रहेगा कि विश्व में कोई भी first world या third world न हो, बल्कि केवल one world हो। pic.twitter.com/xQATkpA7IF
— PMO India (@PMOIndia) November 8, 2022
One Earth, One Family, One Future. pic.twitter.com/Gvg4R3dC0O
— PMO India (@PMOIndia) November 8, 2022
*****
(Release ID: 1874538)
Visitor Counter : 314
Read this release in:
Bengali
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada