ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം
azadi ka amrit mahotsav

അർബൻ മൊബിലിറ്റി ഇന്ത്യ (യുഎംഐ) കോൺഫറൻസിനും എക്‌സ്‌പോ 2022 ന്റെ 15-ാമത് പതിപ്പിനും ആതിഥേയത്വം വഹിക്കാൻ ഉചിതമായ വേദിയാണ് കൊച്ചിയെന്ന് ശ്രീ ഹർദീപ് സിങ് പുരി

Posted On: 04 NOV 2022 4:29PM by PIB Thiruvananthpuram

 



 നഗരപ്രദേശങ്ങളിൽ തടസ്സമില്ലാത്ത പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിൽ കൊച്ചി മാതൃകാ നഗരമായി മാറിയെന്ന് കേന്ദ്രമന്ത്രി

 കൊച്ചി: നവംബർ 4, 2022

 



 അർബൻ മൊബിലിറ്റി ഇന്ത്യ (UMI) കോൺഫറൻസിനും  എക്‌സിബിഷൻ 2022 ന്റെ 15-ാമത് പതിപ്പിനും ആതിഥേയത്വം വഹിക്കുന്നതിനുള്ള ഉചിതമായ വേദിയാണ് കൊച്ചിയെന്ന് കേന്ദ്ര ഭവന, നഗരകാര്യ, പെട്രോളിയം, പ്രകൃതി വാതക മന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി പറഞ്ഞു. നഗരപ്രദേശങ്ങളിൽ തടസ്സമില്ലാത്ത പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാതൃകാ നഗരമായി കൊച്ചി മാറിയതായി അദ്ദേഹം അഭിപ്രായപ്പെട്ടു. കൊച്ചിയിൽ കോൺഫറൻസ് സംഘടിപ്പിക്കുന്നതിൽ സന്തോഷം പ്രകടിപ്പിച്ച കേന്ദ്രമന്ത്രി, സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കി പൊതുഗതാഗത സംവിധാനത്തിലേക്ക് മാറാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുകയെന്ന ലക്ഷ്യം പ്രശംസനീയമാണെന്ന് പറഞ്ഞു. 'വാഹനങ്ങളേക്കാൾ ആളുകളുടെ സഞ്ചാരം ' എന്ന കേന്ദ്ര ഗവൺമെന്റിന്റെ ലക്ഷ്യവുമായി ഇത് യോജിച്ചു പോകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം കേരള ഗവൺമെന്റിന്റെ സഹകരണത്തോടെ 2022 നവംബർ 4 മുതൽ 6 വരെ കൊച്ചിയിലെ ഹോട്ടൽ ഗ്രാൻഡ് ഹയാത്തിൽ സംഘടിപ്പിക്കുന്ന സമ്മേളനം ശ്രീ ഹർദീപ് എസ്.പുരിയും മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും സംയുക്തമായി ഉദ്ഘാടനം ചെയ്തു. കേന്ദ്ര-സംസ്ഥാന ഗവൺമെന്റിലെ മുതിർന്ന ഉദ്യോഗസ്ഥർ, നയരൂപകർത്താക്കൾ, മെട്രോ റെയിൽ കമ്പനികളുടെ മാനേജിംഗ് ഡയറക്ടർമാർ, ഗതാഗത സ്ഥാപനങ്ങളുടെ ചീഫ് എക്‌സിക്യൂട്ടീവുകൾ, അന്താരാഷ്‌ട്ര വിദഗ്ധർ, പ്രൊഫഷണലുകൾ, അക്കാദമിക് വിദഗ്ധർ, വിദ്യാർത്ഥികൾ എന്നിവർ പരിപാടിയിൽ പങ്കെടുക്കുന്നു.


മറ്റ് രാജ്യങ്ങളിലെ അനുഭവങ്ങളിൽ നിന്ന് നമുക്ക്  പഠിക്കാൻ കഴിഞ്ഞതായി  അഭിപ്രായപ്പെട്ട ശ്രീ ഹർദ്ദീപ് സിംഗ് പുരി രാജ്യത്തെ നഗര ഗതാഗത സംവിധാനങ്ങളിൽ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള മികച്ച സമ്പ്രദായങ്ങൾ/പഠനം ഉൾപ്പെടുത്തിയതിനെ  എടുത്തു പറഞ്ഞു . രാജ്യത്ത് പ്രവർത്തിക്കുന്ന മെട്രോ ലൈൻ സംവിധാനങ്ങൾ മറ്റുള്ളവയിൽ നിന്നുള്ള മികച്ച രീതികൾ ഉൾക്കൊള്ളുന്നു. നിലവിലെ സ്വദേശിവൽക്കരണ പ്രക്രിയയിലൂടെ , വികസനത്തിന്റെ ഗോവണിയിൽ സമാനമായ തലത്തിലുള്ള മറ്റ് രാജ്യങ്ങളുമായി അനുഭവങ്ങൾ പങ്കുവെക്കാൻ ഇന്ത്യക്ക് കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

 
 
ആഗോള പശ്ചാത്തലത്തിൽ ഇന്ത്യൻ മെട്രോ ലൈനുകളുടെ ദ്രുതഗതിയിലുള്ള പുരോഗതിയെ പരാമർശിച്ച മന്ത്രി, 2022 സെപ്തംബർ വരെ 20 നഗരങ്ങളിൽ 810 കിലോമീറ്റർ മെട്രോ ലൈൻ പ്രവർത്തനക്ഷമമാണെന്ന് പറഞ്ഞു. 980 കിലോമീറ്ററിലധികം ദൈർഘ്യമുള്ള മെട്രോ ലൈൻ/RRTS ശൃംഖല 27 നഗരങ്ങളിൽ നിലവിൽ നിർമ്മാണത്തിലാണെന്നും മന്ത്രി പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ മെട്രോ ശൃംഖലയാണ് ഇന്ത്യക്കുള്ളത്. താമസിയാതെ വികസിത സമ്പദ്‌വ്യവസ്ഥകളായ ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവയെ മറികടന്ന് മൂന്നാമത്തെ വലിയ ശൃംഖലയായി ഇന്ത്യ മാറും. ഇത് ഗതാഗതക്കുരുക്കിലും കാർബൺ ബഹിർഗമന ആശങ്കകളിലും ഗണ്യമായ കുറവുണ്ടാക്കുകയും വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യും.

10 ദ്വീപുകളെ 15 റൂട്ടുകളിലൂടെ 78 കിലോമീറ്റർ ശൃംഖലയിൽ ബന്ധിപ്പിച്ചു കൊണ്ട് പ്രതിദിനം ഒരു ലക്ഷത്തിലധികം ആളുകൾക്ക് യാത്രചെയ്യാൻ കഴിയും വിധം ആസൂത്രണം ചെയ്യുന്ന നൂതന ജല മെട്രോ പദ്ധതിക്ക്, മന്ത്രി കൊച്ചി മെട്രോയെ അഭിനന്ദിച്ചു. റോഡ് അല്ലെങ്കിൽ റെയിൽ ഗതാഗതത്തെ അപേക്ഷിച്ച് ഉൾനാടൻ ജലഗതാഗതത്തിന് കൂടുതൽ ഊർജ്ജക്ഷമതയുള്ളതിനാൽ ദൈനംദിന യാത്രക്കാർക്ക് ചെലവ് കുറഞ്ഞതും സുസ്ഥിരവുമായ ബദൽ സംവിധാനമായി ജല മെട്രോ മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രിയുടെ ‘പഞ്ചപ്രാൺ’ ലക്ഷ്യം കൈവരിക്കുന്നതിന് നഗരപ്രദേശങ്ങളിൽ കാര്യക്ഷമവും പരിസ്ഥിതി സൗഹൃദവും ആയ ഗതാഗത സംവിധാനങ്ങൾ ഏർപ്പെടുത്താനുള്ള പ്രതിജ്ഞാബദ്ധതയും കേന്ദ്രമന്ത്രി ആവർത്തിച്ചു. 2047 ആകുമ്പോഴേക്കും ജനസംഖ്യയുടെ 50% പേരും നഗരപ്രദേശങ്ങളിൽ താമസിക്കുമെന്നതിനാൽ, അപ്പോഴേക്കും ഒരു വികസിത രാജ്യമായി ഇന്ത്യയെ മാറ്റുന്നതിന് നഗര ഗതാഗത  സംവിധാനത്തിന്റെ വിപുലീകരണം അനിവാര്യമാണ്. അതിനാൽ, നഗരഗതാഗതത്തിൽ ആഗ്രഹിക്കുന്ന തലത്തിലുള്ള വികസനം കൈവരിക്കുന്നതിന് ഒരു കർമപദ്ധതി തയ്യാറാക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

2030-ലാണ് ലക്ഷ്യമിട്ടിരിക്കുന്നതെങ്കിലും, അടുത്ത 2 വർഷത്തിനുള്ളിൽ തന്നെ 20% ജൈവ ഇന്ധന മിശ്രണം കൈവരിക്കാൻ രാജ്യം സജ്ജമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 10% ജൈവ ഇന്ധന മിശ്രിതം കഴിഞ്ഞ വർഷം രാജ്യത്തിന് 40,000 കോടി രൂപയുടെ ലാഭമുണ്ടാക്കി

രാജ്യത്ത് പ്രതിദിനം 60 ദശലക്ഷം ആളുകൾ തങ്ങളുടെ വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കുന്നതിനായി പെട്രോൾ പമ്പുകളിൽ പോകുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പ്രതിദിനം രാജ്യത്തിന്റെ അസംസ്‌കൃത എണ്ണയുടെ ഇന്ധന ഉപഭോഗം 5 ദശലക്ഷം ബാരൽ എന്നത് അടുത്ത കുറച്ച് വർഷങ്ങൾക്കുള്ളിൽ പ്രതിദിനം 7 ദശലക്ഷം ബാരലായി ഉയരാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ധന ആവശ്യകതയുടെ ആഗോള വളർച്ചാ നിരക്ക് 1% ആയിരുക്കുമ്പോൾ ഇന്ത്യയുടേത് ഏകദേശം 3% ആണെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനമൊട്ടാകെ പൊതുഗതാഗത സംവിധാനം നവീകരിക്കുന്നതിൽ സംസ്ഥാന ഗവണ്മെന്റ് ശ്രദ്ധാലുവാണെന്നും അത് തുല്യവും താങ്ങാനാവുന്ന ചെലവിലും സുസ്ഥിരവുമാക്കേണ്ടതിന്റെ ആവശ്യകത ഉള്ളതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടന ചടങ്ങിനെ അദ്ദേഹം അഭിസംബോധന ചെയ്തു.
 
RRTN/SKY

(Release ID: 1873754) Visitor Counter : 153


Read this release in: English , Urdu , Hindi , Tamil , Telugu