പ്രധാനമന്ത്രിയുടെ ഓഫീസ്
ഉത്തരാഖണ്ഡിലെ മാണായിൽ 3400 കോടിയിലധികംരൂപയുടെ റോഡ്, റോപ്‌വേ പദ്ധതികൾക്കു പ്രധാനമന്ത്രി തറക്കല്ലിട്ടു
Posted On:
21 OCT 2022 3:20PM by PIB Thiruvananthpuram
"എന്നെ സംബന്ധിച്ച്, അതിർത്തിയിലെ ഓരോ ഗ്രാമവും രാജ്യത്തെ ആദ്യത്തെ ഗ്രാമമാണ്"
"നമ്മുടെ പാരമ്പര്യത്തിലുള്ള പെരുമയും വികസനത്തിനായുള്ള സാധ്യമായ എല്ലാ ശ്രമങ്ങളുമാണ് 21-ാം നൂറ്റാണ്ടിലെ വികസിത ഇന്ത്യയുടെ രണ്ടു പ്രധാന സ്തംഭങ്ങൾ"
"ലോകമെമ്പാടുമുള്ള ഭക്തജനങ്ങൾ ഈ വികസന പദ്ധതികൾ പൂർത്തീകരിക്കുന്നതിൽ സന്തോഷിക്കും"
"തൊഴിലാളികൾ ചെയ്യുന്നതു ദൈവത്തിന്റെ ജോലിയാണ്; നിങ്ങൾ അവരെ പരിപാലിക്കുക; അവരെ ഒരിക്കലും കൂലിപ്പണിക്കാരായി കണക്കാക്കരുത്"
"ഈ ആരാധനാലയങ്ങളുടെ ജീർണാവസ്ഥ അടിമത്തമനോഭാവത്തിന്റെ വ്യക്തമായ അടയാളമായിരുന്നു"
"ഇന്ന്, കാശി, ഉജ്ജയിൻ, അയോധ്യ തുടങ്ങി നിരവധി ആത്മീയ കേന്ദ്രങ്ങൾ അവയുടെ നഷ്ടപ്പെട്ട പെരുമയും പാരമ്പര്യവും വീണ്ടെടുക്കുകയാണ്"
"പ്രാദേശിക ഉൽപ്പന്നങ്ങൾ വാങ്ങാൻ നിങ്ങളുടെ യാത്രാച്ചെലവിന്റെ 5 ശതമാനം നീക്കിവയ്ക്കൂ"
"മലയോര ജനതയുടെ അതിജീവനശേഷി അവർക്കെതിരായ ഒഴികഴിവായി ഉപയോഗിച്ചു"
"ഞങ്ങൾ ഈ അതിർത്തിപ്രദേശങ്ങളിൽ പ്രവർത്തിക്കാൻ തുടങ്ങി; അവയെ അഭിവൃദ്ധിയുടെ ആരംഭമായി അടയാളപ്പെടുത്തി"
"വികസനം ആഘോഷിക്കപ്പെടുന്ന, ഊർജസ്വലമായ ജീവിതം അതിർത്തിപ്രദേശങ്ങളിൽ ലഭിക്കാനായി ഞങ്ങൾ പരിശ്രമിക്കുന്നു"
|
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്തരാഖണ്ഡിലെ മാണായിൽ 3400 കോടിയിലധികംരൂപയുടെ റോഡ്, റോപ്പ് വേ പദ്ധതികൾക്കു തറക്കല്ലിട്ടു. കഴിഞ്ഞ ദിവസം കേദാർനാഥ് സന്ദർശിച്ച പ്രധാനമന്ത്രി കേദാർനാഥ് ക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തി. ആദിഗുരു ശങ്കരാചാര്യരുടെ സമാധിസ്ഥലവും അദ്ദേഹം സന്ദർശിച്ചു, മന്ദാകിനി ആസ്ഥാപഥ്, സരസ്വതി ആസ്ഥാപഥ് എന്നിവിടങ്ങളിലെ പ്രവർത്തനങ്ങളും അവലോകനംചെയ്തു. പ്രധാനമന്ത്രി ബദരീനാഥ് സന്ദർശിക്കുകയും ബദരീനാഥ് ക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തുകയും ചെയ്തു. തുടർന്ന് അളകനന്ദ നദീതീരത്ത് നടക്കുന്ന പ്രവൃത്തികളും അദ്ദേഹം വിലയിരുത്തി.
സദസിനെ അഭിസംബോധനചെയ്യവെ, ആരാധനാലയങ്ങളിൽ ദർശനവും പൂജയും നടത്തിയപ്പോഴുണ്ടായ ആനന്ദാനുഭൂതിയെക്കുറിച്ചു പ്രധാനമന്ത്രി പറഞ്ഞു. "എന്റെ ജീവിതം അനുഗൃഹീതമായി. മനസിൽ ആഹ്ലാദം നിറയുന്ന ഈ നിമിഷങ്ങൾ സംജാതമായി"- അദ്ദേഹം പറഞ്ഞു. മുൻ സന്ദർശനവേളയിൽ, ഈ ദശാബ്ദം ഉത്തരാഖണ്ഡിന്റേതായിരിക്കുമെന്നു പറഞ്ഞതിനെ അനുസ്മരിച്ച്, ബാബ കേദാറും ബദ്രി വിശാലും ആ വാക്കുകളിൽ അനുഗ്രഹംചൊരിയുമെന്നു തനിക്കു പൂർണവിശ്വാസമുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. "ഇന്ന്, ഈ പുതിയ പദ്ധതികൾക്കൊപ്പം അതേ ദൃഢനിശ്ചയം ആവർത്തിക്കാൻ ഞാൻ നിങ്ങൾക്കൊപ്പമുണ്ട്"- അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ അതിർത്തിയിലെ അവസാന ഗ്രാമമായാണ് മാണാഗ്രാമം അറിയപ്പെടുന്നതെന്നു ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞതിങ്ങനെ: "എന്നെ സംബന്ധിച്ചിടത്തോളം അതിർത്തിയിലുള്ള ഓരോ ഗ്രാമവും രാജ്യത്തെ ആദ്യത്തെ ഗ്രാമമാണ്. അതിർത്തിക്കുസമീപം താമസിക്കുന്നവർ രാജ്യത്തിന്റെ ശക്തരായ കാവൽക്കാരാണ്". ഈ പ്രദേശവുമായുള്ള തന്റെ ദീർഘകാലബന്ധം അനുസ്മരിച്ച പ്രധാനമന്ത്രി പ്രദേശത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പറഞ്ഞു. അവരുടെ പിന്തുണയെക്കുറിച്ചും ആത്മവിശ്വാസത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു. മാണായിലെ ജനങ്ങളുടെ നിരന്തരമായ സ്നേഹത്തിനും പിന്തുണയ്ക്കും അദ്ദേഹം നന്ദി പറഞ്ഞു.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വികസിത ഇന്ത്യയുടെ രണ്ടു പ്രധാനസ്തംഭങ്ങളെക്കുറിച്ചു പ്രധാനമന്ത്രി സംസാരിച്ചു. “ആദ്യത്തേത്, നമ്മുടെ പാരമ്പര്യത്തിലുള്ള പെരുമയാണ്. രണ്ടാമത്തേത്, വികസനത്തിനായുള്ള സാധ്യമായ എല്ലാ ശ്രമങ്ങളും. ഇന്ന് ഉത്തരാഖണ്ഡ് ഈ രണ്ടു സ്തംഭങ്ങൾക്കും കരുത്തുപകരുകയാണ്”- അദ്ദേഹം പറഞ്ഞു. കേദാർനാഥിലെയും ബദ്രി വിശാലിലെയും ദർശനങ്ങളാൽ അനുഗ്രഹിക്കപ്പെട്ടതായി തോന്നിയപ്പോൾ, “130 കോടി ജനങ്ങളും എനിക്കു ദൈവത്തിന്റെ പ്രതിരൂപമാണ്” എന്ന നിലയിൽ വികസനപദ്ധതികളും അവലോകനംചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.
കേദാർനാഥ് മുതൽ ഗൗരികുണ്ഡുവരെയും ഹേമകുണ്ഡുവരെയുമുള്ള രണ്ടു റോപ്‌വേകളെക്കുറിച്ചു പരാമർശിച്ച പ്രധാനമന്ത്രി, പ്രചോദനത്തിനും പുരോഗമനത്തിനും ബാബ കേദാർനാഥ്, ബദ്രി വിശാൽ, സിഖ് ഗുരുക്കൾ എന്നിവരുടെ അനുഗ്രഹത്തിനു ഖ്യാതി നൽകി. ലോകമെമ്പാടുമുള്ള ഭക്തർ ഈ അഭൂതപൂർവമായ സംരംഭത്തിൽ സന്തോഷിക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു.
ഈ പദ്ധതികളുടെ ഭാഗമായ തൊഴിലാളികളുടെയും മറ്റുദ്യോഗസ്ഥരുടെയും സുരക്ഷയ്ക്കായി പ്രധാനമന്ത്രി പ്രാർഥിക്കുകയും ദുഷ്കരമായ തൊഴിൽ സാഹചര്യങ്ങളിൽ പ്രവർത്തിച്ച അവരുടെ അർപ്പണബോധം ചൂണ്ടിക്കാട്ടുകയുംചെയ്തു. "അവർ ചെയ്യുന്നതു ദൈവത്തിന്റെ ജോലിയാണ്. നിങ്ങൾ അവരെ പരിപാലിക്കുൂ; അവരെ ഒരിക്കലും വെറും കൂലിവേലക്കാരായി കണക്കാക്കരുത്. അവർ പവിത്രമായ പദ്ധതിക്കു സംഭാവനയേകുകയാണ്"- പ്രധാനമന്ത്രി പറഞ്ഞു. തൊഴിലാളികളും എൻജിനിയർമാരും തങ്ങളുടെ പ്രവൃത്തികളെ ബാബ കേദാറിനെ ആരാധിക്കുന്നതിനോടു താരതമ്യപ്പെടുത്തിയതു മഹത്തായ അനുഭവമായിരുന്നുവെന്നു കേദാർനാഥിലെ തൊഴിലാളികളുമായി നടത്തിയ ആശയവിനിമയം പരാമർശിച്ചു പ്രധാനമന്ത്രി പറഞ്ഞു.
കോളനിവാഴ്ചയുടെ ചിന്താഗതിയിൽനിന്നു മോചനംനേടണമെന്നു രാജ്യത്തോടു ചുവപ്പുകോട്ടയുടെ കൊത്തളങ്ങളിൽനിന്നു നടത്തിയ അഭ്യർഥന അനുസ്മരിച്ച പ്രധാനമന്ത്രി, സ്വാതന്ത്ര്യത്തിന്റെ 75 വർഷത്തിനുശേഷം ഈ അഭ്യർഥന നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വിശദീകരിച്ചു. അടിമത്തമനോഭാവം രാഷ്ട്രത്തെ വളരെ ആഴത്തിൽ ബന്ധിച്ചിരുന്നുവെന്നും രാജ്യത്തെ ചിലർ രാജ്യത്തെ വികസനപ്രവർത്തനങ്ങൾ കുറ്റകൃത്യമായി കണക്കാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. "രാജ്യത്തിന്റെ വികസനത്തിൽ കൈവരിച്ച പുരോഗതി അടിമത്തത്തിന്റെ തുലാസിലാണു തൂക്കിയിരിക്കുന്നത്"- പ്രധാനമന്ത്രി പറഞ്ഞു. ദീർഘകാലമായി രാജ്യത്തെ ആരാധനാലയങ്ങളെ അപ്രസക്തമായാണു കണ്ടിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ലോകമെമ്പാടുമുള്ള ജനങ്ങൾ ഈ ആരാധനാലയങ്ങളെ പുകഴ്ത്തുന്നത് ഒരിക്കലും അവസാനിപ്പിക്കില്ല”- അദ്ദേഹം കൂട്ടിച്ചേർത്തു. സോംനാഥക്ഷേത്രത്തിന്റെയും രാമക്ഷേത്രത്തിന്റെയും നിർമാണവേളയിൽ എന്താണു സംഭവിച്ചതെന്ന് എല്ലാവരും ഓർക്കുന്നുണ്ടെന്നു മുൻകാല പ്രയത്നങ്ങൾ അനുസ്മരിച്ചു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
"ഈ ആരാധനാലയങ്ങളുടെ ശോച്യാവസ്ഥ അടിമത്തമനോഭാവത്തിന്റെ വ്യക്തമായ അടയാളമായിരുന്നു"- ശ്രീ മോദി പറഞ്ഞു. ഈ ആരാധനാലയങ്ങളിലേക്കുള്ള വഴികൾപോലും അങ്ങേയറ്റം മോശമായ അവസ്ഥയിലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ഇന്ത്യയിലെ ആത്മീയ കേന്ദ്രങ്ങൾ പതിറ്റാണ്ടുകളായി അവഗണിക്കപ്പെട്ടിരുന്നു. മുൻ ഗവണ്മെന്റുകളുടെ സ്വാർഥതയാണ് ഇതിനു കാരണം. കോടിക്കണക്കിന് ഇന്ത്യക്കാർക്ക് ഈ ആത്മീയകേന്ദ്രങ്ങൾ എന്താണ് അർഥമാക്കുന്നത് എന്ന് അവർ മറന്നുപോയി"- അദ്ദേഹം ചൂണ്ടിക്കാട്ടി. നമ്മുടെ ആത്മീയ കേന്ദ്രങ്ങളുടെ പ്രാധാന്യമോ അവരുടെ പ്രയത്നമോ നിർണയിക്കാനാവുന്നതല്ലെന്നും ഈ ആത്മീയ കേന്ദ്രങ്ങളോടുള്ള ജനങ്ങളുടെ വിശ്വാസത്തിൽ ഇടിവുണ്ടായിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. “ഇന്ന്, കാശി, ഉജ്ജയിൻ, അയോധ്യ തുടങ്ങി നിരവധി ആത്മീയ കേന്ദ്രങ്ങൾ അവയുടെ നഷ്ടപ്പെട്ട പെരുമയും പൈതൃകവും വീണ്ടെടുക്കുകയാണ്. കേദാർനാഥും ബദരീനാഥും ഹേമകുണ്ഡ് സാഹിബും വിശ്വാസത്തെ മുറുകെപ്പിടിക്കുന്നു; സേവനങ്ങളെ സാങ്കേതികവിദ്യയുമായി ബന്ധിപ്പിക്കുന്നു". അയോധ്യയിലെ രാമക്ഷേത്രംമുതൽ ഗുജറാത്തിലെ പാവാഗഢിലെ കാളികാമാതാക്ഷേത്രംവരെയും ദേവി വിന്ധ്യാചൽ ഇടനാഴിവരെയും, ഇന്ത്യയുടെ സാംസ്കാരികവും പരമ്പരാഗതവുമായ ഉന്നമനം പ്രഖ്യാപിക്കുയാണ്. തീർഥാടകർക്ക് ഈ വിശ്വാസകേന്ദ്രങ്ങളിൽ എത്തിച്ചേരുന്നത് എളുപ്പമാണെന്നും പുതുതായി ഒരുക്കുന്ന സേവനങ്ങൾ പ്രായമായവരുടെ ജീവിതം സുഗമമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലയോരമേഖലയിലെ ജനങ്ങളുടെ താമസസൗകര്യം, ഈ പ്രദേശങ്ങളിലെ യുവജനങ്ങൾക്കുള്ള തൊഴിലവസരങ്ങൾ എന്നിവ ചൂണ്ടിക്കാട്ടി, ഈ വിശ്വാസകേന്ദ്രങ്ങളുടെ പുനരുജ്ജീവനത്തിനു മറ്റൊരു വശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. "റെയിൽപാത, റോഡുകൾ, റോപ്പ്‌വേകൾ എന്നിവ അവയോടൊപ്പം തൊഴിൽ കൊണ്ടുവരുകയും ജീവിതം സുഗമാക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്നു. ഈ സൗകര്യങ്ങൾ വിനോദസഞ്ചാരം മെച്ചപ്പെടുത്തുകയും മലയോരമേഖലയിലെ ഗതാഗതം എളുപ്പമാക്കുകയും ചെയ്യുന്നു. ഈ ദുർഘടമായ മേഖലകളിൽ ലോജിസ്റ്റിക്സ് മെച്ചപ്പെടുത്തുന്നതിനായി ഡ്രോണുകൾ വിന്യസിക്കാനും പദ്ധതിയുണ്ട്"- ശ്രീ മോദി കൂട്ടിച്ചേർത്തു.
പ്രാദേശിക ഉൽപ്പന്നങ്ങളെയും പ്രാദേശിക സ്വയംസഹായസംഘങ്ങളുടെ പ്രയത്നങ്ങളെയും പ്രശംസിച്ച പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് ഒരഭ്യർഥനയും നടത്തി. രാജ്യത്തിന്റെ ഏതുഭാഗത്തേക്കും വിനോദസഞ്ചാരത്തിനു പോകുന്നവരോട് അവരുടെ യാത്രാബജറ്റിന്റെ അഞ്ചുശതമാനം പ്രാദേശിക ഉൽപ്പന്നങ്ങൾ വാങ്ങാൻ നീക്കിവയ്ക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. "ഇതു പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് ഉത്തേജനംനൽകുകയും നിങ്ങൾക്ക് ഏറെ സംതൃപ്തിയേകുകയും ചെയ്യും"- പ്രധാനമന്ത്രി പറഞ്ഞു.
മലയോരമേഖലകളിലെ ജനങ്ങളുടെ അതിജീവനശേഷി അവർക്കെതിരെതന്നെ ഉപയോഗിച്ചിരുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. അവരുടെ കഠിനാധ്വാനപ്രകൃതവും കരുത്തു ഒഴികഴിവായികണ്ട് അവർക്കുണ്ടായിരുന്ന എന്തെങ്കിലും സൗകര്യങ്ങൾ ഒഴിവാക്കാനാണു ശ്രമിച്ചിരുന്നത്. സൗകര്യങ്ങൾക്കും ആനുകൂല്യങ്ങൾക്കും മുൻഗണന നൽകാതെ അവരെ മാറ്റിനിർത്തിയിരുന്നു. ഇതിൽ മാറ്റം വരുത്തേണ്ടതുണ്ട്- പ്രധാനമന്ത്രി പറഞ്ഞു. "നേരത്തെ, രാജ്യത്തിന്റെ അതിർത്തികളുടെ അതിരായി അവഗണിക്കപ്പെട്ട പ്രദേശങ്ങളിൽ, അഭിവൃദ്ധിയുടെ തുടക്കം അടയാളപ്പെടുത്തി ഞങ്ങൾ അവിടെനിന്നു പ്രവർത്തിക്കാൻ തുടങ്ങി. പ്രദേശവാസികളുടെ ധാരാളം ഊർജം പാഴാക്കിയിരുന്ന, പർവതനിരകളുടെ വെല്ലുവിളികൾക്കു ഞങ്ങൾ പരിഹാരം കണ്ടെത്താൻ ശ്രമിച്ചു". എല്ലാ ഗ്രാമങ്ങളിലും വൈദ്യുതീകരണം, ഹർ ഘർ ജൽ, പഞ്ചായത്തുകളെ ഒപ്റ്റിക്കൽ ഫൈബർ ഉപയോഗിച്ചു ബന്ധിപ്പിക്കൽ, എല്ലാ ഗ്രാമങ്ങളിലും ആരോഗ്യ-സൗഖ്യകേന്ദ്രങ്ങൾ, പ്രതിരോധകുത്തിവയ്പുസമയത്തു മലയോരമേഖലകൾക്കു മുൻഗണന, മഹാമാരിക്കാലത്തു പാവപ്പെട്ടവർക്കു സൗജന്യ റേഷൻ തുടങ്ങിയ പദ്ധതികൾ അദ്ദേഹം പട്ടികപ്പെടുത്തി. ഈ സൗകര്യങ്ങൾ ജനങ്ങളുടെ ജീവിതം സുഗമമാക്കുകയും അന്തസുറ്റതാക്കുകയും ചെയ്തു. ഈ സൗകര്യങ്ങൾ യുവാക്കൾക്കു പുതിയ അവസരങ്ങൾ നൽകുകയും വിനോദസഞ്ചാരം വർധിപ്പിക്കുകയും ചെയ്യുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഹോംസ്റ്റേകളുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി യുവാക്കളുടെ നൈപുണ്യവികസനത്തിന് ഇരട്ട എൻജിൻ ഗവണ്മെന്റ് തുടർച്ചയായി സാമ്പത്തികസഹായം നൽകുന്നതിൽ എനിക്കു സന്തോഷമുണ്ട്. അതിർത്തിപ്രദേശങ്ങളിലെ യുവാക്കളെ എൻസിസിയുമായി ബന്ധിപ്പിക്കുന്നതിനുള്ള ക്യാമ്പയിനും ശോഭനമായ ഭാവിക്കായി അവരെ ഒരുക്കുകയാണ്- അദ്ദേഹം പറഞ്ഞു.
"ആധുനിക സമ്പർക്കസൗകര്യങ്ങൾ ദേശീയ പ്രതിരോധത്തിന്റെ ഉറപ്പാണ്"- പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കഴിഞ്ഞ 8 വർഷമായി ഗവണ്മെന്റ് ഈ ദിശയിൽ ഒന്നിനുപുറകെ ഒന്നായി നിരവധി ചുവടകൾ വയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കുറച്ചുവർഷങ്ങൾക്കുമുമ്പ് ആരംഭിച്ച രണ്ടു പ്രധാന സമ്പർക്കസൗകര്യപദ്ധതികൾ ചൂണ്ടിക്കാട്ടി, ഭാരത്മാലയുടെയും സാഗർമാലയുടെയും ഉദാഹരണങ്ങൾ പ്രധാനമന്ത്രി നൽകി. ഭാരത്മാലയ്ക്കുകീഴിൽ, രാജ്യത്തിന്റെ അതിർത്തിപ്രദേശങ്ങളെ ഏറ്റവും മികച്ചതും വീതിയുമുള്ളതുമായ പാതകളുമായി ബന്ധിപ്പിക്കുന്നുണ്ടെന്നും സാഗർമാലയിലൂടെ ഇന്ത്യയുടെ കടൽത്തീരങ്ങളുടെ ബന്ധത്തിനു കരുത്തുപകരുന്നതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 8 വർഷത്തിനിടെ ജമ്മു കശ്മീരിൽനിന്ന് അരുണാചൽ പ്രദേശിലേക്കുള്ള അതിർത്തിബന്ധത്തിൽ അഭൂതപൂർവമായ വിപുലീകരണമാണു ഗവണ്മെന്റ് നടപ്പാക്കിയതെന്നും പ്രധാനമന്ത്രി അറിയിച്ചു. "2014 മുതൽ ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ 7,000 കിലോമീറ്റർ പുതിയ റോഡുകൾ നിർമിക്കുകയും നൂറുകണക്കിനു പാലങ്ങൾ നിർമിക്കുകയും ചെയ്തിട്ടുണ്ട്. പ്രധാനപ്പെട്ട പല തുരങ്കങ്ങളും പൂർത്തീകരിച്ചു"- പ്രധാനമന്ത്രി പറഞ്ഞു.
മലയോര സംസ്ഥാനങ്ങളിലെ സമ്പർക്കസൗകര്യം മെച്ചപ്പെടുത്തുന്ന പർവത്മാല യോജനയിലേക്കും പ്രധാനമന്ത്രി വെളിച്ചംവീശി. ഉത്തരാഖണ്ഡിലും ഹിമാചലിലും ഈ പദ്ധതി പ്രകാരം റോപ്പ് വേകളുടെ വലിയ ശൃംഖലയുടെ നിർമാണം ആരംഭിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. സൈനികസ്ഥാപനങ്ങൾ ചെയ്തതുപോലെ അതിർത്തിപ്രദേശങ്ങളെക്കുറിച്ചുള്ള ധാരണ മാറ്റേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. വികസനം ആഘോഷിക്കപ്പെടുന്ന, ഊർജസ്വലമായ ജീവിതം ഈ പ്രദേശങ്ങൾക്കു ലഭിക്കാൻ ഞങ്ങൾ പരിശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാണായിൽനിന്നു മാനാചുരംവരെ നിർമിക്കുന്ന റോഡ് ഈ മേഖലയ്ക്ക് ഏറെ പ്രയോജനം ചെയ്യുമെന്നു പ്രധാനമന്ത്രി പറഞ്ഞു. ജോഷിമഠംമുതൽ മലാരി റോഡുവരെ വീതി കൂട്ടുന്നതോടെ സാധാരണക്കാർക്കും സൈനികർക്കും അതിർത്തിയിലെത്തുന്നത് എളുപ്പമാകുമെന്നും അദ്ദേഹം പറഞ്ഞു.
കഠിനാധ്വാനത്തോടെയും അർപ്പണബോധത്തോടെയും എപ്പോഴും സംസ്ഥാനത്തിന്റെ പ്രതീക്ഷകളും അഭിലാഷങ്ങളും നിറവേറ്റുന്നതിനായി പ്രവർത്തിക്കുമെന്നു ഉറപ്പുനൽകിയാണു പ്രധാനമന്ത്രി പ്രസംഗം ഉപസംഹരിച്ചത്. "ഈ വിശ്വാസം നിറവേറ്റുന്നതിനായി ബാബ കേദാറിൽനിന്നും ബദ്രി വിശാലിൽനിന്നും അനുഗ്രഹംതേടാനാണു ഞാൻ ഇവിടെ വന്നത്"- പ്രധാനമന്ത്രി പറഞ്ഞു.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി, ഗവർണർ റിട്ട. ജനറൽ ഗുർമിത് സിങ്, പാർലമെന്റ് അംഗം തിരത് സിങ് റാവത്ത്, ഉത്തരാഖണ്ഡ് മന്ത്രി ധൻ സിങ് റാവത്ത്, ബിജെപി സംസ്ഥാന പ്രസിഡന്റ് മഹേന്ദ്ര ഭട്ട് എന്നിവരും പങ്കെടുത്തു.
പശ്ചാത്തലം:
കേദാർനാഥിലെ റോപ്പ്‌വേ ഏകദേശം 9.7 കിലോമീറ്റർ ദൈർഘ്യമുള്ളതാണ്. ഇതു ഗൗരികുണ്ഡിനെ കേദാർനാഥുമായി ബന്ധിപ്പിക്കും. ഇത് ഈ രണ്ടു സ്ഥലങ്ങൾക്കുമിടയിലുള്ള യാത്രാ സമയം ഇപ്പോൾ 6-7 മണിക്കൂറിൽ നിന്ന് 30 മിനിറ്റായി കുറയ്ക്കും. ഹേമകുണ്ഡ് റോപ്പ് വേ ഗോവിന്ദ്ഘട്ടിനെ ഹേമകുണ്ഡ് സാഹിബുമായി ബന്ധിപ്പിക്കും. ഇത് ഏകദേശം 12.4 കിലോമീറ്റർ ദൈർഘ്യമുള്ളതായിരിക്കും. ഇത് ഒരുദിവസത്തിൽ കൂടുതലുള്ള യാത്രാസമയം വെറും 45 മിനിറ്റായി കുറയ്ക്കും. വാലി ഓഫ് ഫ്‌ളവേഴ്‌സ് ദേശീയോദ്യാനത്തിന്റെ കവാടമായ ഗംഗേറിയയെയും ഈ റോപ്പ്‌വേ ബന്ധിപ്പിക്കും.
ഏകദേശം 2430 കോടി രൂപ ചെലവിൽ വികസിപ്പിച്ച റോപ്‌വേകൾ സുരക്ഷിതവും സുസ്ഥിരവുമായ ഗതാഗതമാർഗ്ഗം പ്രദാനം ചെയ്യുന്ന പരിസ്ഥിതിസൗഹൃദ ഗതാഗതമാർഗമാണ്. ഈ പ്രധാന അടിസ്ഥാനസൗകര്യവികസനം മതപരമായ വിനോദസഞ്ചാരത്തിന് ഉത്തേജനം നൽകും. ഇത് മേഖലയിലെ സാമ്പത്തിക വികസനത്തിനു കുതിപ്പു നൽകുകയും ഒന്നിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.
1000 കോടി രൂപയുടെ റോഡ് വീതി കൂട്ടൽ പദ്ധതികളുടെ തറക്കല്ലിടലും സന്ദർശനത്തിൽ നടക്കും. രണ്ട് റോഡ് വീതി കൂട്ടൽ പദ്ധതികൾ - മാണാമുതൽ മാനാചുരംവരെയും (എൻഎച്ച് 07), ജോഷിമഠിൽനിന്നു മലാരിവരെയും (എൻഎച്ച് 107 ബി) - നമ്മുടെ അതിർത്തി പ്രദേശങ്ങളിലേക്ക് എല്ലാ കാലാവസ്ഥയിലും റോഡ് സമ്പർക്കസംവിധാനം നൽകുന്നതിനുള്ള മറ്റൊരു ചുവടുവയ്പായിരിക്കും. സമ്പർക്കസംവിധാനം വർധിപ്പിക്കുന്നതിനുപുറമേ, ഈ പദ്ധതികൾ തന്ത്രപരമായ വീക്ഷണകോണിലൂടെ പ്രയോജനകരമാണെന്നും തെളിയിക്കും.
കേദാർനാഥും ബദരീനാഥും ഏറ്റവും പ്രധാനപ്പെട്ട ഹൈന്ദവ ആരാധനാലയങ്ങളിൽ ഒന്നാണ്. ആദരണീയമായ സിഖ് തീർഥാടന കേന്ദ്രങ്ങളിലൊന്നായ ഹേമകുണ്ഡ് സാഹിബിനും ഈ പ്രദേശം പേരുകേട്ടതാണ്. മതപരമായ പ്രാധാന്യമുള്ള സ്ഥലങ്ങളിലെ പ്രവേശനം സുഗമമാക്കുന്നതിനും അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധതയാണ് ഈ സമ്പർക്കസൗകര്യ പദ്ധതികൾ കാണിക്കുന്നത്.
From Vyara, various projects are being launched, which will further Gujarat's growth trajectory. https://t.co/bPtEkZtE6P
— Narendra Modi (@narendramodi) October 20, 2022
PM @narendramodi begins his speech at a programme in Badrinath. pic.twitter.com/S62ckFYewx
— PMO India (@PMOIndia) October 21, 2022
For me every village on the border is the first village in the country, says PM @narendramodi pic.twitter.com/GwsI7fQQfM
— PMO India (@PMOIndia) October 21, 2022
Two major pillars for developed India of the 21st century. pic.twitter.com/iFhOtXprYz
— PMO India (@PMOIndia) October 21, 2022
We have to completely free ourselves from the colonial mindset. pic.twitter.com/qaQ6uEOoGl
— PMO India (@PMOIndia) October 21, 2022
आस्था के ये केंद्र सिर्फ एक ढांचा नहीं बल्कि हमारे लिए प्राणवायु हैं। pic.twitter.com/wsJjsh0aRJ
— PMO India (@PMOIndia) October 21, 2022
Enhancing 'Ease of Living' for the people in hilly states. pic.twitter.com/L0ZHHGXK6L
— PMO India (@PMOIndia) October 21, 2022
We began working with utmost priority in the areas which were ignored earlier. pic.twitter.com/ci5w2DNljL
— PMO India (@PMOIndia) October 21, 2022
Our focus is on improving multi-modal connectivity in the hilly states. pic.twitter.com/9hjG7AG1AI
— PMO India (@PMOIndia) October 21, 2022
आधुनिक कनेक्टिविटी राष्ट्ररक्षा की भी गांरटी होती है। pic.twitter.com/h69bxCI0En
— PMO India (@PMOIndia) October 21, 2022
***ND***
(Release ID: 1870010)
Visitor Counter : 167
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada