വാണിജ്യ വ്യവസായ മന്ത്രാലയം
പ്രധാനമന്ത്രി ഗതിശക്തി ദേശീയ മാസ്റ്റർ പ്ലാൻ മുഖേന ലോജിസ്റ്റിക്‌സ് കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിലൂടെ പ്രതിവർഷം 10 ലക്ഷം കോടി രൂപ ലാഭിക്കാനാകും: ശ്രീ പിയൂഷ് ഗോയൽ
Posted On:
13 OCT 2022 3:50PM by PIB Thiruvananthpuram
പ്രധാനമന്ത്രി ഗതിശക്തി ദേശീയ മാസ്റ്റർ പ്ലാൻ മുഖേന സേവനങ്ങളും ഉപകരണങ്ങളും എത്തിച്ചുകൊടുക്കുന്ന പ്രക്രിയയുടെ (logistics) കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിലൂടെ പ്രതിവർഷം 10 ലക്ഷം കോടി രൂപ വരെ ലാഭിക്കാൻ കഴിയുമെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ പറഞ്ഞു. ദേശീയ മാസ്റ്റർ പ്ലാൻ ആരംഭിച്ചതിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഇന്ന് ന്യൂ ഡൽഹിയിൽ സംഘടിപ്പിച്ച പിഎം ഗതിശക്തി ദേശീയ ശിൽപശാലയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പിഎം ഗതിശക്തി പദ്ധതി നാളിതുവരെ കൈവരിച്ച നേട്ടങ്ങളും പുരോഗതിയും ഭാവി പദ്ധതികളും ശിൽപശാലയിൽ ചർച്ചയായി.
സാമൂഹിക മേഖലയിലെ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യ വികസനത്തിന് പിഎം ഗതിശക്തി സഹായകമാകുന്നുണ്ടെന്നും സാങ്കേതികവിദ്യയുടെ ഗുണഫലങ്ങൾ രാജ്യത്തെ ഓരോ പൗരനിലേക്കും എത്തിക്കാനും സാധാരണക്കാരുടെ ജീവിതം സുഗമമാക്കാനും സാധിച്ചതായും ശ്രീ ഗോയൽ പറഞ്ഞു.
രാജ്യത്ത് സന്തുലിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതും പക്ഷപാതരഹിതവുമായ വികസനം സാധ്യമാക്കാൻ പ്രധാനമന്ത്രി ഗതിശക്തി പദ്ധതി സഹായിക്കുമെന്ന് മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ബഹുമുഖ കണക്റ്റിവിറ്റി, ലോജിസ്റ്റിക്സ് കാര്യക്ഷമത എന്നിവ മെച്ചപ്പെടുത്തുന്നതിലും തടസ്സങ്ങൾ കുറയ്ക്കുന്നതിലും സമയബന്ധിതമായി ജോലികൾ പൂർത്തിയാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച്, ജനങ്ങളുടെയും ചരക്കുകളുടെയും തടസ്സരഹിതമായ ചലനത്തിന്, നിലനിൽക്കുന്ന ന്യൂനതകൾ പരിഹരിക്കുന്നതിനും, ബന്ധപ്പെട്ട മന്ത്രാലയങ്ങൾ/വകുപ്പുകൾ എന്നിവയുടെ സംയോജിതവും സമഗ്രവുമായ ആസൂത്രണത്തിനുമുള്ള പരിവർത്തന സമീപനമാണ് പിഎം ഗതിശക്തി.
ലോജിസ്റ്റിക്‌സ് ഈസ് എക്രോസ് ഡിഫെറെൻറ് സ്റ്റേറ്റ്സ് സർവേ 2022 (Logistics Ease across Different States - LEADS) റിപ്പോർട്ടും മന്ത്രി പുറത്തിറക്കി. 36 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുള്ള ലോജിസ്റ്റിക്‌സ് അടിസ്ഥാന സൗകര്യങ്ങൾ, സേവനങ്ങൾ, മാനവ വിഭവശേഷി എന്നിവ വിലയിരുത്തുന്നതിനുള്ള തദ്ദേശീയ ഡാറ്റാധിഷ്ഠിത സൂചികയാണ് LEADS.
****
(Release ID: 1867523)
Visitor Counter : 191