മന്ത്രിസഭ
azadi ka amrit mahotsav

15-ാം ധനകാര്യ കമ്മീഷന്റെ ശേഷിക്കുന്ന നാലുവർഷത്തിൽ (2022-23 മുതൽ 2025-26 വരെ) പുതിയ പദ്ധതിയായ ‘വടക്കുകിഴക്കൻ മേഖലയ്ക്കായുള്ള പ്രധാനമന്ത്രിയുടെ വികസനസംരംഭ’(പിഎം-ഡിവൈൻ)ത്തിനു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

Posted On: 12 OCT 2022 4:18PM by PIB Thiruvananthpuram

15-ാം ധനകാര്യ കമ്മീഷന്റെ ശേഷിക്കുന്ന നാലുവർഷത്തിൽ (2022-23 മുതൽ 2025-26 വരെ) പുതിയ പദ്ധതിയായ ‘വടക്കുകിഴക്കൻ മേഖലയ്ക്കായുള്ള പ്രധാനമന്ത്രിയുടെ വികസനസംരംഭ’(പിഎം-ഡിവൈൻ)ത്തിനു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്നുചേർന്ന കേന്ദ്രമന്ത്രിസഭായോഗമാണു പദ്ധതിക്ക് അംഗീകാരമേകിയത്.  പുതിയ പദ്ധതി പിഎം-ഡിവൈൻ 100% കേന്ദ്രധനസഹായത്തോടെയുള്ള കേന്ദ്രാവിഷ്കൃതപദ്ധതിയാണ്.  വടക്കുകിഴക്കൻ മേഖലാ വികസനമന്ത്രാലയ(DoNER)മാണു പദ്ധത‌ി നടപ്പിലാക്കുക. 

പിഎം-ഡിവൈൻ പദ്ധതിക്ക് 2022-23 മുതൽ 2025-26 വരെയുള്ള നാലുവർഷത്തേക്ക് (15-ാം ധനകാര്യ കമ്മീഷൻ കാലയളവിൽ ശേഷിക്കുന്ന വർഷങ്ങൾ) 6,600 കോടി രൂപ അടങ്കൽ ഉണ്ടാകും. 

ഈ കാലയളവിനപ്പുറം ഏറ്റെടുക്കത്തക്ക ബാധ്യതകളൊന്നും ഉണ്ടാകാതിരിക്കാനായി 2025-26 ഓടെ പിഎം-ഡിവൈൻ പദ്ധതികൾ പൂർത്തിയാക്കാൻ ശ്രമിക്കും. ഇതു പ്രാഥമികമായി 2022-23, 2023-24 വർഷങ്ങളിലെ പദ്ധതി‌ക്കുകീഴിൽ അനുപാതരഹിതമായി അനുവദിക്കപ്പെട്ട ചെലവുകളിൽ യുക്തിസഹമായ ഇടപെടലിനുതകും. 2024-25, 2025-26 വർഷങ്ങളിൽ വിനിയോഗം തുടരുമെങ്കിലും, അനുവദിച്ച പിഎം-ഡിവൈൻ പദ്ധതികൾ പൂർത്തിയാക്കുന്നതിലാകും ശ്രദ്ധ കേന്ദ്രീകരിക്കുക. 

അടിസ്ഥാനസൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനും വ്യവസായങ്ങൾക്കു പിന്തുണയേകുന്നതിനും സാമൂഹ്യവികസനപദ്ധതികൾക്കും പിഎം-ഡിവൈൻ സഹായിക്കും. യുവാക്കൾക്കും സ്ത്രീകൾക്കും ഉപജീവനത്തിനുള്ള മാർഗങ്ങളൊരുക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഇടയാക്കും.
 

വടക്കുകിഴക്കൻ സമിതിയോ കേന്ദ്രമന്ത്രാലയങ്ങൾ/ഏജൻസികൾ വഴിയോ വടക്കുകിഴക്കൻ മേഖലാവികസനമന്ത്രാലയം പിഎം-ഡിവൈൻ നടപ്പാക്കും. പിഎം-ഡിവൈനുകീഴിൽ അനുവദിച്ച പദ്ധതികളുടെ മതിയായ പ്രവർത്തനവും അറ്റകുറ്റപ്പണികളും ഉറപ്പാക്കാൻ നടപടികൾ കൈക്കൊള്ളും. അത്തരത്തിൽ അവ സുസ്ഥിരമാകും. സമയവും ചെലവും അധികരിച്ചുള്ള നിർമാണ ഉത്തരവാദിത്വങ്ങൾ പരിമിതപ്പെടുത്തുന്നതിന്, ഗവൺമെന്റ് പദ്ധതികളിൽ ചുമതലപ്പെടുത്തി സാധ്യമാകുന്നിടത്തോളം എൻജിനിയറിങ്-സംഭരണ-നിർമാണ (ഇപിസി) അടിസ്ഥാനത്തിൽ നടപ്പാക്കും.
 

പിഎം-ഡിവൈന്റെ ലക്ഷ്യങ്ങൾ ഇനിപ്പറയുന്നു:

 

a)    പിഎം ഗതി ശക്തിയുടെ മനോഭാവത്തോടെ അടിസ്ഥാനസൗകര്യങ്ങൾ സംയോജിപ്പിച്ചു ധനസഹായമൊരുക്കുക;

b)    വടക്കുകിഴക്കൻ മേഖലയുടെ ആവശ്യങ്ങൾ അടിസ്ഥാനമാക്കിയുള്ള സാമൂഹ്യ വികസനപദ്ധതികൾ പിന്തുണയ്ക്കുക;

c)    യുവാക്കൾക്കും സ്ത്രീകൾക്കും ഉപജീവനമാർഗങ്ങൾ പ്രാപ്തമാക്കുക;

d)    വിവിധ മേഖലകളിലെ വികസനമുരടിപ്പു പരിഹരിക്കുക.

 

വടക്കുകിഴക്കൻ മേഖലയുടെ വികസനത്തിനു മറ്റ് എംഡോണർ (MDoNER) സ്കീമുകളുമുണ്ട്. അവയ്ക്കു കീഴിലുള്ള പദ്ധതികളുടെ ശരാശരി വ്യാപ്തി ഏകദേശം 12 കോടിരൂപ മാത്രമാണ്. അടിസ്ഥാനസൗകര്യങ്ങൾക്കും സാമൂഹ്യ വികസനപദ്ധതികൾക്കും പിഎം-ഡിവൈൻ പിന്തുണയേകും. അവയുടെ വ്യാപ്തിയും വലുതായിരിക്കും. കൂടാതെ ഒറ്റപ്പെട്ട പദ്ധതികൾക്കുപകരം ആദ്യാവസാനം വികസനപ്രതിവിധികൾ ഒരുക്കുകയുംചെയ്യും. എംഡോണറിന്റെയോ അല്ലെങ്കിൽ മറ്റേതു മന്ത്രാലയത്തിന്റെയോ/വകുപ്പിന്റെയോ മറ്റേതെങ്കിലും സ്കീമുകൾക്കു പിഎം-ഡിവൈനുകീഴിൽ പദ്ധതിസഹായത്തിന്റെ തനിപ്പകർപ്പ് ഇല്ലെന്നുമുറപ്പാക്കും.
 

വടക്കുകിഴക്കൻ മേഖലയിലെ (എൻഇആർ) വികസനമുരടിപ്പു പരിഹരിക്കുന്നതിനായി 2022-23 ലെ കേന്ദ്രബജറ്റിലാണു പിഎം-ഡിവൈൻ പ്രഖ്യാപിച്ചത്. പിഎം-ഡിവൈന്റെ പ്രഖ്യാപനം വടക്കുകിഴക്കൻ മേഖലയുടെ വികസനത്തിനു ഗവണ്മെന്റ് നൽകുന്ന പ്രാധാന്യത്തിന്റെ മറ്റൊരുദാഹരണമാണ്.
 

വടക്കുകിഴക്കൻ മേഖലാവികസനത്തിനു ലഭ്യമായ വിഭവങ്ങളുടെ അളവിനൊരു കൂട്ടിച്ചേർക്കലാണു പിഎം-ഡിവൈൻ. നിലവിലുള്ള കേന്ദ്ര-സംസ്ഥാന പദ്ധതികൾക്ക് ഇതു പകരമാകില്ല. 

പിഎം-ഡിവൈനുകീഴിൽ 2022-23ൽ അംഗീകരിക്കപ്പെടേണ്ട ചില പ്രോജക്റ്റുകൾ ബജറ്റ് പ്രഖ്യാപനത്തിന്റെ ഭാഗമായിരുന്നെങ്കിലും, പൊതുജനങ്ങൾക്കു ഗണ്യമായ സാമൂഹ്യ-സാമ്പത്തിക സ്വാധീനമോ സുസ്ഥിരമായ ഉപജീവനസാധ്യതകളോ ഉള്ള പദ്ധതികൾ (ഉദാഹരത്തിന് എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെയും അടിസ്ഥാനസൗകര്യങ്ങൾ, ഗവണ്മെന്റ് പ്രൈമറി-സെക്കൻഡറി സ്കൂളുകളിൽ സമഗ്രമായ സൗകര്യങ്ങൾ തുടങ്ങിയവ) ഭാവിയിൽ പരിഗണിക്കപ്പെട്ടേക്കാം. 

അടിസ്ഥാനതലത്തിലുള്ള അവശ്യം വേണ്ട സേവനങ്ങളിൽ (ബിഎംഎസ്) വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ നില ദേശീയ ശരാശരിയേക്കാൾ വളരെ താഴെയാണ്. നിതി ആയോഗ്, യുഎൻഡിപി, എംഡോണർ എന്നിവ തയ്യാറാക്കിയ ബിഇആർ ജില്ലാ സുസ്ഥിര വികസനലക്ഷ്യ(എസ്ഡിജി)സൂചിക 2021-22 പ്രകാരം നിർണായകമായ വികസനന്യൂനതകളുമുണ്ട്. ഈ സാഹചര്യത്തിലാണു പിഎം-ഡിവൈൻ പദ്ധതി പ്രഖ്യാപിക്കുന്നത്.  ഈ ബിഎംഎസ് പോരായ്മകളും വികസനന്യൂനതയും പുതിയ പദ്ധതിയായ പ‌ിഎം-ഡിവൈൻ പരിഹരിക്കും.

 

ND


(Release ID: 1867168) Visitor Counter : 207