പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ബിലാസ്പൂർ എയിംസ് സന്ദർശിച്ചു

Posted On: 05 OCT 2022 2:36PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ബിലാസ്പൂരിലെ എയിംസ് സന്ദർശിച്ചു 

ആശുപത്രി കെട്ടിടത്തിലെ സി-ബ്ലോക്കിലാണ് പ്രധാനമന്ത്രി എത്തിയത്. തുടർന്ന്, ബിലാസ്പൂർ കാമ്പസിലെ എയിംസിന്റെ 3 ഡി  മോഡലിന്റെ ഒരു പ്രദർശനം അദ്ദേഹം വീക്ഷിച്ച ശേഷം  സ്ഥാപനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നാട  മുറിക്കുന്ന ചടങ്ങിലേക്ക് പോയി. ആശുപത്രിയിലെ സിടി സ്കാൻ സെന്റർ, എമർജൻസി & ട്രോമ മേഖലകൾ  പ്രധാനമന്ത്രി നടന്നു കണ്ടു. 

രാജ്യത്തുടനീളമുള്ള ആരോഗ്യ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള പ്രധാനമന്ത്രിയുടെ വീക്ഷണവും പ്രതിബദ്ധതയും എയിംസ് ബിലാസ്പൂർ രാജ്യത്തിന് സമർപ്പിക്കുന്നതിലൂടെ വീണ്ടും വ്യക്തമായിരിക്കുന്നത് . ആശുപത്രിയുടെ തറക്കല്ലിടലും 2017 ഒക്ടോബറിൽ പ്രധാനമന്ത്രി നിർവഹിച്ചു, കേന്ദ്രാവിഷ്‌കൃത  പദ്ധതിയായ പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയ്ക്ക് കീഴിലാണ് ഇത് സ്ഥാപിക്കുന്നത്.

1470 കോടിയിലധികം രൂപ ചെലവിൽ നിർമ്മിച്ച  ബിലാസ്പൂർ  എയിംസ്, 18 സ്പെഷ്യാലിറ്റി & 17 സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ, 18 മോഡുലാർ ഓപ്പറേഷൻ തിയേറ്ററുകൾ, 750 കിടക്കകൾ, 64 ഐസിയു കിടക്കകൾ എന്നിവയുള്ള അത്യാധുനിക ആശുപത്രിയാണ്. 247 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ആശുപത്രിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി, ഡയാലിസിസ് സൗകര്യങ്ങൾ, അൾട്രാസോണോഗ്രഫി, സിടി സ്കാൻ, എംആർഐ തുടങ്ങിയ ആധുനിക ഡയഗ്നോസ്റ്റിക് മെഷീനുകൾ, അമൃത് ഫാർമസി, ജൻ ​​ഔഷധി കേന്ദ്രം, 30 കിടക്കകളുള്ള ആയുഷ് ബ്ലോക്ക് എന്നിവയും സജ്ജീകരിച്ചിരിക്കുന്നു. ഹിമാചൽ പ്രദേശിലെ ഗോത്രവർഗ മേഖലകളിൽ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ഡിജിറ്റൽ ഹെൽത്ത് കേന്ദ്രവും ആശുപത്രി സ്ഥാപിച്ചിട്ടുണ്ട്.

കൂടാതെ, കാസ, സലൂനി, കീലോങ് തുടങ്ങിയ ആദിവാസി, ഉയർന്ന ഹിമാലയൻ പ്രദേശങ്ങളിലെ ആരോഗ്യ ക്യാമ്പുകൾ വഴി സ്പെഷ്യലിസ്റ്റ് ആരോഗ്യ സേവനങ്ങൾ ആശുപത്രി നൽകും. എംബിബിഎസ് കോഴ്‌സുകളിലേക്ക് 100 വിദ്യാർത്ഥികളെയും നഴ്‌സിംഗ് കോഴ്‌സുകളിലേക്ക് 60 വിദ്യാർത്ഥികളെയും പ്രതിവർഷം ആശുപത്രിയിൽ പ്രവേശിപ്പിക്കും.

പ്രധാനമന്ത്രിക്കൊപ്പം ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ശ്രീ ജയ് റാം താക്കൂർ, ഹിമാചൽ പ്രദേശ് ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, കേന്ദ്ര മന്ത്രി ശ്രീ അനുരാഗ് സിംഗ് താക്കൂർ, പാർലമെന്റ് അംഗവും ബിജെപി ദേശീയ അധ്യക്ഷനുമായ ശ്രീ ജഗത് പ്രകാശ് നദ്ദ എന്നിവരും ഉണ്ടായിരുന്നു.

 

ND

ND

(Release ID: 1865328) Visitor Counter : 174