തെരഞ്ഞെടുപ്പ് കമ്മീഷന്
വോട്ടർ ബോധവൽക്കരണത്തിനായി ആകാശവാണിയുമായി സഹകരിച്ച് കേന്ദ്ര ഇലക്ഷൻ കമ്മീഷൻ, 'മത്ദാദ ജംഗ്ഷൻ' റേഡിയോ പരമ്പര അവതരിപ്പിക്കുന്നു .
Posted On:
03 OCT 2022 5:03PM by PIB Thiruvananthpuram
ന്യൂഡൽഹി, ഒക്ടോബർ 03, 2022
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ രാജീവ് കുമാറും തിരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ അനുപ് ചന്ദ്ര പാണ്ഡെയും ചേർന്ന് ഒരു വർഷം നീണ്ടുനിൽക്കുന്ന വോട്ടർ ബോധവൽക്കരണ പരിപാടി - ‘മത്ദാദ ജംഗ്ഷൻ’ ന്യൂഡൽഹിയിൽ സംഘടിപ്പിച്ച ഒരു പരിപാടിയിൽ ഉദ്ഘാടനം ചെയ്തു.
ഓൾ ഇന്ത്യ റേഡിയോയുമായി സഹകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർമ്മിച്ച 52 എപ്പിസോഡുകളുള്ള ഒരു റേഡിയോ പരമ്പരയാണ് 'മത്ദാദ ജംഗ്ഷൻ'. തെരഞ്ഞെടുപ്പ് കമ്മീഷനിലെ മുതിർന്ന ഉദ്യോഗസ്ഥർ, പ്രസാർ ഭാരതി സിഇഒ , എഐആർ ന്യൂസ് ഡി.ജി, നടൻ ശ്രീ പങ്കജ് ത്രിപാഠി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ രാജീവ് കുമാർ, വിവരങ്ങളുടെയും വിനോദത്തിന്റെയും സംയോജനമാണ് ഈ പരിപാടി എന്ന് പറഞ്ഞു. സംവേദനാത്മക ആശയവിനിമയത്തിന്റെ രൂപത്തിൽ സ്വതന്ത്രവും നീതിപൂർവകവും സുതാര്യവും പ്രേരണാരഹിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ തിരഞ്ഞെടുപ്പ് പ്രക്രിയയെ കുറിച്ച് പ്രേക്ഷകർക്ക് ഈ പരിപാടിയിലൂടെ മനസ്സിലാക്കാനാവുമെന്നും ശ്രീ രാജീവ് കുമാർ പറഞ്ഞു.
മലയാളം ഉൾപ്പെടെ 23 ഭാഷകളിലായി 25 എഫ്എം സ്റ്റേഷനുകൾ, 4 എഫ്എം ഗോൾഡ് സ്റ്റേഷനുകൾ, 42 വിവിധ് ഭാരതി സ്റ്റേഷനുകൾ, 159 പ്രൈമറി ചാനലുകൾ/ലോക്കൽ റേഡിയോ സ്റ്റേഷനുകൾ എന്നിവ ഉൾക്കൊള്ളുന്ന ഓൾ ഇന്ത്യ റേഡിയോ നെറ്റ്വർക്കിൽ എല്ലാ വെള്ളിയാഴ്ചയും രാത്രി 7 മുതൽ 9 വരെ ലഭ്യമായ സമയത്ത് ഈ 15 മിനിറ്റ് പരിപാടി പ്രക്ഷേപണം ചെയ്യും.
52 അദ്ധ്യായങ്ങൾ ഉള്ള ഈ പരമ്പര, വോട്ടർമാരുടെ വീക്ഷണകോണിൽ നിന്നുള്ള തിരഞ്ഞെടുപ്പിന്റെ വിവിധ വശങ്ങൾ ഉൾക്കൊള്ളുന്നു.
വോട്ടർ രജിസ്ട്രേഷൻ, ധാർമ്മികമായ വോട്ടിംഗ് പ്രവർത്തനം, മാതൃകാ പെരുമാറ്റച്ചട്ടം, ഐടി ആപ്ലിക്കേഷനുകൾ, ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ മുതലായ വിഷയങ്ങളെക്കുറിച്ചുള്ള എപ്പിസോഡുകൾ ഇതിൽ ഉണ്ടാകും.
പരമ്പരയിൽ നാടകം, കഥപറച്ചിൽ, ക്വിസ്, വിദഗ്ധരുടെ അഭിമുഖം, SVEEP ഡിവിഷൻ നിർമ്മിച്ച ഗാനങ്ങൾ എന്നിവ ഉണ്ടായിരിക്കും. ഈ പരിപാടിയിൽ ഒരു സിറ്റിസൺസ് കോർണർ ഉൾപ്പെടുന്നു. അവിടെ ഏതൊരു പൗരനും ചോദ്യം ചോദിക്കാം അല്ലെങ്കിൽ എല്ലാവരെയും ഉൾക്കൊള്ളുന്നതും പങ്കാളിത്തം ഉറപ്പാക്കുന്നതുമായ തിരഞ്ഞെടുപ്പുകൾ നടത്തുന്നതിനെ സംബന്ധിച്ച് നിർദ്ദേശങ്ങൾ നൽകാനും കഴിയും.
പരമ്പരയുടെ ആദ്യ അദ്ധ്യായം, 2022 ഒക്ടോബർ 7-ന് വെള്ളിയാഴ്ച വൈകുന്നേരം 7:25-ന് സംപ്രേക്ഷണം ചെയ്യും. 'വോട്ടർ രജിസ്ട്രേഷൻ' എന്നതാണ് ഈ അധ്യായത്തിന്റെ വിഷയം. 'എഐആർ ട്വിറ്റെർ @airnewsalerts, @ECISVEEP, News On AIR ആപ്പ്, ഇലക്ഷൻ കമ്മീഷൻ , ഓൾ ഇന്ത്യ റേഡിയോ എന്നിവയുടെ യൂ ട്യൂബ് ചാനലുകളിലും പരിപാടി ലഭ്യമാകും
(Release ID: 1864812)