ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

ദേശീയ ആരോഗ്യ ദൗത്യം (എന്‍.എച്ച്.എം) 202021ന്റെ കീഴിലുള്ള പുരോഗതി കേന്ദ്രമന്ത്രിസഭ വിലയിരുത്തി

Posted On: 28 SEP 2022 3:57PM by PIB Thiruvananthpuram

എം.എം.ആര്‍ (മീസല്‍സ് മംപ്‌സ് ആന്റ് റൂബെല്ല), ഐ.എം.ആര്‍ (ശിശുമരണനിരക്ക്), യു5എം.ആര്‍ (അഞ്ച് വയസിന് താഴെയുള്ളവരിലെ മരണനിരക്ക്), ടി.എഫ്.ആര്‍ (ടോട്ടല്‍ ഫെര്‍ട്ടിലിറ്റി റേറ്റ്) എന്നിവയിലെ ത്വരിതഗതിയിലുള്ള ഇടിവ് ഉള്‍പ്പെടെ 2020-21 സാമ്പത്തിക വര്‍ഷത്തില്‍ എന്‍.എച്ച്.എമ്മിന് കീഴിലുണ്ടായ പുരോഗതിയെക്കുറിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം  അവലോകനം ചെയ്തു . ടി.ബി, മലേറിയ, കാലാ-അസര്‍ (കരിമ്പനി), ഡെങ്കിപ്പനി, ക്ഷയം, കുഷ്ഠം, വൈറല്‍ ഹെപ്പറ്റൈറ്റിസ് തുടങ്ങിയ വിവിധ രോഗ പരിപാടികളുടെ പുരോഗതിയും വിലയിരുത്തി .


ഉള്‍പ്പെട്ട ചെലവ്:  27,989.00 കോടി രൂപ  (കേന്ദ്ര വിഹിതം)
ഗുണഭോക്താക്കളുടെ എണ്ണം:
സാര്‍വത്രിക ഗുണത്തിനായാണ് എന്‍.എച്ച്.എം നടപ്പാക്കുന്നത് - അതായത് മുഴുവന്‍ ജനങ്ങള്‍ക്കും വേണ്ടി; സമൂഹത്തിലെ ദുര്‍ബല വിഭാഗത്തിന് പ്രത്യേക ശ്രദ്ധ നല്‍കിക്കൊണ്ട് പൊതുജനാരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.

ഇനം  തിരിച്ചുള്ള വിശദാംശങ്ങള്‍:

കോവിഡ്-19 ന്റെ നേരത്തെയുള്ള കണ്ടെത്തല്‍, പ്രതിരോധം, കൈകാര്യം ചെയ്യല്‍ എന്നിവയ്ക്കായുള്ള അടിയന്തര പ്രതിരോധത്തിനായി ആരോഗ്യ സംവിധാനത്തിന്റെ തയ്യാറെടുപ്പ് ത്വരിതപ്പെടുത്തുന്നതിനുള്ള എമര്‍ജന്‍സി റെസ്‌പോണ്‍സ് ആന്‍ഡ് ഹെല്‍ത്ത് സിസ്റ്റംസ് പ്രിപ്പര്‍ഡ്‌നെസ് പാക്കേജ് (ഇ.സി.ആര്‍.പി) ഘട്ടം-1 നടപ്പിലാക്കുന്ന ഏജന്‍സി എന്ന നിലയില്‍ എന്‍.എച്ച്.എമ്മിന്റെ പങ്ക് മന്ത്രിസഭ വിലയിരുത്തി . ഇ.സി.ആര്‍.പി- എന്നത് 100% കേന്ദ്ര പിന്തുണയുള്ള ഇടപെടലാണ്. 2021 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി 8,147.28 കോടി അനുവദിച്ചു.
ആരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ലഭ്യമായ വിഭവങ്ങള്‍ക്ക് അനുബന്ധമായി ദേശീയ ആരോഗ്യ ദൗത്യ ചട്ടക്കൂട് ഉപയോഗിച്ചാണ് ഈ പാക്കേജിലെ ഇടപെടലുകള്‍ നടപ്പിലാക്കിയത്. കോവിഡ്-19-ന്റെ വ്യാപനം മന്ദഗതിയിലാക്കാനും പ്രതിരോധത്തിനും ഭാവിയിലേക്കുള്ള തയ്യാറെടുപ്പിനുമായി ദേശീയ-സംസ്ഥാന ആരോഗ്യ സംവിധാനത്തെ പിന്തുണയ്ക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു പാക്കേജിന്റെ ലക്ഷ്യം.

നടപ്പാക്കല്‍ തന്ത്രവും ലക്ഷ്യങ്ങളും:

നടപ്പാക്കല്‍ തന്ത്രം:

പ്രാപ്തമായതും താങ്ങാനാവുന്നതും ഉത്തരവാദിത്തമുള്ളതും ഫലപ്രദവുമായ ആരോഗ്യ പരിരക്ഷ ജില്ലാ ആശുപത്രികള്‍ (ഡി.എച്ച്.എസ്) വരെ പ്രത്യേകിച്ചും ജനസംഖ്യയിലെ പാവപ്പെട്ടവര്‍ക്കും ദുര്‍ബലവിഭാഗങ്ങള്‍ക്കും നല്‍കുന്നതിന് സംസ്ഥാനങ്ങള്‍ക്കും/ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും(യു.ടികള്‍) സാമ്പത്തികവും സാങ്കേതികവുമായ പിന്തുണ നല്‍കുകകയെന്നതാണ് എന്‍.എച്ച്.എമ്മിന് കീഴില്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നടപ്പാക്കല്‍ തന്ത്രം. മെച്ചപ്പെട്ട ആരോഗ്യ അടിസ്ഥാനസൗകര്യങ്ങള്‍, മാനവ വിഭവശേഷി വര്‍ദ്ധിപ്പിക്കല്‍, ഗ്രാമീണ മേഖലയിലെ മെച്ചപ്പെട്ട സേവന വിതരണം എന്നിവയിലൂടെ ഗ്രാമീണ ആരോഗ്യ സേവനങ്ങളിലെ വിടവ് നികത്താനും ഇത് ലക്ഷ്യമിടുന്നു. മാത്രമല്ല, ആവശ്യത്തിന്റെ അടിസ്ഥാനത്തിലുള്ള ഇടപെടലുകള്‍ക്കുംവിഭവങ്ങളുടെ മെച്ചപ്പെട്ട ആന്തരികവും മേഖലാന്തരീകവുമായ സംയോജനം കാര്യമമായ ഉപയോഗം എന്നിവയിലൂടെ ഈ പരിപാടി ജില്ലാ തലംവരെ വികേന്ദ്രീകരിക്കുന്നതിനും ലക്ഷ്യമാക്കിയിട്ടുണ്ട്.


2025-ഓടെ എന്‍.എച്ച്.എമ്മിന് കീഴിലുള്ള ലക്ഷ്യങ്ങള്‍:
- എം.എം.ആര്‍ 113 ല്‍ നിന്ന് 90 ആയി കുറയ്ക്കുക
- ഐ.എം.ആര്‍ 32 ല്‍ നിന്ന് 23 ആയി കുറയ്ക്കുക
- യു5എം.ആര്‍ 36 ല്‍ നിന്ന് 23 ആയി കുറയ്ക്കുക
- ടി.എഫ്.ആര്‍ 2.1 ആയി നിലനിര്‍ത്തുക
- കുഷ്ഠരോഗത്തിന്റെ വ്യാപനം ജനസംഖ്യയില്‍ <1/10000 ആയും എല്ലാ ജില്ലകളിലും രോഗബാധ പൂജ്യമായും കുറയ്ക്കുക
- വാര്‍ഷിക മലേറിയ സംഭവങ്ങള്‍ <1/1000 ആക്കണം
- സാംക്രമികവും സാംക്രമികമല്ലാത്തതുമായ രോഗങ്ങള്‍, പരിക്കുകള്‍ ഉയര്‍ന്നുവരുന്ന രോഗങ്ങള്‍ എന്നിവയില്‍ നിന്നുള്ള മരണനിരക്കും രോഗാവസ്ഥയും തടയുകയും കുറയ്ക്കുകയും ചെയ്യുക;
- മൊത്തത്തിലുള്ള ആരോഗ്യ പരിപാലന ചെലവില്‍ കുടുംബത്തിന്റെ കീശയില്‍ നിന്നുള്ളചെലവ് കുറയ്ക്കുക
- രാജ്യത്ത് നിന്ന് 2025-ഓടെ ടി.ബി (ക്ഷയം) പകര്‍ച്ചവ്യാധി അവസാനിപ്പിക്കുക.

തൊഴില്‍ സൃഷ്ടിക്കാനുള്ള സാധ്യത ഉള്‍പ്പെടെയുള്ള പ്രധാന നേട്ടങ്ങള്‍:

-2020-21-ല്‍ എന്‍.എച്ച്.എം നടപ്പിലാക്കിയതിലൂടെ, ജി.ഡി.എം.ഓമാര്‍ (ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍മാര്‍), സ്‌പെഷ്യലിസ്റ്റുകള്‍, എ.എന്‍.എമ്മുകള്‍ (ആക്‌സിലറി നഴ്‌സ് മിഡ്‌വൈഫറി), സ്റ്റാഫ് നഴ്‌സുമാര്‍, ആയുഷ് ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ സ്റ്റാഫുകള്‍, ആയുഷ് പാരാമെഡിക്കല്‍ ജീവനക്കാര്‍, പ്രോഗ്രാം മാനേജ്‌മെന്റ് സ്റ്റാഫ്, പൊതുജനാരോഗ്യ പരിപാലകള്‍ എന്നിവരുള്‍പ്പെടെ 2.71 ലക്ഷം അധിക മാനവിഭവശേഷിക്കാര്‍ക്ക് ജോലി നല്‍കുന്നതിലേക്ക് നയിച്ചു.
- 2020-21 കാലയളവില്‍ എന്‍.എച്ച്.എം നടപ്പിലാക്കിയത് പൊതുജനാരോഗ്യ സംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിലേക്ക് നയിച്ചു, ഇത് ഇന്ത്യയില്‍ കോവിഡ് 19 എമര്‍ജന്‍സി റെസ്‌പോണ്‍സ് ആന്റ് ഹെല്‍ത്ത് സിസ്റ്റംസ് പ്രിപ്പര്‍ഡ്‌നെസ് പാക്കേജ് (അടിയന്തിര പ്രതിരോധ ആരോഗ്യ സംവിധാന തയാറെടുപ്പ് പാക്കേജ്-ഇ.സി.ആര്‍.പി) അവതരിപ്പിച്ചതിലൂടെ ഫലപ്രദവും ഏകോപിതവുമായ കോവിഡ് 19 പ്രതിരോധം സാദ്ധ്യമാക്കി.
-ഇന്ത്യയിലെ അഞ്ച് വയസിന് താഴെയുള്ളവരിലെ മരണനിരക്ക്   (യു5എം.ആര്‍)) 2013ലെ 49-ല്‍ നിന്ന് 2018-ല്‍ 36 ആയി കുറഞ്ഞു, 2013-2018-ല്‍ യു5എം.ആറില്‍ ഉണ്ടായ വാര്‍ഷിക കുറവിന്റെ ശതമാനം 1990-2012-ല്‍ നിരീക്ഷിച്ച 3.9%-ല്‍ നിന്ന് 6.0% ആയി ത്വരിതഗതിയിലുയര്‍ന്നു. എസ്.ആര്‍.എസ് 2020 അനുസരിച്ച്, യു5എം.ആര്‍ 32 ആയി വീണ്ടും കുറഞ്ഞു.
-ഇന്ത്യയിലെ മാതൃമരണ അനുപാതം (എം.എം.ആര്‍)ത്തില്‍ 443 പോയിന്റിന്റെ കുറവുണ്ടായി. 1990ല്‍ ഒരു ലക്ഷം ജനനത്തിന് 556 ആയിരുന്നത് 2016-18-ല്‍ 113 ആയി കുറഞ്ഞു. 1990 മുതല്‍ എം.എം.ആറില്‍ 80% കുറവാണ് കൈവരിച്ചത്. ഇത് ആഗോളമായുണ്ടായ 45% എന്ന നിരക്കിലുള്ള കുറവിനേക്കാള്‍ കൂടുതലാണ്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍, മാതൃമരണ അനുപാതം (എം.എം.ആര്‍) 2011-13ല്‍ (എസ്.ആര്‍.എസ്) 167 ആയിരുന്നത് 2016-18ല്‍ (എസ്.ആര്‍.എസ്) 113 ആയി കുറഞ്ഞു. 2017-19ല്‍ എം.എം.ആര്‍ വീണ്ടും 103 ആയി കുറഞ്ഞു.
-ഐ.എം.ആര്‍ (ശിശുമരണനിരക്ക്) 1990ലെ 80-ല്‍ നിന്ന് 2018-ല്‍ 32 ആയി കുറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍, അതായത് 2013 മുതല്‍ 2018 വരെയുള്ള കാലയളവില്‍, ഐ.എം.ആറിലെ വാര്‍ഷിക സംയുക്ത നിരക്കില്‍ ഇടിവിന്റെ ശതമാനം, 1990-2012-ല്‍ നിരീക്ഷിച്ച 2.9% ല്‍ നിന്ന് 4.4% ആയി ത്വരിതഗതിയിലുയര്‍ന്നു. എസ്.ആര്‍.എസ് 2020 അനുസരിച്ച്, ഐ.എം.ആര്‍ 28 ആയി വീണ്ടും കുറഞ്ഞു.
-സാമ്പിള്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം (എസ്.ആര്‍.എസ്) പ്രകാരം, ഇന്ത്യയിലെ ടി.എഫ്.ആര്‍ 2013ലെ 2.3-ല്‍ നിന്ന് 2018-ല്‍ 2.2 ആയി കുറഞ്ഞു. ദേശീയ കുടുംബാരോഗ്യ സര്‍വേ-4 (എന്‍.എഫ്.എച്ച്.എസ്-4, 2015-16) ടി.എഫ്.ആര്‍ 2.2ആെണ് രേഖപ്പെടുത്തിയത്. 2013-2018 കാലയളവില്‍ ടി.എഫ്.ആറില്‍ വാര്‍ഷിക സംയുക്ത നിരക്കില്‍ ഇടിവിന്റെ ശതമാനം 0.89% ആയി നിരീക്ഷിച്ചു. നിലവില്‍ 36 ല്‍ 28 സംസ്ഥാനങ്ങള്‍/ കേന്ദ്രഭരണ പ്രദേശങ്ങള്‍ ആഗ്രഹിച്ചതരത്തിലുള്ള പ്രത്യുല്‍പ്പാദനത്തിന്റെ (2.1)തല മാറ്റം കൈവരിച്ചിടട്ടുണ്ട്. എസ്.ആര്‍.എസ് 2020 അനുസരിച്ച്, ടി.എഫ്.ആര്‍ 2.0 ആയി വീണ്ടും കുറഞ്ഞു.
-2020-ല്‍ മലേറിയ കേസുകളും മരണങ്ങളും യഥാക്രമം 46.28%, 18.18% എന്ന നിലയില്‍ കുറഞ്ഞു.
-1,00,000 ജനസംഖ്യയില്‍ ക്ഷയരോഗബാധ 2012-ലെ 234-ല്‍ നിന്ന് 2019-ല്‍ 193 ആയി കുറഞ്ഞു. ഇന്ത്യയില്‍ 1,00,000 ജനസംഖ്യയില്‍ ക്ഷയരോഗം മൂലമുള്ള മരണനിരക്ക് 2012-ലെ 42-ല്‍ നിന്ന് 2019-ല്‍ 33 ആയി കുറഞ്ഞു.
-10000 ജനസംഖ്യയില്‍ <1 കെ.എ കേസ് എന്ന ഉന്മൂലനം ലക്ഷ്യം കൈവരിക്കുന്ന പ്രാദേശികമായി ഉണ്ടാകുന്ന കാലാ അസാറിന്റെ (കരിമ്പനി-കെ.എ) ശതമാനം, 2014-ല്‍ 74.2% ആയിരുന്നത് 2020-21-ല്‍ 97.5% ആയി വര്‍ദ്ധിച്ചു.
-കേസ് മരണനിരക്ക് (സി.എഫ്.ആര്‍) 1 ശതമാനത്തില്‍ താഴെയായി നിലനിര്‍ത്തുക എന്ന ദേശീയ ലക്ഷ്യം കൈവരിച്ചു. 2020ല്‍ ഡെങ്കിപ്പനി മൂലമുള്ള മരണനിരക്ക് 2019ല്‍ ഉണ്ടായിരുന്നതുപോലെ 0.01 ശതമാനമായിരുന്നു.

പദ്ധതിയുടെ വിശദാംശങ്ങളും പുരോഗതിയും:
2020-21-ലെ എന്‍.എച്ച്.എമ്മിന് കീഴിലുള്ള പുരോഗതി ഇനിപ്പറയുന്നതാണ്:

-2021 മാര്‍ച്ച് 31 വരെ 1,05,147 ആയുഷ്മാന്‍ ഭാരത്-ആരോഗ്യ സൗഖ്യ കേന്ദ്രങ്ങള്‍ക്ക് അംഗീകാരം അനുവദിച്ചു. ആയുഷ്മാന്‍ ഭാരത് - ആരോഗ്യ സൗഖ്യ കേന്ദ്ര (ഹെല്‍ത്ത് ആന്റ് വെല്‍നെസ്) പോര്‍ട്ടലില്‍ സംസ്ഥാനങ്ങള്‍/ കേന്ദ്രഭരണ പ്രദേശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത പ്രകാരം 2022 മാര്‍ച്ച് 31 വരെയുള്ള 1,10,000 എന്ന സഞ്ചിത ലക്ഷ്യത്തിന്റെ സ്ഥാനത്ത് 1,17,440 ആരോഗ്യ സൗഖ്യ കേന്ദ്രങ്ങള്‍ ഇതിനെതിരെ പ്രവര്‍ത്തിനമാരംഭിച്ചു.
-ആകെ 5,34,771 ആശാ വർക്കർമാര്‍, 1,24,732 മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍മാര്‍ (വിവിധദ്ദോശ്യ പ്രവര്‍ത്തകര്‍-എം.പി.ഡബ്ല്യു.എസ്-എഫ്) / ഓക്‌സിലറി നഴ്‌സ് മിഡ്‌വൈഫ് (എ.എന്‍.എം), 26,033 സ്റ്റാഫ് നഴ്‌സുമാര്‍, 26,633 പ്രാഥമികാരോഗ്യ കേന്ദ്രം (പിഎച്ച്‌സി) മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് സാംക്രമിക രോഗങ്ങളല്ലാത്തവയില്‍ (എന്‍.സി.ഡികള്‍) 2021 മാര്‍ച്ച് 31 അവസാനം വരെ പരിശീലനം നല്‍കി.
- എന്‍.ആര്‍.എച്ച്.എം/എന്‍.എച്ച്.എം എന്നിവ ആരംഭിച്ചതിന് ശേഷം മാതൃമരണ അനുപാതം (എം.എം.ആര്‍), അഞ്ചിന് താഴെയുള്ള മരണനിരക്ക് (യു5എം.ആര്‍), ഐ.എം.ആര്‍ എന്നിവയിലെ കുറവ് അതിവേഗത്തിലായിട്ടുണ്ട്. നിലവിലെ കുറവിന്റെ നിരക്കില്‍, ഇന്ത്യയ്ക്ക് അതിന്റെ എസ്.ഡി.ജി (സുസ്ഥിര വികസന ലക്ഷ്യം) (എം.എം.ആര്‍-70, യു5എം.ആര്‍25) നിശ്ചിത വര്‍ഷമായ 2030ന് വളരെ മുമ്പേ തന്നെ നേടിയെടുക്കാന്‍ കഴിയും.
- മിഷന്‍ ഇന്ദ്രധനുഷ് 3.0 തീവ്രമാക്കി ഫെബ്രുവരി 2021 മുതല്‍ മാര്‍ച്ച് 2021 വരെ നടത്തി, 29 സംസ്ഥാനങ്ങള്‍/കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവകളിലായി മൊത്തം 250 ജില്ലകള്‍ കണ്ടെത്തി.
- ഏകദേശം 6.58 കോടി ഡോസ് റോട്ടാവൈറസ് വാക്‌സിന്‍ എല്ലാ സംസ്ഥാനങ്ങളിലും/യുടികളിലുമായി നല്‍കി.
- ബീഹാര്‍, ഹിമാചല്‍ പ്രദേശ്, മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഹരിയാന എന്നീ 6 സംസ്ഥാനങ്ങളിലായി ഏകദേശം 204.06 ലക്ഷം ഡോസ് ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റഡ് വാക്‌സിന്‍ (പി.സി.വി) നല്‍കി. 2021-22 ബജറ്റ് പ്രഖ്യാപനം അനുസരിച്ച്, യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പ്രോഗ്രാമിന് (സാര്‍വത്രിക പ്രതിരോധ കുത്തിവയ്പ്പ് പരിപാടി-യു.ഐ.പി) കീഴില്‍ രാജ്യവ്യാപകമായി പി.സി.വി നല്‍കുന്നതില്‍ വര്‍ദ്ധനയുണ്ടായി.
- ഏകദേശം 3.5 കോടി മുതിര്‍ന്ന ആളുകള്‍ക്ക് മുതിര്‍ന്ന ജാപ്പനീസ് എന്‍സെഫലൈറ്റിസ് വാക്‌സിന്‍ കൊടുത്തിട്ടുണ്ട്, അസം, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിങ്ങനെ മൂന്ന് സംസ്ഥാനങ്ങളിലെ 35 പ്രാദേശിക രോഗബാധിത ജില്ലകളിലാണ് നടത്തിയത്.
- പ്രധാനമന്ത്രി സുരക്ഷിത് മാതൃത്വ അഭിയാന് (പി.എം.എസ്.എം.എ) കീഴില്‍ എല്ലാ സംസ്ഥാനങ്ങളിലും/യു.ടികളിലുമായി 18,400-ലധികം ആരോഗ്യ കേന്ദ്രങ്ങളില്‍ 31.49 ലക്ഷം എ.എന്‍.സി പരിശോധനകള്‍ നടത്തി.
- ലക്ഷ്യ: 202 ലേബര്‍ റൂമുകളും 141 മെറ്റേണിറ്റി ഓപ്പറേഷന്‍ തിയറ്ററുകളും സംസ്ഥാന ലക്ഷ്യ സര്‍ട്ടിഫിക്കേഷനും 64 ലേബര്‍ റൂമുകളും 47 മെറ്റേണിറ്റി ഓപ്പറേഷന്‍ തിയേറ്ററുകളും ദേശീയ ലക്ഷ്യ സര്‍ട്ടിഫിക്കേഷനും നേടി.
-രാജ്യത്ത് ശീതീകരണ ശൃംഖല സംവിധാനം ശക്തിപ്പെടുത്തുന്നതിന്, ശീതീകരണ ശൃംഖല ഉപകരണങ്ങള്‍ അതായത് ഐ.എല്‍.ആര്‍ (വലുത്)- 1041, ഐ.എല്‍.ആര്‍ (ചെറുത്)- 5185, ഡി.എഫ് (വലുത്)- 1532, കോള്‍ഡ് ബോക്‌സ് (വലുത്)- 2674, കോള്‍ഡ് ബോക്‌സ് (ചെറുത്) - 3700, വാക്‌സിന്‍ കാരിയര്‍ - 66,584, ഐസ് പായ്ക്കുകള്‍ - 31,003 എന്നിവ സംസ്ഥാനങ്ങള്‍/യു.ടികള്‍ക്ക് വിതരണം ചെയ്തു.
- 2020-21 കാലയളവില്‍ ആകെ 13,066 ആശാ വർക്കർമാരെ തെരഞ്ഞെടുത്തു, 2021 മാര്‍ച്ച് 31 വരെ രാജ്യത്തുടനീളമുള്ള മൊത്തം ആശകളുടെ എണ്ണം 10.69 ലക്ഷമാക്കി.
- ദേശീയ ആംബുലന്‍സ് സേവനങ്ങള്‍ (എന്‍.എ.എസ്): 2021 മാര്‍ച്ച് വരെ, 35 സംസ്ഥാനങ്ങള്‍ / കേന്ദ്രഭരണ പ്രദേശങ്ങളില്‍ ആംബുലന്‍സിനെ വിളിക്കാന്‍ ജനങ്ങള്‍ക്ക് 108 അല്ലെങ്കില്‍ 102 എന്ന നമ്പറില്‍ ഡയല്‍ ചെയ്യാനുള്ള സൗകര്യമുണ്ട്. 2020-21ല്‍ 735 അധിക എമര്‍ജന്‍സി റെസ്‌പോണ്‍സ് സര്‍വീസ് (അടിയന്തിര പ്രതിരോധ സേവന) വാഹനങ്ങള്‍ കൂട്ടിചേര്‍ത്തു.
-2020-21 കാലയളവില്‍, 30 അധിക മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ (എം.എം.യു) കൂട്ടിചേര്‍ത്തു.

-24ഃ7 സേവനങ്ങളും ആദ്യ റഫറല്‍ സൗകര്യങ്ങളും(എഫ്.ആര്‍.യു): 2020-21 കാലയളവില്‍, 1140 സൗകര്യങ്ങള്‍ എഫ്.ആര്‍.യുകളുടെ പ്രവര്‍ത്തനത്തിനായി കൂട്ടിചേര്‍ത്തു.
-കായകല്‍പ്: 2020-21ല്‍ ഈ പദ്ധതിക്ക് കീഴില്‍ 10,717 പൊതുജനാരോഗ്യ കേന്ദ്രങ്ങള്‍ക്ക് കായകല്‍പ് പുരസ്‌ക്കാരങ്ങള്‍ ലഭിച്ചു.
- മലേറിയ: 2014-ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 11,02,205 കേസുകളും 561 മരണങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ 2020-ല്‍ മൊത്തം മലേറിയ കേസുകളും മരണങ്ങളും യഥാക്രമം 1,81,831 ഉം 63 ഉം ആയിരുന്നു, 2014 അനുബന്ധവര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് മലേറിയ കേസുകളില്‍ 83.50% ന്റെയും മരണത്തില്‍ 88.77%ന്റെയും കുറവാണ് കാണിക്കുന്നത്.
കാലാ-അസര്‍ (കരിമ്പനി): 10,000 ജനസംഖ്യയില്‍ <1 കെ.എ കേസ് എന്ന ഉന്മൂലനം ലക്ഷ്യം കൈവരിക്കുന്ന കാലാ അസര്‍ (കെ.എ) എന്‍ഡെമിക് ബ്ലോക്കുകളുടെ ശതമാനം, 2014-ല്‍ 74.2% ആയിരുന്നത് 2020-21-ല്‍ 97.5% ആയി വര്‍ദ്ധിച്ചു.
- ലിംഫറ്റിക് ഫൈലറിയാസിസ് (എല്‍.എഫ്): 2020-21-ല്‍, 272 എല്‍.എഫ് പ്രാദേശിക (എന്‍ഡെമിക്) ജില്ലകളില്‍, 98 ജില്ലകളില്‍ 1 ട്രാന്‍സ്മിഷന്‍ അസസ്‌മെന്റ് സര്‍വേ (ടി.എ.എസ്-1) വിജയകരമായി പൂര്‍ത്തിയാക്കി, എം.ഡി.എഅവസാനിപ്പിച്ചു, ഈ ജില്ലകള്‍ എം.ഡി.എയ്ക്ക് ശേഷമുള്ള നിരീക്ഷണത്തിലാണ്.
-ഡെങ്കിപ്പനിയുമായി ബന്ധപ്പെട്ട്, കേസുകളുടെ മരണനിരക്ക് (സി.എഫ്.ആര്‍) <1 ശതമാനമായി നിലനിര്‍ത്തുക എന്നതായിരുന്നു ദേശീയ ലക്ഷ്യം. 2014-ല്‍ മരണനിരക്ക് 0.3% ആയിരുന്നതിനാല്‍ ലക്ഷ്യം കൈവരിക്കാനായി, 2015 മുതല്‍ 2018 വരെ സി.എഫ്.ആര്‍ 0.2% ആയി നിലനിര്‍ത്തി. 2019-ല്‍ ഉണ്ടായിരുന്നതുപോലെ 2020-ലും ഇത് 0.1% ആയി നിലനിര്‍ത്തി.
-ദേശീയ ക്ഷയരോഗ നിര്‍മാര്‍ജന പരിപാടി (എന്‍.ടി.ഇ.പി): രാജ്യത്തുടനീളം മൊത്തം 1,285 കാട്രിഡ്ജ് ബേസ്ഡ് ന്യൂ€ിക് ആസിഡ് ആംപ്ലിഫിക്കേഷന്‍ ടെസ്റ്റ് (സി.ബി.എന്‍.എ.എ.ടി) യന്ത്രങ്ങളും 2,206 ട്രൂനാറ്റ് യന്ത്രങ്ങളും ജില്ലാ തലത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2020ല്‍ 29.85 ലക്ഷം മോളിക്യുലാര്‍ ടെസ്റ്റുകള്‍ നടത്തി. 2017-ലെ 7.48 ലക്ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് 4 മടങ്ങ് വര്‍ദ്ധനവാണ്. ഹ്രസ്വമായ എം.ഡി.ആര്‍-ടി.ബി സമ്പ്രദായവും ബെഡാക്വിലിന്‍/ഡെലാമനിഡ് (പുതിയ മരുന്നുകള്‍) അധിഷ്ഠിത വ്യവസ്ഥയും എല്ലാ സംസ്ഥാനങ്ങളിലും/യു.ടികളിലും നിലവില്‍ വന്നു. 2020-ല്‍, 30,605 എം.ഡി.ആര്‍/ആര്‍.ആര്‍.ടി.ബി രോഗികള്‍ക്ക് ഹ്രസ്വമായ എം.ഡി.ആര്‍-ടി.ബി സമ്പ്രദായത്തില്‍ തുടക്കമിട്ടു, 10,489 ഡി.ആര്‍.-ടി.ബി രോഗികള്‍ക്ക് രാജ്യത്തുടനീളം (ബെഡാക്വിലിന്‍10,140, ഡെലാമനിഡ് 349) അടങ്ങിയിരിക്കുന്ന പുതിയ മരുന്ന് വ്യവസ്ഥയ്ക്കും ആരംഭം കുറിച്ചു.
-എന്‍.എച്ച്.എമ്മിന് കീഴില്‍ പി.പി.പി (പൊതുസ്വകാര്യ പങ്കാളിത്ത) മാതൃകയില്‍ എല്ലാ ജില്ലാ ആശുപത്രികളിലും ഡയാലിസിസ് സൗകര്യങ്ങളുടെ പിന്തുണ നല്‍കുന്നതിനായി 2016-ല്‍ പ്രധാനമന്ത്രി ദേശീയ ഡയാലിസിസ് പ്രോഗ്രാം (പി.എം.എന്‍.ഡി.പി) ആരംഭിച്ചു. 2020-21 സാമ്പത്തിക വര്‍ഷത്തില്‍, 35 സംസ്ഥാനങ്ങള്‍/ കേന്ദ്ര ഭരണ പ്രദേശങ്ങളിലെ 505 ജില്ലകളിലായി 5781 മെഷീനുകള്‍ വിന്യസിച്ചുകൊണ്ട് 910 ഡയാലിസിസ് സെന്ററുകളില്‍ പി.എം.എന്‍.ഡി.പി നടപ്പിലാക്കി. 2020-21 കാലയളവില്‍ മൊത്തം 3.59 ലക്ഷം രോഗികള്‍ക്ക് ഡയാലിസിസ് സേവനങ്ങള്‍ ലഭ്യമാകുകയും 35.82 ലക്ഷം ഹീമോ ഡയാലിസിസ് സെഷനുകള്‍ നടത്തുകയും ചെയ്തു.

പശ്ചാത്തലം:
ഗ്രാമീണ ജനതയ്ക്ക്, പ്രത്യേകിച്ച് ദുര്‍ബല വിഭാഗങ്ങള്‍ക്ക്, ജില്ലാ ആശുപത്രികളുടെ (ഡി.എച്ച്) തലം വരെ പ്രാപ്യവും താങ്ങാനാവുന്നതും ഗുണനിലവാരമുള്ളതുമായ ആരോഗ്യ പരിരക്ഷ ലഭ്യമാക്കുന്നതിനായി പൊതുജനാരോഗ്യ സംവിധാനങ്ങള്‍ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ 2005-ലാണ് ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം ആരംഭിച്ചത്. 2012-ല്‍, നാഷണല്‍ അര്‍ബന്‍ ഹെല്‍ത്ത് മിഷന്‍ (ദേശീയ നഗര ആരോഗ്യ ദൗത്യം-എന്‍.യു.എച്ച്.എം) രൂപകല്‍പ്പന ചെയ്യുകയും എന്‍.ആര്‍.എച്ച്.എമ്മിനെ എന്‍.ആര്‍.എച്ച്.എംവും എന്‍.യു.എച്ച്.എമ്മും എന്ന രണ്ടു ഉപ ദൗത്യങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ട് ദേശീയ ആരോഗ്യ ദൗത്യം (എന്‍.എച്ച്.എം) എന്ന് പുനര്‍നാമകരണം ചെയ്യുകയും ചെയ്തു.
2017 ഏപ്രില്‍ 1 മുതല്‍ 2020 മാര്‍ച്ച് 31 വരെ ദേശീയ ആരോഗ്യ ദൗത്യം തുടരുന്നതിന് 2018 മാര്‍ച്ച് 21 ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.
ധനമന്ത്രാലയത്തിന്റെ, ചെലവ് വകുപ്പ്, 2020 ജനുവരി 10-ലെ ഓഫീസ് മെമ്മോറാണ്ടം നമ്പര്‍ 42 (02/പി.എഫ്-2-.2014) പ്രകാരം ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഇടക്കാല വിപുലീകരണം 2021 മാര്‍ച്ച് 31 വരെ അല്ലെങ്കില്‍ 15-ാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്ന തീയതി വരെ ഏതാണോ ആദ്യം അതുവരെ തുടരുന്നതിന് അനുമതി നല്‍കി.
ധനമന്ത്രാലയത്തിന്റെ, ചെലവ് വകുപ്പ്, 2022 ഫെബ്രുവരി 01-ലെ അതിന്റെ ഒ.എം. നമ്പര്‍ 01(01)/പി.എഫ്.സി-1/2022 പ്രകാരം ദേശീയ ആരോഗ്യ ദൗത്യം 2021 ഏപ്രില്‍ ഒന്നു മുതല്‍ 2026 മാര്‍ച്ച് 31 വരെ അല്ലെങ്കില്‍ തുടര്‍ന്ന് അവലോകനം ചെയ്യുന്നതുവരെ ഏതാണോ ആദ്യം അതുവരെ ചെലവ് ധനകാര്യ സമിതിയുടെ (ഇ.എഫ്.സി) ശിപാര്‍ശകള്‍ക്കും സാമ്പത്തിക പരിധികള്‍ക്കും വിധേയമായി തുടരുന്നതിനുള്ള അംഗീകാരം നല്‍കി.
എന്‍.എച്ച്.എം ചട്ടക്കൂടിനുള്ള മന്ത്രിസഭാ അംഗീകാരം, ഈ നിയുക്ത അധികാരങ്ങളുടെ വിനിയോഗം, എന്‍(ആര്‍)എച്ച്.എമ്മിനെക്കുറിച്ചുള്ള ഒരു പുരോഗതി റിപ്പോര്‍ട്ട്, സാമ്പത്തിക മാനദണ്ഡങ്ങളിലെ വ്യതിയാനങ്ങള്‍, നിലവിലുള്ള പദ്ധതികളിലെ മാറ്റങ്ങള്‍, പുതിയ പദ്ധതികളുടെ വിശദാംശങ്ങള്‍ എന്നിവ വാര്‍ഷികാടിസ്ഥാനത്തില്‍ മന്ത്രിസഭയ്ക്ക് മുന്‍പാകെ സമര്‍പ്പിക്കുമെന്ന  വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ്.

-ND-


(Release ID: 1863117) Visitor Counter : 483