മന്ത്രിസഭ

ലോജിസ്റ്റിക്സ് സേവനങ്ങളിൽ കാര്യക്ഷമത വർധിപ്പിക്കാൻ ഏകീകൃത ലോജിസ്റ്റിക്സ് ഇന്റര്‍ഫേസ് സംവിധാനം, ക്രമീകരണം, നിരീക്ഷണചട്ടക്കൂട്, നൈപുണ്യവികസനം എന്നിവയ്ക്കായി നയം അവതരിപ്പിച്ചു


വേഗതയാർന്നതും ഏവരെയും ഉള്‍ക്കൊള്ളുന്നതുമായ വളര്‍ച്ചയ്ക്കായി സാങ്കേതികാധിഷ്ഠിതവും സംയോജിതവും ചെലവുകുറഞ്ഞതും പ്രതിരോധശേഷിയുള്ളതും സുസ്ഥിരവുമായ ലോജിസ്റ്റിക്സ് ആവാസവ്യവസ്ഥ ഉറപ്പാക്കുന്നതിനാണു നയം



ലോജിസ്റ്റിക്സ് ചെലവുകുറയ്ക്കുകയും ആഗോള മാനദണ്ഡങ്ങള്‍ എത്തിപ്പിടിക്കുകയും ലോജിസ്റ്റിക്സ് മേഖലയില്‍ ഇന്ത്യയുടെ ആഗോള റാങ്കിങ് മെച്ചപ്പെടുത്തുകയും ആഗോളവ്യാപാരത്തിൽ വലിയ പങ്കു സ്വന്തമാക്കുകയുമാണു ലക്ഷ്യം



ലോജിസ്റ്റിക്സ് കാര്യക്ഷമത മെച്ചപ്പെടുന്നത് എംഎസ്എംഇകള്‍ക്കും കര്‍ഷകര്‍ക്കും പ്രയോജനപ്രദമാകും

Posted On: 21 SEP 2022 3:51PM by PIB Thiruvananthpuram

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം ദേശീയ ലോജിസ്റ്റിക്സ് നയത്തിന് അംഗീകാരം നല്‍കി. മൊത്തത്തിലുള്ള ലോജിസ്റ്റിക്സ് ആവാസവ്യവസ്ഥയുടെ വികസനത്തിനായി, വിവിധ മേഖലകളും വകുപ്പുകളും അധി‌കാരപരിധികളും ഉൾപ്പെടുന്ന ചട്ടക്കൂടു സ്ഥാപിക്കുകയാണു ദേശീയ ലോജിസ്റ്റിക്സ് നയം ചെയ്യുന്നത്. നയം പിഎം ഗതിശക്തി ദേശീയ ആസൂത്രണപദ്ധതിയെ സമ്പൂർണമാക്കും. സംയോജിത അടിസ്ഥാനസൗകര്യവികസനമാണു പിഎം ഗതിശക്തി ദേശീയ ആസൂത്രണപദ്ധതി ലക്ഷ്യമിടുന്നതെങ്കില്‍, ദേശീയ ലോജിസ്റ്റിക്സ് നയം ലോജിസ്റ്റിക്സ് സേവനങ്ങളിലും മാനവവിഭവശേഷിയിലും കാര്യക്ഷമത കൊണ്ടുവരുന്നതിനാണു വിഭാവനം ചെയ്യുന്നത്.

 

വേഗതയാർന്നതും ഏവരെയും ഉള്‍ക്കൊള്ളുന്നതുമായ വളര്‍ച്ചയ്ക്കായി സാങ്കേതികാധിഷ്ഠിതവും സംയോജിതവും ചെലവുകുറഞ്ഞതും പ്രതിരോധശേഷിയുള്ളതും സുസ്ഥിരവുമായ ലോജിസ്റ്റിക്സ് ആവാസവ്യവസ്ഥ ഉറപ്പാക്കുകയെന്ന കാഴ്ചപ്പാടോടെയാണു നയം.

 

നയം ലക്ഷ്യങ്ങള്‍ നിശ്ചയിക്കുകയും അവ കൈവരിക്കുന്നതിനുള്ള വിശദമായ പ്രവര്‍ത്തനപദ്ധതി ഉള്‍ക്കൊള്ളുകയും ചെയ്യുന്നു. ആ ലക്ഷ്യങ്ങള്‍ ഇനിപ്പറയുന്നു:

       i.          2030-ഓടെ, ആഗോള മാനദണ്ഡങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ രാജ്യത്തെ ലോജിസ്റ്റിക്സ് ചെലവു കുറയ്ക്കൽ

     ii.          ലോജിസ്റ്റിക്സ് നിർവഹണസൂചിക റാങ്കിങ് മെച്ചപ്പെടുത്തൽ; 2030-ഓടെ മികച്ച 25 രാജ്യങ്ങളില്‍ ഒന്നായി മാറൽ. കൂടാതെ,

    iii.          കാര്യക്ഷമമായ ലോജിസ്റ്റിക്സ് ആവാസവ്യവസ്ഥയ്ക്കായി വിവരാധിഷ്ഠിത തീരുമാന പിന്തുണാസംവിധാനം സൃഷ്ടിക്കുക.

 

ദേശീയ ലോജിസ്റ്റിക്സ് നയം വികസിപ്പിച്ചെടുത്തത് ഒരു കൂടിയാലോചനാപ്രക്രിയയിലൂടെയാണ്. അതില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ വിവിധ മന്ത്രാലയങ്ങള്‍/വകുപ്പുകള്‍, വ്യവസായ പങ്കാളികള്‍, പഠന-ഗവേഷണ വിഭാഗങ്ങള്‍ എന്നിവയുമായി നിരവധി തവണ കൂടിയാലോചനകള്‍ നടത്തുകയും ആഗോളതലത്തിലെ മികച്ച രീതികളെക്കുറിച്ചു മനസ്സിലാക്കുകയും ചെയ്തു.

 

നയം നടപ്പിലാക്കൽ നിരീക്ഷിക്കുന്നതിനും പങ്കാളികളികളുടെ ശ്രമങ്ങള്‍ സംയോജിപ്പിക്കുന്നതിനും നിലവിലുള്ള വ്യവസ്ഥാപിത ചട്ടക്കൂട് (അതായത്, പിഎം ഗതിശക്തി ദേശീയ ആസൂത്രണപദ്ധതി‌പ്രകാരമുള്ള സെക്രട്ടറിമാരുടെ ഉന്നതാധികാര സമിതി -ഇജിഒഎസ്) ഉപയോഗിക്കും. ശ്രേണീ ആസൂത്രണ സമിതി(എൻപിജി)യുടെ വ്യവസ്ഥകളിൽ ഉള്‍പ്പെടാത്ത ലോജിസ്റ്റിക്സ് മേഖലയിലെ പ്രക്രിയകള്‍, കാര്യനിർവഹണം, ഡിജിറ്റല്‍ മെച്ചപ്പെടുത്തലുകള്‍ എന്നിവയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ നിരീക്ഷിക്കുന്നതിനായി എൻപിജിയുടെ മാതൃകയില്‍ ‘സേവനം മെച്ചപ്പെടുത്തൽ സമിതി’ക്ക് (എസ്ഐജി) ഇജിഒഎസ് രൂപംനൽകും.

 

ഈ നയം രാജ്യത്തു ലോജിസ്റ്റിക്സ് ചെലവു കുറയ്ക്കുന്നതിനു വഴിയൊരുക്കും. മികച്ച രീതിയിലുള്ള സ്ഥലവിനിയോഗം, ഗുണനിലവാരം വർധിപ്പിക്കൽ, ലോജിസ്റ്റിക്സ് മൂല്യശൃംഖലയിലുടനീളമുള്ള ഡിജിറ്റൽവൽക്കരണവും യന്ത്രവൽക്കരണവും, മികച്ച നിരീക്ഷണ-പരിശോധനാ സംവിധാനങ്ങൾ എന്നിവ ഉപയോഗിച്ചു സംഭരണകേന്ദ്രങ്ങളുടെ മതിയായ വികസനം സാധ്യമാക്കുന്നതിലാണു നയം ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

 

പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ പങ്കാളികൾ തമ്മിൽ തടസമില്ലാത്ത ഏകോപനം സുഗമമാക്കുന്നതിനുള്ള കൂടുതൽ നടപടികളും നയത്തിൽ പറയുന്നു. വേഗത്തിലുള്ള പ്രശ്നപരിഹാരം, കാര്യക്ഷമമായ എക്സിം പ്രക്രിയകൾ, നൈപുണ്യമുള്ള മനുഷ്യശക്തിയുടെ തൊഴിൽസാധ്യതയുള്ള സംഘം സൃഷ്ടിക്കുന്നതിനുള്ള മാനവവിഭവശേഷി വികസനം എന്നിവയും നയത്തിൽ പ്രതിപാദിച്ചിട്ടുണ്ട്.

 

വിവിധ സംരംഭങ്ങൾ അതിവേഗം നടപ്പാക്കുന്നതിനുള്ള പ്രവർത്തന അജണ്ടയെക്കുറിച്ചും നയം വ്യക്തമായി പ്രതിപാദിക്കുന്നു. വാസ്തവത്തിൽ, ഈ നയത്തിന്റെ പ്രയോജനങ്ങൾ പരമാവധി സാധ്യമാണെന്നുറപ്പാക്കാൻ, നയത്തിനുകീഴിലുള്ള ഏകീകൃത ലോജിസ്റ്റിക്സ് സമ്പർക്കമുഖ സംവിധാനം (യുഎൽഐപി), ലോജിസ്റ്റിക്സ് സൗകര്യങ്ങൾക്കായുള്ള സേവനസംവിധാനം, വെയർഹൗസിങ്ങിനെക്കുറിച്ചുള്ള ഇ-ഹാൻഡ്ബുക്ക്, പിഎം ഗതിശക്തിയെക്കുറിച്ചുള്ള പരിശീലന കോഴ്സുകൾ, ഐ-ഗോട്ട് പ്ലാറ്റ്‌ഫോമിലെ ലോജിസ്റ്റിക്സ് എന്നിവയുൾപ്പെടെയുള്ള പ്രധാന സംരംഭങ്ങൾക്കും ദേശീയ ലോജിസ്റ്റിക്സ് നയം ആരംഭിച്ചതിനൊപ്പംതന്നെ തുടക്കംകുറിച്ചു. അതിവേഗം ഇക്കാര്യങ്ങൾ താഴേത്തട്ടിൽ നടപ്പാക്കാനുള്ള സന്നദ്ധതയാണ് ഇതു സൂചിപ്പിക്കുന്നത്.

 

കൂടാതെ, എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഇക്കാര്യത്തിൽ പൂർണസജ്ജമാണ്. ദേശീയ ലോജിസ്റ്റിക്സ് നയത്തിന്റെ അടിസ്ഥാനത്തിൽ പതിനാലു സംസ്ഥാനങ്ങൾ ഇതിനകം അതതു സംസ്ഥാനങ്ങൾക്കായി ലോജിസ്റ്റിക്സ് നയങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. 13 സംസ്ഥാനങ്ങളിൽ ഇതു കരടുഘട്ടത്തിലാണ്. കേന്ദ്ര-സംസ്ഥാനതലങ്ങളിൽ പിഎം ഗതിശക്തിയുടെ കീഴിലുള്ള വ്യവസ്ഥാപിതചട്ടക്കൂടുകൾ, നയം നടപ്പാക്കൽ നിരീക്ഷിക്കുകയും ചെയ്യും. പദ്ധതിയുടെ ഭാഗമായ എല്ലാവരും നയം വേഗത്തിലും കാര്യക്ഷമമായും സ്വീകരിക്കുന്നു എന്നതുറപ്പാക്കാൻ ഇതിനു കഴിയും.

 

ഈ നയം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള‌ിലും കൃഷി, അനുബന്ധ മേഖലകൾ, അതിവേഗം മുന്നേറുന്ന ഉപഭോക്തൃ ഉൽപ്പന്നങ്ങൾ, ഇലക്ട്രോണിക്സ് തുടങ്ങിയ മറ്റു മേഖലകളിലും മത്സരക്ഷമത വർധ‌ിപ്പിക്കാൻ സഹായിക്കുന്നു. മുന്നോട്ടുള്ള കാര്യങ്ങളിൽ വ്യക്തമായ ധാരണയും സുതാര്യതയും വിശ്വാസ്യതയും ഉള്ളതിനാൽ, വിതരണശൃംഖലയിൽ വരുന്ന പാഴ്ചെലവും വേണ്ടിവരുന്ന വസ്തുക്കളുടെ എണ്ണവും കുറയും.

 

ആഗോള മൂല്യശൃംഖലകളുടെ ബൃഹദ് സംയോജനവും ആഗോളവ്യാപാരത്തിലുണ്ടാകുന്ന ഉയർന്ന പങ്കാളിത്തവും രാജ്യത്തിന്റെ ത്വരിതഗതിയിലുള്ള സാമ്പത്തികവളർച്ചയ്ക്കു സഹായകമാകും എന്നും പ്രതീക്ഷിക്കുന്നു.

 

ഇതു ലോജിസ്റ്റിക്സ് ചെലവുകുറയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇതിലൂടെ ആഗോളമാനദണ്ഡങ്ങളിലേക്ക് എത്തിപ്പെടുന്നതിനും, രാജ്യത്തിന്റെ ലോജിസ്റ്റിക്സ് നിർവഹണസൂചിക റാങ്കിങ്, ആഗോളതലത്തിലെ സ്ഥാനം എന്നിവ മെച്ചപ്പെടുത്തുന്നതിനും കഴിയും. ഈ നയം ഇന്ത്യയുടെ ലോജിസ്റ്റിക്സ് മേഖലയെ പരിവർത്തനംചെയ്യുന്നതിനും ലോജിസ്റ്റിക്സ് കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ലോജിസ്റ്റിക്സ് ചെലവു കുറയ്ക്കുന്നതിനും ആഗോളതലത്തിലെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും വ്യക്തമായ ദിശ പകരുന്നു.

 

-ND-



(Release ID: 1861257) Visitor Counter : 189