പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യയില്‍ വംശനാശം സംഭവിച്ച ചീറ്റപ്പുലികളെ പ്രധാനമന്ത്രി കുനോ ദേശീയോദ്യാനത്തില്‍ തുറന്നുവിട്ടു
ചീറ്റ മിത്രാസ്, ചീറ്റ റീഹാബിലിറ്റേഷന്‍ മാനേജ്‌മെന്റ് ഗ്രൂപ്പ്, വിദ്യാര്‍ത്ഥികള്‍ എന്നിവരുമായി സംവദിച്ചു
നമീബിയയില്‍ നിന്ന് കൊണ്ടുവന്ന ചീറ്റപ്പുലികളെ വലിയ കാട്ടു മാംസഭുക്കുകളുടെ ആദ്യത്തെ ഭൂഖണ്ഡാന്തര സ്ഥലംമാറ്റ പദ്ധതിയായ പ്രോജക്ട് ചീറ്റയ്ക്ക് കീഴിലാണ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്
ചീറ്റപ്പുലികളെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നത് തുറസ്സായ വനങ്ങളുടെയും പുല്‍മേടുകളുടെയും ആവാസവ്യവസ്ഥയുടെ പുനഃസ്ഥാപനത്തിന് സഹായിക്കുകയും പ്രാദേശിക സമൂഹത്തിനെ മെച്ചപ്പെട്ട ഉപജീവന സാദ്ധ്യതകളിലേക്ക് നയിക്കുകയും ചെയ്യും
Posted On:
17 SEP 2022 12:21PM by PIB Thiruvananthpuram
ഇന്ത്യയില്‍ വംശനാശം സംഭവിച്ച ചീറ്റപ്പുലികളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് കുനോ നാഷണല്‍ പാര്‍ക്കില്‍ തുറന്നുവിട്ടു. നമീബിയയില്‍ നിന്ന് കൊണ്ടുവന്ന ചീറ്റപ്പുലികളെ വലിയ കാട്ടു മാംസഭുക്കുകളുടെ ആദ്യത്തെ ഭൂഖണ്ഡാന്തര സ്ഥലംമാറ്റ പദ്ധതിയായ പ്രോജക്ട് ചീറ്റയ്ക്ക് കീഴിലാണ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. എട്ട് ചീറ്റപ്പുലികളില്‍ അഞ്ച് പെണ്‍ചീറ്റപ്പുലികളും മൂന്ന് ആണ്‍ ചീറ്റപ്പുലികളുമാണുള്ളത്.
കുനോ നാഷണല്‍ പാര്‍ക്കിലെ രണ്ട് കേന്ദ്രങ്ങളിലാണ് പ്രധാനമന്ത്രി ചീറ്റപ്പുലികളെ തുറന്നുവിട്ടത്. ആ വേദിയില്‍ വച്ചുതന്നെ പ്രധാനമന്ത്രി ചീറ്റ മിത്രാസ്, ചീറ്റ റീഹാബിലിറ്റേഷന്‍ മാനേജ്‌മെന്റ് ഗ്രൂപ്പ്, വിദ്യാര്‍ത്ഥികള്‍ എന്നിവരുമായും സംവദിച്ചു. ഈ ചരിത്ര അവസരത്തില്‍ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധനയും ചെയ്തു.
ഇന്ത്യയുടെ വന്യജീവികളേയും അതിന്റെ ആവാസവ്യവസ്ഥയെയും പുനരുജ്ജീവിപ്പിക്കാനും വൈവിദ്ധ്യവത്കരിക്കാനുമുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പ്രധാനമന്ത്രി കുനോ നാഷണല്‍ പാര്‍ക്കില്‍ ചീറ്റപ്പുലികളെ തുറന്നുവിട്ടത്. ചീറ്റപ്പുലികളെ 1952-ല്‍ ഇന്ത്യയില്‍ നിന്ന് വംശനാശം സംഭവിച്ചതായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. തുറന്നുവിട്ട ചീറ്റപ്പുലികള്‍ ഈ വര്‍ഷം ആദ്യം ഒപ്പുവച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ നമീബിയയില്‍ നിന്നു കൊണ്ടുവന്നവയാണ്, വലിയ കാട്ടു മാംസഭുക്കുകളുടെ ലോകത്തിലെ ആദ്യത്തെ ഭൂഖണ്ഡാന്തര സ്ഥലംമാറ്റം പദ്ധതിയായ പ്രോജക്ട് ചീറ്റയ്ക്ക് കീഴിലാണ് ചീറ്റപ്പുലികളെ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്.
ഇന്ത്യയിലെ തുറന്ന വനങ്ങളും പുല്‍മേടുകളും പുനഃസ്ഥാപിക്കാന്‍ ചീറ്റപ്പുലികള്‍ സഹായിക്കും. ഇത് ജൈവവൈവിദ്ധ്യം സംരക്ഷിക്കാനും ജലസുരക്ഷ, കാര്‍ബണ്‍ വേര്‍തിരിക്കല്‍, മണ്ണിലെ ഈര്‍പ്പ സംരക്ഷണം തുടങ്ങിയ ആവാസവ്യവസ്ഥയുടെ സേവനങ്ങള്‍ മെച്ചപ്പെടുത്താനും സമൂഹത്തിന് വലിയതോതില്‍ പ്രയോജനം ചെയ്യുന്നതിനും സഹായിക്കും. പരിസ്ഥിതി സംരക്ഷണത്തിനും വന്യജീവി സംരക്ഷണത്തിനുമുള്ള പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായ ഈ ശ്രമം, പരിസ്ഥിതി വികസനത്തിലൂടെയും ഇക്കോടൂറിസം പ്രവര്‍ത്തനങ്ങളും വഴി പ്രാദേശിക സമൂഹത്തിനെ മെച്ചപ്പെട്ട ഉപജീവന സാദ്ധ്യതകളിലേക്ക് നയിക്കും.
പരിസ്ഥിതി സംരക്ഷണത്തിലും സുസ്ഥിരതയിലും കാര്യമായ നേട്ടങ്ങള്‍ കൈവരിച്ച കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ സുസ്ഥിരതയും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്നതിന് സ്വീകരിച്ച നീണ്ട നടപടികളുടെ ഭാഗമാണ് ചീറ്റപ്പുലികളുടെ ചരിത്രപരമായ പുനരവതരണം. 2014-ല്‍ രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ വിസ്തൃതിയുടെ 4.90% ആയിരുന്ന സംരക്ഷിത പ്രദേശങ്ങളുടെ പരിധി ഇപ്പോള്‍ 5.03% ആയി വര്‍ദ്ധിച്ചു. 2014ല്‍ 1,61,081.62 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയില്‍ 740 സംരക്ഷിതപ്രദേശങ്ങളുണ്ടായിരുന്നിടത്ത് ഇപ്പോള്‍ 1,71,921 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള 981 പ്രദേശങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
കഴിഞ്ഞ നാല് വര്‍ഷത്തിനിടെ വനത്തിന്റെയും മരങ്ങളുടെയും പരിധിയില്‍ 16,000 ചതുരശ്ര കിലോമീറ്റര്‍ വര്‍ദ്ധനയുണ്ടായി. വനവിസ്തൃതി സ്ഥിരമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ കമ്മ്യൂണിറ്റി റിസര്‍വുകളുടെ എണ്ണത്തിലും വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. 2014ലെ വെറും 43-ല്‍ നിന്ന് അവയുടെ എണ്ണം 2019-ല്‍ 100-ലധികമായിട്ടുണ്ട്.
ആഗോള തലത്തില്‍ കടുവകളുടെ എണ്ണത്തില്‍ ഏകദേശം 75% വരുന്ന 18 സംസ്ഥാനങ്ങളിലായി ഏകദേശം 75,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള 52 കടുവാസംരക്ഷണകേന്ദ്രങ്ങളാണ് ഇന്ത്യയിലുള്ളത്. ലക്ഷ്യസമയമായ 2022ന് നാല് വര്‍ഷം മുമ്പ്, 2018-ല്‍ തന്നെ കടുവകളുടെ എണ്ണം ഇരട്ടിയാക്കുകയെന്ന ലക്ഷ്യം ഇന്ത്യ കൈവരിച്ചു. ഇന്ത്യയിലെ കടുവകളുടെ എണ്ണം 2014-ലെ 2,226 ല്‍ നിന്ന് 2018-ല്‍ 2,967 ആയി ഉയര്‍ന്നു. കടുവ സംരക്ഷണത്തിനുള്ള ബജറ്റ് വിഹിതം 2014-ലെ 185 കോടിയില്‍ നിന്ന് 2022-ല്‍ 300 കോടിയായി ഉയര്‍ന്നു.
2015-ലെ 523 സിംഹങ്ങളില്‍ നിന്ന് 28.87 ശതമാനം (ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്കുകളില്‍ ഒന്ന്) വര്‍ദ്ധനയോടെ 674 ആയി ഏഷ്യാറ്റിക് സിംഹങ്ങളുടെ എണ്ണത്തിലും ക്രമാനുഗതമായ വര്‍ദ്ധനവ് കാണിക്കുന്നുണ്ട്.
ഇന്ത്യയില്‍ 2014-ല്‍ നടത്തിയ 7910 എന്ന മുന്‍ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോള്‍ (2020) 12,852 പുള്ളിപ്പുലികളുണ്ട്, അവയുടെ എണ്ണത്തില്‍ 60 ശതമാനത്തിലധികം വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്.
മദ്ധ്യപ്രദേശ് ഗവര്‍ണര്‍ ശ്രീ മംഗുഭായ് പട്ടേല്‍; മുഖ്യമന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാന്‍; കേന്ദ്രമന്ത്രിമാരായ ശ്രീ നരേന്ദ്ര സിംഗ് തോമര്‍, ശ്രീ ഭൂപേന്ദര്‍ യാദവ്, ശ്രീ ജ്യോതിരാദിത്യ എം സിന്ധ്യ, ശ്രീ അശ്വിനി ചൗബെ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
--ND--
(Release ID: 1860094)
Visitor Counter : 265
Read this release in:
Bengali
,
Assamese
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada