പ്രധാനമന്ത്രിയുടെ ഓഫീസ്‌

അന്താരാഷ്ട്ര ഡയറി ഫെഡറേഷന്റെ ലോക ക്ഷീര ഉച്ചകോടി 2022 ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 12 SEP 2022 1:45PM by PIB Thiruvananthpuram

ഉത്തര്‍ പ്രദേശിന്റെ ജനകീയ മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ജി, കേന്ദ്രമന്ത്രി സഭിയലെ എന്റെ സഹപ്രവര്‍ത്തകന്‍ ശ്രീ. പരുഷോത്തം റുപാലജി, മറ്റ് മന്ത്രിമാരെ, എംപി മാരെ അന്താരാഷ്ട്ര ഡയറി ഫെഡറേഷന്‍ പ്രസിഡന്റ്  പി ബ്രാസലെജി, ഡയറക്ടര്‍ ജനറല്‍ കരോളിന്‍ എമോണ്ട് ജി, ഇവിടെ സന്നിഹിതരായിരിക്കുന്ന മറ്റു വിശിഷ്ടാതിഥികളെ, മഹതി മഹാന്മാരെ,

ലോകമെമ്പാടുമുള്ള ക്ഷീര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധരും നവീകരണ പ്രവര്‍ത്തകരും ഇന്ന് ഇന്ത്യയില്‍ സമ്മേളിച്ചിരിക്കുന്നു എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്ന് ക്ഷീര ഉച്ചകോടിക്ക് എത്തിയിരിക്കുന്ന എല്ലാ വിശിഷ്ടാതിഥികളെയും ഇന്ത്യയിലെ മൃഗങ്ങളുടെ പേരില്‍, ഇന്ത്യയിലെ പൗരന്മാരുടെ പേരില്‍ , ഇന്ത്യാ ഗവണ്‍മെന്റിന്റെ പേരില്‍ ഞാന്‍ ഊഷ്മളമായി സ്വാഗതം ചെയ്യുന്നു.
ക്ഷീര മേഖലയുടെ സാധ്യതകള്‍ ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്ക് ഊര്‍ജ്ജം പകരുക മാത്രമല്ല, ലോകമെമ്പാടുമുള്ള കോടിക്കണക്കിനാളുകളുടെ മുഖ്യ ഉപജീവന സ്രോതസ് കൂടിയാകുന്നു. ഈ ഉച്ചകോടി പരസ്പരം അറിവ് വര്‍ധിപ്പിക്കുന്നതിനും, മറ്റുള്ളവരില്‍ നിന്നു കൂടുതല്‍ ആശയങ്ങളും, സാങ്കേതിക വിദ്യയും, വൈദഗ്ധ്യവും ക്ഷീര മേഖലയുമായി ബന്ധപ്പെട്ട പാരമ്പര്യ വിജ്ഞാനവും നേടുന്നതിനും പ്രധാന പങ്കുവഹിക്കും എന്ന് എനിക്കുറപ്പുണ്ട്.

സുഹൃത്തുക്കളെ,
ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ വേളയിലാണ് ഇന്നത്തെ ഈ ചടങ്ങ് ഇവിടെ നടക്കുന്നത്. യാദൃശ്ചികമായി,  ഇന്ത്യയിലെ 75 ലക്ഷം ക്ഷീര കര്‍ഷകരും സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഈ ചടങ്ങില്‍ പങ്കെടുക്കുന്നുമുണ്ട്. ഇത്തരം   ഉച്ചകോടികളുടെ അവസാനത്തെ ഗുണഭോക്താക്കള്‍  കൃഷിക്കാരായ നമ്മുടെ സഹോദരി സഹോദരന്മാരാണ്. ഈ സന്ദര്‍ഭത്തില്‍ എന്റെ കര്‍ഷക സുഹൃക്കളെ അഭിനന്ദിക്കുകയും , ലോക ക്ഷീര ഉച്ചകോടിയിലേയ്ക്ക് ഞാന്‍ സ്വാഗതം ചെയ്യുകയും  ചെയ്യുന്നു.

സുഹൃത്തുക്കളെ,
മൃഗപരിപാലനവും പാല്‍ വ്യവസായവും ആയിരക്കണക്കിനു സംവത്സരങ്ങള്‍ക്കു മുമ്പെ ഇന്ത്യയുടെ സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകമായിരുന്നു. ഈ പൈതൃകം ഇന്ത്യയുടെ ക്ഷീര മേഖലയെ പ്രത്യേകമായ ചില സവിശേഷതകളോടെ ശാക്തീകരിച്ചു. വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയിരിക്കുന്ന വിദഗ്ധര്‍ക്കായി  ഈ സവിശേഷതകളെ കുറിച്ച് പ്രത്യേകമായി സൂചിപ്പിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

സുഹൃത്തുക്കളെ.
ലോകത്തിലെ മറ്റ് വികസിത രാജ്യങ്ങളെ പോലെയല്ല, ഇന്ത്യയിലെ ക്ഷീര മേഖലയുടെ പ്രേരക ശക്തി ഇ വിടുത്തെ  ചെറുകിട കൃഷിക്കാരാണ്. ഇന്ത്യയിലെ ക്ഷീരമേഖലയുടെ പ്രത്യേകത വന്‍ തോതിലുള്ള ഉല്‍പാദനത്തെക്കാളുപരി സാമൂഹ്യ ഉല്‍പാദനമാണ്. ഇന്ത്യയില്‍  ക്ഷീര മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്ന മിക്ക കൃഷിക്കാര്‍ക്കും ഒന്നോ രണ്ടോ പശുക്കള്‍ അല്ലെങ്കില്‍ മൂന്നു കിടാരികള്‍, അത്രയേ കാണൂ.  കഠിനാധ്വാനികളായ ഈ ചെറുകിട കൃഷിക്കാരും അവരുടെ മൃഗസമ്പത്തും മൂലമാണ് ഇന്ത്യ ലേകത്തിലെ തന്നെ ഏറ്റവും വലിയ പാല്‍ഉല്‍പാദക രാജ്യമായി മറിയിരിക്കുന്നത്. ഇന്ന് ഇന്ത്യയിലെ എട്ടു കോടിയിലധികം  കുടംബങ്ങള്‍ ഈ മേഖലയില്‍  തൊഴിലെടുക്കുന്നു. ഇന്ത്യന്‍ ക്ഷീര മേഖലയുടെ പോലുള്ള അസാധാരണത്വം  മറ്റൊരിടത്തും നിങ്ങള്‍ക്കു കാണാന്‍ സാധിക്കില്ല. ഇന്ന് ഇക്കാര്യം ലോക ക്ഷീര ഉച്ചകോടിയില്‍ ഞാന്‍ സൂചിപ്പിക്കുന്നതിനു കാരണം, ഇത് ലോകത്തിലെ മറ്റ് ദരിദ്ര രാജ്യങ്ങളിലെ കൃഷിക്കാര്‍ക്കും അനുകരിക്കാവുന്ന മഹത്തായ വ്യവസായ മാതൃക ആയതിനാലാണ്.

സുഹൃത്തുക്കളെ,
ഇന്ത്യുടെ ക്ഷീര മേഖലയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. അത് ഇവിടുത്തെ ക്ഷീര സഹകരണ പ്രസ്ഥാനമാണ്. ലോകത്തില്‍ മറ്റ് ഒരു രാജ്യത്തും ഇതു കാണാന്‍ സാധിക്കില്ല.  അത്രയ്ക്കും ബൃഹത്തായ ശ്രുംഖലയാണ് ഇന്ത്യയിലെ  ക്ഷീര സഹകരണ സംഘങ്ങളുടേത്.  ഈ ക്ഷീര സഹകരണ സംഘങ്ങള്‍ രാജ്യത്തെ രണ്ടു ലക്ഷം ഗ്രാമങ്ങളിലെ  രണ്ടു കോടിയോളം കര്‍ഷകരില്‍ നിന്ന്് പ്രതിദിനം  രണ്ടു പ്രാവശ്യം പാല്‍ ശേഖരിക്കുകയും ഉപഭോക്താക്കളില്‍ എത്തിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയയില്‍ ഒരിടത്തു പോലും ഇടനിലക്കാരില്ല. ഈ കച്ചവടത്തില്‍ ഇടപാടുകാരില്‍ നിന്നു ലഭിക്കുന്ന പണത്തിന്റെ  70 ശതമാനവും നേരിട്ട് കര്‍ഷകരുടെ കീശയില്‍ തന്നെ എത്തുന്നു. ഗുജറാത്തിനെ കുറിച്ചു പറഞ്ഞാല്‍, പാല്‍ വില്‍പ്പനയിലൂടെ കിട്ടുന്ന പണമത്രയും അവിടുത്തെ സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേയ്ക്കാണ് പോകുന്നത്. ഇത് ലോകത്ത് മറ്റൊരിടത്തും ഇല്ല. ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്ന ഡിജിറ്റല്‍ വിപ്ലവത്തിന്റെ ഫലമായി ക്ഷീര മേഖലയിലെ പണമിടപാടുകള്‍ മുഴുവന്‍ തന്നെ അതിവേഗത്തിലാണ്. ഇന്ത്യയിലെ ക്ഷീര സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തെള കുറിച്ചും ക്ഷീര മേഖലയില്‍ വികസിച്ചു വരുന്ന ഡിജിറ്റല്‍ പണമിടപാടുകളെ കുറിച്ചും പഠിക്കുന്നത് ലോകത്തിലെ മറ്റു രാജ്യങ്ങളിലുള്ള കര്‍ഷകര്‍ക്ക് വളരെ പ്രയോജനകരമായിരിക്കും എന്ന് എനിക്കു തോന്നുന്നു.

ഇന്ത്യന്‍ ക്ഷീര മേഖലയുടെ മറ്റൊരു വലിയ ശക്തി എന്നു പറയുന്നത് ഇവിടുത്തെ പ്രാദേശിക ഇനങ്ങളാണ്. ഇന്ത്യയിലെ പശുക്കളും എരുമകളും ഏത്ര കഠിനമായ കാലാവസ്ഥയെയും അതിജീവിക്കുന്നവയാണ്. ഉദാഹരണത്തിന് ഗുജറാത്തിലെ ബന്ന ഇനം എരുമകള്‍. കച്ചിലെ മരുഭൂമിയില്‍ പോലും ജീവിക്കാന്‍ കഴിവുള്ളവയാണ് അവ. അതി ഭീകരമായ ചൂടാണ് പകല്‍ മുഴുവന്‍. എന്നാല്‍ ഈ എരുമകള്‍ രാത്ി കാലങ്ങളിലാണ് മേയാന്‍ ഇറങ്ങുക. മറ്റൊരു കാര്യം കൂടി ഞാന്‍ എന്റെ വിദേശ സുഹൃത്തുക്കളോട് പറയാം. ഈ എരുമകള്‍ മേയാന്‍ പോകുമ്പോള്‍ അവയെ നോക്കാന്‍ ആരും കൂടെ പോകേണ്ടതില്ല.  ഗ്രാമത്തിനടുത്തുള്ള മേച്ചില്‍ സ്ഥലങ്ങളില്‍ പോയി പുല്ല് തിന്നിട്ട്  പുലര്‍ച്ചെ 10 ഉം 15 ഉം കിലോമീറ്റര്‍ നടന്ന് അവ തിരികെ ഉടമയുടെ വീട്ടില്‍ എത്തിക്കൊള്ളും. . ആരുടെയും എരുമകളെ കാണാതായ വര്‍ത്തമാനവും ്അവിടെ കേള്‍ക്കാനില്ല. അല്ലെങ്കില്‍ ഏതെങ്കിലും ബന്നി എരുമ വഴി തെറ്റി അയല്‍ക്കാരന്റെ വീട്ടില്‍ എത്തിയതായി പരാതിയും കേട്ടിട്ടില്ല.ആ പ്രദേശങ്ങളില്‍ രൂക്ഷമായ ജലക്ഷാമമുണ്ട്. ഈ മൃഗങ്ങള്‍ അല്പം വെള്ളം കൊണ്ട് ദിവസങ്ങളോളം പിടിച്ചു നില്‍ക്കും. ഒരു ഉദാഹരണം പറഞ്ഞു എന്നു മാത്രം. ഇതുപോലെ അനേകം ജനുസുകള്‍ ഇന്ത്യയില്‍ ഉണ്ട്. മുറ, മെഹ്‌സാന, ജഫ്രബദി, നിലി രവി, പന്ഥാര്‍പുരി തുടങ്ങിയ ഇനങ്ങള്‍. അതുപോലെ പശുക്കളുടെയും ഇനങ്ങളുണ്ട്. ഗീര്‍, സഹിവാള്‍, റാത്തി, കങ്ക്രേജ്്, ഥാര്‍പാര്‍ക്കര്‍, ഹരിയാന അങ്ങനെ പോകുന്നു. ഇവയെല്ലാമാണ് ഇന്ത്യന്‍ ക്ഷീര മേഖലയെ അനന്യമാക്കുന്നത്. .  ഈ ഇന്ത്യന്‍ ജനുസുകളെല്ലാം കാലാവസ്ഥകളോട് പൊരുത്തപ്പെട്ടു ജീവിക്കാന്‍ കഴിവുള്ളവയാണ്.

സുഹൃത്തുക്കളെ,
ഇതുവരെ ഞാന്‍ പറഞ്ഞത് ഇന്ത്യന്‍ ക്ഷീര മേഖലയുടെ മൂന്നു സവിശേഷതകളാണ്. ഇവയാണ് ഇന്ത്യന്‍ ക്ഷീര മേഖലയുടെ തനിമ, ചെറുകിട കര്‍ഷകരുടെ ശക്തി,സഹകരണ സംഘങ്ങളുടെ ഊര്‍ജ്ജം, ഇന്ത്യന്‍ ജനുസുകളുടെ ശേഷി. ഇതെല്ലാം കൂടിച്ചേരുമ്പോഴാണ് ഇന്ത്യയുടെ ക്ഷീര മേഖലയുടെ വ്യത്യസ്തമായ പ്രാഭവം പൂര്‍ണമാകുന്നത്. എന്നാല്‍ നാലാമതൊരു സവിശേഷത കൂടി ഇന്ത്യയുടെ ക്ഷീര മേഖലയ്ക്കുണ്ട്. അത് മിക്കപ്പോവും ചര്‍ച്ച ചെയ്യപ്പെടുന്നില്ല. അതിന് വേണ്ടത്ര അംഗീകാരം ലഭിച്ചിട്ടുമില്ല. വിദേശത്തു നിന്നു വന്നിരിക്കുന്ന നമ്മുടെ അതിഥികള്‍ ചിലപ്പോള്‍ അതു കേട്ട് അത്ഭുതപ്പെട്ടേക്കും. അതായത്്, ഇന്ത്യന്‍ ക്ഷീര മേഖലയില്‍ തൊഴിലെടുക്കുന്നവരില്‍ 70 ശതമാനവും സത്രീകളാണ്. എന്നുവച്ചാല്‍ ഇന്ത്യന്‍ ക്ഷീരമേഖലയിലെ യഥാര്‍ത്ഥ നേതൃത്വം സ്ത്രീകളുടേതാണ് എന്ന്.  അതിനുമുപരി, ഇന്ത്യയിലെ ക്ഷീരോത്പാദക സഹകരണ സംഘങ്ങളിലെ അംഗങ്ങളില്‍ നാലില്‍ മൂന്നും വനിതകളാണ്. ഇന്ത്യയുടെ ക്ഷീരമേഖലയെ നയിക്കുന്ന ശക്തി ഏകദേശം 8.5 ലക്ഷം കോടിയുടെ ആസ്തിയാണ്.  ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന മൊത്തം നെല്ല്, ഗോതമ്പ് എന്നിവയുടെ മൂല്യത്തെക്കാള്‍ കൂടുതല്‍ വരും ഇത്. നമ്മുടെ ഗ്രാമങ്ങളില്‍ ജീവിക്കുന്ന അമ്മമാരുടെയും സഹോദരിമാരുടെയും നേട്ടമാണിത്.  ലോക ക്ഷീര ഉച്ചകോടിക്ക് എത്തിയിരിക്കുന്ന വിശിഷ്ടാതിഥികളോട് എനിക്ക് ഒരു അഭ്യര്‍ത്ഥനയുണ്ട്, ഇന്ത്യയിലെ ഈ സ്ത്രീ ശക്തിയെ നിങ്ങള്‍ അംഗീകരിക്കണം അതിനെ വിവിധ വേദികളില്‍ അവതരിപ്പിക്കണം. 

സുഹൃത്തുക്കളെ,
ഞങ്ങളുടെ ഗവണ്‍മെന്റ് 2014 മുതല്‍ ഇന്ത്യന്‍ ക്ഷീരമേഖലയുടെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി നിരന്തരം ശ്രമിച്ചു വരികയാണ്. പാല്‍ഉല്‍പാദനത്തിലും കര്‍ഷകരുടെ വരുമാനത്തിലും വന്നിട്ടുള്ള വര്‍ധനവിലൂടെ ഇന്ന് അതിന്റെ ഫലങ്ങള്‍ ദൃശ്യമാണ്. 2014 ഇന്ത്യയുടെ പാല്‍ ഉല്‍പാദനം 146 മില്യണ്‍ ടണ്‍ ആയിരുന്നു. ഇന്ന് അത് 210 മില്യണ്‍ ടണ്‍ ആണ്.  വര്‍ധന 44 ശതമാനം.  ഇന്ന് ലോകത്തിലെ പാല്‍ ഉല്‍പാദന വളര്‍ച്ചാനിരക്ക് 2 ശതമാനമാണ്.എന്നാല്‍ ിന്ത്യയില്‍ അത് 6 ശതമാനമാണ്. ഇന്ത്യയിലെ പ്രതിശീര്‍ഷ പാല്‍ ലഭ്യത ആഗോള  ശരാശരിയെക്കാള്‍ വളരെ ഉയരത്തിലുമാണ്. കഴിഞ്ഞ മൂന്നു നാലു വര്‍ഷങ്ങള്‍ക്കുള്ളില്‍  ചെറുകിട  കൃഷിക്കാരുടെ  ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് ഗവണ്‍മെന്റു നേരിട്ട് രണ്ടു ലക്ഷം കോടി രൂപ കൈമാറി. ഇതിന്റെ വലിയ പങ്കും ക്ഷീര മേഖലയിലെ കൃഷിക്കാരുടെ ബാങ്ക് അക്കൗണ്ടുകളിലേയ്ക്കാണ് പോയിട്ടുള്ളത്.

സുഹൃത്തുക്കളെ,
ഇപ്പോള്‍ നാം ഊന്നല്‍ കൊടുക്കുന്നത് , രാജ്യത്ത് സന്തുലിതമായ  ക്ഷീര ആവാസ വ്യവസ്ഥ സൃഷ്ടിക്കാനാണ്. അതായത് പാലിന്റെയും ഇതര ക്ഷീരോത്പ്പന്നങ്ങളുടെയും ഗുണമേന്മയില്‍ മാത്രമല്ല ഈ മേഖലയിലെ മറ്റ് വെല്ലുവിളികളെയും നേരിടാനും  നാം ഒരുങ്ങണം. കര്‍ഷകര്‍ക്ക് അധിക വരുമാനം, ദരിദ്രരുടെ ശാക്തീകരണം, ശുചിത്വം,  രാസവളം ഇല്ലാത്ത കൃഷി, ശുദ്ധ ഊര്‍ജ്ജം, മൃഗ സംരക്ഷണം, എന്നിവയെല്ലാം ഒന്നിക്കണം. അതായത് ഇന്ത്യയുടെ ഗ്രാമങ്ങളുടെ സുസ്ഥിരവും ഹരിതാഭവുമായ വളര്‍ച്ചയ്ക്കായി ക്ഷീര മേഖലയെയും മൃഗ പരിപാലനത്തെയും നാം വലിയ  ഉപകരണമാക്കാന്‍ പോവുകയാണ്. രാഷ്ട്രിയ ഗോകുല്‍ മിഷന്‍, ഗോബര്‍ധന്‍ യോജന, ഡയറി മേഖലയുടെ ഡിജിറ്റലൈസേഷന്‍, വളര്‍ത്തു മൃഗങ്ങള്‍ക്ക് സാര്‍വത്രിക പ്രതിരോധ കുത്തിവയ്പ് എന്നിവ ഈ ദിശയിലുള്ള ചില പരിശ്രമങ്ങളാണ്. രാജ്യത്തെ  പരിസ്ഥിതി സംരക്ഷണം, മൃഗപരിപാലനം എന്നിവയുടെ പശ്ചാത്തലത്തില്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗം അവസാനിപ്പിക്കാനുള്ള പ്രചാരമവും വലിയ പ്രാധാന്യമര്‍ഹിക്കുന്നു. മുഗങ്ങളോടുള്ള ദയയെ കുറിച്ചു സംസാരിക്കുന്ന സ്‌നേഹികള്‍ അവരുടെ ക്ഷേമത്തില്‍ വളരെ ഉല്‍ക്കണ്ഠയുള്ളവരാണ്. പ്ലാസ്റ്റിക്ക് സാമഗ്രികള്‍ മൃഗങ്ങള്‍ക്ക് എത്രമാത്രം ഹാനികരമാണ് എന്ന് എല്ലാവര്‍ക്കും അറിയാം. അവ എരുമകള്‍ക്കും പശുക്കള്‍ക്കും ഹാനികരം തന്നെ. അതിനാല്‍ പ്ലാസ്റ്റിക് നിര്‍മാര്‍ജ്ജനത്തിനായി ഞങ്ങള്‍ വളരെ നിഷ്ഠയുള്ള പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്.

സുഹൃത്തുക്കളെ,
ശാസ്ത്രവുമായി ബന്ധിപ്പിച്ചതോടെയാണ് ഇന്ത്യയുടെ ക്ഷീര മേഖല ഇത്ര വിപുലമായത്. ഇന്ത്യയിലെ പശുക്കളുടെയും ഏരുകളുടെയും  വിപുലമായ വിവര ശേഖരണം നടന്നു വരികയാണ്. ക്ഷീരമേഖലയുമായി ബന്ധപ്പെട്ട ഓരോ മൃഗത്തെയും നാം അടയാളപ്പെടുത്തുന്നു. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ മൃഗങ്ങളുടെ ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനം നടപ്പാക്കി വരുന്നു. പശു ആധാര്‍ എന്നാണ് അതിനു നല്‍കിയിരിക്കുന്ന സംജ്ഞ. പശു ആധാര്‍ വഴി മൃഗങ്ങളുടെ ഡിജിറ്റല്‍ തിരിച്ചറിയല്‍  നടത്തുന്നു. അവയുടെ ആരോഗ്യ പരിപാലന നടപടികള്‍  കൂടുതല്‍ ജാഗ്രത്താക്കുകയാണ് ലക്ഷ്യം.  

സുഹൃത്തുക്കളെ,
ഇന്ന് മൃഗപരിപാലന മേഖലയിലെ സംരംഭകത്വവും വ്യാസായങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇന്ത്യ കൂടുതല്‍ ശ്രദ്ധിക്കുന്നത്. ഇതിന് കര്‍ഷകരുടെ ഉല്‍പാദക സംഘങ്ങള്‍, സ്തീകളുടെ സ്വാശ്രയ സംഘങ്ങള്‍ എന്നിവയെ വിപണി ശക്തിയാക്കി മാറ്റി ക്ഷീര മേഖലയുമായി ബന്ധപ്പെട്ട ചെറുകിട കര്‍ഷകരുടെ ശക്തിയെ നാം ഏകോപിപ്പിച്ചു വരികയാണ് . കൃഷി ക്ഷീര മേഖല എന്നിവയുമായി ബന്ധപ്പെട്ട സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കാന്‍ നാം നമ്മുടെ യുവ ശക്തികളെ ഉപയോഗപ്പെടുത്തുന്നു. കഴിഞ്ഞ 5- 6 വര്‍ഷങ്ങള്‍ക്കുള്ളില്‍  ഇന്ത്യയുടെ കാര്‍ഷിക ക്ഷീര മേഖലകളില്‍ മാത്രം 1000 സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയിട്ടുണ്ട്.

സുഹൃത്തുക്കളെ,
ഈ രംഗത്ത്  ഇന്ത്യ നടത്തുന്ന തനതായ പരിശ്രമങ്ങള്‍ക്കുദാഹരണമാണ് ഗോബര്‍ദ്ധന്‍ പദ്ധതി.  കുറച്ചുനാള്‍ മുമ്പ് രൂപാലാ ജി സമ്പദ് വ്യവസ്ഥയില്‍ ചാണകത്തിന്റെ വര്‍ധിച്ചു വരുന്ന പ്രാധാന്യത്തെ സംബന്ധിച്ച്  പറയുകയുണ്ടായി. ഇന്ന് ചാണകത്തില്‍ നിന്ന് ജൈവ  സിഎന്‍ജിയും ബയോഗ്യാസും ഉല്‍പാദിപ്പിക്കുന്നതിനുള്ള ബഹുജന പ്രചാരണം നടന്നു വരുന്നു. ഒരു ഡയറി പ്ലാന്റിന് ആവശ്യമായ മുഴുവന്‍ വൈദ്യുതിയും അവിടുത്തെ പശുക്കള്‍ തരുന്ന ചാണകത്തില്‍ നിന്ന ഉല്‍പാദിപ്പാക്കാവുന്നതാണ്. കര്‍ഷകര്‍ അധികം ആദായം നേടുന്ന
ാെരു മാര്‍ഗ്ഗമാണ് ഇത്. ഇതിന്റെ ഉപോല്‍പ്പന്നമായ ജൈവ വളം കൃഷി ചെലവുകുറഞ്ഞതുമാക്കുന്നു. ഇതു കൃഷി ചെലവു കുറയ്ക്കുന്നു, മണ്ണിനെ സുരക്ഷിതവുമാക്കുന്നു. ഇന്ത്യ ഇന്ന് ഊന്നല്‍ നല്‍കുന്ന പ്രകൃതി കൃഷിയില്‍ വളര്‍ത്തു മൃഗങ്ങള്‍ സുപ്രധാന പങ്കു വഹിക്കുന്നു.

സുഹൃത്തുക്കളെ,
കൃഷിയിലെ പ്രശ്‌നങ്ങള്‍ക്ക് ഏകവിള സമ്പ്രദായം പരിഹാരമല്ല എന്നു ഞാന്‍ പറയാറുണ്ട്.  പകരം വൈവിധ്യ വളരെ ആവശ്യമാണ്. ഇത് മൃഗപരിപാലനത്തിലും ശരി തന്നെ.  അതിനാല്‍ പ്രാദേശിക ഇനങ്ങളിലും സങ്കര ഇനങ്ങളിലും ഒരു പോലെ ഇന്ത്യ ശ്രദ്ധ ചെലുത്തുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം സംഭവിക്കുന്ന നഷ്ടത്തെ ിതു ലഘൂകരിക്കും.

സുഹൃത്തുക്കളെ,
മറ്റൊരു പ്രധാന പ്രശ്‌നം മൃഗങ്ങള്‍ക്കുണ്ടാകുന്ന രോഗങ്ങളാണ്. മൃഗങ്ങള്‍ക്കു രോഗം പിടിപെടുമ്പോള്‍ അത് കര്‍ഷകനെയും ബാധിക്കുന്നു, കൂടംബ വരുമാനത്തെ ബാധിക്കുന്നു. അത് മൃഗങ്ങളുടെ പാല്‍ ഉല്‍പാദന ക്ഷമതയെ ബാധിക്കുന്നു. പാലിന്റെ ഗുണമേന്മയെയും ബാധിക്കുന്നു. അതിനാലാണ് മൃഗങ്ങള്‍ക്കുള്ള സാര്‍വത്രിക പ്രതിരോധ കുത്തിവയ്പിന് ഇന്ത്യ ഇത്ര പ്രാധാന്യം നല്‍കുന്നത്. 2025 ആകുമ്പോഴേയ്ക്കും കുളമ്പുരോഗത്തിനും, ബ്രൂസില്ലോസിസിനും (അടപ്പന്‍)  എതിരെ 100 ശതമാനം മൃഗങ്ങള്‍ക്കും നാം പ്രതിരോധ കുത്തിവയ്പ് എടുത്തിരിക്കും. ഈ പതിറ്റാണ്ട് അവസാനിക്കുന്നതോടെ  ഈ രോഗങ്ങള്‍ രണ്ടും രാജ്യത്തു നിന്ന് ഉന്മൂലനം ചെയ്യക എന്നതാണ് നമ്മുടെ ലക്ഷ്യം.

സുഹൃത്തുക്കളെ,
ഇന്ന് നിങ്ങളുമായുള്ള ഈ ചര്‍ച്ചയില്‍ ക്ഷീര മേഖല നേരിടുന്ന ഏറ്റവും പുതിയ വെല്ലുവിളിയെ കുറിച്ചു കൂടി സൂചിപ്പിക്കട്ടെ. അടുത്ത കാല്ത്ത് ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും ലുംബി (ചര്‍മ്മ മുഴ) എന്ന രോഗം പിടിച്ച് ഒട്ടേറെ മൃഗങ്ങള്‍ക്കു ജീവഹാനി സംഭവിച്ചു. സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കൊപ്പം കേന്ദ്ര ഗവണ്‍മെന്റും ഈ രോഗം നിയന്തിക്കുന്നതിനുള്ള നടപടികള്‍ അതിവേഗത്തില്‍ സ്വീകരിച്ചു വരികയാണ്. ഇതിന് ഒരു പ്രതിരോധ മരുന്ന നമ്മുടെ വിദഗ്ധര്‍ വികസിപ്പിച്ചുട്ടുണ്ട്. രോഗം പടര്‍ന്നു പിടിക്കാതിരിക്കാനുള്ള നിയന്ത്രണ നടപടിക്കള്‍ക്കു ഗവേഷണങ്ങള്‍ നടന്നു വരുന്നു.

സുഹൃത്തുക്കളെ
മൃഗങ്ങള്‍ക്കുള്ള കുത്തി വയ്പ് ആയാലും മറ്റ്് സാങ്കേതിക വിദ്യ ആയാലും ക്ഷീര മേഖലയില്‍ ഇന്ത്യ ലോകത്തിന് എന്തു  സംഭാവനകളും നല്‍കാനും പങ്കാളിത്ത രാജ്യങ്ങളില്‍ നിന്നു പഠിക്കാനും  തയാറാണ്. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളില്‍ ഇന്ത്യ വളരെ വേഗത്തില്‍ നടപടികള്‍ സ്വീകരിച്ചു. ഇപ്പോള്‍ ഇന്ത്യ സ്വീകരിച്ചിരിക്കുന്ന മൃഗങ്ങളുടെ കണക്കെടുപ്പ് ഈ മേഖലയെ നവീകരിക്കുന്നതിനുള്ള ശ്രമമാണ്. ലോകത്തില്‍ മറ്റു രാജ്യങ്ങളില്‍ നടക്കുന്ന സമാന പ്രവര്‍ത്തനങ്ങളും സാങ്കേതിക വിദ്യകളും ഈ ഉച്ചകോടി ചര്‍ച്ച ചെയ്യും. ഇതുമായി ബന്ധപ്പെട്ട  നിര്‍ദ്ദേശങ്ങള്‍ പങ്കു വയ്ക്കും. ക്ഷീര വ്യവസായത്തിലെ ആഗോള നേതാക്കളെ ഇന്ത്യയിലെ ക്ഷീര മേഖലയുടെ വികസന പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാന്‍ ഞാന്‍ ക്ഷണിക്കുന്നു.അന്താരാഷ്ട്ര ഡയറി ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങളെയും സംഭാവനകളെയും ഞാന്‍ അഭിനന്ദിക്കുന്നു. വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയിരിക്കുന്ന എല്ലാവരെയും ഒരിക്കല്‍ കൂടി ഞാന്‍ സ്വാഗതം ചെയ്യുന്നു. അഞ്ചു ദശാബ്ദങ്ങള്‍ക്കു ശേഷമാണ് നിങ്ങളെ സ്വാഗതം ചെയ്യുന്നതിനും ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ഇന്ത്യക്ക് അവസരം ലഭിച്ചിരിക്കുന്നത്. ഈ ചര്‍ച്ചകളില്‍ നിന്ന് ലഭിക്കുന്ന അറിവുകള്‍  ഈ അമൃത കാലത്ത് രാജ്യത്തിന്റെ ഗ്രാമീണ ജീവിതത്തെയും സമ്പദ് വ്യവസ്ഥയെയും വികസിപ്പിക്കുന്നതിന് സഹായകമാവും . ഒപ്പം ഇന്ത്യയുടെ മൃഗപരിപാലന മേഖലയുടെ ശക്തി വര്‍ധിപ്പിക്കുന്നതിനും ഇവിടുത്തെ പാവപ്പെട്ടവരിലു ംപാവപ്പെട്ടവരായ  ക്ഷീരകര്‍ഷകരെ ശാക്തീകരിക്കുന്നതിനും സഹായകമാകും. ഇത് വലിയ സംഭാവനയാകും. ഈ പ്രതീക്ഷകളോടെ നിങ്ങള്‍ക്ക് എല്ലാവര്‍ക്കും വളരെ നന്ദി.
ആശംസകള്‍. നിങ്ങള്‍ക്കു നന്ദി.

--ND--



(Release ID: 1858913) Visitor Counter : 194