കൃഷി മന്ത്രാലയം
azadi ka amrit mahotsav

താങ്ങുവില പദ്ധതിക്കും വിലസ്ഥിരതാ ഫണ്ട‌ിനും കീഴിൽ സംഭരിച്ച പയർവർഗങ്ങൾ ഉപയോഗിക്കുന്നതിനു മന്ത്രിസഭയുടെ അംഗീകാരം; പിഎസ്എസ് പ്രകാരം തുവര, ഉഴുന്ന്, ചുവന്നപരിപ്പ് എന്നിവയുമായി ബന്ധപ്പെട്ട് അളവു സംഭരണപരിധി നിലവിലുള്ള 25ൽ നിന്ന് 40% ആയി വർധിപ്പിക്കുന്നതിനും അംഗീകാരം


പദ്ധതിനടത്തിപ്പിനായി 1200 കോടി രൂപ ചെലവഴിക്കും

ഉൽപ്പാദകസംസ്ഥാനത്തിന്റെ വിതരണവിലയേക്കാൾ കിലോയ്ക്ക് 8 രൂപ കിഴിവിൽ 15 ലക്ഷം മെട്രിക് ടൺ പയർവർഗങ്ങൾ നൽകും

സംസ്ഥാനങ്ങൾക്ക്/കേന്ദ്രഭരണപ്രദേശങ്ങൾക്ക് ക്ഷേമ പദ്ധതികളിൽ/പരിപാടികളിൽ ഇവ ഉപയോഗിക്കാനാകും


Posted On: 31 AUG 2022 12:19PM by PIB Thiruvananthpuram

താങ്ങുവില പദ്ധതിക്കും (പിഎസ്എസ്) വിലസ്ഥിരതാഫണ്ടിനും  (പിഎസ്എഫ്) കീഴിൽ സംഭരിക്കുന്ന പയർവർഗങ്ങൾ വിവിധ ക്ഷേമപദ്ധതികൾക്കായി സംസ്ഥാനങ്ങൾക്ക്/കേന്ദ്രഭരണപ്രദേശങ്ങൾക്ക് ഉപയോഗി‌ക്കുന്നതിനു കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തികകാര്യ മന്ത്രിസഭാസമിതിയാണ് ഇക്കാര്യത്തിന് അംഗീകാരം നൽകിയത്. പ്രത്യേക കിഴിവും ഇതിനായി അനുവദിക്കും. പിഎസ്എസ് പ്രകാരം തുവര, ഉഴുന്ന്, ചുവന്നപരിപ്പ് എന്നിവയുമായി ബന്ധപ്പെട്ട് അളവു സംഭരണപരിധി നിലവിലുള്ള 25ൽ നിന്ന് 40% ആയി വർധിപ്പിക്കുന്നതിനും മന്ത്രിസഭായോഗം അംഗീകാരം നൽകി.

ഈ അംഗീകൃത പദ്ധതിക്കുകീഴിൽ, ആദ്യമെത്തുന്നവർക്ക് ആദ്യം എന്നതിന്റെ അടിസ്ഥാനത്തിൽ, സംസ്ഥാനങ്ങൾക്ക്/കേന്ദ്രഭരണപ്രദേശങ്ങൾക്ക്, ഉൽപ്പാദകസംസ്ഥാനത്തിന്റെ വിതരണവിലയേക്കാൾ ക‌ിലോയ്ക്ക് 8 രൂപ കിഴിവിൽ 15 ലക്ഷം മെട്രിക് ടൺ പയർവർഗങ്ങൾ നൽകും. സംസ്ഥാനങ്ങൾക്ക്/കേന്ദ്രഭരണപ്രദേശങ്ങൾക്ക് വിവിധ ക്ഷേമപദ്ധതികളായ/പരിപാടികളായ ഉച്ചഭക്ഷണവിതരണം, പൊതുവിതരണ സംവിധാനം, സംയോജിത ശിശു വികസന പരിപാടികൾ (ഐസിഡിപി) മുതലായവയിൽ ഈ പയർവർഗങ്ങൾ ഉപയോഗിക്കാം. ഇത് 12 മാസത്തേക്കോ, അല്ലെങ്കിൽ, 15 ലക്ഷം മെട്രിക് ടൺ പയർവർഗങ്ങൾ തീരുന്നതുവരെയോ ഒറ്റത്തവണയായി വിതരണം ചെയ്യും. ഈ പദ്ധതിയുടെ നടത്തിപ്പിനായി ഗവണ്മെന്റ് ചെലവഴിക്കുന്നത് 1200 കോടി രൂപയാണ്.

 

വരുന്ന റാബി കാലയളവിൽ, താങ്ങുവിലപദ്ധതിപ്രകാരം പുതുതായി സംഭരിക്കുന്ന വിളകൾ ഉൾക്കൊള്ളാൻ വേണ്ടയിടം ലഭ്യമാക്കുന്നതിനൊപ്പം പൊതുവിതരണ, ഉച്ചഭക്ഷണ പദ്ധതികൾ തുടങ്ങിയ വിവിധ ക്ഷേമപദ്ധതികളിൽ ഈ പയർവർഗങ്ങൾ ഉപയോഗിക്കാൻ സംസ്ഥാനങ്ങളെയും കേന്ദ്രഭരണപ്രദേശങ്ങളെയും ഈ തീരുമാനം പ്രാപ്തമാക്കും. കർഷകർക്കു പയർവർഗങ്ങൾക്ക് ആദായകരമായ വില ലഭിക്കുന്നതിനും, ഉയർന്ന നിക്ഷേപം നടത്തി കൂടുതൽ കർഷകരെ ഇത്തരം പയർവർഗങ്ങൾ കൃഷിചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ ഉൽപ്പന്നങ്ങൾക്ക് ആദായകരമായ വില ലഭ്യമാക്കുന്നതിനും ഇതു സഹായിക്കും. മാത്രമല്ല, നമ്മുടെ രാജ്യത്ത് ഇത്തരം പയർവർഗങ്ങളിൽ സ്വയംപര്യാപ്തത കൈവരിക്കാനും ഇതു സഹായിക്കും.

 

അടുത്തകാലത്ത്, വിശേഷിച്ചു കഴിഞ്ഞ മൂന്നുവർഷത്തിനിടെ, പയർവർഗങ്ങളുടെ എക്കാലത്തെയും ഉയർന്ന ഉൽപ്പാദനത്തിനാണു രാജ്യം സാക്ഷ്യംവഹിച്ചത്. 2019-20, 2020-21, 2021-22 വർഷങ്ങളിൽ താങ്ങുവിലപദ്ധതിപ്രകാരം ഇന്ത്യാ ഗവൺമെന്റ് പയർവർഗങ്ങളുടെ റെക്കോർഡ് സംഭരണം നടത്തി. അതിനാൽ പിഎസ്എസ്, പിഎസ്എഫ് പ്രകാരം 30.55 ലക്ഷം മെട്രിക് ടൺ പയർവർഗങ്ങൾ ഗവണ്മെന്റിന്റെ പക്കലുണ്ട്. വരുന്ന റാബി കാലയളവിലും പയർവർഗങ്ങളുടെ മികച്ച ഉൽപ്പാദനമാണു പ്രതീക്ഷിക്കുന്നത്. ഇത് 2022-23 കാലയളവിൽ പയർവർഗങ്ങളുടെ കുറഞ്ഞ താങ്ങുവില വർധിപ്പിക്കുന്നതിനും പദ്ധതിക്കുകീഴിലുള്ള അധിക സംഭരണത്തിനും കാരണമാകും.

-ND-


(Release ID: 1855727) Visitor Counter : 156